എഴുപതു പിന്നിട്ട ഗിലെയാദ് സ്കൂൾ
ഫെബ്രുവരി 1, 1943-ൽ ന്യൂയോർക്കിന്റെ ഉൾപ്രദേശത്ത് ഒരു പുതിയ സ്കൂൾ ആരംഭിച്ചു. ഇന്ന് അത് വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ഇതിനോടകം ആ സ്കൂൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള 8,000-ത്തിലധികം സ്ത്രീപുരുഷന്മാർക്ക് പ്രത്യേകപരിശീലനം നൽകിയിട്ടുണ്ട്.
ഗിലെയാദ് സ്കൂളിൽനിന്ന് അടുത്ത കാലത്ത് ബിരുദം നേടിയ ജോനാഥൻ പറയുന്നു: “ദൈവവചനത്തിൽ അധിഷ്ഠിതമായി ഞങ്ങൾക്കു ലഭിച്ച പരിശീലനം ഏതു ദേശക്കാരോടും ഏതു സാംസ്കാരിക പശ്ചാത്തലത്തിലുള്ളവരോടും തന്മയത്വത്തോടെ ഇടപഴകാൻ ഞങ്ങളെ പ്രാപ്തരാക്കിയിരിക്കുന്നു.” അദ്ദേഹത്തിന്റെ ഭാര്യ മാർനി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നമ്മുടെ സ്രഷ്ടാവ് നമുക്കുവേണ്ടി ഉദ്ദേശിച്ചിരിക്കുന്ന ജീവിതരീതിയെക്കാൾ മെച്ചമായ മറ്റൊന്നില്ല എന്ന് ആളുകൾക്ക് പറഞ്ഞുകൊടുക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിച്ചാൽ അവരുടെ ജീവിതം ധന്യമാകുമെന്ന് എനിക്കു പൂർണബോധ്യമുണ്ട്.”
ഫീസ് ഈടാക്കാത്ത, അഞ്ചു മാസം ദൈർഘ്യമുള്ള കോഴ്സാണ് ഗിലെയാദ് സ്കൂളിന്റേത്. ബൈബിളിനും സുവിശേഷവേലയ്ക്കും ആണ് ഈ കോഴ്സ് മുഖ്യശ്രദ്ധ നൽകുന്നത്. ദൈവജനത്തിന് ശക്തിയും പ്രോത്സാഹനവും പകരാൻ ബിരുദധാരികളെ പ്രാപ്തരാക്കുന്നതാണ് ഈ പരിശീലനം. മാത്രമല്ല, ഇവരുടെതന്നെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻവേണ്ട ആത്മീയഗുണങ്ങൾ നേടിയെടുക്കാനും ഈ കോഴ്സ് സഹായിക്കുന്നു. പഠനവേളയിൽ, അവർ ചർച്ചചെയ്യുന്ന തിരുവെഴുത്തുതത്ത്വങ്ങൾ യഹോവയാം ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻപോന്നവയാണ്.
ഗിലെയാദ് സ്കൂളിൽ സംബന്ധിക്കുന്നത് മുഴുസമയശുശ്രൂഷകരായ ദമ്പതികളാണ്. ബിരുദാനന്തരം, ഒന്നുകിൽ പഴയ നിയമനത്തിൽ തുടരാനോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്കു പോകാനോ അവർക്കു നിയമനം ലഭിച്ചേക്കാം. മറ്റുചിലർക്കാകട്ടെ യഹോവയുടെ സാക്ഷികളുടെ 90-ലധികം വരുന്ന ഏതെങ്കിലും ബ്രാഞ്ചോഫീസുകളിലായിരിക്കാം നിയമനം ലഭിക്കുന്നത്. പ്രസംഗവേലയിൽ കൂടുതൽ ഫലം ലഭിക്കേണ്ടതിന് ഭൂരിഭാഗം ബിരുദധാരികളെയും ജനസാന്ദ്രതയേറിയ ദേശങ്ങളിലേക്കാണ് നിയമിക്കാറുള്ളത്.
ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിലുള്ള കിങ്ഡം ഫാമിലാണ് ഗിലെയാദ് സ്കൂൾ ആദ്യം തുടങ്ങിയത്. പിന്നീട്, 1961-ൽ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തേക്ക് ഈ സ്കൂൾ മാറ്റി. 1988 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ ന്യൂയോർക്കിലെ വാൾക്കിലിൽ ഉള്ള വാച്ച്ടവറിന്റെ കൃഷിയിടത്തിൽ ഈ സ്കൂൾ പ്രവർത്തിച്ചു. എന്നാൽ, 1995 മുതൽ ന്യൂയോർക്കിലെ പാറ്റേർസണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസകേന്ദ്രത്തിലാണ് ഇപ്പോൾ ഇതു പ്രവർത്തിക്കുന്നത്. 2013 മാർച്ച് മാസത്തിൽ ഇവിടെവെച്ച് 134-ാമത്തെ ക്ലാസ്സിന്റെ ബിരുദദാനച്ചടങ്ങ് നടന്നു.
കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിന്റെ സമുന്നതമായ ഒരു രേഖയാണ് വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ ബിരുദധാരികൾ കാഴ്ചവെച്ചിരിക്കുന്നത്.