ബൈബിൾവാക്യങ്ങളുടെ വിശദീകരണം
സുഭാഷിതങ്ങൾ 3:5, 6—’സ്വന്തം ബുദ്ധിയെ ആശ്രയിക്കരുത്’
“പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്. എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക; അപ്പോൾ ദൈവം നിന്റെ വഴികൾ നേരെയാക്കും.”—സുഭാഷിതങ്ങൾ 3:5, 6, പുതിയ ലോക ഭാഷാന്തരം.
“കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും.”—സുഭാഷിതങ്ങൾ 3:5, 6, പി.ഒ.സി. ബൈബിൾ.
സുഭാഷിതങ്ങൾ 3:5, 6-ന്റെ അർഥം
പ്രധാനപ്പെട്ട കാര്യങ്ങൾ വരുമ്പോൾ നമ്മൾ സ്വന്തമായി തീരുമാനങ്ങളെടുക്കാതെ മാർഗനിർദേശത്തിനായി ദൈവമായ യഹോവയിൽ a ആശ്രയിക്കണം.
“പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക.” ദൈവത്തിന് ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ ദൈവത്തിൽ ആശ്രയിക്കുന്നെന്നു കാണിക്കുകയാണ്. അതെ, പൂർണഹൃദയത്തോടെയാണ് നമ്മൾ ദൈവത്തിൽ ആശ്രയിക്കേണ്ടത്. ബൈബിളിൽ സാധാരണയായി “ഹൃദയം” എന്ന പദം ഒരു വ്യക്തിയുടെ ആന്തരികവ്യക്തിത്വത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. അതിൽ ആ വ്യക്തിയുടെ വികാരങ്ങൾ, ചിന്തകൾ, മനോഭാവം, ലക്ഷ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. പൂർണഹൃദയത്തോടെ ദൈവത്തിൽ ആശ്രയിക്കുക എന്നാൽ വെറുമൊരു വികാരം മാത്രമല്ല. പകരം നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് അറിയാവുന്നതു നമ്മുടെ സ്രഷ്ടാവിനാണെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ട് നമ്മൾ എടുക്കുന്ന ഒരു തീരുമാനമാണ് അത്.—റോമർ 12:1.
“സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്.” നമ്മുടെ ചിന്താപ്രാപ്തികൾക്കു പരിമിതികളുള്ളതുകൊണ്ട് നമുക്ക് അതിനെ ആശ്രയിക്കാനാകില്ല. അതുകൊണ്ട് നമ്മൾ ദൈവത്തിൽ ആശ്രയിക്കണം. നമ്മൾ നമ്മുടെ ചിന്തകൾക്കും വികാരങ്ങൾക്കും അനുസരിച്ചാണ് തീരുമാനമെടുക്കുന്നതെങ്കിൽ ആദ്യം അതു വിജയിക്കുമെന്നു തോന്നുമെങ്കിലും ചെന്നെത്തുന്നതു പരാജയത്തിലായിരിക്കും. (സുഭാഷിതങ്ങൾ 14:12; യിരെമ്യ 17:9) ദൈവത്തിന്റെ ജ്ഞാനം നമ്മുടേതിനെക്കാൾ വളരെ ഉയർന്നതാണ്. (യശയ്യ 55:8, 9) ദൈവത്തിന്റെ ചിന്തകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമുക്കു ജീവിതത്തിൽ വിജയിക്കാനാകും.—സങ്കീർത്തനം 1:1-3; സുഭാഷിതങ്ങൾ 2:6-9; 16:20.
“എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക.” ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലും നമ്മളെടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളിലും ദൈവത്തിന്റെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കി നമ്മൾ പ്രവർത്തിക്കണം. സഹായത്തിനായി ദൈവത്തോടു പ്രാർഥിച്ചുകൊണ്ടും തന്റെ വചനമായ ബൈബിളിലൂടെ ദൈവം പറയുന്നത് അനുസരിച്ചുകൊണ്ടും നമുക്ക് അതു ചെയ്യാം.—സങ്കീർത്തനം 25:4; 2 തിമൊഥെയൊസ് 3:16, 17.
“ദൈവം നിന്റെ വഴികൾ നേരെയാക്കും.” ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ നമ്മളെ സഹായിച്ചുകൊണ്ട് ദൈവം നമ്മുടെ വഴികൾ നേരെയാക്കും. (സുഭാഷിതങ്ങൾ 11:5) അങ്ങനെ അനാവശ്യമായ കുഴപ്പങ്ങളിൽ ചെന്നുചാടുന്നത് ഒഴിവാക്കിക്കൊണ്ട് കൂടുതൽ സന്തോഷത്തോടെ ജീവിക്കാൻ നമുക്കു കഴിയും.—സങ്കീർത്തനം 19:7, 8; യശയ്യ 48:17, 18.
സുഭാഷിതങ്ങൾ 3:5, 6-ന്റെ സന്ദർഭം
ദൈവത്തിന് ഇഷ്ടമുള്ള രീതിയിൽ, സന്തോഷത്തോടെ ജീവിക്കാൻ ആവശ്യമായ തത്ത്വങ്ങളാണ് സുഭാഷിതങ്ങൾ എന്ന ബൈബിൾപുസ്തകത്തിലുള്ളത്. ഒരു പിതാവ് തന്റെ പ്രിയമകനു നൽകുന്ന ഉപദേശങ്ങൾപോലെയാണ് ആദ്യത്തെ ഒൻപത് അധ്യായങ്ങൾ എഴുതിയിരിക്കുന്നത്. നമ്മുടെ സ്രഷ്ടാവിന്റെ ജ്ഞാനത്തെ ആദരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവർക്കു കിട്ടുന്ന പ്രയോജനങ്ങളാണു മൂന്നാം അധ്യായം എടുത്തുകാട്ടുന്നത്.—സുഭാഷിതങ്ങൾ 3:13-26.
a ദൈവത്തിന്റെ പേര് യഹോവ എന്നാണ്.—സങ്കീർത്തനം 83:18.