യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചാൽ ഞാൻ ആ മതത്തിൽ ചേരേണ്ടിവരുമോ?
ഇല്ല, അങ്ങനെ ഒരു കടപ്പാടും നിങ്ങൾക്കു തോന്നേണ്ടതില്ല. യഹോവയുടെ സാക്ഷികളാകാതെതന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഞങ്ങളുടെ ബൈബിൾപഠനപരിപാടി ആസ്വദിക്കുന്നത്. a ഈ പഠനപരിപാടിയുടെ ഉദ്ദേശ്യം ബൈബിൾ എന്തു പഠിപ്പിക്കുന്നു എന്ന് മനസ്സിലാക്കാൻ ആളുകളെ സഹായിക്കുക എന്നതാണ്. പഠിക്കുന്നതിലൂടെ നിങ്ങൾക്കു ലഭിക്കുന്ന അറിവ് എങ്ങനെ ഉപയോഗിക്കണമെന്നു നിങ്ങൾക്കു തീരുമാനിക്കാം. വിശ്വാസം എന്നത് തികച്ചും വ്യക്തിപരമാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു.—യോശുവ 24:15.
പഠിക്കുന്ന സമയത്ത് എനിക്ക് എന്റെ ബൈബിൾ ഉപയോഗിക്കാമോ?
തീർച്ചയായും. ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ഉപയോഗിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. നിങ്ങൾക്കും താത്പര്യമാണെങ്കിൽ അതിന്റെ ഒരു കോപ്പി സൗജന്യമായി തരാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ. എങ്കിലും നിങ്ങളുടെ സ്വന്തം ബൈബിൾ ഉപയോഗിക്കുന്നതിൽ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. പ്രത്യാശയുടെയും രക്ഷയുടെയും ബൈബിൾസന്ദേശം ബൈബിളിന്റെ ഏതു പരിഭാഷയിൽനിന്നും നിങ്ങൾക്കു പഠിക്കാവുന്നതാണ്.
നിങ്ങളുടെ മതത്തിൽ ചേരാത്തവരെ ബൈബിൾ പഠിപ്പിക്കുന്നത് എന്തുകൊണ്ടാണ്?
ഞങ്ങളെ അതിനു പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ദൈവമായ യഹോവയോടുള്ള സ്നേഹമാണ്. പഠിച്ച കാര്യങ്ങൾ ക്രിസ്ത്യാനികൾ മറ്റുള്ളവരെ പഠിപ്പിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (മത്തായി 22:37, 38; 28:19, 20) ദൈവവചനം പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ‘ദൈവത്തിന്റെ സഹപ്രവർത്തകരായിക്കുന്നതിലും’ വലിയ ഒരു പദവി വേറെയില്ല.—1 കൊരിന്ത്യർ 3:6-9.
അയൽക്കാരോടുള്ള സ്നേഹമാണ് മറ്റൊരു പ്രേരകഘടകം. (മത്തായി 22:39) ഞങ്ങൾ പഠിച്ച വിസ്മയകരമായ കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നത് ഞങ്ങൾക്ക് വളരെ സന്തോഷമുള്ള കാര്യമാണ്.—പ്രവൃത്തികൾ 20:35.
a അതു മനസ്സിലാക്കാൻ ഈ വർഷത്തെ കണക്ക് സഹായിക്കും. 2023-ൽ ഓരോ മാസവും പലർക്കായി ഞങ്ങൾ 72,81,212 ബൈബിൾപഠനങ്ങളാണ് നടത്തിയത്. എന്നിട്ടും 2,69,517 ആളുകളേ ആ വർഷം സ്നാനമേറ്റ് യഹോവയുടെ സാക്ഷികളായിത്തീർന്നുള്ളൂ.