യഹോവയുടെ സാക്ഷികളുടെ സ്ഥാപകൻ ആരാണ്?
19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണ് യഹോവയുടെ സാക്ഷികളുടെ ആധുനികസംഘടന നിലവിൽ വന്നത്. ആ സമയമായപ്പോഴേക്കും യു.എസ്.എ.-യിൽ പെൻസിൽവേനിയയിൽ പിറ്റ്സ്ബർഗിനടുത്തുള്ള ഒരു കൂട്ടം ബൈബിൾ വിദ്യാർഥികൾ തിരുവെഴുത്തുകളെക്കുറിച്ച് പഠിക്കാൻ തുടങ്ങി. സഭയുടെ പഠിപ്പിക്കലുകളെ അവർ ബൈബിളുപദേശങ്ങളുമായി താരതമ്യം ചെയ്തു. പഠിച്ച കാര്യങ്ങൾ അവർ പുസ്തകങ്ങളിലും വർത്തമാനപ്പത്രങ്ങളിലും വീക്ഷാഗോപുരം-യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന പത്രികയിലും പ്രസിദ്ധീകരിച്ചു.
സത്യാന്വേഷികളായ ആ ബൈബിൾ വിദ്യാർഥികളുടെ കൂട്ടത്തിൽ ചാൾസ് റ്റെയ്സ് റസ്സലും ഉണ്ടായിരുന്നു. അന്ന് ബൈബിൾ വിദ്യാഭ്യാസവേലയ്ക്ക് നേതൃത്വമെടുത്ത അദ്ദേഹമായിരുന്നു വീക്ഷാഗോപുരത്തിന്റെ ആദ്യത്തെ എഡിറ്റർ. പക്ഷേ അദ്ദേഹം ഒരു പുതിയ മതത്തിന് തുടക്കമിടുകയായിരുന്നില്ല. യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ ഉന്നമിപ്പിക്കുകയും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയുടെ പ്രവർത്തനരേഖ പിൻപറ്റുകയും ചെയ്യുക എന്നതായിരുന്നു റസ്സലിന്റെയും മറ്റു ബൈബിൾ വിദ്യാർഥികളുടെയും (ആ പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്.) ലക്ഷ്യം. ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകൻ യേശുവായതിനാൽ, അവനെയാണ് ഞങ്ങളുടെ സംഘടനയുടെ സ്ഥാപകനായി ഞങ്ങൾ കാണുന്നത്.—കൊലോസ്യർ 1:18-20.