2014 വാർഷികയോഗ റിപ്പോർട്ട്
ദൈവരാജ്യഭരണത്തിന്റെ 100 വർഷങ്ങൾ!
2014 ഒക്ടോബർ 4-ന്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെ 130-ാമത്തെ വാർഷികയോഗത്തിന് 19,000-ത്തോളം ആളുകൾ ഒന്നിച്ചുകൂടി. ഐക്യനാടുകളിലെ ന്യൂ ജേഴ്സിയിലുള്ള ജേഴ്സി സിറ്റിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനഹാളിൽ വെച്ചായിരുന്നു പരിപാടി. ഈ പരിപാടി മറ്റു പല സ്ഥലങ്ങളിലും വീഡിയോയിലൂടെ കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ മാർക്ക് സാൻഡെഴ്സനായിരുന്നു പരിപാടിയുടെ അധ്യക്ഷൻ. മിശിഹൈകരാജ്യം സ്ഥാപിതമായിന്റെ 100-ാം വാർഷികം ആയതിനാൽ ഈ വർഷത്തെ യോഗം ചരിത്രം കുറിക്കുന്ന ഒന്നാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.
രാജ്യഭരണം ആദ്യത്തെ 100 വർഷങ്ങളിൽ കൈവരിച്ച ശ്രദ്ധേയമായ മൂന്ന് നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം അവലോകനം ചെയ്തു.
ആഗോളപ്രസംഗവേല. യഹോവയുടെ അനുഗ്രഹത്താൽ ദൈവജനം സന്തോഷവാർത്ത ലോകം മുഴുവനും എത്തിക്കാൻ അക്ഷീണം പ്രവർത്തിച്ചിരിക്കുന്നു. 1914-ൽ കേവലം ആയിരങ്ങൾ മാത്രമായിരുന്ന അവർ 2014 സേവനവർഷത്തിൽ 80 ലക്ഷത്തിലധികമായി വർധിച്ചു. പ്രവർത്തനം മതിയെന്ന് യഹോവ പറയുന്നതുവരെ നമ്മൾ ഈ വേല തീക്ഷ്ണതയോടെ തുടരും.
ഒരു കൂട്ടമെന്ന നിലയിൽ രാജ്യത്തിന്റെ പ്രജകൾക്കുള്ള സംരക്ഷണം. യഹോവയുടെ സാക്ഷികളെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുകൊണ്ട് രാഷ്ട്രീയ-മത അധികാരികൾ നമ്മളെ ശക്തിയുക്തം എതിർത്തിട്ടുണ്ട്. എന്നിരുന്നാലും ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ആരാധകരെ സംരക്ഷിച്ചിരിക്കുന്നു. ഐക്യനാടുകളിലെ പരമോന്നതനീതിപീഠത്തിലും യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലും ഉൾപ്പെടെ പല കോടതികളിലും നേടിയ നിയമവിജയങ്ങൾ യഹോവ ഇന്നോളം നമ്മളെ കാത്തുപരിപാലിക്കുന്നു എന്നതിന്റെ തെളിവാണ്.
എല്ലാ തുറകളിൽനിന്നുമുള്ള ആളുകളെ ഏകീകരിക്കുന്നു. വ്യത്യസ്ത പശ്ചാത്തലം, ദേശം, ഭാഷ എന്നിവയിൽനിന്നുള്ള ആളുകളെ അനേകം വെല്ലുവിളികൾ തരണം ചെയ്യാൻ സഹായിച്ചുകൊണ്ടും ആരാധനയിൽ ഏകീകരിച്ചുകൊണ്ടും ദൈവരാജ്യം ആളുകളെ ഒന്നിപ്പിക്കുന്നു. “യഹോവയാൽ മാത്രം സാധ്യമാകുന്ന ഒരു അത്ഭുതമാണ്” ഇതെന്ന് സാൻഡെഴ്സൻ സഹോദരൻ പറഞ്ഞു. ചരിത്രത്തിൽ ഇടം പിടിക്കുന്ന ഈ വാർഷികയോഗത്തിൽ കൂടിവരാൻ അവസരം ലഭിച്ചതിൽ നമ്മൾ നന്ദിയുള്ളവരായിരിക്കേണ്ടതാണെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു.
