ആരുടെ കരവിരുത്?
ഡോൾഫിന്റെ സോണാർ
നീണ്ട മുഖമുള്ള ഡോൾഫിന്റെ (ടർസിയോപ്‌സ് ട്രങ്കേറ്റസ്) ഒരു സവിശേഷതയാണു സോണാർ. അതായത് ശബ്ദതരംഗങ്ങളുടെ സഹായത്താൽ ആഴക്കടലിലെ വസ്‌തുക്കളുടെ സാന്നിധ്യം തിരിച്ചറിയാനുള്ള കഴിവ്. ഡോൾഫിനുകൾ ചൂളമടിക്കുകയും ക്ലിക്ക്‌ക്ലിക്ക് ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും അതിന്റെ പ്രതിധ്വനി ശ്രദ്ധിക്കുകയും ചെയ്‌തുകൊണ്ട് ചുറ്റുപാടുകളെക്കുറിച്ച് മനസ്സിലാക്കുകയും ഏതു ദിശയിൽ സഞ്ചരിക്കണമെന്നു തീരുമാനിക്കുകയും ചെയ്യുന്നു. ഡോൾഫിന്റെ ഈ കഴിവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ശാസ്‌ത്രജ്ഞർ ശബ്ദതരംഗങ്ങൾ പ്രയോജനപ്പെടുത്തി സമുദ്രത്തിനടിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ കൂടുതൽ മികച്ച പതിപ്പ് നിർമിക്കാനുള്ള ശ്രമത്തിലാണ്.
സവിശേഷത: ഡോൾഫിന്റെ സോണാർ കടലിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന മീനുകളെ കണ്ടുപിടിക്കാനും മീനും പാറയും തമ്മിൽ വേർതിരിച്ചറിയാനും ഡോൾഫിനെ സഹായിക്കുന്നു. സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിലുള്ള ഹെറിയറ്റ്-വാട്ട് സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസ്സറായ കെയ്‌ത്ത് ബ്രൗൺ പറയുന്നതനുസരിച്ച്, ഡോൾഫിന് “ശുദ്ധജലവും ഉപ്പുവെള്ളവും സിറപ്പും എണ്ണയും നിറച്ച വീപ്പകൾ തമ്മിലുള്ള വ്യത്യാസം പത്തു മീറ്റർ അകലെനിന്ന് തിരിച്ചറിയാൻ കഴിയും.” ഇതുപോലെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കണ്ടുപിടിക്കാൻ ശാസ്‌ത്രജ്ഞർ ആഗ്രഹിക്കുന്നു.
ഡോൾഫിനുകൾ ഉണ്ടാക്കുന്ന ശബ്ദവും കേൾക്കുന്ന വിധവും നിരീക്ഷിച്ചിട്ട് ഗവേഷകർ അവ പകർത്താൻ ശ്രമം നടത്തി. അങ്ങനെ അവർ സങ്കീർണമായ ഇലക്‌ട്രോണിക് സർക്യൂട്ടുകൾ ഘടിപ്പിച്ച, ഒരു മീറ്ററിൽ താഴെ നീളം വരുന്ന സിലിണ്ടറിനുള്ളിൽ കൊള്ളാവുന്ന, ഒരു സോണാർ ഉപകരണം ഉണ്ടാക്കി. വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്ന യന്ത്രവാഹനത്തിൽ ഇതു ഘടിപ്പിച്ചു. കണ്ടാൽ ഒരു ടോർപ്പിഡോപോലെ (കപ്പൽ നശിപ്പിക്കാനുള്ള ഉഗ്രസ്‌ഫോടനബോംബ്) തോന്നും. കടലിന്റെ അടിത്തട്ട് പരിശോധിക്കുന്നതിനും കുഴിച്ചിട്ടിരിക്കുന്ന കേബിളുകളും പൈപ്പുകളും കണ്ടെത്താനും കുഴിച്ചുനോക്കാതെതന്നെ അവ പരിശോധിക്കുന്നതിനും വേണ്ടിയാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇതു വികസിപ്പിച്ചെടുത്തവർ എണ്ണ-വാതക വ്യവസായമേഖലകളിലെ ഇതിന്റെ സാധ്യതകളും മുൻകൂട്ടിക്കാണുന്നുണ്ട്. ഡോൾഫിന്റെ സോണാറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഉപകരണം ഇപ്പോഴുള്ള സോണാർ ഉപകരണങ്ങൾക്കു ശേഖരിക്കാൻ കഴിയുന്നതിലും അധികം വിവരങ്ങൾ ശേഖരിക്കും. അതോടൊപ്പം ഉപകരണങ്ങൾ വെള്ളത്തിനടിയിൽ സ്ഥാപിക്കേണ്ട ഏറ്റവും നല്ല സ്ഥലം കണ്ടെത്താനും, അവയ്‌ക്ക് എന്തെങ്കിലും കേടുപറ്റിയാൽ—ഓയിൽ റിഗ്ഗിനെ താങ്ങിനിറുത്തുന്ന തൂണിലുണ്ടാകുന്ന നേരിയ വിള്ളലുകൾപോലുള്ളവ—കണ്ടുപിടിക്കാനും കുഴലുകളിലെ തടസ്സം കണ്ടെത്താൻപോലും സാങ്കേതികവിദഗ്‌ധരെ ഇതു സഹായിക്കും.
നിങ്ങൾക്ക് എന്തു തോന്നുന്നു? നീണ്ട മുഖമുള്ള ഡോൾഫിന്റെ സോണാർ പരിണമിച്ചുണ്ടായതാണോ അതോ ആരെങ്കിലും രൂപകല്‌പന ചെയ്‌തതാണോ?