യുവജനങ്ങൾ ചോദിക്കുന്നു
ഡേറ്റിങ്ങ്—ഭാഗം 2: ഡേറ്റിങ്ങിന്റെ സമയത്ത് ഞാൻ എന്താണു പ്രതീക്ഷിക്കേണ്ടത്?
നിങ്ങൾ ഒരാളെ കണ്ടുമുട്ടുന്നു, ആ വ്യക്തിയെ ഇഷ്ടപ്പെടുന്നു. ഭാവിയിൽ വിവാഹിതരാകാൻ കഴിയുമോ എന്നു മനസ്സിലാക്കുന്നതിനുവേണ്ടി നിങ്ങൾ ഡേറ്റിങ്ങ് ചെയ്യാൻ തീരുമാനിക്കുന്നു. അങ്ങനെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ നിങ്ങൾ എന്തു പ്രതീക്ഷിക്കണം?
ഈ ലേഖനത്തിൽ
തുറന്ന് സംസാരിക്കേണ്ടിവരും
നിങ്ങളും നിങ്ങൾ ഡേറ്റ് ചെയ്യുന്ന ആളും ഒരുമിച്ച് സമയം ചെലവഴിക്കുമ്പോൾ പരസ്പരം പലതും മനസ്സിലാക്കും. ഓരോ സാഹചര്യത്തിലും ആ വ്യക്തി ഇടപെടുന്ന രീതിയിൽനിന്നുതന്നെ അയാളെക്കുറിച്ച് പല കാര്യങ്ങളും അറിയാനാകും.
എങ്കിലും നിങ്ങൾ ചില കാര്യങ്ങൾ തുറന്ന് സംസാരിക്കേണ്ടിവരും. അങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം മനസ്സിൽപ്പിടിക്കണം: നിങ്ങൾ തീരുമാനങ്ങളെടുക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം. അല്ലാതെ മറ്റേ വ്യക്തിയോടുള്ള വികാരങ്ങളുടെ പുറത്തായിരിക്കരുത്.
നിങ്ങൾ സംസാരിക്കേണ്ട ചില വിഷയങ്ങൾ:
സാമ്പത്തികം. നിങ്ങൾക്ക് എന്തെങ്കിലും കടബാധ്യതയുണ്ടോ? പൈസ ചിന്തിച്ച് ചെലവാക്കുന്നത് നിങ്ങൾക്കു ബുദ്ധിമുട്ടാണോ? വിവാഹം കഴിയുമ്പോൾ വരവുചെലവുകളെക്കുറിച്ചുള്ള നിങ്ങളുടെ തീരുമാനം എങ്ങനെയായിരിക്കും?
ആരോഗ്യം. നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്? മുമ്പ് എന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടായിട്ടുണ്ടോ?
ലക്ഷ്യങ്ങൾ. ജീവിതത്തിൽ നിങ്ങൾക്കുള്ള ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? നിങ്ങളുടേതുപോലുള്ള ലക്ഷ്യങ്ങൾതന്നെയാണോ മറ്റേ വ്യക്തിക്കും ഉള്ളത്? വിവാഹത്തിനു ശേഷം നിങ്ങളുടെ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം വന്നതുകൊണ്ട് ആ ലക്ഷ്യത്തിൽ എത്തിച്ചേരാനായില്ലെങ്കിൽ നിങ്ങൾ സന്തോഷത്തോടെ തുടരുമോ?
കുടുംബം. നിങ്ങൾക്ക് ഏതെങ്കിലും കുടുംബാംഗങ്ങളെ നോക്കേണ്ട ഉത്തരവാദിത്വമുണ്ടോ? ഭാവിയിൽ അത്തരമൊരു ഉത്തരവാദിത്വം ഉണ്ടാകാനുള്ള സാധ്യത നിങ്ങൾ കാണുന്നുണ്ടോ? നിങ്ങൾക്കു കുട്ടികൾ വേണോ, എങ്കിൽ എത്ര?
ഈ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഒരു മറയുമില്ലാതെ തുറന്ന് സംസാരിക്കുക. മറ്റേ ആളുടെ ഇഷ്ടം നേടുന്നതിന് വസ്തുതകൾ മറച്ചുവെക്കുകയോ വളച്ചൊടിക്കുകയോ ചെയ്യരുത്.—എബ്രായർ 13:18.