യഹോവയുടെ കൂട്ടുകാരാകാം പരമ്പര.
വാർഷികയോഗത്തിലെ അടുത്ത വിഷയം രണ്ടു വർഷമായി ആസ്വദിച്ചുപോരുന്ന കുട്ടികൾക്കായുള്ള വീഡിയോയെക്കുറിച്ചുള്ളതായിരുന്നു. ആദ്യം അദ്ദേഹം ലോകമെമ്പാടുംനിന്നുള്ള കുട്ടികളുടെ ഒരു വീഡിയോ അഭിമുഖം കാണിച്ചു. വീഡിയോയിൽ നിന്ന് പഠിച്ചെടുത്ത പാഠങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ വിലമതിപ്പുനിറഞ്ഞ വാക്കുകളും അവരുടെ നിഷ്കപടമായ അഭിപ്രായപ്രകടനങ്ങളും സദസ്യരുടെ ഹൃദയങ്ങളെ തൊട്ടു.
അതിനു ശേഷം ഈ പരമ്പരയിലെ ഒരു പുതിയ വീഡിയോ ആണ് കാണിച്ചത്. “ധൈര്യമുള്ളവരായിരിക്കാൻ യഹോവ നിങ്ങളെ സഹായിക്കും” എന്നതായിരുന്നു അതിന്റെ പേര്. നയമാന്റെ ഭാര്യയോട് യഹോവയെക്കുറിച്ച് ധൈര്യത്തോടെ സംസാരിച്ച ഇസ്രായേൽക്കാരിയായ ഒരു പെൺകുട്ടിയെക്കുറിച്ചുള്ള 12 മിനിട്ട് വീഡിയോയായിരുന്നു അത്. (2 രാജാക്കന്മാർ 5:1-14) 2014 ഒക്ടോബർ 6-ാം തീയതി ഈ വീഡിയോ jw.org-ൽ വന്നു. അത് 20-ലധികം ഭാഷകളിൽ ലഭ്യമാണ്.
JW ഭാഷാസഹായി.
മറ്റൊരു ഭാഷ പഠിച്ച് ശുശ്രൂഷ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന യഹോവയുടെ സാക്ഷികളെ സഹായിക്കുന്നതിന് മൊബൈൽ ഉപകരണങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു പുതിയ ആപ്ലിക്കേഷനെക്കുറിച്ച് സാൻഡെഴ്സൻ സഹോദരൻ അറിയിപ്പു നടത്തി. 18 ഭാഷകളിലായി 4,000-ത്തോളം വാക്കുകളും പദപ്രയോഗങ്ങളും ഇതിലുണ്ട്. കൂടുതൽ വാക്കുകളും പദസമൂഹങ്ങളും വയൽസേവനത്തിനുള്ള അവതരണങ്ങളും മറ്റു സവിശേഷതകളും ഉൾക്കൊള്ളിക്കാനുള്ള പദ്ധതിയും ഉണ്ട്.
JW പ്രക്ഷേപണം.
ഇന്റർനെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ടിവി സ്റ്റേഷൻ തുടങ്ങുന്നതിനെക്കുറിച്ചുള്ള അറിയിപ്പു കേട്ടപ്പോൾ സദസ് ഉത്സാഹഭരിതരായി. പരീക്ഷണാടിസ്ഥാനത്തിൽ ഇംഗ്ലീഷിലാണ് ഇത് ആദ്യം ലഭ്യമാക്കിയത്. ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ലോകാസ്ഥാനത്തുനിന്നാണ് ഇതിന്റെ സംപ്രേഷണം. ഇതിൽ വീഡിയോ, സംഗീതം, നാടകീയ ബൈബിൾവായന തുടങ്ങിയവ ഉണ്ട്. കൂടാതെ ഭരണസംഘാംഗമോ അവരെ സഹായിക്കുന്ന കമ്മറ്റി അംഗങ്ങളോ മാസത്തിൽ ഒരിക്കൽ നടത്തുന്ന പരിപാടിയും ഇതിൽ ഉണ്ടായിരിക്കും.
