വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

നന്നായി “കാണാ​നും കേൾക്കാ​നും” കഴിയുന്ന കൺ​വെൻ​ഷൻ പരിപാ​ടി​കൾ

നന്നായി “കാണാ​നും കേൾക്കാ​നും” കഴിയുന്ന കൺ​വെൻ​ഷൻ പരിപാ​ടി​കൾ

2024 ജൂലൈ 1

 ആധുനി​ക​കാ​ലത്തെ യഹോ​വ​യു​ടെ സാക്ഷികൾ വാർഷിക കൺ​വെൻ​ഷ​നു​കൾക്കാ​യി കൂടി​വ​രാൻ തുടങ്ങി​യിട്ട്‌ 130-ലേറെ വർഷമാ​യി. ഈ പരിപാ​ടി​ക​ളിൽ, ഇന്ന്‌ 40-ലധികം വ്യത്യസ്‌ത പ്രസം​ഗ​ങ്ങ​ളോ​ടൊ​പ്പം സംഗീ​ത​വും അഭിമു​ഖ​ങ്ങ​ളും വീഡി​യോ​ക​ളും ഉണ്ട്‌. കൺ​വെൻ​ഷൻ കൂടാൻ വരുന്ന​വർക്ക്‌ അതിൽനിന്ന്‌ പ്രയോ​ജ​ന​വും പ്രോ​ത്സാ​ഹ​ന​വും കിട്ടണ​മെ​ങ്കിൽ അവിടെ നടക്കുന്ന പരിപാ​ടി​കൾ വ്യക്തമാ​യി “കാണാ​നും കേൾക്കാ​നും” കഴിയണം. (ലൂക്കോസ്‌ 2:20) കൺ​വെൻ​ഷ​നു​കൾ ലോക​ത്തി​ന്റെ ഏതു ഭാഗത്ത്‌ നടത്തി​യാ​ലും കൂടി​വ​രു​ന്ന​വർക്കെ​ല്ലാം പ്രയോ​ജനം കിട്ടു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്താൻ നിങ്ങളു​ടെ സംഭാ​വ​നകൾ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌?

ഓരോ കൺ​വെൻ​ഷൻ സ്ഥലത്തി​നും പറ്റിയ രീതി​യിൽ ഓഡി​യോ-വീഡി​യോ സംവി​ധാ​നങ്ങൾ ക്രമീ​ക​രി​ക്കു​ന്നു

 പാശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ലെ ആധുനിക രീതി​യി​ലുള്ള മിക്ക സ്റ്റേഡി​യ​ങ്ങ​ളി​ലും അവരു​ടേ​തായ ഓഡി​യോ-വീഡി​യോ സംവി​ധാ​ന​ങ്ങ​ളുണ്ട്‌. അങ്ങനെ​യുള്ള സ്ഥലങ്ങൾ കൺ​വെൻ​ഷ​നു​കൾക്കാ​യി വാടക​യ്‌ക്ക്‌ എടുക്കു​മ്പോ​ഴും നമ്മൾ നമ്മു​ടെ​തന്നെ ഓഡി​യോ-വീഡി​യോ ഉപകര​ണങ്ങൾ മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ലോകാ​സ്ഥാ​നത്തെ പ്രക്ഷേ​പ​ണ​വി​ഭാ​ഗ​ത്തിൽ പ്രവർത്തി​ക്കുന്ന ഡേവിഡ്‌ സഹോ​ദരൻ പറയുന്നു: “നമ്മൾ വാടക​യ്‌ക്ക്‌ എടുക്കുന്ന കെട്ടി​ട​ങ്ങ​ളിൽ ചിലതിൽ മാത്രമേ, ആറു മണിക്കൂ​റി​ലേ​റെ​യൊ​ക്കെ പ്രസം​ഗ​ങ്ങൾപോ​ലുള്ള പരിപാ​ടി​കൾ നന്നായി കേൾപ്പി​ക്കാൻ പറ്റുന്ന ശബ്ദസം​വി​ധാ​നങ്ങൾ ഉള്ളൂ. ഉദാഹ​ര​ണ​ത്തിന്‌, സ്‌പോർട്‌സ്‌ നടക്കുന്ന വേദി​ക​ളി​ലും മറ്റും ശബ്ദസം​വി​ധാ​ന​ങ്ങ​ളുണ്ട്‌. പക്ഷേ, അത്‌ പ്രധാ​ന​മാ​യും ചെറിയ അറിയി​പ്പു​കൾ നടത്താ​നോ കുറച്ച്‌ സമയ​ത്തേക്കു സംഗീതം കേൾപ്പി​ക്കാ​നോ ഒക്കെയാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. ഇനി അവരുടെ വീഡി​യോ സ്‌ക്രീ​നു​ക​ളാ​ണെ​ങ്കിൽ കളിക​ളു​ടെ സ്‌കോ​റു​ക​ളും പരസ്യ​ങ്ങ​ളും കാണി​ക്കാ​നും കളിയു​ടെ ചില ഭാഗങ്ങൾ വീണ്ടും പ്ലേ ചെയ്യാ​നും ആണ്‌ ഉപയോ​ഗി​ക്കാ​റു​ള്ളത്‌. എന്നാൽ നമ്മുടെ പരിപാ​ടി​ക​ളിൽ ദൈർഘ്യ​മേ​റിയ വീഡി​യോ​കൾ ഉണ്ട്‌. അതു​പോ​ലെ സ്റ്റേജിൽനിന്ന്‌ പറയുന്ന ഓരോ വാക്കും വ്യക്തമാ​യി കേൾക്കാ​നും മനസ്സി​ലാ​ക്കാ​നും എല്ലാവർക്കും പറ്റുക​യും വേണം.”

