കുടുംബങ്ങൾക്കുവേണ്ടി
നിങ്ങളുടെ കുട്ടിയെ ഗ്രേഡ് മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കാം?
നിങ്ങളുടെ കുട്ടി ഹോംവർക്ക് ഒന്നും ചെയ്യുന്നില്ലേ? പഠനത്തിൽ പുറകോട്ടാണോ? ഉഴപ്പാണോ? ഇപ്പോൾ നിങ്ങളുടെ കുട്ടിയുടെ ഗ്രേഡും സ്വഭാവവും മോശമായിരിക്കും. നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ കുട്ടിയുടെ ഗ്രേഡ് മെച്ചപ്പെടുത്താൻ കഴിയും?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
സമ്മർദം അധികമായാൽ പ്രശ്നം വഷളാകും. കുട്ടിയുടെ മേൽ സമ്മർദം ചെലുത്തിയാൽ സ്കൂളിലും വീട്ടിലും കുട്ടിക്കു വല്ലാത്ത അസ്വസ്ഥതയായിരിക്കും. അതു കാരണം കുട്ടി നുണ പറയാനും പരീക്ഷാപേപ്പർ ഒളിപ്പിക്കാനും റിപ്പോർട്ട് കാർഡിൽ കള്ള ഒപ്പിടാനും ക്ലാസ്സു കട്ട് ചെയ്യാനും ഒക്കെ തുടങ്ങും. അങ്ങനെ പ്രശ്നങ്ങൾ വഷളാകുകയേ ഉള്ളൂ.
സമ്മാനങ്ങൾ വിനയായേക്കാം. “മോള് നല്ല ഗ്രേഡ് വാങ്ങിക്കുമ്പോൾ അവളെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ സമ്മാനങ്ങൾ കൊടുക്കുമായിരുന്നു. പിന്നെപ്പിന്നെ മോളുടെ ശ്രദ്ധ മുഴുവൻ സമ്മാനത്തിലായി. ചിലപ്പോൾ മോശം ഗ്രേഡ് കിട്ടുമ്പോൾ അവൾ വല്ലാത്ത വിഷമം തോന്നും. എന്നാൽ ഗ്രേഡ് കുറഞ്ഞതിലല്ല സമ്മാനം കിട്ടാത്തതിലാണ് അവൾക്കു വിഷമം” എന്നു ആൻഡ്രു എന്ന ഒരു പിതാവ് പറയുന്നു.
അധ്യാപകരെ കുറ്റപ്പെടുത്തുന്നതുകൊണ്ട് പ്രയോജനമില്ല. നല്ല ഗ്രേഡ് കിട്ടാൻ താൻ വലിയ ശ്രമമൊന്നും ചെയ്യേണ്ട എന്നൊരു ധാരണ കുട്ടിക്കുണ്ടാകും. തന്റെ കുഴപ്പങ്ങൾക്കു കാരണം മറ്റുള്ളവരാണ് എന്നൊരു മനോഭാവം കുട്ടി വളർത്തിയെടുത്തേക്കാം. തന്റെ പ്രശ്നങ്ങൾ മറ്റുള്ളവർ പരിഹരിച്ചുതരാൻ അവൻ പ്രതീക്ഷിക്കും. ചുരുക്കിപ്പറഞ്ഞാൽ മുതിർന്ന ഒരു വ്യക്തിക്കു വേണ്ട നല്ലൊരു ഗുണം കുട്ടിക്കു നഷ്ടമാകും. അതായതു സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്വം അംഗീകരിക്കുക എന്നത്.
നിങ്ങൾക്കു ചെയ്യാനാകുന്നത്
വികാരങ്ങൾ നിയന്ത്രിക്കുക. നിങ്ങൾക്കു ദേഷ്യം വന്നിരിക്കുകയാണെങ്കിൽ ഗ്രേഡിന്റെ കാര്യം കുട്ടിയോടു മറ്റൊരു അവസരത്തിൽ സംസാരിക്കുക. “ഭാര്യയും ഞാനും ശാന്തമായിരുന്ന്, കുട്ടിയുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചു. അപ്പോൾ നല്ല ഗുണമുണ്ടായി” എന്നു ബ്രെറ്റ് എന്നു പേരുള്ള ഒരു പിതാവ് പറയുന്നു.
ബൈബിൾതത്ത്വം: “കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്, പെട്ടെന്നു കോപിക്കുകയുമരുത്.”—യാക്കോബ് 1:19.