ചിന്തിക്കാനായി: ഡേറ്റ് ചെയ്യുന്ന വ്യക്തിയെക്കുറിച്ച് നിങ്ങൾ എന്താണ് അറിഞ്ഞിരിക്കേണ്ടത്? ആ വ്യക്തി നിങ്ങളെക്കുറിച്ച് എന്തെല്ലാം അറിഞ്ഞിരിക്കണം? ഇപ്പോൾ എല്ലാം തുറന്ന് സംസാരിക്കുന്നത് ഭാവിയിൽ നിങ്ങൾ വിവാഹിതരാകുകയാണെങ്കിൽ പരസ്പരം സത്യസന്ധരായിരിക്കാൻ സഹായിക്കുന്നത് എങ്ങനെയാണ്?
ബൈബിൾതത്ത്വം: “ഓരോരുത്തരും . . . സത്യം സംസാരിക്കണം.”—എഫെസ്യർ 4:25.
“ചിലപ്പോൾ പെൺകുട്ടി ചിന്തിക്കുന്നത്, ‘ആറുമാസംകൊണ്ട് വിവാഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കാം’ എന്നായിരിക്കാം. പക്ഷേ ആൺകുട്ടിയുടെ ചിന്ത ഒരു വർഷമായിരിക്കും. അങ്ങനെ വരുമ്പോൾ പെൺകുട്ടിക്ക് ഫീലാകാനും കൺഫ്യൂഷൻ തോന്നാനും സാധ്യതയുണ്ട്. കാരണം അവൾ ആഗ്രഹിക്കുന്നത് വിവാഹം വെച്ചുതാമസിപ്പിക്കാതെ പെട്ടെന്നുതന്നെ നടത്താനായിരിക്കും. ഈ വിഷയത്തെക്കുറിച്ച് രണ്ടു പേരും എന്താണു ചിന്തിക്കുന്നതെന്ന് പരസ്പരം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.”—അരിയേന, വിവാഹം കഴിച്ചിട്ട് ഒരു വർഷം.
വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടായേക്കാം
ഓരോ വ്യക്തിയുടെയും ചിന്ത വ്യത്യസ്തമാണ്. അതുകൊണ്ട് നിങ്ങളും നിങ്ങൾ ഡേറ്റ് ചെയ്യുന്ന വ്യക്തിയും എല്ലാ കാര്യത്തിലും യോജിക്കുമെന്നും എല്ലാ വിഷയത്തിലും ഒരുപോലെ ചിന്തിക്കുമെന്നും പ്രതീക്ഷിക്കരുത്. നിങ്ങൾ വളർന്നുവന്ന സാഹചര്യങ്ങളും സംസ്കാരവും എല്ലാം നിങ്ങളുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കും.
ചിന്തിക്കാനായി: ചെറിയചെറിയ വിഷയങ്ങളിൽ ചിലപ്പോൾ നിങ്ങളുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും. ആ സമയത്ത് വ്യക്തമായ ബൈബിൾതത്ത്വങ്ങൾ ഇല്ലെങ്കിൽ സമാധാനത്തിനായി വിട്ടുവീഴ്ച ചെയ്യാൻ നിങ്ങൾ രണ്ടു പേരും തയ്യാറാണോ?
ബൈബിൾതത്ത്വം: “വിട്ടുവീഴ്ച കാണിക്കാനുള്ള നിങ്ങളുടെ സന്നദ്ധത എല്ലാവരും അറിയട്ടെ.”—ഫിലിപ്പിയർ 4:5.
“നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണെന്ന് തോന്നിയാലും അപ്പോഴും വ്യത്യാസങ്ങളുണ്ടാകും. നല്ല ഒത്തൊരുമ ഉണ്ടായിരിക്കുന്നത് പ്രധാനമാണെങ്കിലും അതിലും പ്രധാനമാണ് വ്യത്യസ്തതകൾ ഉണ്ടാകുമ്പോൾ അതിനെ കൈകാര്യം ചെയ്യാൻ നിങ്ങൾ കാണിക്കുന്ന ഗുണങ്ങൾ.”—മാത്യു, വിവാഹം കഴിച്ചിട്ട് അഞ്ചു വർഷം.
