ബൈബിൾവാക്യങ്ങളുടെ വിശദീകരണം
യിരെമ്യ 11:11-ന്റെ വിശദീകരണം—“ഒരനർത്ഥം ഞാൻ അവർക്കു വരുത്തും”
“അതുകൊണ്ട്, യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഞാൻ അവരുടെ മേൽ ദുരന്തം വരുത്തുന്നു; അവർ അതിൽനിന്ന് രക്ഷപ്പെടില്ല. സഹായത്തിനുവേണ്ടി അവർ എന്നെ വിളിക്കും; പക്ഷേ ഞാൻ വിളി കേൾക്കില്ല.”—യിരെമ്യ 11:11, പുതിയ ലോക ഭാഷാന്തരം.
“അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒഴിഞ്ഞുപോകുവാൻ കഴിയാത്ത ഒരനർത്ഥം ഞാൻ അവർക്കു വരുത്തും; അവർ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കയില്ല.”—യിരെമ്യ 11:11, സത്യവേദപുസ്തകം.
യിരെമ്യ 11:11-ന്റെ അർഥം
യിരെമ്യ പ്രവാചകന്റെ കാലത്ത് ജീവിച്ചിരുന്ന ജൂതന്മാരെ ഉദ്ദേശിച്ചാണ് ദൈവം ഈ വാക്കുകൾ പറഞ്ഞത്. യഹോവയുടെ a നീതിയുള്ള നിയമങ്ങളും പ്രവാചകന്മാരിലൂടെ കൊടുത്ത സ്നേഹപൂർവമായ തിരുത്തലുകളും അവർ അവഗണിച്ചു. അതുകൊണ്ട് അവരുടെ തെറ്റായ ജീവിതരീതിയുടെ മോശം ഭവിഷ്യത്തുകളിൽനിന്ന് ദൈവം അവരെ സംരക്ഷിക്കില്ലായിരുന്നു.—സുഭാഷിതങ്ങൾ 1:24-32.
“അതുകൊണ്ട്, യഹോവ പറയുന്നത് ഇതാണ്.” മുൻവാക്യങ്ങളുടെ തുടർച്ചയായാണ് “അതുകൊണ്ട്” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. യിരെമ്യ 11:1-10 വരെയുള്ള വാക്യങ്ങൾ നോക്കുകയാണെങ്കിൽ, തങ്ങളുടെ പൂർവികർ യഹോവയുമായി ചെയ്ത ഉടമ്പടി അഥവാ കരാർ ജൂതന്മാർ ലംഘിച്ചതായി യഹോവ പറയുന്നു. (പുറപ്പാട് 24:7) തങ്ങളുടെ സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം ജൂതന്മാർ വിഗ്രഹങ്ങളെ ആരാധിച്ചു. ഈ വിശ്വാസത്യാഗം സ്വന്തം മക്കളെ ബലി അർപ്പിക്കുന്നത് ഉൾപ്പെടെയുള്ള വലിയ ദുഷ്ടതകൾ ചെയ്യുന്നതിലേക്ക് അവരെ കൊണ്ടെത്തിച്ചു!—യിരെമ്യ 7:31.
“ഇതാ, ഞാൻ അവരുടെ മേൽ ദുരന്തം വരുത്തുന്നു.” ബൈബിളിൽ പലപ്പോഴും ദൈവം ഒരു കാര്യം ചെയ്തു എന്നു പറയുമ്പോൾ അതിന്റെ അർഥം ദൈവം അത് അനുവദിച്ചു എന്നാണ്. ഈ സാഹചര്യത്തിലും അത് അങ്ങനെതന്നെയാണെന്നു പറയാനാകും. എന്തുകൊണ്ട്? ജൂതന്മാർ യഹോവയുടെ മികച്ച നിലവാരങ്ങൾ അവഗണിച്ചുകൊണ്ടും വ്യാജദൈവങ്ങളെ ആരാധിച്ചുകൊണ്ടും തങ്ങൾക്കുതന്നെ ദുരന്തങ്ങൾ വരുത്തിവെക്കുകയായിരുന്നു. ദൈവത്തിന്റെ സംരക്ഷണവും അവർക്കു നഷ്ടപ്പെട്ടു. അതിന്റെ ഫലമായി, ശക്തനായ ശത്രുവായ ബാബിലോൺ രാജാവ് യരുശലേം കീഴടക്കുകയും അതിലെ നിവാസികളെ അടിമകളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. അവർ വിശ്വാസം അർപ്പിച്ച വ്യാജദൈവങ്ങൾക്ക് അതിൽനിന്ന് അവരെ സംരക്ഷിക്കാനായില്ല.—യിരെമ്യ 11:12; 25:8, 9.
