യഹോവയുടെ സാക്ഷികൾ പഴയ നിയമത്തിൽ വിശ്വസിക്കുന്നുണ്ടോ?
ഉണ്ട്. മുഴു ബൈബിളും ‘ദൈവനിശ്വസ്തമാണെന്നും’ മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയുള്ളതാണെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. (2 തിമൊഥെയൊസ് 3:16) അതിൽ, പഴയ നിയമം എന്നും പുതിയ നിയമം എന്നും പൊതുവിൽ വിളിക്കുന്ന രണ്ടു ഭാഗങ്ങളും ഉൾപ്പെടും. യഹോവയുടെ സാക്ഷികൾ സാധാരണയായി ഈ ബൈബിൾഭാഗങ്ങളെ യഥാക്രമം, എബ്രായ തിരുവെഴുത്തുകൾ എന്നും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ എന്നും ആണ് വിളിക്കുക. അതുവഴി, ബൈബിളിന്റെ ചില ഭാഗങ്ങൾ കാലഹരണപ്പെട്ടു എന്നൊരു ധ്വനി നൽകാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു.
ക്രിസ്ത്യാനികൾ പഴയ നിയമവും പുതിയ നിയമവും ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ക്രിസ്തീയ അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “മുമ്പ് എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയുള്ളതാണ്.” (റോമർ 15:4) അതു കാണിക്കുന്നത്, എബ്രായ തിരുവെഴുത്തുകളിൽ നമുക്കുവേണ്ടി വിലപ്പെട്ട ചില വിവരങ്ങളുണ്ടെന്നാണ്. വിശ്വസനീയമായ ചരിത്രവും പ്രായോഗിക ഉപദേശങ്ങളും ഉൾപ്പെടെ നമുക്കുവേണ്ടിയുള്ള മറ്റു പലതും അതിലുണ്ട്.
വിശ്വസനീയമായ ചരിത്രം. എബ്രായ തിരുവെഴുത്തുകളിൽ, സൃഷ്ടിപ്പിനെക്കുറിച്ചും മനുഷ്യവർഗം പാപത്തിൽ വീണുപോയതിനെക്കുറിച്ചും ഉള്ള വിശദമായ വിവരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ആ വിവരങ്ങൾ ഇല്ലായിരുന്നെങ്കിൽ നമ്മുടെ ചില ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കിട്ടുകയില്ലായിരുന്നു. ഉദാഹരണമായി, നമ്മൾ എവിടെനിന്ന് വന്നു, മനുഷ്യൻ മരിക്കുന്നത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങൾ. (ഉല്പത്തി 2:7, 17) കൂടാതെ, നമ്മെപ്പോലെതന്നെ സന്തോഷങ്ങളും വിഷമങ്ങളും പ്രശ്നങ്ങളും ഒക്കെ അനുഭവിച്ച ആളുകളോട് ദൈവമായ യഹോവ ഇടപെട്ടത് എങ്ങനെയാണ് എന്നുള്ളതിന്റെ ചരിത്രരേഖയും കൂടിയാണ് എബ്രായ തിരുവെഴുത്തുകൾ.—യാക്കോബ് 5:17.
പ്രായോഗിക ഉപദേശങ്ങൾ. എബ്രായ തിരുവെഴുത്തുകളുടെ ഭാഗമായ സദൃശവാക്യങ്ങൾ, സഭാപ്രസംഗി എന്നീ ബൈബിൾപ്പുസ്തകങ്ങൾ കാലാതീതമായ ജ്ഞാനോപദേശങ്ങളുടെ കലവറയാണ്. കുടുംബജീവിതം എങ്ങനെ സന്തോഷകരമാക്കാം (സദൃശവാക്യങ്ങൾ 15:17), ജോലിയുടെ കാര്യത്തിൽ എങ്ങനെ സമനില പാലിക്കാം (സദൃശവാക്യങ്ങൾ 10:4; സഭാപ്രസംഗി 4:6), യുവപ്രായത്തിലുള്ളവർക്ക് ജീവിതം ഏറ്റവും സന്തോഷകരമാക്കാൻ എങ്ങനെ കഴിയും എന്നിങ്ങനെയുള്ള ഉപദേശങ്ങൾ അവയിൽ ചിലതാണ് (സഭാപ്രസംഗി 11:9–12:1).
കൂടാതെ, തോറായിൽ (ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ) രേഖപ്പെടുത്തിയിരിക്കുന്ന മോശൈക ന്യായപ്രമാണം പഠിക്കുന്നതും നമുക്ക് ഗുണം ചെയ്യും. ക്രിസ്ത്യാനികൾ ഇന്ന് ന്യായപ്രമാണം അനുസരിക്കേണ്ടതില്ലെങ്കിലും, സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം നയിക്കാൻ നമ്മളെ സഹായിക്കുന്ന ഒട്ടനവധി തത്ത്വങ്ങൾ അതിലുണ്ട്.—ലേവ്യപുസ്തകം 19:18; ആവർത്തനപുസ്തകം 6:5-7.