ആരുടെ കരവിരുത്?
പൈലറ്റ് തിമിംഗലത്തിന്റെ സ്വയം വൃത്തിയാക്കുന്ന ചർമം
കപ്പലിന്റെ അടിത്തട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന കക്കകളും മറ്റു കടൽജീവികളും കപ്പൽജീവനക്കാർക്കു വലിയൊരു തലവേദനയാണ്. അവ കപ്പലിന്റെ വേഗം കുറയ്ക്കുന്നു, ഇന്ധനച്ചെലവ് കൂട്ടുന്നു. അതുകൊണ്ട് അവയെല്ലാം നീക്കം ചെയ്യാനായി രണ്ടു മൂന്നു വർഷം കൂടുമ്പോൾ കപ്പൽ കരയ്ക്ക് അടുപ്പിക്കേണ്ടി വരുന്നു. പരിഹാരത്തിനായി ശാസ്ത്രജ്ഞന്മാർ നോക്കുന്നതു പ്രകൃതിയിലേക്കാണ്.
സവിശേഷത: നീളൻ ചിറകുള്ള പൈലറ്റ് തിമിംഗലത്തിന്റെ (ഗ്ലോബെസെഫെല മെലാസ്) ചർമത്തിനു സ്വയം വൃത്തിയാക്കാനുള്ള പ്രാപ്തിയുണ്ടെന്നു പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. അതിന്റെ ചർമത്തിൽ അതിസൂക്ഷ്മമായ ചെറുവരമ്പുകളുണ്ട്. കടൽജീവികളുടെ ലാർവകൾക്കു പറ്റിപ്പിടിച്ചിരിക്കാൻ പറ്റാത്തത്ര ചെറുതാണ് അവ. ഈ വരമ്പുകൾക്ക് ഇടയിലുള്ള വിടവുകളിൽ ആൽഗകളെയും ബാക്ടീരിയകളെയും തുരത്താൻ ശക്തിയുള്ള ഒരുതരം വഴുവഴുത്ത ദ്രാവകമുണ്ട്. തിമിംഗലത്തിന്റെ ചർമം പൊഴിഞ്ഞ് പുതിയ ചർമം വരുമ്പോൾ അതിനും ഇതേ പ്രത്യേകതയുണ്ടായിരിക്കും.
പൈലറ്റ് തിമിംഗലത്തിന്റെ ഈ ശുദ്ധീകരണപരിപാടി പകർത്താനുള്ള നീക്കത്തിലാണു ശാസ്ത്രജ്ഞന്മാർ. മുമ്പ് ഒരുതരം പെയിന്റ് അടിച്ചായിരുന്നു കടൽജീവികളെയും കക്കകളെയും അകറ്റിനിറുത്തിയിരുന്നത്. എന്നാൽ അത് അവയ്ക്കു ദോഷം ചെയ്യുന്നതുകൊണ്ട് അത്തരം പെയിന്റുകൾ ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. ഇതിനു പകരം ഗവേഷകർ നിർദേശിച്ചിരിക്കുന്നത് എന്താണെന്നോ? ലോഹംകൊണ്ടുള്ള ഒരുതരം വല കപ്പലിന്റെ അടിത്തട്ടിൽ പിടിപ്പിക്കുക. എന്നിട്ട് പ്രകൃതിക്കു ദോഷം ചെയ്യാത്ത ഒരു രാസവസ്തു ചെറിയ സുഷിരങ്ങളിലൂടെ അതിലേക്കു കടത്തിവിടുക. ഈ രാസവസ്തുവിൽ കടൽവെള്ളം തട്ടുമ്പോൾ അതു കട്ടിയുള്ള, വഴുവഴുത്ത ദ്രാവകമായി മാറുന്നു. അതു കപ്പലിനു ചുറ്റും ഒരു ആവരണം തീർക്കും. കാലക്രമേണ ഏകദേശം 0.03 ഇഞ്ച് ഘനമുള്ള ഈ ആവരണം അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറുജീവികൾ സഹിതം ഇളകിപ്പോകും. അപ്പോൾ വീണ്ടും വഴുവഴുത്ത ദ്രാവകം പുറപ്പെടുവിച്ചുകൊണ്ട് ഈ സംവിധാനം കപ്പലിനു ചുറ്റും പുതിയ ആവരണം തീർക്കും.
ഈ സംവിധാനത്തിലൂടെ ഈ പ്രശ്നം 100 മടങ്ങ് കുറയ്ക്കാൻ സാധിക്കുമെന്നു പരീക്ഷണത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. ഷിപ്പിംഗ് കമ്പനികൾക്കു വലിയ നേട്ടം ഇതിലൂടെ ലഭിക്കും. കാരണം കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കാൻ കരയിലേക്കു കയറ്റുന്നത് ധാരാളം പണച്ചെലവുള്ള ഒരു കാര്യമാണ്.
നിങ്ങൾക്ക് എന്ത് തോന്നുന്നു? പൈലറ്റ് തിമിംഗലത്തിന്റെ സ്വയം വൃത്തിയാക്കുന്ന ചർമം പരിണമിച്ച് ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?