ഈ പരിപാടിയുടെ ഒരു ഹ്രസ്വരൂപം സാൻഡെഴ്സൻ സഹോദരൻ പരിചയപ്പെടുത്തി. ഭരണസംഘാംഗമായ സ്റ്റീഫൻ ലെറ്റ് സഹോദരൻ അവതരിപ്പിച്ച ഈ വീഡിയോ, ഒരു പുതിയ ടിവി സ്റ്റേഷൻ സജ്ജീകരിക്കുന്നതിനുവേണ്ടി നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് കാണിച്ചു. അങ്ങനെ, JW പ്രക്ഷേപണം എന്ന പേരിലുള്ള ഈ പരിപാടി 2014 ഒക്ടോബർ 6-ാം തീയതി ആരംഭിച്ചു. ഇത്, tv.pr2711.com സന്ദർശിക്കുന്നതിലൂടെ ആസ്വദിക്കാനാകും.
“ദൈവരാജ്യം ഒരു നൂറ്റാണ്ടും കടന്ന്.”
ഭരണസംഘാംഗമായ സാമുവെൽ എഫ്. ഹെർഡ് സഹോദരൻ അവതരിപ്പിച്ച വീഡിയോ ആയിരുന്നു അടുത്തത്. പ്രസംഗവേലയിൽ പുരോഗമിക്കുന്നതിനും ആത്മീയമായി വളരുന്നതിനും ദൈവരാജ്യം നമ്മളെ സഹായിച്ചിരിക്കുന്നത് എങ്ങനെയെന്നു ആ വീഡിയോ വിവരിച്ചു. ചരിത്രംകുറിച്ച ദൃശ്യരംഗങ്ങളും പുനരവതരണങ്ങളും ദീർഘനാളായി സാക്ഷികളായിരിക്കുന്നവരുടെ അനുഭവങ്ങളും പ്രതിപാദിച്ചിരുന്ന ആ വീഡിയോ പ്രംസംഗവേല വ്യാപിപ്പിക്കുന്നതിനായി ചെയ്ത പ്രത്യേകശ്രമങ്ങളെക്കുറിച്ച് വിവരിച്ചു. കൂടാതെ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” എന്നതിന്റെ നിർമാണം, അതിന്റെ വ്യാപകമായ ഉപയോഗം; ഗ്രാമഫോൺ, സാക്ഷ്യകാർഡുകൾ, വിജ്ഞാപനജാഥകൾ, ഉച്ചഭാഷിണി ഘടിപ്പിച്ച കാറുകൾ, വ്യത്യസ്തങ്ങളായ സ്കൂളുകൾ തുടങ്ങിയവ പ്രസംഗവേലയുടെ പുരോഗതിക്കു സഹായിച്ചത് എങ്ങനെയെന്നും അതിൽ കാണിച്ചിരുന്നു.
ദൈവരാജ്യം അതിന്റെ ആദ്യത്തെ 100 വർഷങ്ങളിൽ കൈവരിച്ചിരിക്കുന്ന നേട്ടത്തെക്കുറിച്ച് ചിന്തിക്കുന്നത് നമുക്ക് ഗുണം ചെയ്യുന്നത് എങ്ങനെ? അത്, ദൈവരാജ്യത്തെ കൂടുതൽ യാഥാർഥ്യത്തോടെ വീക്ഷിക്കാനും ഭാവിയിൽ നേടാനിരിക്കുന്ന കാര്യങ്ങളോടുള്ള വിലമതിപ്പു വർധിപ്പിക്കാനും സഹായിക്കുന്നു.
ആരാധനയിൽ ഉപയോഗിക്കുന്ന ഗീതങ്ങൾ.
യഹോവയെ പാടിസ്തുതിക്കുവിൻ എന്ന നമ്മുടെ പാട്ടുപുസ്തകം പരിഷ്കരിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഭരണസംഘാംഗമായ ഡേവിഡ് സ്പ്ലെയ്ൻ സഹോദരൻ അറിയിച്ചപ്പോൾ സദസിന് ഒരു പുത്തൻ ഉണർവ് കൈവന്നു. പുതിയ ലോക ഭാഷാന്തരത്തിന്റെ അതേ പുറംചട്ടയായിരിക്കും ഇതിനും ഉണ്ടാകുക. പാട്ടുപുസ്തകത്തിനുവേണ്ടി ഉയർന്ന നിലവാരമുളള വസ്തുക്കൾ ഉപയോഗിക്കുന്നത് ആരാധനയിൽ സംഗീതത്തിനുള്ള പ്രാധാന്യം എടുത്തുകാണിക്കുന്നു.