പിരിമുറുക്കം തോന്നിയേക്കാം
ഡേറ്റിങ്ങ് ചെയ്യാൻ നിങ്ങൾക്കു ധാരാളം സമയം വേണം. അതുപോലെ ആ സമയത്ത് ടെൻഷനും ഉണ്ടായേക്കാം. നിങ്ങൾക്ക് എന്തു ചെയ്യാം?
ന്യായമായ പരിധികൾ വെക്കുക. നിങ്ങളുടെ ഉത്തരവാദിത്വങ്ങളെയും സുഹൃത്തുക്കളെയും മാറ്റിവെച്ചുകൊണ്ട് ഡേറ്റിങ്ങ് മാത്രമായിരിക്കരുത് നിങ്ങളുടെ ചിന്ത. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായ അലന പറയുന്നു: “വിവാഹത്തിന് ശേഷവും നിങ്ങൾക്കു സുഹൃത്തുക്കളെ ആവശ്യമാണ്. അവർക്കു നിങ്ങളെയും വേണം. അതുകൊണ്ട് ഡേറ്റിങ്ങ് ചെയ്യാൻ തുടങ്ങി എന്നതിന്റെ പേരിൽ അവരെ മറന്നുകളയരുത്.”
ഓർക്കുക, വിവാഹത്തിനു ശേഷം ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചെയ്യാൻ നിങ്ങൾക്കു സമയവും ശ്രദ്ധയും വേണം. അതുകൊണ്ട് ഡേറ്റിങ്ങിന്റെ സമയത്തുതന്നെ എല്ലാ കാര്യങ്ങളും ഒരുപോലെ കൊണ്ടുപോകാൻ നിങ്ങൾക്ക് എന്തുകൊണ്ട് ശ്രമിച്ചുകൂടാ?
ചിന്തിക്കാനായി: ഡേറ്റ് ചെയ്യുന്ന വ്യക്തിയിൽനിന്ന് നിങ്ങൾ ന്യായമല്ലാത്ത രീതിയിൽ സമയവും ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ടോ? നിങ്ങളിൽനിന്ന് ആ വ്യക്തി അങ്ങനെ പ്രതീക്ഷിക്കുന്നുണ്ടോ? മറ്റേ വ്യക്തിക്കു വീർപ്പുമുട്ടൽ തോന്നാത്തവിധം നിങ്ങൾക്ക് എങ്ങനെ സമനിലയോടെ കാര്യങ്ങൾ കൊണ്ടുപോകാനാകും?
ബൈബിൾതത്ത്വം: “എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്. . . . ഓരോ കാര്യത്തിനും ഒരു സമയമുണ്ട്.”—സഭാപ്രസംഗകൻ 3:1.
“ഡേറ്റിങ്ങിന്റെ സമയത്ത് വിനോദത്തിൽ മാത്രമാണ് ഏർപ്പെടുന്നതെങ്കിൽ അവസാനം വിവാഹജീവിതം അവർക്ക് എടുത്തുപൊക്കാൻ പറ്റാത്ത ഒരു ഭാരമായി തോന്നാം. ഷോപ്പിങ്ങ്, വീട്ടുജോലികൾ, ആത്മീയകാര്യങ്ങൾ ഇതുപോലുള്ള ദൈനംദിനകാര്യങ്ങൾ അവർ ഒരുമിച്ച് ചെയ്യുന്നത് നല്ലതാണ്. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ വിവാഹത്തിന് ശക്തമായ ഒരു അടിസ്ഥാനമിടാൻ അവർക്കാകും.”—ഡാനിയേൽ, വിവാഹം കഴിഞ്ഞ് രണ്ടു വർഷം.
ഓർക്കുക, ഡേറ്റിങ്ങ് എന്നത് പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കുന്നതിനു മുമ്പുള്ള ചെറിയ ഒരു കാലഘട്ടമാണ്. ഒന്നുകിൽ വിവാഹം കഴിക്കും, അല്ലെങ്കിൽ നിങ്ങൾ ആ ബന്ധം അവസാനിപ്പിക്കും. ഈ പരമ്പരയുടെ 3-ാം ഭാഗം അത്തരമൊരു തീരുമാനമെടുക്കുമ്പോൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ ചർച്ച ചെയ്യും.