രോഗികൾക്ക് ആശ്വാസവും സഹായവും
ഗുരുതരമായ രോഗങ്ങളുള്ളവർ പെട്ടെന്ന് ആശങ്കാകുലരാകും. അവർക്ക് ആശുപത്രിയിലെ പരിചരണം ആവശ്യമാണെന്ന് അറിഞ്ഞാൽ അവരുടെ മനോവിഷമം വീണ്ടും കൂടും. ആരോഗ്യപരിപാലനരംഗത്തു പ്രവർത്തിക്കുന്നവർക്കുവേണ്ടിയുള്ള ഒരു മാസിക ഇങ്ങനെ പറയുന്നു: “രോഗിയുടെ വൈകാരികവും ആത്മീയവും ആയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും എന്നാണു പഠനങ്ങൾ കാണിക്കുന്നത്.” a
അതുകൊണ്ട് യഹോവയുടെ സാക്ഷികൾ ആശുപത്രിയിലായിരിക്കുന്ന മറ്റു സാക്ഷികൾക്ക് ആത്മീയ ആശ്വാസവും സഹായവും നൽകുന്നു. സഭയിലെ രോഗികളെ കാണുന്നതിനു മൂപ്പന്മാർ മുൻകൈയെടുക്കുന്നു. പക്ഷേ ഒരു സാക്ഷിക്കു വളരെ അകലെയുള്ള ആശുപത്രിയിൽ ചികിത്സയ്ക്കു പോകേണ്ടി വരുന്നെങ്കിലോ? ലോകവ്യാപകമായി പ്രധാനനഗരങ്ങളിൽ യഹോവയുടെ സാക്ഷികൾ രോഗീസന്ദർശന കൂട്ടങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്തുനിന്നോ മറ്റു രാജ്യങ്ങളിൽനിന്നോ ചികിത്സയ്ക്കുവേണ്ടി എത്തുന്ന സാക്ഷികളായ രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിനു രോഗീസന്ദർശന കൂട്ടത്തിലുള്ള മൂപ്പന്മാർ ക്രമമായി ആശുപത്രികൾ സന്ദർശിക്കുന്നു. ആറു ഭൂഖണ്ഡങ്ങളിലുള്ള, ഏതാണ്ട് 1900 രോഗിസന്ദർശന കൂട്ടങ്ങളിലായി 28,000-ത്തിലധികം സന്നദ്ധസേവകർ പ്രവർത്തിക്കുന്നുണ്ട്. b
രോഗീസന്ദർശന കൂട്ടം നൽകുന്ന ആത്മീയ ആശ്വാസം
രോഗീസന്ദർശന കൂട്ടത്തിലെ ഒരംഗമായ വില്യം ഇങ്ങനെ പറയുന്നു: “സംസാരിച്ചുകൊണ്ടും ശ്രദ്ധിച്ച് കേട്ടുകൊണ്ടും സാക്ഷികളെയും അവരുടെ സാക്ഷികൾ അല്ലാത്ത ബന്ധുക്കളെയും എനിക്ക് ആശ്വസിപ്പിക്കാൻ കഴിയുന്നുണ്ട്. യഹോവ അവരുടെ സാഹചര്യം മനസ്സിലാക്കുന്നുണ്ടെന്നും അവരെക്കുറിച്ച് ചിന്തയുള്ളവനാണെന്നും ഞാൻ അവർക്ക് ഉറപ്പു കൊടുക്കും. രോഗികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നത് അവർക്ക് ഇഷ്ടമാണ്.”
രോഗീസന്ദർശന കൂട്ടത്തിന്റെ സന്ദർശനത്തിൽനിന്ന് ലഭിച്ച പ്രോത്സാഹനത്തിനു പലരും നന്ദി അറിയിക്കാറുണ്ട്. ഐക്യനാടുകളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ താഴെ കാണാം. അവിടെ രോഗീസന്ദർശന കൂട്ടങ്ങളിൽ 7,000-ത്തോളം അംഗങ്ങളുണ്ട്.
പ്രിസ്കില്ല പറഞ്ഞു: “പക്ഷാഘാതം വന്ന് ആശുപത്രിയിൽ കിടന്ന എന്റെ അച്ഛനെ കാണാൻ നിങ്ങൾ വന്നതിൽ നന്ദിയുണ്ട്. നിങ്ങളുടെ സന്ദർശനത്തിൽ അച്ഛനു വലിയ മതിപ്പു തോന്നി. ഇങ്ങനെയൊരു ക്രമീകരണം ഉണ്ടെന്ന് അറിഞ്ഞ അച്ഛൻ അമ്പരന്നു പോയി! പെട്ടെന്ന് സുഖമാകാൻ നിങ്ങളുടെ സന്ദർശനം അച്ഛനെ സഹായിച്ചെന്ന് എനിക്കു തോന്നുന്നു.”
മരിച്ചുപോയ ഒരു രോഗിയുടെ മകളായ ഒഫീലിയ, രോഗീസന്ദർശന കൂട്ടത്തിന്റെ പ്രതിനിധിയോട് ഇങ്ങനെ പറഞ്ഞു: “എന്റെ മമ്മിക്കു നിങ്ങളുടെ സന്ദർശനം വളരെ ഇഷ്ടപ്പെട്ടു! യഹോവയാണു നിങ്ങളെ അയച്ചിരിക്കുന്നതെന്നു മമ്മിക്ക് അറിയാമായിരുന്നു. നിങ്ങളുടെ സ്നേഹത്തോടെയുള്ള പരിപാലനത്തിനു നന്ദി.”