“സഹായത്തിനുവേണ്ടി അവർ എന്നെ വിളിക്കും; പക്ഷേ ഞാൻ വിളി കേൾക്കില്ല.” ‘കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നവരുടെയും’ വ്യാജദൈവങ്ങളിൽ ആശ്രയിക്കുന്നവരുടെയും പ്രാർഥനകൾ യഹോവ കേൾക്കില്ല. (യശയ്യ 1:15; 42:17) എന്നാൽ തങ്ങളുടെ തെറ്റായ ജീവിതരീതിയെ ഓർത്ത് ആത്മാർഥമായി പശ്ചാത്തപിക്കുകയും താഴ്മയോടെ ദൈവത്തിലേക്ക് തിരിഞ്ഞ് വരുകയും ചെയ്യുന്നവരുടെ പ്രാർഥനകൾ ദൈവം കേൾക്കും.—യശയ്യ 1:16-19; 55:6, 7.
യിരെമ്യ 11:11-ന്റെ സന്ദർഭം
ബി.സി. 647-ൽ യഹോവ യിരെമ്യയെ തന്റെ പ്രവാചകനായി നിയമിച്ചു. 40 വർഷത്തോളം യിരെമ്യ യഹൂദയിലെ ജനത്തോട് ദൈവത്തിന്റെ വരാൻപോകുന്ന ന്യായവിധിയെക്കുറിച്ച് മുന്നറിയിപ്പു നൽകി. എന്നാൽ ആ ജനം അതു കേൾക്കാൻ മനസ്സു കാണിച്ചില്ല. ആ സമയത്ത് പ്രവാചകൻ എഴുതിയ വാക്കുകളാണ് യിരെമ്യ 11:11-ൽ കാണുന്നത്. ഒടുവിൽ ബി.സി. 607-ൽ ബാബിലോൺകാർ യരുശലേം നശിപ്പിച്ചപ്പോൾ ആ ന്യായവിധി മുന്നറിയിപ്പുകൾ നിറവേറി.—യിരെമ്യ 6:6-8; 39:1, 2, 8, 9.
യിരെമ്യയുടെ പുസ്തകത്തിൽ പ്രത്യാശയുടെ ഒരു സന്ദേശവും ഉണ്ട്. യഹോവ പറഞ്ഞു: “ബാബിലോണിൽ ചെന്ന് 70 വർഷം തികയുമ്പോൾ . . . നിങ്ങളെ ഇവിടേക്കു (ജൂതന്മാരുടെ സ്വദേശത്തേക്ക്) തിരികെ കൊണ്ടുവന്നുകൊണ്ട് ഞാൻ എന്റെ വാഗ്ദാനം പാലിക്കും.” (യിരെമ്യ 29:10) മേദ്യരും പേർഷ്യക്കാരും ബാബിലോൺ പിടിച്ചടക്കിയതിനെത്തുടർന്ന്, ബി.സി. 537-ൽ യഹോവയുടെ ആ വാഗ്ദാനം നിറവേറി. മുമ്പ് ബാബിലോണിന്റെ നിയന്ത്രണത്തിലായിരുന്ന ദേശത്ത് ചിതറിപ്പാർത്തിരുന്ന തന്റെ ജനത്തെ യഹോവ സ്വദേശത്തേക്കു കൊണ്ടുവരുകയും അവിടെ സത്യാരാധന പുനഃസ്ഥാപിക്കാൻ അവരെ അനുവദിക്കുകയും ചെയ്തു.—2 ദിനവൃത്താന്തം 36:22, 23; യിരെമ്യ 29:14.
യിരെമ്യ എന്ന പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a ദൈവത്തിന്റെ പേരിന്റെ നാല് എബ്രായയക്ഷരങ്ങളുടെ പൊതുവെയുള്ള മലയാള പരിഭാഷ യഹോവ എന്നാണ്. എന്തുകൊണ്ടാണ് പല ബൈബിൾ പരിഭാഷകളിലും ദൈവത്തിന്റെ പേരിനു പകരം “കർത്താവ്” എന്ന സ്ഥാനപ്പേര് ഉപയോഗിച്ചിരിക്കുന്നത് എന്നറിയാൻ “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.