യഥാർഥപ്രശ്നം കണ്ടുപിടിക്കുക. മോശം ഗ്രേഡിനു കാരണങ്ങൾ പലതാവാം. ചിലപ്പോൾ സ്കൂൾ മാറിയതാകാം, പരീക്ഷാപ്പേടിയാകാം, കുടുംബപ്രശ്നങ്ങളാകാം, ഉറക്കക്കുറവാകാം, ചിട്ടയില്ലാത്ത ജീവിതമാകാം, ശ്രദ്ധക്കുറവാകാം, ഇനി സ്കൂളിലെ ഏതെങ്കിലും ഒരു ചട്ടമ്പിയെ പേടിയുള്ളതുമാകാം. എല്ലാത്തിനും കാരണം കുട്ടിയുടെ മടി മാത്രമാണെന്ന് ഒരിക്കലും ചിന്തിക്കരുത്.
ബൈബിൾതത്ത്വം: “എല്ലാ കാര്യത്തിലും ഉൾക്കാഴ്ച കാണിക്കുന്നവൻ വിജയിക്കും.”—സുഭാഷിതങ്ങൾ 16:20.
പഠിക്കാൻ പറ്റിയ ഒരു അന്തരീക്ഷം ഉണ്ടാക്കുക. ഹോംവർക്ക് ചെയ്യാനും പഠിക്കാനും ഒരു ടൈംടേബിൾ ഉണ്ടാക്കുക. മറ്റു ശല്യങ്ങളൊന്നുമില്ലാതെ (ടിവി, മൊബൈൽ ഫോൺ പോലുള്ളവ) സ്വസ്ഥമായിരുന്ന് ഹോംവർക്കു ചെയ്യാൻ കുട്ടിക്ക് ഒരു സ്ഥലം കൊടുക്കുക. ഹോംവർക്കുകൾ ചെറിയചെറിയ ഇടവേള കൊടുത്തു ചെയ്യിപ്പിക്കുക. ഇതു ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ സഹായിക്കും. ജർമനിയിലുള്ള ഹെക്ടർ എന്ന ഒരു പിതാവ് പറയുന്നത് ഇങ്ങനെയാണ്, “പരീക്ഷയാകുമ്പോൾ എല്ലാം പഠിപ്പിക്കാം എന്നു വെക്കുന്നതിനു പകരം ഓരോ ദിവസവും കുറേശ്ശെക്കുറേശ്ശെ ഞങ്ങൾ പഠിപ്പിക്കും.”
ബൈബിൾതത്ത്വം: “എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്.”—സഭാപ്രസംഗകൻ 3:1.
പഠിക്കുന്നതിന്റെ പ്രയോജനം മനസ്സിലാക്കി കൊടുക്കുക. സ്കൂളിൽ പോകുന്നതുകൊണ്ടുള്ള പ്രയോജനത്തെക്കുറിച്ച് നിങ്ങളുടെ കുട്ടി ഇപ്പോൾ എത്ര നന്നായി മനസ്സിലാക്കുന്നുവോ പഠിക്കാനുള്ള കാര്യത്തിൽ കുട്ടി അത്രയധികം ഉത്സാഹം കാട്ടും. ഉദാഹരണത്തിന്, കണക്കു പഠിക്കുന്നത് പോക്കറ്റ് മണി വരവനുസരിച്ച് ചെലവാക്കാൻ കുട്ടിയെ സഹായിക്കും.
ബൈബിൾതത്ത്വം: “ജ്ഞാനം നേടുക, വകതിരിവ് സമ്പാദിക്കുക. . . . അതിനെ വിലപ്പെട്ടതായി കാണുക.”—സുഭാഷിതങ്ങൾ 4:5, 8.
ചെയ്യാനാകുന്നത്: ഹോംവർക്ക് ചെയ്തുകൊടുക്കാതെ, അതു ചെയ്യാൻ സഹായിക്കുക. ആൻഡ്രു പറയുന്നു: “ഞങ്ങളുടെ മകൾ അവളുടെ തല പ്രവർത്തിപ്പിക്കാതെ ഞങ്ങളുടെ തല പ്രവർത്തിപ്പിക്കും.” സ്വന്തമായി എങ്ങനെ ഹോംവർക്ക് ചെയ്യണമെന്നു കുട്ടിയെ പഠിപ്പിക്കുക.