ഇനി ഏതാനും ദിവസംകൂടിയേ ജീവിച്ചിരിക്കൂ എന്നു കേട്ട ഒരു രോഗി വല്ലാതെ നിരാശനായി. രോഗീസന്ദർശന കൂട്ടത്തിലെ ഒരംഗമായ ജെയിംസ് ബൈബിളിലെ ഫിലിപ്പിയർ 4:6, 7-ൽ കാണുന്ന ആശ്വാസവചനങ്ങൾ അദ്ദേഹത്തോടു സംസാരിച്ചു. ജെയിംസ് പറയുന്നു: “അടുത്ത ദിവസം ഞാൻ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ മനോഭാവത്തിൽ വലിയ ഒരു മാറ്റം എനിക്കു കാണാൻ കഴിഞ്ഞു. മരണദിവസം എണ്ണി കഴിയുന്നതിനു പകരം യഹോവ സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം ഇരുന്നത്. സത്യത്തിൽ അദ്ദേഹം എന്നെയാണു പ്രോത്സാഹിപ്പിച്ചത്!”
രോഗീസന്ദർശന കൂട്ടം നൽകുന്ന സഹായം
വീട്ടിൽനിന്ന് വളരെ അകലെയുള്ള ആശുപത്രിയിൽവെച്ച് ഭർത്താവ് മരിച്ചുപോയ പൗളിൻ എഴുതി: “ഞങ്ങളുടെ കുടുംബത്തിനു നേരിടേണ്ടിവന്ന ആ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ നിങ്ങൾ ചെയ്ത സഹായങ്ങൾക്ക് ഒരുപാടു നന്ദിയുണ്ട്. പിറ്റേ ദിവസം ജോലിക്കു പോകേണ്ടിയിരുന്നിട്ടും ഞങ്ങളെ കാണുന്നതിനുവേണ്ടി അർധരാത്രിവരെ നിങ്ങൾ ആശുപത്രിയിൽ കാത്തുനിന്നെന്ന് അറിഞ്ഞതുതന്നെ ഒരു ആശ്വാസമായിരുന്നു. ഞങ്ങൾ 11 പേർക്കും ഉറങ്ങാനുള്ള സൗകര്യം ഉണ്ടാക്കിത്തന്നതിനും അവസാനംവരെ എല്ലാ കാര്യങ്ങൾക്കും കൂടെനിന്നതിനും നിങ്ങൾക്കു നന്ദി. ഞങ്ങളെ ആശ്വസിപ്പിക്കുന്നതിന് ഈ വിധത്തിൽ സഹായിച്ചതിന് യഹോവയ്ക്കും യഹോവയുടെ സംഘടനയ്ക്കും നന്ദി.”
നിക്കിയും ഗെയ്ലും റോബിനും വീട്ടിൽനിന്ന് 300 കിലോമീറ്റർ അകലെവെച്ച് ഒരു വാഹനാപകടത്തിൽപ്പെട്ടു. രോഗീസന്ദർശന കൂട്ടത്തിലെ അംഗമായ കാർലോസ് ആശുപത്രിയിൽ ചെന്ന് അവരെ കണ്ടു. കാർലോസ് പറയുന്നു: “അവർക്ക് എന്തു സഹായം വേണമെങ്കിലും ചെയ്യാമെന്നു ഞാൻ പറഞ്ഞു. നിക്കി ഡോക്ടറെ കാണാൻ പോയപ്പോൾ ഞാൻ നിക്കിയുടെ പട്ടിക്കുട്ടിയെ പിടിച്ച് പുറത്ത് നിന്നു.” അപ്പോഴേയ്ക്കും രോഗീസന്ദർശന കൂട്ടത്തിലെ മറ്റൊരു അംഗമായ കുർട്ടിസ് ഭാര്യയെയും കൂട്ടി അവിടെ എത്തി. മണിക്കൂറുകൾക്കു ശേഷം പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തുന്നതുവരെ അവർ അവിടെത്തന്നെ നിന്നു. ഇതു ശ്രദ്ധിച്ച ഒരാൾ ഇങ്ങനെ പറഞ്ഞു: “ലഭിച്ച പരിചരണത്തിൽനിന്ന് മൂന്നു പേർക്കും ആശ്വാസം കിട്ടി. യഹോവയുടെ സാക്ഷിയല്ലാഞ്ഞ, നിക്കിയുടെ അനിയത്തിയായ റോബിനു രോഗിസന്ദർശന കൂട്ടം ചെയ്ത സഹായത്തിൽ അത്ഭുതം തോന്നി.”
a സുരക്ഷിതവും ഗുണപ്രദവും ആയ ആരോഗ്യപരിപാലനത്തിനുള്ള സംയുക്ത സമിതി മാസികയിൽ (ഇംഗ്ലീഷ്) പ്രസിദ്ധീകരിച്ചുവന്ന “രോഗികളുടെ വൈകാരികവും ആത്മീയവും ആയ ആവശ്യങ്ങൾ തിരിച്ചറിയുക” എന്ന ലേഖനം.—2003 ഡിസംബർ, വാല്യം 29, നമ്പർ 12, പേജ് 661.
b യഹോവയുടെ സാക്ഷികൾക്ക് ഇടയിലെ മറ്റു മൂപ്പന്മാരെപ്പോലെതന്നെ രോഗീസന്ദർശന കൂട്ടത്തിൽ പ്രവർത്തിക്കുന്ന മൂപ്പന്മാരും അവരുടെ പ്രാദേശികസഭയിൽ ആത്മീയ ഇടയന്മാരായും അധ്യാപകരായും സുവിശേഷകരായും പ്രവർത്തിക്കുന്നു. ഇതൊന്നും അവർ ശമ്പളം വാങ്ങിക്കൊണ്ടല്ല ചെയ്യുന്നത്, സ്വമനസ്സാലെയാണ്.—1 പത്രോസ് 5:2.