 ഓരോ കൺ​വെൻ​ഷൻ സ്ഥലവും വ്യത്യ​സ്‌ത​മാണ്‌. അതു​കൊണ്ട്‌ അതിന​നു​സ​രിച്ച്‌ ഓഡി​യോ-വീഡി​യോ സംവി​ധാ​ന​വും ക്രമീ​ക​രി​ക്കേണ്ടി വരും. സ്ഥലം തിര​ഞ്ഞെ​ടുത്ത്‌ കഴിഞ്ഞാൽ ഉടനെ ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലെ പ്രക്ഷേ​പ​ണ​വി​ഭാ​ഗങ്ങൾ കൺ​വെൻ​ഷന്‌ എത്ര പേർ വരാൻ സാധ്യ​ത​യു​ണ്ടെ​ന്നും ആ സ്ഥലത്ത്‌ എത്ര പേർക്ക്‌ ഇരിക്കാൻ പറ്റു​മെ​ന്നും നോക്കും. എന്നിട്ട്‌ ഇരിപ്പി​ടങ്ങൾ എങ്ങനെ ക്രമീ​ക​രി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കും. അതു കഴിഞ്ഞ്‌ സ്‌പീ​ക്ക​റു​ക​ളും വീഡി​യോ സ്‌ക്രീ​നു​ക​ളും എവിടെ വെയ്‌ക്ക​ണ​മെ​ന്നും അവ തമ്മിൽ എങ്ങനെ ബന്ധിപ്പി​ക്ക​ണ​മെ​ന്നും സഹോ​ദ​രങ്ങൾ കണക്കു​കൂ​ട്ടും. തുടർന്ന്‌ ആവശ്യ​മായ ഉപകര​ണ​ങ്ങ​ളു​ടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കും. അങ്ങനെ എല്ലാവർക്കും പരിപാ​ടി നന്നായി കാണാ​നും കേൾക്കാ​നും കഴിയു​മെന്ന്‌ അവർ ഉറപ്പു​വ​രു​ത്തും.