പുതിയ ചില പാട്ടുകൾകൂടി പാട്ടുപുസ്തകത്തിൽ ചേർക്കാൻ പോകുന്നതിനെക്കുറിച്ചും സ്പ്ലെയ്ൻ സഹോദരൻ അറിയിച്ചു. എന്നാൽ ആ പാട്ടുകൾ പാടുന്നതിന് അത് അച്ചടിച്ച് കൈയിൽ കിട്ടുന്നതുവരെ കാത്തിരിക്കേണ്ടതില്ല. പകരം അത് തയ്യാറാകുന്നതനുസരിച്ച് jw.org-ൽ ലഭ്യമാക്കുന്നതാണ്.
മുന്നമേ പാടിപരിശീലിച്ച പുതിയ മൂന്നു പാട്ടുകൾ ബഥേൽ കുടുംബാംഗങ്ങൾ അന്ന് പാടി. സ്പ്ലെയ്ൻ സഹോദരന്റെ നേതൃത്വത്തിൽ പാടിയ പുതിയ പാട്ടുകളിൽ ഒന്നിന്റെ വിഷയം “ദൈവരാജ്യം സ്ഥാപിതമായ്—അതു വരേണമേ!” എന്നതായിരുന്നു. ദൈവരാജ്യത്തിന്റെ 100 വർഷത്തെ കുറിക്കാൻ പ്രത്യേകാൽ ചിട്ടപ്പെടുത്തിയതായിരുന്നു ആ ഗീതം. തുടർന്ന് സദസിലുളളവരും ഗായകസംഘത്തോടൊപ്പം ഈ പാട്ട് പാടുകയും ചെയ്തു. പിന്നീട് “ധൈര്യം തരേണമേ” എന്ന മറ്റൊരു പുതിയ ഗീതവും സദസിലുള്ളവർക്ക് ഗായകസംഘത്തോടൊപ്പം പാടാൻ കഴിഞ്ഞു.
അഭിമുഖങ്ങൾ:
ബെഥേൽ സേവനത്തിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുണ്ടായിരുന്ന മൂന്ന് ദമ്പതികളുടെ റെക്കോർഡ് ചെയ്ത അഭിമുഖം ഭരണസംഘാംഗമായ ഗെരിറ്റ് ലോഷ് സഹോദരൻ അവതരിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിലുടനീളം കണ്ടിട്ടുള്ള ശ്രദ്ധേയമായ മാറ്റങ്ങളെക്കുറിച്ച് അവർ അതിൽ വിവരിച്ചിരുന്നു. ദൈവജനം അനുദിനം മുന്നേറുന്നു എന്നതിന് ആ മാറ്റങ്ങൾ അടിവരയിടുന്നു. സംഘടനാപരമായ മുന്നേറ്റങ്ങൾ ഉണ്ടാകും എന്നത് ബൈബിൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ടെന്ന് ലോഷ് സഹോദരൻ പറഞ്ഞു. ആ മാറ്റങ്ങൾക്ക് അനുസരിച്ച് സംഘടനയോടൊപ്പം മുന്നേറാൻ അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു.—യശയ്യ 60:17.
“മാതൃകകളും പ്രതിമാതൃകകളും.”
നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഈയിടയായി ‘മാതൃകയെയും പ്രതിമാതൃകയെയും’ കുറിച്ചുള്ള പരാമർശങ്ങൾ കുറവായിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ചായിരുന്നു സ്പ്ലെയ്ൻ സഹോദരന്റെ അടുത്ത പ്രസംഗം.
