യുവജനങ്ങൾ ചോദിക്കുന്നു
എന്റെ കൂടപ്പിറപ്പുമായി ഒത്തുപോകേണ്ടത് എന്തുകൊണ്ട്?
“ഒരേസമയം നല്ലതും മോശവും ആയ സുഹൃത്തുക്കൾ”
ഒരേസമയം നല്ലതും മോശവും ആയ സുഹൃത്തുക്കൾ എന്നു കൂടപ്പിറപ്പുകളെ വിളിച്ചിരിക്കുന്നു. നിങ്ങൾ അവരെ സ്നേഹിക്കുന്നു, അവർ നിങ്ങളെയും. പക്ഷെ ചില സന്ദർഭങ്ങളിൽ ഒത്തുപോകുക വളരെ പ്രയാസമാണെന്നു തോന്നിയേക്കാം. “എന്റെ അനിയനെക്കൊണ്ട് ഞാൻ തോറ്റു. എന്ത് ചെയ്താൽ എന്നെ ദേഷ്യം പിടിപ്പിക്കാമെന്നും എന്തു പറഞ്ഞാൽ എന്റെ സമനില തെറ്റിക്കാമെന്നും അവൻ നന്നായി പഠിച്ചുവെച്ചിട്ടുണ്ട്” എന്ന് 18 വയസ്സുള്ള ഹെലെന പറയുന്നു.
ആശയവിനിമയം ചെയ്യാനും വിട്ടുവീഴ്ച ചെയ്യാനും അറിയാമെങ്കിൽ കൂടപ്പിറപ്പുകൾ തമ്മിലുള്ള അടിപിടികൾ എളുപ്പം പരിഹരിക്കാനാകും. ഉദാഹരണത്തിന്,
ഒരു മുറിയിൽ കഴിഞ്ഞുകൂടുന്ന കൂടപ്പിറപ്പുകൾ സ്വകാര്യതയ്ക്കുവേണ്ടി വഴക്കടിച്ചേക്കാം. എന്താണു പരിഹാരം? ഒത്തുതീർപ്പുണ്ടാക്കാനും പരസ്പരം വിട്ടുകൊടുക്കാനും പഠിക്കുക. ലൂക്കോസ് 6:31-ലെ ബുദ്ധിയുപദേശം പ്രാവർത്തികമാക്കുക.
രണ്ടു സഹോദരിമാർ അനുവാദം ചോദിക്കാതെ പരസ്പരം വസ്ത്രം എടുത്ത് ഉപയോഗിക്കുന്നു. പരിഹാരം? ചർച്ച ചെയ്ത് അതിർവരമ്പുകൾ വെക്കുക. 2 തിമൊഥെയൊസ് 2:24-ലെ ബൈബിൾതത്ത്വം പ്രാവർത്തികമാക്കുക.
ചില സാഹചര്യങ്ങളിൽ, കൂടപ്പിറപ്പുകൾ തമ്മിലുള്ള പ്രശ്നം ഗുരുതരവും വലിയ അനന്തരഫലങ്ങൾ ഉളവാക്കുന്നതും ആയിരിക്കാം. ബൈബിളിലെ രണ്ട് ഉദാഹരണങ്ങൾ നോക്കാം:
സ്വന്തം സഹോദരനായ മോശയോട് അസൂയ വളർത്തിയെടുത്ത മിര്യാമിനും അഹരോനും വലിയ വില കൊടുക്കേണ്ടിവന്നു. സംഖ്യാപുസ്തകം 12:1-15-ലെ വിവരണം വായിക്കുക. എന്നിട്ട് നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ കൂടപ്പിറപ്പിനോട് അസൂയ തോന്നാതിരിക്കണമെങ്കിൽ ഞാൻ എന്തു ചെയ്യണം?’
കയീന് ഹാബേലിനോടു തോന്നിയ ദേഷ്യം അവനെ കൊല്ലുന്ന അളവോളം എത്തി. ഉല്പത്തി 4:1-12 വരെ വായിക്കുക. തുടർന്ന് നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ സഹോദരനോടോ സഹോദരിയോടോ ഇടപെടുമ്പോൾ ദേഷ്യം നിയന്ത്രിക്കാൻ എങ്ങനെ കഴിയും?’
ഒത്തുപോകേണ്ടതിന്റെ രണ്ടു കാരണങ്ങൾ
കൂടപ്പിറപ്പുകളുമായി ഒത്തുപോകുന്നത് എത്രതന്നെ ബുദ്ധിമുട്ടായിരുന്നാലും അതു പരിഹരിക്കണമെന്നു പറയാൻ ചുരുങ്ങിയത് രണ്ട് കാരണങ്ങളെങ്കിലുമുണ്ട്.
അതു പക്വതയുടെ ലക്ഷണമാണ്. “ഞാൻ എന്റെ രണ്ട് അനിയത്തിമാരോടും പെട്ടെന്നു ദേഷ്യപ്പെടുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അങ്ങനെയല്ല. ശാന്തമായും ക്ഷമയോടെയും ഇടപെടാൻ ഞാൻ പഠിച്ചിരിക്കുന്നു. എനിക്ക് അല്പം പക്വത വന്നിട്ടുണ്ടെന്നു വേണമെങ്കിൽ പറയാം” എന്നു ചെറുപ്പക്കാരനായ അലെക്സ് പറയുന്നു.
ബൈബിൾ പറയുന്നു: “ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു.”—സദൃശവാക്യങ്ങൾ 14:29.
ഭാവിക്കുവേണ്ടിയുള്ള നല്ലൊരു പരിശീലനം. നിങ്ങളുടെ കൂടപ്പിറപ്പുകളുടെ അപൂർണതകളെ സഹിക്കാൻ കഴിയുന്നില്ലെങ്കിൽ, ഭാവിയിൽ നിങ്ങളുടെ ഇണയോടും സഹജോലിക്കാരോടും തൊഴിലുടമയോടും മറ്റുള്ളവരോടും ഒക്കെ നിങ്ങൾ എങ്ങനെ ഇടപെടും?
ജീവിതയാഥാർഥ്യം: ആളുകളുമായി ആശയവിനിമയം ചെയ്യാനും ചർച്ച ചെയ്യാനും ഉള്ള നിങ്ങളുടെ പ്രാപ്തിയാണ് ഭാവിബന്ധങ്ങൾ വിജയിക്കുമോ എന്നു തീരുമാനിക്കുന്ന ഒരു പ്രധാനഘടകം. ആ പ്രാപ്തി വളർത്തിയെടുക്കാൻ കുടുംബത്തെക്കാൾ പറ്റിയ ഒരിടം വേറെയില്ല.
ബൈബിൾ പറയുന്നു: “സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ പരമാവധി ശ്രമിക്കുവിൻ.”—റോമർ 12:18.
കൂടപ്പിറപ്പിനോടുള്ള പ്രശ്നം പരിഹരിക്കാൻ നിങ്ങൾക്കു സഹായം ആവശ്യമാണോ? “നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്” എന്നതു വായിക്കുക. തുടർന്ന് “കൂടപ്പിറപ്പുകളുമായി എങ്ങനെ ഒത്തുപോകാം?” എന്നതിലെ അഭ്യാസങ്ങൾ ചെയ്തുനോക്കുക.