ബൈബിൾവാക്യങ്ങളുടെ വിശദീകരണം
യോഹന്നാൻ 3:16—“ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു”
“തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.”—യോഹന്നാൻ 3:16, പുതിയ ലോക ഭാഷാന്തരം.
“എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.”—യോഹന്നാൻ 3:16, പി.ഒ.സി.
യോഹന്നാൻ 3:16-ന്റെ അർഥം
ദൈവം നമ്മളെ സ്നേഹിക്കുന്നു. നമ്മൾ എന്നേക്കും ജീവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. അതിനുവേണ്ടി, മകനായ യേശുക്രിസ്തുവിനെ ദൈവം ഭൂമിയിലേക്ക് അയച്ചു. ഭൂമിയിലായിരുന്നപ്പോൾ യേശു പല പ്രധാനപ്പെട്ട കാര്യങ്ങളും ചെയ്തു. യേശു തന്റെ പിതാവായ ദൈവത്തെപ്പറ്റി ശിഷ്യന്മാരെ പഠിപ്പിച്ചതാണ് അതിൽ ഒന്ന്. (1 പത്രോസ് 1:3) അതു കൂടാതെ, സ്വന്തം ജീവൻ മനുഷ്യകുടുംബത്തിനു കൊടുക്കുകയും ചെയ്തു. നിത്യജീവൻ കിട്ടണമെങ്കിൽ നമ്മൾ യേശുവിൽ വിശ്വസിക്കണം.
‘തന്റെ ഏകജാതനായ മകനെ നൽകി’ a എന്ന വാക്കുകളിൽ ദൈവത്തിനു നമ്മളോടുള്ള സ്നേഹത്തിന്റെ ആഴം നമുക്ക് കാണാൻ കഴിയും. യേശു ദൈവത്തിന്റെ അതുല്യനായ മകനായിരുന്നു. ഏത് അർഥത്തിൽ? യേശുവിനെ മാത്രമാണ് ദൈവം നേരിട്ട് സൃഷ്ടിച്ചത്. (കൊലോസ്യർ 1:17) അതുപോലെ യേശു “എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനും ആണ്.” (കൊലോസ്യർ 1:15) മറ്റു ദൂതന്മാർ ഉൾപ്പെടെ എല്ലാ സൃഷ്ടികളും യേശുവിലൂടെ, അതായത് യേശു മുഖാന്തരം ആണ് സൃഷ്ടിക്കപ്പെട്ടത്. എങ്കിലും, അനേകരെ ‘ശുശ്രൂഷിക്കാനും അവർക്കുവേണ്ടി ജീവൻ മോചനവിലയായി കൊടുക്കാനും’ തന്റെ പ്രിയപ്പെട്ട മകനെ ഭൂമിയിലേക്ക് അയയ്ക്കാൻ ദൈവമായ യഹോവ b തയ്യാറായി. (മത്തായി 20:28) ആദ്യമനുഷ്യനായ ആദാമിലൂടെ കൈമാറി കിട്ടിയ പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്ന് നമ്മളെ മോചിപ്പിക്കാൻ യേശു കഷ്ടതകൾ സഹിച്ച് മരിച്ചു.—റോമർ 5:8, 12.
യേശുവിൽ വിശ്വാസമർപ്പിക്കുന്നതിൽ, വെറുതെ യേശുവിൽ വിശ്വസിക്കുന്നെന്ന് പറയുന്നതോ യേശു നമുക്കുവേണ്ടി ചെയ്ത കാര്യങ്ങൾ അംഗീകരിക്കുന്നതോ മാത്രമല്ല ഉൾപ്പെടുന്നത്. അതിലധികമായി, ദൈവത്തിന്റെ മകനിലുള്ള വിശ്വാസം തെളിയിക്കുന്നതിന്, നമ്മൾ യേശുവിനെ അനുസരിക്കുകയും അനുകരിക്കുകയും വേണം. (മത്തായി 7:24-27; 1 പത്രോസ് 2:21) ബൈബിൾ പറയുന്നു: “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണില്ല.”—യോഹന്നാൻ 3:36.