ബൈബിളിൽ പറഞ്ഞിരിക്കുന്ന വിശ്വസ്തരായ സ്ത്രീപുരുഷന്മാർ നമ്മുടെ നാളിലെ വിശ്വസ്തരായ ക്രിസ്ത്യാനികളുടെ കൂട്ടത്തെ മുൻനിഴലാക്കുന്നു എന്ന് നമ്മൾ പറഞ്ഞിരുന്നു. അതുപോലെ ബൈബിളിലെ ചില സംഭവങ്ങൾ ആധുനിക നാളിലെ ദൈവദാസരെ ഉദ്ദേശിച്ചുള്ളതാണെന്നും വിശ്വസിച്ചിരുന്നു. അത്തരം താരതമ്യങ്ങളെക്കുറിച്ച് പഠിക്കുന്നത് രസകരമാണെന്നതിൽ സംശയമില്ല. എന്നാൽ എന്തുകൊണ്ടാണ് നമ്മുടെ പുതിയ പ്രസിദ്ധീകരണങ്ങളിൽ അത്തരം താരതമ്യപഠനങ്ങൾ തീരെ കുറഞ്ഞുപോയത്?
ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ചില വ്യക്തികൾ ശ്രേഷ്ഠമായ ഒന്നിന്റെ മാതൃകകൾ അഥവാ നിഴലുകൾ ആയിരുന്നെന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്. അങ്ങനെ ബൈബിൾ നേരിട്ട് പറഞ്ഞിട്ടുള്ള മാതൃകകളും പ്രതിമാതൃകകളും നമ്മൾ സന്തോഷപൂർവം സ്വീകരിക്കുന്നു. എന്നാൽ “ബൈബിൾ മൗനം പാലിക്കുന്ന സന്ദർഭങ്ങളിൽ നമ്മളും മൗനം പാലിക്കേണ്ടതുണ്ട്” എന്ന് സ്പ്ലെയ്ൻ സഹോദരൻ പറഞ്ഞു. ഒരു ബൈബിൾവിവരണത്തിലേക്ക് അനാവശ്യമായി ചൂഴ്ന്നിറങ്ങുന്നത് നമ്മൾ ഒഴിവാക്കണം. കൂടാതെ മാതൃകയെയും പ്രതിമാതൃകയെയും കുറിച്ചും അവയുടെ നിവൃത്തിയെക്കുറിച്ചും അന്വേഷിച്ചുകൊണ്ട് വെറുതെ സമയം ചെലവാക്കുകയാണെങ്കിൽ—സ്വർഗീയമോ ഭൗമികമോ ആയ പ്രത്യാശയുള്ളവരായാലും—വിവരണങ്ങളുടെ യഥാർഥ അർഥവും പ്രായോഗിക പാഠവും ഗ്രഹിക്കുന്നതിൽ നമ്മൾ പരാജയപ്പെടും.—റോമർ 15:4. a
“നിങ്ങൾ എപ്പോഴും ‘ഉണർന്നിരിക്കുമോ?’”
ലെറ്റ് സഹോദരനായിരുന്നു ഈ പ്രസംഗം നടത്തിയത്. പത്തു കന്യകമാരെക്കുറിച്ചുള്ള യേശുവിന്റെ ഉപമയുടെ പുതുക്കിയ ഗ്രാഹ്യം അദ്ദേഹം നൽകി. (മത്തായി 25:1-13) ആ ഗ്രാഹ്യം ഇതാണ്: ഉപമയിലെ മണവാളൻ യേശുവും, അതിലെ പത്തു കന്യകമാർ അഭിഷിക്ത അനുഗാമികളും ആണ്. (ലൂക്കോസ് 5:34, 35; 2 കൊരിന്ത്യർ 11:2) ഉപമ അന്ത്യകാലത്താണു നിറവേറുന്നത്, അതിന്റെ പാരമ്യം മഹാകഷ്ടത്തിലും. വിവേകമില്ലാത്ത അഞ്ചു കന്യകമാരെക്കുറിച്ച് വിശദീകരിച്ചപ്പോൾ, അഭിഷിക്ത അനുഗാമികളിൽ പലരും അവിശ്വസ്തരായി തീരുമെന്നും അവർക്ക് പകരക്കാരെ കണ്ടെത്തേണ്ടിവരുമെന്നും പറയുകയായിരുന്നില്ല യേശു. പകരം അവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് യേശു ഉദ്ദേശിച്ചത്. അഞ്ചു കന്യകമാർ വിവേകമുള്ളവരും മറ്റ് അഞ്ചു കന്യകമാർ വിവേകമില്ലാത്തവരും ആയതുപോലെ ഒരുക്കവും ജാഗ്രതയും ഉള്ളവരായിരിക്കണോ അതോ അവിശ്വസ്തതയുടെ മാർഗത്തിൽ ചലിക്കണോ എന്ന് ഓരോ അഭിഷിക്തക്രിസ്ത്യാനിയും സ്വയം തീരുമാനിക്കണം.
