വ്യത്യസ്തതരം ജീവരൂപങ്ങളെ ദൈവം പരിണാമത്തിലൂടെയാണോ സൃഷ്ടിച്ചത്?
ബൈബിളിന്റെ ഉത്തരം
അല്ല. ബൈബിൾ വ്യക്തമായി പറയുന്നത്, ദൈവം മനുഷ്യനെയും വ്യത്യസ്ത “തരം” മൃഗങ്ങളെയും സസ്യങ്ങളെയും സൃഷ്ടിച്ചു എന്നാണ്. a (ഉൽപത്തി 1:12, 21, 25, 27; വെളിപാട് 4:11) നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിൽനിന്നും ഹവ്വയിൽനിന്നും ആണ് മുഴുമനുഷ്യകുടുംബവും ഉത്ഭവിച്ചത്. (ഉൽപത്തി 3:20; 4:1) വ്യത്യസ്തതരം ജീവരൂപങ്ങളെ ദൈവം പരിണാമത്തിലൂടെയാണ് സൃഷ്ടിച്ചതെന്ന ആശയത്തെ ബൈബിൾ പിന്താങ്ങുന്നില്ല. എന്നാൽ ഓരോ തരം ജീവരൂപങ്ങളിലും വ്യതിയാനങ്ങളുണ്ട് (variations) എന്ന ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായങ്ങളോടു ബൈബിൾ യോജിക്കുന്നുണ്ട്.
ചിലർ എന്താണ് വിശ്വസിക്കുന്നത്?
ദൈവം സൃഷ്ടിക്രിയകൾ നടത്തിയതു പരിണാമത്തിലൂടെയാണ് എന്ന് വിശ്വസിക്കുന്നവർ, അതെക്കുറിച്ച് പല അഭിപ്രായങ്ങൾ പറയുന്നു. ഒരു സർവവിജ്ഞാനകോശം പറയുന്നതനുസരിച്ച്, ചിലരുടെ വിശ്വാസം “ജീവജാലങ്ങളെ സൃഷ്ടിക്കാൻ ദൈവം പ്രകൃതിനിർദ്ധാരണവും (natural selection) ഉപയോഗിച്ചിട്ടുണ്ട്”എന്നാണ്.
പിൻവരുന്ന ആശയങ്ങളും അതിൽ ഉൾപ്പെടുന്നു:
പണ്ടു ജീവിച്ചിരുന്ന പൊതുപൂർവികരിൽനിന്നാണ് എല്ലാ ജീവജാലങ്ങളും ഉണ്ടായത്.
ഒരു ജീവരൂപം കാലാന്തരത്തിൽ പരിണമിച്ച് മറ്റൊരു ജീവരൂപമായി മാറുന്നു.
അടിസ്ഥാനപരമായി ഈ പ്രക്രിയയ്ക്കു പിന്നിൽ ദൈവമാണ്.
പരിണാമം ബൈബിളുമായി യോജിപ്പിലാണോ?
സൃഷ്ടിപ്പിൻ വിവരണത്തെക്കുറിച്ച് ബൈബിളിലെ ഉൽപത്തി പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമല്ല എന്നാണു ബൈബിളിൽ വിശ്വസിക്കുന്ന ചിലരുടെപോലും അഭിപ്രായം. എന്നാൽ ഉൽപത്തിയിലെ വിവരണത്തെ ഒരു ചരിത്രവസ്തുതയായിട്ടാണ് യേശു കണ്ടത്. (ഉൽപത്തി 1:26, 27; 2:18-24; മത്തായി 19:4-6) ഭൂമിയിൽ വരുന്നതിനു മുമ്പ് യേശു സ്വർഗത്തിൽ ദൈവത്തോടൊപ്പം ഉണ്ടായിരുന്നെന്നും ദൈവം “സകലവും” ഉണ്ടാക്കിയപ്പോൾ യേശുവും അതിൽ ഒരു പങ്കുവഹിച്ചെന്നും ബൈബിൾ പറയുന്നു. (യോഹന്നാൻ 1:3) അതുകൊണ്ടുതന്നെ ദൈവം പരിണാമത്തിലൂടെ വ്യത്യസ്ത ജീവരൂപങ്ങൾ ഉണ്ടാക്കി എന്ന ആശയം ബൈബിളുമായി യോജിക്കുന്നില്ല.
സസ്യങ്ങളും മൃഗങ്ങളും പരിസ്ഥിതിക്കനുസരിച്ച് മാറുന്നതു പരിണാമത്തിന്റെ തെളിവാണോ?
ഒരു തരത്തിൽപ്പെട്ട ജീവരൂപങ്ങളിൽ എത്രമാത്രം വ്യതിയാനമുണ്ടാകും എന്നതിനെക്കുറിച്ചൊന്നും ബൈബിൾ പറയുന്നില്ല. ദൈവം സൃഷ്ടിച്ച അതതുതരം ജീവജാലങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളോടു പൊരുത്തപ്പെടുമ്പോഴൊ പുതിയ തലമുറയ്ക്കു ജന്മം നൽകുമ്പോഴൊ വ്യത്യാസങ്ങൾ കണ്ടേക്കാം. ഇക്കാര്യത്തിൽ ബൈബിളിനു വിയോജിപ്പില്ല. ഇത്തരം മാറ്റങ്ങളെ ചിലർ പരിണാമത്തിന്റെ വകഭേദങ്ങളായി വീക്ഷിക്കുന്നു. എന്നാൽ, യഥാർഥത്തിൽ ഇവിടെ ഒരു പുതിയ തരം ജീവി ഉണ്ടാകുന്നില്ല.
a “തരം” എന്നു ബൈബിൾ ഉപയോഗിച്ചിരിക്കുന്ന പദത്തിനു ശാസ്ത്രജ്ഞന്മാർ ഉപയോഗിക്കുന്ന “സ്പീഷീസ്”എന്ന പദത്തിനെക്കാൾ വളരെ വിശാലമായ അർഥമുണ്ട്. ബൈബിളിൽ പറഞ്ഞിരിക്കുന്ന ഒരു തരം ജീവിയിൽ പല സ്പീഷീസ് ജീവികൾ ഉൾപ്പെട്ടേക്കാം. ഒരു തരത്തിലുള്ള ജീവിയിൽ വ്യതിയാനങ്ങൾ കാണുമ്പോൾ ഒരു പുതിയ സ്പീഷീസ് പരിണമിച്ചുണ്ടായി എന്നു ശാസ്ത്രജ്ഞന്മാർ പറയുന്നു.