ശ്രദ്ധയോടെ തയ്യാറാ​ക്കിയ പ്ലാൻ അനുസ​രിച്ച്‌ പ്രാ​ദേ​ശിക പ്രക്ഷേ​പ​ണ​വി​ഭാ​ഗ​ത്തി​ലെ (LBD) സഹോ​ദ​രങ്ങൾ പ്രവർത്തി​ക്കു​ന്നു

 കൺ​വെൻ​ഷ​നു​ക​ളിൽ പരിപാ​ടി​കൾ പല ഭാഷക​ളിൽ കേൾപ്പി​ക്കേണ്ടി വരു​മ്പോൾ ഓഡി​യോ-വീഡി​യോ സംവി​ധാ​നങ്ങൾ കൂടുതൽ സങ്കീർണ​മാ​കും. ഒരു പരിപാ​ടി മറ്റൊരു ഭാഷയി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്ത​ണ​മെ​ങ്കിൽ, ആദ്യം അതിന്റെ ഓഡി​യോ​യും വീഡി​യോ​യും പരിഭാ​ഷ​കന്റെ അടുത്ത്‌ എത്തണം. എന്നിട്ട്‌ ആ വ്യക്തി പറയുന്ന പരിഭാഷ ഒരു റേഡി​യോ ചാനൽ വഴി ആ ഭാഷ മനസ്സി​ലാ​കു​ന്ന​വ​രു​ടെ അടുത്ത്‌ എത്തിക്കണം. ചില പ്രത്യേക സോഫ്‌റ്റ്‌വെ​യ​റു​കൾ ഉപയോ​ഗി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു വീഡി​യോ ഒരേ സമയം എട്ടു വ്യത്യസ്‌ത ഭാഷക​ളിൽവരെ സദസ്സി​ലു​ള്ള​വ​രി​ലേക്ക്‌ എത്തിക്കാ​നാ​കും. ഡേവിഡ്‌ പറയുന്നു: “ഈ സംവി​ധാ​നങ്ങൾ വളരെ സങ്കീർണ​മാണ്‌. അതു​കൊണ്ട്‌ ഇതു പ്രവർത്തി​പ്പി​ക്കുന്ന സന്നദ്ധ​സേ​വ​കർക്ക്‌ നല്ല പരിശീ​ലനം കൊടു​ക്കേ​ണ്ട​തുണ്ട്‌.”

 മിക്ക ബ്രാ​ഞ്ചോ​ഫീ​സു​ക​ളു​ടെ​യും കയ്യിൽ സ്വന്തമാ​യി ഓഡി​യോ-വീഡി​യോ ഉപകര​ണങ്ങൾ ഉണ്ട്‌. അവർ അത്‌ എല്ലാ വർഷവും കൺ​വെൻ​ഷ​നു​ക​ളിൽ വീണ്ടും​വീ​ണ്ടും ഉപയോ​ഗി​ക്കും. അങ്ങനെ​യുള്ള സാഹച​ര്യ​ങ്ങ​ളിൽ ഉപകര​ണ​ങ്ങ​ളെ​ല്ലാം ഒരു കൺ​വെൻ​ഷൻ സ്ഥലത്തു​നിന്ന്‌ മറ്റൊ​രി​ട​ത്തേക്കു കൊണ്ടു​പോ​കാൻ സഹോ​ദ​രങ്ങൾ വേണ്ട ക്രമീ​ക​രണം ചെയ്യും. ഈ ഉപകര​ണ​ങ്ങ​ളെ​ല്ലാം വ്യത്യസ്‌ത കൺ​വെൻ​ഷൻ സ്ഥലങ്ങളിൽ എത്തിക്കാൻ ഐക്യ​നാ​ടു​ക​ളി​ലെ ബ്രാഞ്ച്‌ മാത്രം ഓരോ വർഷവും 2,00,000-ത്തിലധി​കം ഡോളറാണ്‌ a (ഏകദേശം 1.6 കോടി രൂപ) ചെലവാ​ക്കു​ന്നത്‌. എന്നാൽപ്പോ​ലും ഈ ചെലവ്‌ പുതിയ ഉപകര​ണങ്ങൾ വാങ്ങി പരിപാ​ലി​ക്കാൻ വേണ്ടി​വ​രു​ന്ന​തി​ലും കുറവാണ്‌. കാനഡ​യി​ലെ ഒരു കൺ​വെൻ​ഷ​നിൽ ഓഡി​യോ-വീഡി​യോ വിഭാ​ഗ​ത്തി​നു മേൽനോ​ട്ടം വഹിച്ച സ്റ്റീവൻ പറയുന്നു: “അടുത്ത പരിപാ​ടി​ക്കാ​യി സാധന​ങ്ങ​ളൊ​ക്കെ പാക്ക്‌ ചെയ്‌ത്‌ വിട്ട​പ്പോൾ ഒരോ നട്ടും ബോൾട്ടും വയറും ഉൾപ്പെടെ എല്ലാ ഭാഗങ്ങ​ളും കൃത്യ​മാ​യി ഉണ്ടെന്നും കേടു​പാ​ടു​ക​ളൊ​ന്നും പറ്റാത്ത രീതി​യിൽ നന്നായി പാക്ക്‌ ചെയ്‌തി​ട്ടു​ണ്ടെ​ന്നും ഞങ്ങളുടെ ഓഡി​യോ-വീഡി​യോ ടീം ഉറപ്പു​വ​രു​ത്തി.”