ഒരു ബൈബിൾവിവരണത്തിലേക്ക് അനാവശ്യമായി ചൂഴ്ന്നിറങ്ങരുത് എന്ന തത്ത്വത്തിനു ചേർച്ചയിൽ ഈ ഉപമയുടെ എല്ലാ വിശദാംശങ്ങളിലും ഒരു പ്രാവചനികസമാന്തരം കണ്ടെത്താൻ ശ്രമിക്കുന്നത് ഒരിക്കലും ജ്ഞാനമല്ല. പകരം ഈ ഉപമയിൽനിന്നുള്ള ഗുണപാഠങ്ങൾ കണ്ടെത്താൻ നമ്മൾ ശ്രമിക്കും. നമ്മൾ അഭിഷിക്തരായാലും അല്ലെങ്കിൽ ‘വേറെ ആടുകളുടെ’ ഗണത്തിൽ ആയാലും നമ്മുടെ വെളിച്ചം മറ്റുള്ളവരുടെ മുമ്പാകെ പ്രകാശിപ്പിക്കാനും ‘ഉണർന്നിരിക്കാനും’ ഉള്ള ഉത്തരവാദിത്വമുണ്ട്. (യോഹന്നാൻ 10:16; മർക്കോസ് 13:37; മത്തായി 5:16) നമുക്കുവേണ്ടി വിശ്വസ്തരായിരിക്കാൻ മറ്റാർക്കും കഴിയില്ല. ആത്മീയമായി ഉണർന്നിരുന്നുകൊണ്ടും ശുശ്രൂഷയിൽ ഉത്സാഹത്തോടെ പങ്കെടുത്തുകൊണ്ടും നമ്മൾ ഓരോരുത്തരും ‘ജീവൻ തിരഞ്ഞെടുക്കണം’—ആവർത്തനം 30:19.
“താലന്തുകളുടെ ഉപമ.”
അടുത്തതായി സംസാരിച്ചത് ഭരണസംഘാംഗമായ ആന്തണി മോറിസ് സഹോദരനാണ്. താലന്തുകളുടെ ഉപമയിൽ വരുത്തിയ പൊരുത്തപ്പെടുത്തലുകളെക്കുറിച്ച് മനസ്സിലാക്കാൻ അദ്ദേഹം സദസ്യരെ സഹായിച്ചു. (മത്തായി 25:14-30) ഈ ഉപമയിലെ യജമാനൻ (യേശു) ഭാവിയിൽ സന്നിഹിതനാകുമ്പോൾ അടിമകളെ (ഭൂമിയിലെ വിശ്വസ്തരായ അഭിഷിക്താനുഗാമികൾ) സ്വർഗീയജീവനിലേക്ക് ഉയിർപ്പിക്കുമെന്ന് ഇപ്പോൾ നമുക്ക് അറിയാം. അതേസമയം ‘ദുഷ്ടനും മടിയനും’ ആയ ദാസനെക്കുറിച്ചു പറഞ്ഞപ്പോൾ അഭിഷിക്താനുഗാമികളിൽ ഒരു നല്ല ഭാഗം അവിശ്വസ്തരാകുമെന്നല്ല യേശു ഉദ്ദേശിച്ചത്. പകരം ഉത്സാഹത്തോടെ പ്രവർത്തിക്കാനും ദുഷ്ടദാസന്റെ മനോഭാവത്തോടെ പ്രവർത്തിക്കുന്നത് ഒഴിവാക്കാനും അഭിഷിക്തർക്ക് മുന്നറിയിപ്പു കൊടുക്കുകയായിരുന്നു അദ്ദേഹം.
