ഗാർഹികപീഡനത്തിന് ഇരയായാൽ
“ലോകവ്യാപകമായി സ്ത്രീകൾക്കു നേരെയുള്ള ആക്രമണം ഒരു പകർച്ചവ്യാധിപോലെ പടർന്നുപിടിക്കുകയാണ്. അടിയന്തിരശ്രദ്ധ അർഹിക്കുന്ന ഒരു പ്രശ്നമായിത്തീർന്നിരിക്കുന്നു അത്” എന്നു ലോകാരോഗ്യ സംഘടന പറയുന്നു. സ്ത്രീകളിൽ ഏതാണ്ട് 30 ശതമാനം പേരും ഭർത്താവിൽനിന്നോ പങ്കാളിയിൽനിന്നോ ഉള്ള “ശാരീരികമോ ലൈംഗികമോ ആയ ആക്രമണത്തിന് ഇരയായിട്ടുള്ളതായി” ആ സംഘടന കണക്കാക്കുന്നു. ഈ അടുത്ത് ഒരൊറ്റ വർഷത്തിനുള്ളിൽ ലോകവ്യാപകമായി ഓരോ ദിവസവും 137 സ്ത്രീകളാണ് അവരുടെ പങ്കാളിയാലോ മറ്റൊരു കുടുംബാംഗത്താലോ കൊല്ലപ്പെട്ടതെന്ന് ഒരു യുഎൻ റിപ്പോർട്ട് പറയുന്നു. a
ഗാർഹികപീഡനം എത്ര വ്യാപകമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിന് ഇരകളാകുന്നവർ അനുഭവിക്കുന്ന ശാരീരികവും മാനസികവും ആയ വേദന എത്രത്തോളമാണെന്ന് ആ കണക്കുകൾക്കു പറയാനാകില്ല.
നിങ്ങൾ ഗാർഹികപീഡനത്തിന്റെ ഇരയാണോ? അതിന് ഇരയായ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? എങ്കിൽ താഴെ കൊടുത്തിരിക്കുന്ന, ബൈബിളിൽനിന്നുള്ള ചില ആശയങ്ങൾക്കു നിങ്ങളെ സഹായിക്കാനാകും.
അതു നിങ്ങളുടെ കുറ്റംകൊണ്ടല്ല
നിങ്ങൾക്ക് ആശ്വാസം കണ്ടെത്താം
അതു നിങ്ങളുടെ കുറ്റംകൊണ്ടല്ല
ബൈബിൾ പറയുന്നത്: “നമ്മൾ ഓരോരുത്തരും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.”—റോമർ 14:12.
ഇതു മനസ്സിൽപ്പിടിക്കുക: അതിക്രമം കാണിച്ച വ്യക്തിയാണു കുറ്റക്കാരൻ.
പങ്കാളി നിങ്ങളെ ഉപദ്രവിച്ചിട്ട്, നിങ്ങളാണ് അതിന്റെ കാരണക്കാരി എന്നു പറയുന്നെങ്കിൽ അതു ശരിയല്ല. ഭാര്യയെ ഉപദ്രവിക്കുകയല്ല, സ്നേഹിക്കുകയാണു ചെയ്യേണ്ടത്. അവർ അത് അർഹിക്കുന്നു.—കൊലോസ്യർ 3:19.
ഒരാളുടെ സ്വഭാവവൈകല്യമോ അവർ വളർന്നുവന്ന സാഹചര്യങ്ങളോ അല്ലെങ്കിൽ മദ്യത്തിന് അടിമയായിരിക്കുന്നതോ ഒക്കെയായിരിക്കാം ചിലപ്പോഴൊക്കെ ഇത്തരം പെരുമാറ്റത്തിനു കാരണം. കാരണം എന്തായാലും നിങ്ങളോട് ഈ ചെയ്യുന്നതിനൊക്കെ അയാൾ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതുണ്ട്. മാറ്റം വരുത്തേണ്ടത് അയാൾതന്നെയാണ്.