ഉപകര​ണങ്ങൾ വാങ്ങു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്യു​മ്പോൾ

 ഓഡി​യോ-വീഡി​യോ ഉപകര​ണങ്ങൾ വാടക​യ്‌ക്കെ​ടു​ക്കാൻ വലിയ ചെലവാണ്‌. ഇനി അങ്ങനെ എടുത്താൽത്തന്നെ അതു നിലവാ​രം കുറഞ്ഞ​തോ വേണ്ട രീതി​യിൽ പരിപാ​ലി​ക്കാ​ത്ത​തോ ആയിരി​ക്കും. അതു​കൊ​ണ്ടാണ്‌ നമ്മൾ പലപ്പോ​ഴും ഉപകര​ണങ്ങൾ സ്വന്തമാ​യി മേടി​ക്കു​ന്നത്‌. ഇന്ന്‌ ഹാളിന്‌ അകത്ത്‌ വെക്കാ​വുന്ന, 16 അടി നീളവും 10 അടി വീതി​യും ഉള്ള ഒരു എൽഇഡി വീഡി​യോ സ്‌ക്രീൻ വാങ്ങാൻ ഏതാണ്ട്‌ 24,000 ഡോളർ (ഏകദേശം 20,00,000 രൂപ) ചെലവ്‌ വരും. 15 മീറ്റർ നീളമുള്ള ഒരു മൈ​ക്രോ​ഫോൺ കേബി​ളി​നു​പോ​ലും ഏകദേശം 20 ഡോളർ (1500-ലധികം രൂപ) കൊടു​ക്കണം. അതു​കൊണ്ട്‌ എന്തെങ്കി​ലും ഒരു സാധനം മേടി​ക്കു​ന്ന​തി​നു മുമ്പ്‌ പ്രക്ഷേ​പ​ണ​വി​ഭാ​ഗം സാധനങ്ങൾ വാങ്ങുന്ന പർച്ചേ​സിങ്‌ ഡിപ്പാർട്ടു​മെ​ന്റു​മാ​യി കൂടി​യാ​ലോ​ചിച്ച്‌ ‘ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കും.’ (ലൂക്കോസ്‌ 14:28) ഉദാഹ​ര​ണ​ത്തിന്‌, അവർ ഇങ്ങനെ​യൊ​ക്കെ ചിന്തി​ക്കും: ഈ ഉപകര​ണം​കൊണ്ട്‌ എത്ര പേർക്ക്‌ പ്രയോ​ജനം കിട്ടും? ഒരു പുതിയ ഉപകരണം മേടി​ക്കു​ന്ന​തു​ത​ന്നെ​യാ​ണോ ഈ സാഹച​ര്യ​ത്തിൽ ഏറ്റവും നല്ലത്‌? ഈ സാധനം സൂക്ഷി​ക്കാൻ ആവശ്യ​മായ സ്ഥലം നമുക്കു​ണ്ടോ? ഇതു പരിപാ​ലി​ക്കാൻ വേണ്ട ഉപകര​ണ​ങ്ങ​ളും പരിശീ​ലനം കിട്ടിയ സന്നദ്ധ​സേ​വ​ക​രും നമുക്കു​ണ്ടോ?

