ബൈബിൾവാക്യങ്ങളുടെ വിശദീകരണം
കൊലോസ്യർ 3:23—“നിങ്ങൾ ചെയ്യുന്നതൊക്കെയും . . . മനസ്സോടെ ചെയ്വിൻ”
“നിങ്ങൾ ചെയ്യുന്നതൊക്കെ മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്ക്ക് എന്നപോലെ മുഴുദേഹിയോടെ ചെയ്യുക.”—കൊലോസ്യർ 3:23, പുതിയ ലോക ഭാഷാന്തരം.
“നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്വിൻ.”—കൊലോസ്യർ 3:23, സത്യവേദപുസ്തകം.
കൊലോസ്യർ 3:23-ന്റെ അർഥം
ഒരു ക്രിസ്ത്യാനി കഠിനാധ്വാനം ചെയ്യാൻ പരിശ്രമിക്കണം. കാരണം, ജോലിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവം ദൈവമായ യഹോവയോടുള്ള അദ്ദേഹത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
“നിങ്ങൾ ചെയ്യുന്നതൊക്കെ.” യഹോവയെ ആരാധിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങൾ ദിവസവും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ബൈബിൾ പറയുന്നത് അനുസരിക്കണം. വീട്ടിലോ ജോലിസ്ഥലത്തോ സ്കൂളിലോ എവിടെയാണെങ്കിലും നമ്മൾ കഠിനാധ്വാനം ചെയ്യണം, സത്യസന്ധരായിരിക്കണം, ആശ്രയിക്കാൻ പറ്റുന്നവരും ആയിരിക്കണം.—സുഭാഷിതങ്ങൾ 11:13; റോമർ 12:11; എബ്രായർ 13:18.
“മനസ്സോടെ ചെയ്വിൻ.” “മനസ്സോടെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം “തന്റെ മുഴു ഊർജവും ഉപയോഗിച്ചുകൊണ്ട് ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള ഒരു വ്യക്തിയുടെ ഉറച്ച തീരുമാനത്തെ കുറിക്കുന്നു.” a
അതുകൊണ്ട്, അങ്ങനെ ഒരാൾ എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ തന്റെ ശാരീരികവും മാനസികവും ആയ എല്ലാ പ്രാപ്തികളും അതിനുവേണ്ടി ഉപയോഗിക്കും. ഈ പദപ്രയോഗത്തെ മറ്റു ചില ബൈബിൾ ഭാഷാന്തരങ്ങൾ “ഹൃദയപരമാർത്ഥത” (പി.ഒ.സി.) എന്നും “ഹൃദയപൂർവ്വം” (ന്യൂ ഇൻഡ്യ ഭാഷാന്തരം) എന്നും ഒക്കെ വിവർത്തനം ചെയ്തിട്ടുണ്ട്.—“ മറ്റു ഭാഷാന്തരങ്ങളിൽ കൊലോസ്യർ 3:23” എന്നതു കാണുക.
“മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്ക്ക് എന്നപോലെ.” ഒരു ക്രിസ്ത്യാനി താൻ ചെയ്യുന്ന കാര്യങ്ങളെ എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. കാരണം, അത് യഹോവയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ ബാധിക്കും. നമ്മൾ പ്രധാനമായും യഹോവയെ സന്തോഷിപ്പിക്കാനാണ് നോക്കുന്നത്, അല്ലാതെ ഏതെങ്കിലും തൊഴിലുടമയെയോ മറ്റു മനുഷ്യരെയോ അല്ല. ഒരു ക്രിസ്ത്യാനി കഠിനാധ്വാനം ചെയ്യുകയും ജോലിയെ നല്ല രീതിയിൽ കാണുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു നല്ല പേര് കിട്ടുമെന്നു മാത്രമല്ല അദ്ദേഹം ആരാധിക്കുന്ന ദൈവത്തിനും അതു മഹത്ത്വം കൊടുക്കും. അങ്ങനെ ‘ദൈവത്തിന്റെ പേരിന് അപകീർത്തിയുണ്ടാകാതിരിക്കാൻ’ ഒരു ക്രിസ്ത്യാനി ശ്രദ്ധിക്കും.—1 തിമൊഥെയൊസ് 6:1; കൊലോസ്യർ 3:22.
കൊലോസ്യർ 3:23-ന്റെ സന്ദർഭം
കൊലോസ്യർ എന്ന ബൈബിൾപുസ്തകം പുരാതന നഗരമായ കൊലോസ്യയിലുള്ള b ക്രിസ്ത്യാനികൾക്ക് അപ്പോസ്തലനായ പൗലോസ് എഴുതിയതാണ്. ഏതാണ്ട് എ.ഡി. 60-61-ലാണ് ഈ കത്ത് എഴുതിയത്. റോമിലെ അദ്ദേഹത്തിന്റെ ആദ്യത്തെ തടവുശിക്ഷ തീരാറായ സമയമായിരുന്നിരിക്കാം ഇത്.
എല്ലാ പശ്ചാത്തലങ്ങളിൽനിന്നും സാഹചര്യങ്ങളിൽനിന്നും ഉള്ള ക്രിസ്ത്യാനികൾക്ക് ഐക്യത്തോടെ ദൈവത്തെ സേവിക്കാൻ ആവശ്യമായ നിർദേശങ്ങൾ കൊലോസ്യരുടെ പുസ്തകത്തിലുണ്ട്. (കൊലോസ്യർ 3:11) സ്നേഹം, ദയ, കരുണ എന്നിങ്ങനെയുള്ള ദൈവികഗുണങ്ങൾ അനുകരിക്കാൻ അതു പ്രോത്സാഹിപ്പിക്കുന്നു. (കൊലോസ്യർ 3:12-14) ദൈവത്തെ ആരാധിക്കുന്ന ഒരു വ്യക്തി തന്റെ ജീവിതത്തിലെ ഓരോ സാഹചര്യത്തിലും എങ്ങനെ പ്രവർത്തിക്കണമെന്നും അതു വിശദീകരിക്കുന്നു.—കൊലോസ്യർ 3:18–4:1.
മറ്റു ഭാഷാന്തരങ്ങളിൽ കൊലോസ്യർ 3:23
“നിങ്ങളുടെ ജോലി എന്തു തന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർത്ഥതയോടെ ചെയ്യുവിൻ.”—പി.ഒ.സി.
“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവ്വം ചെയ്വിൻ.”—ന്യൂ ഇൻഡ്യ ഭാഷാന്തരം.
“നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും, മനുഷ്യർക്കുവേണ്ടിയല്ല, ദൈവത്തിന്നുവേണ്ടിയാണ് എന്ന നിലയിൽ ആത്മാർഥമായി അതു ചെയ്യുക.”—ഓശാന.
“നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവൃത്തിയും നിങ്ങളെക്കൊണ്ടാകാവുന്നതിന്റെ പൂർണ്ണതയിൽ ചെയ്യുവിൻ. ദൈവത്തിനു വേണ്ടി ജോലി ചെയ്യുന്നതു പോലെ ചെയ്യുവിൻ. അതുവഴി നിങ്ങൾ ആളുകളെയല്ല ദൈവത്തെയാണ് സേവിക്കുന്നത്.”—പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ.
കൊലോസ്യർ എന്ന പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.