താലന്തുകളുടെ ഉപമയിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്? ഉപമയിലെ അടിമകൾക്ക് യജമാനൻ വിലയേറിയ ഒരു സമ്പത്ത് കൊടുക്കുന്നു. അതുപോലെ യേശുവും താൻ അമൂല്യമായി കരുതുന്ന ഒരു കാര്യം അനുഗാമികളെ ഭരമേൽപ്പിച്ചു. പ്രസംഗിക്കുകയും ശിഷ്യരാക്കുകയും ചെയ്യുക എന്ന സുപ്രധാനമായ ഉത്തരവാദിത്വമായിരുന്നു അത്. നമ്മൾ എല്ലാവരും പ്രസംഗവേലയിൽ കഴിവിന്റെ പരമാവധി ചെയ്യാൻ യേശു പ്രതീക്ഷിക്കുന്നു. ഈ വേലയിൽ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നവരെ മോറിസ് സഹോദരൻ അഭിനന്ദിക്കുകയും ചെയ്തു.
“ആരാണ് ദൈവജനത്തെ പെട്ടെന്നുതന്നെ ആക്രമിക്കാൻ പോകുന്നത്?”
ആവേശകരമായ അവസാനപ്രസംഗത്തിന്റെ വിഷയമായിരുന്നു അത്. ഭരണസംഘാംഗമായ ജഫ്രി ജാക്സൺ സഹോദരനാണ് അതു നടത്തിയത്. മാഗോഗിലെ ഗോഗിന്റെ നേതൃത്വത്തിൽ ദൈവജനത്തിനെതിരെ നടത്തപ്പെടുന്ന ഭാവിയിലെ ആക്രമണത്തെക്കുറിച്ചായിരുന്നു സഹോദരന്റെ ചർച്ച.—യഹസ്കേൽ 38:14-23.
സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് എറിയപ്പെട്ട പിശാചായ സാത്താന്റെ മറ്റൊരു പേരാണ് ഗോഗ് എന്നായിരുന്നു കഴിഞ്ഞകാലങ്ങളിൽ നമ്മൾ മനസ്സിലാക്കിയിരുന്നത്. എന്നാൽ ഇതിനോടുള്ള ബന്ധത്തിൽ വിശദീകരണം ആവശ്യമായി വരുന്ന പല ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ഉദാഹരണത്തിന് ഗോഗിനെ പരാജയപ്പെടുത്തിക്കഴിയുമ്പോൾ, അതിനെ “ആകാശത്തിലെ സകല ഇരപിടിയൻ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ആഹാരമായി കൊടുക്കും.” എന്ന് യഹോവ മുൻകൂട്ടി പറഞ്ഞിരുന്നു. (യഹസ്കേൽ 39:4) മാത്രമല്ല ഗോഗിനെയും ഗോഗിന്റെ ജനസമൂഹത്തെയും അടക്കുന്നതിനായി ഭൂമിയിൽ ഒരു താഴ്വര ക്രമീകരിക്കുമെന്നും യഹോവ പറഞ്ഞിരുന്നു. (യഹസ്കേൽ 39:11) പക്ഷെ ഒരു ആത്മസൃഷ്ടിയിൽ ഇത് എങ്ങനെ സാധ്യമാകും? വാസ്തവത്തിൽ സാത്താനെ ഭക്ഷിക്കുകയോ കുഴിച്ചിടുകയോ അല്ല, പകരം ആയിരം വർഷത്തേക്ക് അഗാധത്തിൽ അടയ്ക്കുകയാണു ചെയ്യുന്നത്. കൂടാതെ, 1,000 വർഷത്തിന്റെ അവസാനത്തിൽ അഗാധത്തിൽനിന്ന് വിടുവിക്കുകയും “അവൻ ഭൂമിയുടെ നാലു കോണിലുമുള്ള ജനതകളെ, ഗോഗിനെയും മാഗോഗിനെയും, വഴിതെറ്റിച്ച് യുദ്ധത്തിനു കൂട്ടിച്ചേർക്കാൻ പുറപ്പെ”ടുകയും ചെയ്യും എന്നും അവനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. (വെളിപാട് 20:7, 8) സാത്താൻ തന്നെയാണ് ഗോഗ് എങ്കിൽ അവന് അവനെത്തന്നെ എങ്ങനെ വഴിതെറ്റിക്കാൻ കഴിയും?
