‘ഭൂമധ്യരേഖയിലെ മരതകത്തിൽ’ ബധിരർക്കു സഹായം
ഭൂമധ്യരേഖയിലെ മരതകം എന്നുകൂടി അറിയപ്പെടുന്ന ഇന്തൊനീഷ്യ. അവിടെ ലക്ഷക്കണക്കിനു ബധിരരുണ്ട്. അവരെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ, വിപുലമായ രീതിയിൽ ഇൻഡൊനീഷ്യൻ ആംഗ്യഭാഷയിൽ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ അവതരിപ്പിക്കുകയും മറ്റു വിദ്യാഭ്യാസപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതു ജനശ്രദ്ധ പിടിച്ചുപറ്റി.
ഒരു ആംഗ്യഭാഷാ കൺവെൻഷൻ
2016-ൽ വടക്കൻ സുമാത്രയിലുള്ള മേദാനിൽവെച്ച് ഇന്തൊനീഷ്യൻ ആംഗ്യഭാഷയിൽ യഹോവയുടെ സാക്ഷികൾ ഒരു കൺവെൻഷൻ നടത്തി. ആ പ്രദേശത്തെ ഒരു മുഖ്യസുരക്ഷ ഉദ്യോഗസ്ഥൻ പരിപാടിയിൽ പങ്കെടുത്തു. യാതൊരു പണവും ഈടാക്കാതെ വിദ്യാഭ്യാസപരിപാടി സംഘടിപ്പിച്ചതിന് അദ്ദേഹം സാക്ഷികളെ അഭിനന്ദിച്ചു. അവിടെ കണ്ട കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ തട്ടി. സദസ്സിനോടൊപ്പം ആംഗ്യഭാഷയിലുള്ള പാട്ട് പാടാൻ അദ്ദേഹം ഒരു ശ്രമവും നടത്തി.
കൺവെൻഷൻ “ഭംഗിയായും വിജയകരമായും നടന്നു” എന്നു കെട്ടിടത്തിന്റെ മാനേജർ പറഞ്ഞു. “ഞങ്ങളുടെ ബധിരരായ കൂട്ടുകാർക്കു പ്രയോജനപ്പെടുന്ന ഇത്തരം പരിപാടികൾ സാക്ഷികൾ തുടർന്നും സംഘടിപ്പിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.” കൺവെൻഷൻ പരിപാടി ബധിരർക്കുവേണ്ടിയുള്ളതാണെന്നു കെട്ടിടത്തിന്റെ ഉടമസ്ഥൻ അറിഞ്ഞപ്പോൾ “സാക്ഷികൾക്കുവേണ്ടി എന്തെങ്കിലും നല്ലതു ചെയ്യണമെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം വന്നിരിക്കുന്ന (300 പേർക്കും) ഉച്ചഭക്ഷണം ഏർപ്പാടാക്കാൻ എന്നോടു പറഞ്ഞു.”
ആംഗ്യഭാഷാ വീഡിയോകളോടുള്ള വിലമതിപ്പ്
ഓരോ ബധിരരെയും കണ്ട് ബൈബിളിന്റെ സന്ദേശം അറിയിക്കാനും സാക്ഷികൾ ഇറങ്ങി. സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ തയ്യാറാക്കിയിരിക്കുന്ന ഇൻഡൊനീഷ്യൻ ആംഗ്യഭാഷയിലുള്ള വീഡിയോകളാണ് സാക്ഷികൾ പൊതുവേ ഉപയോഗിക്കുന്നത്.
“ബധിരർക്കു വേണ്ടി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും പ്രശംസാർഹമാണ്” എന്നു സെൻട്രൽ ജാവയിലെ സെമാരംഗ് നഗരത്തിലുള്ള ഇൻഡൊനീഷ്യൻ ബധിര ക്ഷേമസമിതിയുടെ മേഖല ഡെപ്യൂട്ടി ഡയറക്ടറായ മഹേന്ദ്ര തെഗു പ്രിസ്വന്ദോ അഭിപ്രായപ്പെട്ടു. “ഉദാഹരണത്തിന്, കുടുംബജീവിതം സന്തോഷഭരിതമാക്കൂ! എന്ന വീഡിയോ വളരെ സഹായകമാണ്. ഈ പ്രവർത്തനം നിങ്ങൾ തുടരണമെന്നാണു ഞങ്ങളുടെ ആഗ്രഹം” എന്നും അദ്ദേഹം പറഞ്ഞു.
അവർ “സ്നേഹം കാണിക്കുന്നു”
സാക്ഷികളുടെ കഠിനശ്രമത്തിൽ മതിപ്പു തോന്നിയ യാന്റി എന്ന ഒരു ബധിര ഇങ്ങനെ പറഞ്ഞു: “സാധാരണ, ആളുകൾ ബധിരരെ കളിയാക്കും. പക്ഷേ യഹോവയുടെ സാക്ഷികൾ അവരോടു സ്നേഹം കാണിക്കുന്നു. സ്രഷ്ടാവിനെക്കുറിച്ച് അറിയാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ബധിരരെ സഹായിക്കുന്നതിനുവേണ്ടി കേൾവിശക്തിയുള്ള പല സാക്ഷികളും ആംഗ്യഭാഷ പഠിക്കുന്നു. അവരുടെ ആത്മാർഥമായ ശ്രമം എന്റെ ഹൃദയത്തെ സ്പർശിച്ചു.”
യാന്റി പിന്നീട് ഒരു യഹോവയുടെ സാക്ഷിയായി. ഇപ്പോൾ ഇൻഡൊനീഷ്യൻ ആംഗ്യഭാഷയിൽ വീഡിയോകൾ പുറത്തിറക്കുന്ന ഒരു പരിഭാഷാക്കൂട്ടത്തോടൊപ്പം പ്രവർത്തിക്കുന്നു. യാന്റി പറയുന്നു: “ഞങ്ങൾ തയ്യാറാക്കുന്ന വീഡിയോകൾ ആംഗ്യഭാഷ അത്ര വശമില്ലാത്തവർക്ക് അവരുടെ ആംഗ്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതോടൊപ്പം സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ ആളുകളെ പഠിപ്പിക്കുകയും ചെയ്യുന്നു.”