യോഹന്നാൻ 3:16-ന്റെ സന്ദർഭം
നിക്കോദേമൊസ് എന്നു പേരുള്ള ഒരു ജൂത മതനേതാവിനോടു സംസാരിച്ചപ്പോഴാണ് യേശു ഈ വാക്കുകൾ പറഞ്ഞത്. (യോഹന്നാൻ 3:1, 2) ദൈവരാജ്യത്തെക്കുറിച്ചും c ‘വീണ്ടും ജനിക്കുന്നതിനെ’ക്കുറിച്ചും ഉള്ള ചില വിശദാംശങ്ങൾ യേശു ആ സംഭാഷണത്തിനിടയിൽ വെളിപ്പെടുത്തി. (യോഹന്നാൻ 3:3) താൻ എങ്ങനെയാണ് മരിക്കാൻപോകുന്നത് എന്നും യേശു മുൻകൂട്ടി പറഞ്ഞു: “മനുഷ്യപുത്രനും (ഒരു സ്തംഭത്തിൽ) ഉയർത്തപ്പെടേണ്ടതാണ്. അങ്ങനെ, അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ കിട്ടും.” (യോഹന്നാൻ 3:14, 15) നിത്യം ജീവിക്കാനുള്ള ഈ അവസരം തരാൻ ദൈവത്തെ പ്രചോദിപ്പിച്ചത് മനുഷ്യരോടുള്ള ആഴമായ സ്നേഹമാണ് എന്ന് യേശു ഊന്നിപ്പറഞ്ഞു. ജീവൻ ലഭിക്കണമെങ്കിൽ, നമ്മൾ വിശ്വാസം പ്രകടമാക്കണമെന്നും ദൈവത്തെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നും പറഞ്ഞുകൊണ്ട് യേശു ഈ സംഭാഷണം അവസാനിപ്പിച്ചു.—യോഹന്നാൻ 3:17-21.
a മൊണൊഗെനെസ് എന്ന ഗ്രീക്കുപദമാണ് “ഏകജാതൻ” എന്നു പരിഭാഷ ചെയ്തിരിക്കുന്നത്. “അത്തരത്തിലുള്ള ഒരേ ഒരാൾ, . . . ആകെയുള്ള ഒരാൾ; അതുല്യൻ” എന്നൊക്കെ അതിനെ നിർവചിച്ചിരിക്കുന്നു.—പുതിയ നിയമത്തിന്റെയും മറ്റ് ആദിമ ക്രിസ്തീയ സാഹിത്യത്തിന്റെയും ഒരു ഗ്രീക്ക്-ഇംഗ്ലീഷ് നിഘണ്ടു, പേജ് 658.
b ദൈവത്തിന്റെ വ്യക്തിപരമായ പേരാണ് യഹോവ.—സങ്കീർത്തനം 83:18.
c ദൈവരാജ്യം അഥവാ “സ്വർഗരാജ്യം” സ്വർഗത്തിൽനിന്ന് ഭരണം നടത്തുന്ന ഒരു ഗവൺമെന്റാണ്. (മത്തായി 10:7; വെളിപാട് 11:15) ആ രാജ്യത്തിന്റെ ഭരണാധികാരിയായി ദൈവം യേശുവിനെയാണ് നിയമിച്ചിരിക്കുന്നത്. ഭൂമിയെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം ദൈവം ഈ ഗവൺമെന്റിലൂടെയാണ് നിറവേറ്റാൻ പോകുന്നത്. (ദാനിയേൽ 2:44; മത്തായി 6:10) കൂടുതൽ വിവരങ്ങൾക്കായി, “എന്താണ് ദൈവരാജ്യം?” എന്ന ലേഖനം കാണുക.