അതുകൊണ്ട് യഹസ്കേൽ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന ഗോഗ് സാത്താനല്ല, മറിച്ച് ഭാവിയിൽ ദൈവജനത്തിനെതിരെ ആക്രമണം നടത്തുന്ന രാഷ്ട്രങ്ങളുടെ കൂട്ടമാണെന്ന് ജാക്സൺ സഹോദരൻ വിശദീകരിച്ചു. സാധ്യതയനുസരിച്ച് ‘വടക്കേ രാജാവും’ ‘ഭൂമിയിലെ രാജാക്കന്മാരും’ നടത്തുന്ന ആക്രമണങ്ങളും ഗോഗ് നടത്തുന്ന ആക്രമണവും ഒന്നുതന്നെയായിരിക്കും.—ദാനിയേൽ 11:40, 44, 45; വെളിപാട് 17:12-14; 19:19.
അങ്ങനെയെങ്കിൽ “വടക്കേ രാജാവ്” ആരെയാണു കുറിക്കുന്നത്? അത് അറിയാൻ കാത്തിരുന്നേ മതിയാകൂ. എന്തായാലും, ഭാവിയിൽ നടക്കാനിരിക്കുന്ന ഈ സംഭവങ്ങൾ അടുത്തടുത്ത് വരുമ്പോൾ അവയെക്കുറിച്ചുള്ള അറിവ് കൂടുതൽ വ്യക്തമായിത്തീരുന്നത് തീർച്ചയായും നമ്മുടെ വിശ്വാസം വർധിപ്പിക്കുന്നു. ദൈവജനത്തിനെതിരെയുള്ള അവസാനത്തെ ആക്രമണത്തെ നമ്മൾ ഒരിക്കലും പേടിക്കുന്നില്ല. കാരണം മാഗോഗിലെ ഗോഗ് ആക്രമണം നടത്തുമ്പോൾ അവനാണ് പരാജയപ്പെടാൻപോകുന്നതും പൂർണമായി നശിക്കാൻപോകുന്നതും. എന്നാൽ ദൈവജനം എന്നേക്കും നിലനിൽക്കും. b
ഉപസംഹാരം:
പോക്കറ്റ് സൈസിലുള്ള പുതിയ ലോക ഭാഷാന്തരം ലഭ്യമാണെന്നു സാൻഡെഴ്സൺ സഹോദരൻ അറിയിച്ചു. കൂടാതെ ബൈബിളിന്റെ ഓഡിയോ റെക്കോർഡിങ് നടന്നുവരുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഓരോ ബൈബിൾകഥാപാത്രത്തിനും വ്യത്യസ്ത ശബ്ദമാണ് കൊടുത്തിരിക്കുന്നത്. ഇതിന്റെ റെക്കോർഡിങ്ങ് തീരുന്നതനുസരിച്ച് jw.org-ൽ വരുന്നതായിരിക്കും. മത്തായിയുടെ പുസ്തകത്തിൽനിന്നായിരിക്കും ഇതിന്റെ തുടക്കം.
“യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ” എന്നതാണ് 2015-ലെ വാർഷികവാക്യമെന്നും സാൻഡെഴ്സൺ സഹോദരൻ അറിയിച്ചു. ഓരോ ദിവസവും നന്ദിയുള്ളവരായിരിക്കാനുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
ഒടുവിൽ പുതിയ ഗീതങ്ങളിൽ ഒന്നായ “യഹോവ എന്നാണു നിന്റെ പേർ” എന്ന ഗീതം ആലപിച്ചുകൊണ്ട് പരിപാടിക്കു സമാപനം കുറിച്ചു. ഈ മനോഹരമായ പുതിയ ഗീതം ആലപിക്കാൻ സദസിലുള്ളവർ എഴുന്നേറ്റുനിന്നപ്പോൾ സ്റ്റേജിലെ ഗായകസംഘത്തോടൊപ്പം ഭരണസംഘത്തിലെ ഏഴ് അംഗങ്ങളും ഒന്നുചേർന്നു. ചരിത്രം രചിച്ച ആ പരിപാടിയുടെ മഹത്തായ ഒരു സമാപനമായിരുന്നു അത്.