 ഓഡി​യോ-വീഡി​യോ ഉപകര​ണങ്ങൾ കുറെ​ക്കാ​ലം ഈടു​നിൽക്കു​ന്ന​തി​നു നമ്മൾ അവയ്‌ക്കു വേണ്ട അറ്റകു​റ്റ​പ്പ​ണി​കൾ ക്രമമാ​യി നടത്തും. അങ്ങനെ സംഭാ​വ​നകൾ മെച്ചമാ​യി ഉപയോ​ഗി​ക്കാൻ ശ്രമി​ക്കു​ന്നു. അതു​പോ​ലെ സാധനങ്ങൾ ഒരിട​ത്തു​നിന്ന്‌ മറ്റൊ​രി​ട​ത്തേക്കു കൊണ്ടു​പോ​കു​മ്പോൾ കേടു​പാ​ടു​കൾ പറ്റാതി​രി​ക്കാൻ നല്ല കട്ടിയുള്ള ബോക്‌സു​ക​ളി​ലാണ്‌ കൊണ്ടു​പോ​കു​ന്നത്‌. ഈ ബോക്‌സു​ക​ളും ആവശ്യം​പോ​ലെ അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്‌ത്‌ സൂക്ഷി​ക്കും.

ഓഡി​യോ-വീഡി​യോ ഉപകര​ണങ്ങൾ കൂടുതൽ കാലം ഈടു​നിൽക്കാൻ അതു പരിപാ​ലി​ക്കു​ക​യും കേടു​പോ​ക്കു​ക​യും ചെയ്യുന്നു

വ്യക്തമായ പരിപാ​ടി​ക​ളും അതു നൽകുന്ന സാക്ഷ്യ​വും

 നമ്മുടെ കൺ​വെൻ​ഷ​നു​ക​ളി​ലെ ഓഡി​യോ​യു​ടെ​യും വീഡി​യോ​യു​ടെ​യും ഗുണനി​ല​വാ​രം സാക്ഷി​ക​ള​ല്ലാ​ത്ത​വ​രെ​പ്പോ​ലും അത്ഭുത​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു കൺ​വെൻ​ഷ​നിൽവെച്ച്‌ ലോക​ത്തെ​തന്നെ വലിയ പ്രക്ഷേ​പ​ണ​ക​മ്പ​നി​ക​ളിൽ ഒന്നിൽ ജോലി ചെയ്യുന്ന ഒരാൾ നമ്മുടെ പരിപാ​ടി​ക​ളു​ടെ ഗുണനി​ല​വാ​രം വളരെ​യ​ധി​കം ശ്രദ്ധിച്ചു. അതെക്കു​റിച്ച്‌ കൺ​വെൻ​ഷ​നു​ക​ളി​ലെ ഓഡി​യോ-വീഡി​യോ ഉപകര​ണങ്ങൾ ഘടിപ്പി​ക്കു​ക​യും പ്രവർത്തി​പ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ സഹായി​ക്കുന്ന ജോനഥൻ പറയുന്നു: “നമ്മുടെ ടീമി​ലു​ള്ളത്‌ ഈ മേഖല​യി​ലെ വിദഗ്‌ധ​രൊ​ന്നു​മല്ല, സാധാരണ സന്നദ്ധ​സേ​വ​ക​രാണ്‌ എന്ന്‌ അറിഞ്ഞ​പ്പോൾ അദ്ദേഹം ശരിക്കും ഞെട്ടി​പ്പോ​യി. അദ്ദേഹ​ത്തി​ന്റെ കമ്പനി ഏതാണ്ട്‌ അഞ്ചു ദിവസം​കൊണ്ട്‌ ചെയ്യുന്ന സജ്ജീക​ര​ണ​ങ്ങ​ളാണ്‌ നമ്മൾ ഒന്നര ദിവസം​കൊണ്ട്‌ ചെയ്‌തത്‌ എന്ന്‌ അദ്ദേഹം പറഞ്ഞു.” മറ്റൊരു കൺ​വെൻ​ഷൻ സ്ഥലത്തെ മാനേജർ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “സംഗീത-വീഡി​യോ മേഖല​ക​ളി​ലെ പല വിദഗ്‌ധ​രും ഇവിടെ പരിപാ​ടി​കൾ നടത്തി​യി​ട്ടുണ്ട്‌. പക്ഷേ ഇത്ര വൈദ​ഗ്‌ധ്യ​ത്തോ​ടെ, ഇത്ര പ്രൊ​ഫ​ഷണൽ ആയ രീതി​യിൽ കാര്യങ്ങൾ കൈകാ​ര്യം ചെയ്യു​ന്നത്‌ ഞാൻ മുമ്പു കണ്ടി​ട്ടേ​യില്ല!”

സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ പരിപാ​ടി​കൾ ആസ്വദി​ക്കു​ന്നു

 കൺ​വെൻ​ഷ​നു​ക​ളിൽ നല്ല ഓഡി​യോ-വീഡി​യോ സംവി​ധാ​നങ്ങൾ ഉള്ളതു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രയോ​ജ​ന​മാണ്‌ കിട്ടി​യി​ട്ടു​ള്ളത്‌? ഇംഗ്ലണ്ടിൽ താമസി​ക്കുന്ന ഡേവി​ഡി​നെ​പ്പോ​ലെ ആയിരി​ക്കും നിങ്ങൾക്കും തോന്നു​ന്നത്‌. അദ്ദേഹം പറയുന്നു: “എനിക്ക്‌ 88 വയസ്സുണ്ട്‌. ഞാൻ ഒരുപാട്‌ കൺ​വെൻ​ഷ​നു​ക​ളും കൂടി​യി​ട്ടുണ്ട്‌. എന്നാൽ ഇപ്പോൾ കൺ​വെൻ​ഷൻ പരിപാ​ടി​കൾ ശ്രദ്ധി​ച്ചി​രി​ക്കാൻ മുമ്പ​ത്തെ​ക്കാ​ളും എളുപ്പ​മാണ്‌. മനോ​ഹ​ര​മായ വീഡി​യോ​കൾ ഒക്കെ ഉള്ളതു​കൊണ്ട്‌ പരിപാ​ടി​കൾ പെട്ടെന്ന്‌ കഴിയു​ന്ന​തു​പോ​ലെ തോന്നും. ആശയങ്ങൾ വളരെ വ്യക്തമാ​യും യോജി​പ്പോ​ടെ​യും അവതരി​പ്പി​ക്കു​ന്നു.” നൈജീ​രി​യ​യിൽ താമസി​ക്കുന്ന മൈക്കിൾ നിരീ​ക്ഷിച്ച കാര്യം ഇതാണ്‌: “പ്രസം​ഗകൻ പറയു​ന്നതു കേൾക്കാ​നോ വീഡി​യോ​കൾ കാണാ​നോ ഇപ്പോൾ സഹോ​ദ​ര​ങ്ങൾക്ക്‌ ഒട്ടും ബുദ്ധി​മു​ട്ടില്ല. അതു​കൊ​ണ്ടു​തന്നെ ഒട്ടും താത്‌പ​ര്യം നഷ്ടപ്പെ​ടാ​തെ പരിപാ​ടി നന്നായി ശ്രദ്ധി​ച്ചി​രി​ക്കാൻ അവർക്കു കഴിയു​ന്നുണ്ട്‌.”

  ഈ വർഷത്തെ ‘സന്തോ​ഷ​വാർത്ത അറിയി​ക്കുക!’ മേഖലാ കൺ​വെൻ​ഷ​നോ പ്രത്യേക കൺ​വെൻ​ഷ​നോ കൂടു​മ്പോൾ ഈ പരിപാ​ടി ഇത്ര നന്നായി കാണാ​നും കേൾക്കാ​നും കഴിയു​ന്ന​തിന്‌ എന്തെല്ലാം ജോലി​കൾ അതിനു പിന്നിൽ നടന്നി​ട്ടുണ്ട്‌ എന്ന്‌ ഒരു നിമിഷം ചിന്തിക്കുക. donate.pr2711.com വഴിയും അല്ലാ​തെ​യും നിങ്ങൾ തന്നിരി​ക്കുന്ന സംഭാ​വ​ന​ക​ളാണ്‌ ഇതു സാധ്യ​മാ​ക്കു​ന്നത്‌. നിങ്ങൾക്കു വളരെ നന്ദി!

a ഈ ലേഖന​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഡോളർ കണക്കു​ക​ളെ​ല്ലാം യു.എസ്‌. ഡോള​റു​കൾ ആണ്‌.