യുവജനങ്ങൾ ചോദിക്കുന്നു
ബൈബിളിന് എങ്ങനെ എന്നെ സഹായിക്കാനാകും?—ഭാഗം 2: ബൈബിൾവായന രസകരമാക്കുക
“വായിക്കേണ്ടപോലെ വായിക്കാൻ അറിയില്ലെങ്കിൽ ബൈബിൾവായന ബോറായി തോന്നിയേക്കാം” എന്നാണ് കൗമാരത്തിലുള്ള വിൽ പറയുന്നത്.
ബൈബിൾവായന രസകരമാക്കാനുളള നുറുങ്ങുവിദ്യകൾ അറിയണോ? ഈ ലേഖനത്തിൽ അതുണ്ട്.
വായിക്കുന്ന ഭാഗത്തിനു ജീവൻ കൊടുക്കുക
വായിക്കുന്ന ഭാഗവുമായി ലയിച്ചുചേരുക. നിങ്ങൾക്ക് ഇതു പരീക്ഷിക്കാവുന്നതാണ്:
ബൈബിൾഭാഗം തിരഞ്ഞെടുക്കുക. നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന ബൈബിളിലെ ഏതെങ്കിലും സംഭവമോ സുവിശേഷഭാഗമോ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ jw.org-ൽ ബൈബിൾ നാടകവായന എന്ന ഭാഗത്തെ ഏതെങ്കിലും ഭാഗം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ആ ഭാഗം വായിക്കുക. നിങ്ങൾക്ക് അത് ഒറ്റയ്ക്കു വായിക്കാം. അല്ലെങ്കിൽ കൂട്ടുകാരോടൊപ്പമോ വീട്ടുകാരോടൊപ്പമോ ഉച്ചത്തിൽ വായിക്കാം. വിവരണഭാഗം ഒരാൾക്കും, കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ മറ്റുള്ളവർക്കും വായിക്കാം.
പിൻവരുന്നവയിൽ ചിലതു പരീക്ഷിക്കുക:
വായിക്കുന്ന ഭാഗം ചിത്രങ്ങളാക്കുക. അല്ലെങ്കിൽ ഒരു സ്റ്റോറിബോർഡ് വരച്ചുണ്ടാക്കുക. അതായത്, സംഭവങ്ങളുടെ പരമ്പര ചെറിയചെറിയ ചിത്രങ്ങളായി വരയ്ക്കുക. ഓരോ രംഗത്തും സംഭവിക്കുന്ന കാര്യങ്ങൾ വിശദീകരിക്കാൻ ചിത്രക്കുറിപ്പുകൾ കൊടുക്കാം.
ഡയഗ്രം വരയ്ക്കുക. ഉദാഹരണത്തിന്, വിശ്വസ്തനായ ഒരു കഥാപാത്രത്തെക്കുറിച്ച് വായിക്കുമ്പോൾ വ്യക്തിയുടെ ഗുണങ്ങളും പ്രവർത്തനങ്ങളും അതിലൂടെ ആ വ്യക്തിക്കു ലഭിച്ച അനുഗ്രഹങ്ങളും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഒരു ഡയഗ്രം വരയ്ക്കുക.
ബൈബിൾവിവരണം വാർത്താരൂപത്തിൽ അവതരിപ്പിക്കുക. ഒരു സംഭവം വ്യത്യസ്തകഥാപാത്രങ്ങളുടെ വീക്ഷണത്തിൽനിന്ന് അവതരിപ്പിക്കുക. പ്രധാന കഥാപാത്രങ്ങളെയും ദൃക്സാക്ഷികളെയും “അഭിമുഖം” നടത്തുക.
ബുദ്ധിശൂന്യമായ ഒരു തീരുമാനമെടുത്ത കഥാപാത്രം അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ കാര്യങ്ങൾ എങ്ങനെയാകുമായിരുന്നു എന്നു ചിന്തിക്കുക. ഉദാഹരണത്തിന്, പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞ സംഭവം. (മർക്കോസ് 14:66-72) ആളുകളുടെ ചോദ്യത്തിന് പത്രോസിന് എങ്ങനെ ധൈര്യത്തോടെ മറുപടി പറയാമായിരുന്നു?
നിങ്ങൾക്ക് എഴുതാനൊക്കെ താത്പര്യമുണ്ടെങ്കിൽ ബൈബിൾവിവരണത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തമായി ഒരു നാടകംതന്നെ എഴുതിക്കൂടേ? ആ ഭാഗത്തുനിന്ന് പഠിക്കാനാകുന്ന പാഠവും ഉൾപ്പെടുത്തുക.—റോമർ 15:4.
കീറിമുറിച്ച് പരിശോധിക്കുക
ഒരു ബൈബിൾവിവരണത്തിലെ വിശദാംശങ്ങൾ വിശകലനം ചെയ്താൽ അതിൽ മറഞ്ഞിരിക്കുന്ന രത്നങ്ങൾ കണ്ടെത്താൻ നിങ്ങൾക്കു കഴിയും. ചിലപ്പോൾ ഒരു ഭാഗത്തെ ഒന്നോ രണ്ടോ വാക്കുകളിൽപ്പോലും രത്നങ്ങൾ ഉണ്ടാകും.
ഉദാഹരണത്തിന്, മത്തായി 28:7-ഉം മർക്കോസ് 16:7-ഉം താരതമ്യം ചെയ്യുക.
എന്തുകൊണ്ടായിരിക്കും യേശു ശിഷ്യന്മാർക്കും ‘പത്രോസിനും’ ഉടനെ പ്രത്യക്ഷനാകുമെന്ന വിവരം മർക്കോസ് ഉൾപ്പെടുത്തിയത്.
സൂചന: ഇക്കാര്യങ്ങൾ മർക്കോസ് നേരിട്ട് കണ്ടിട്ടില്ല. മർക്കോസിന് ഈ വിവരങ്ങൾ കിട്ടിയത് പത്രോസിൽനിന്നായിരിക്കാം.
മറഞ്ഞിരിക്കുന്ന രത്നം: യേശുവിനു പത്രോസിനെ വീണ്ടും കാണണം എന്ന വിവരം അറിഞ്ഞപ്പോൾ പത്രോസിനു വളരെ ആശ്വാസം തോന്നിയിരിക്കാവുന്നത് എന്തുകൊണ്ട്? (മർക്കോസ് 14:66-72) യേശു പത്രോസിന്റെ നല്ല കൂട്ടുകാരനാണെന്നു കാണിച്ചത് എങ്ങനെ? യേശുവിനെ അനുകരിച്ചുകൊണ്ട് നിങ്ങൾക്ക് എങ്ങനെ ഒരു നല്ല സുഹൃത്തായിരിക്കാം?
ചുരുക്കത്തിൽ, വായിക്കുന്ന ഭാഗത്തിനു ജീവൻ കൊടുത്തും വിവരങ്ങൾ കീറിമുറിച്ച് പരിശോധിച്ചുകൊണ്ടും നിങ്ങൾക്കു ബൈബിൾവായന കൂടുതൽ രസകരമാക്കാം.