വീടുതോറുമുള്ള സുവിശേഷവേലയിലൂടെ രക്ഷ നേടിയെടുക്കാനാണോ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നത്?
ഞങ്ങൾ പതിവായി വീടുതോറുമുള്ള സുവിശേഷവേല ചെയ്യുന്നവരാണെന്നുള്ളതു ശരിയാണ്. പക്ഷേ ഞങ്ങൾ അതു ചെയ്യുന്നത് രക്ഷ നേടിയെടുക്കാൻ വേണ്ടിയല്ല. അങ്ങനെ ചെയ്യാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുമില്ല. (എഫെസ്യർ 2:8) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
ഇങ്ങനെയൊന്നു ചിന്തിക്കുക: വളരെ ആദരണീയനും ഉദാരമതിയും ആയ ഒരാൾ, ഒരു നിശ്ചിത തീയതിയിൽ നിശ്ചിത സ്ഥലത്ത് ഹാജരാകുന്ന എല്ലാവർക്കും വിലകൂടിയ ഒരു സമ്മാനം കൊടുക്കുന്നതായിരിക്കും എന്ന് പ്രഖ്യാപിക്കുന്നു എന്നിരിക്കട്ടെ. അദ്ദേഹത്തിന്റെ ആ വാഗ്ദാനം നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അദ്ദേഹം പറയുന്നതുപോലെ നിങ്ങൾ ചെയ്യുകയില്ലേ? ഒരു സംശയവുമില്ല. അതുമാത്രമല്ല, നിങ്ങളുടെ കുടുംബത്തോടും ബന്ധുമിത്രാദികളോടും അക്കാര്യത്തെക്കുറിച്ചു പറയുകയും ചെയ്യും, അല്ലേ? കാരണം അവർക്കും ആ സമ്മാനം കിട്ടാൻ നിങ്ങൾ ആഗ്രഹിക്കും. അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിച്ചു എന്നതുകൊണ്ട് ആ സമ്മാനം നിങ്ങൾക്ക് നേടിയെടുക്കാനാവില്ല. സമ്മാനം സമ്മാനം തന്നെയാണ്. നിങ്ങൾ പ്രത്യേകമായി എന്തെങ്കിലും അവിടെ ചെയ്യുന്നതുകൊണ്ടല്ല നിങ്ങൾക്ക് അത് കിട്ടുന്നത്.
അതുപോലെതന്നെയാണ് രക്ഷയുടെ കാര്യവും. ദൈവത്തെ അനുസരിക്കുന്ന എല്ലാ മനുഷ്യർക്കും ദൈവം നിത്യജീവൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യഹോവയുടെ സാക്ഷികൾക്കറിയാം, അവർ അതു വിശ്വസിക്കുകയും ചെയ്യുന്നു. (റോമർ 6:23) ഞങ്ങൾ വിശ്വസിക്കുന്ന ആ കാര്യം മറ്റുള്ളവരോട് പറയാൻ ഞങ്ങൾ ശ്രമിക്കുന്നു. അവർക്കും ദൈവത്തിന്റെ ആ വാഗ്ദാനത്തിൽനിന്ന് പ്രയോജനം നേടാമെന്ന പ്രത്യാശയിലാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ സുവിശേഷവേലയിലൂടെ ഞങ്ങൾക്ക് രക്ഷ നേടിയെടുക്കാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. (റോമർ 1:17; 3:28) ദൈവത്തിൽനിന്ന് അത്തരമൊരു മഹനീയമായ അനുഗ്രഹം നേടിയെടുക്കാനുള്ള യോഗ്യതയിൽ സ്വയം എത്തിച്ചേരാൻ ഒരു മനുഷ്യർക്കും കഴിയുമെന്നും തോന്നുന്നില്ല. കാരണം, ‘അവിടുന്നു നമുക്കു രക്ഷ നൽകിയത് നമ്മുടെ നീതിയുടെ പ്രവൃത്തികൾകൊണ്ടല്ല; പിന്നെയോ അവിടുത്തെ കാരുണ്യംമൂലമാണ്.’—തീത്തൊസ് 3:4, 5, പി.ഒ.സി.ബൈബിൾ.