സഹായം ലഭ്യമാണ്
ബൈബിൾ പറയുന്നത്: “അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം.”—സുഭാഷിതങ്ങൾ 15:22.
ഇതു മനസ്സിൽപ്പിടിക്കുക: നിങ്ങൾക്കു പേടി തോന്നുന്നെങ്കിലോ എന്തു ചെയ്യണമെന്ന് അറിയില്ലെങ്കിലോ മറ്റുള്ളവർക്കു നിങ്ങളെ സഹായിക്കാനാകും.
എന്തുകൊണ്ടാണ് നിങ്ങൾക്കു സഹായം ആവശ്യമായിരിക്കുന്നത്? ഗാർഹികപീഡനത്തിന് ഇരയാകുന്നവരുടെ മനസ്സിനെ കുറെ കാര്യങ്ങൾ അലട്ടുന്നുണ്ടാകും. അതുകൊണ്ടുതന്നെ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നതിനെക്കുറിച്ചൊക്കെ ഒരു തീരുമാനമെടുക്കാൻ പലപ്പോഴും എളുപ്പമായിരിക്കില്ല. നിങ്ങളുടെ മനസ്സിലൂടെ പോയേക്കാവുന്ന ചില കാര്യങ്ങൾ ഇവയായിരിക്കാം:
നിങ്ങളുടെതന്നെ സുരക്ഷ
നിങ്ങളുടെ കുട്ടികളുടെ ഭാവി
നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ
ഇണയോടുള്ള സ്നേഹം
എങ്ങാനും ഇണ മാറ്റം വരുത്തിയാലോ എന്ന ചിന്ത
ഇത്തരമൊരു സാഹചര്യത്തിൽ പലപല ചിന്തകൾ നിങ്ങളെ വീർപ്പുമുട്ടിച്ചേക്കാം, അതു സ്വാഭാവികമാണ്. നിങ്ങൾക്ക് ആരോടു സഹായം ചോദിക്കാം?
ആശ്രയിക്കാവുന്ന ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ നിങ്ങളെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിഞ്ഞേക്കും. നിങ്ങളെ അറിയാവുന്ന, നിങ്ങളെ സ്നേഹിക്കുന്ന ഒരാളോടു സംസാരിക്കുമ്പോൾത്തന്നെ നിങ്ങൾക്കു വലിയ ആശ്വാസം തോന്നിയേക്കാം.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഹെൽപ്ലൈൻ നമ്പരുകളിൽ വിളിച്ചാൽ പെട്ടെന്നുതന്നെ സഹായം ലഭിച്ചേക്കാം. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻവേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്ന് അവർക്കു പറഞ്ഞുതരാനാകും. ഇനി പങ്കാളി തനിക്കൊരു പ്രശ്നമുണ്ടെന്നു സമ്മതിക്കുകയും മാറ്റം വരുത്താൻ ആത്മാർഥമായി ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിലോ? അങ്ങനെയൊരു സാഹചര്യത്തിലും ഹെൽപ്ലൈനിലെ ആളുകൾക്ക് അദ്ദേഹം എന്തൊക്കെ ചെയ്യണമെന്നു പറഞ്ഞുകൊടുക്കാനായേക്കും.
അടിയന്തിര വൈദ്യസഹായം ആവശ്യമായൊരു സാഹചര്യം ഉണ്ടാകുന്നെങ്കിൽ ഡോക്ടർമാരുടെയോ നഴ്സുമാരുടെയോ, പരിശീലനം ലഭിച്ച അത്തരത്തിലുള്ള മറ്റുള്ളവരുടെയോ സഹായം നിങ്ങൾക്കു തേടാം.
നിങ്ങൾക്ക് ആശ്വാസം കണ്ടെത്താം
ബൈബിൾ പറയുന്നത്: “യഹോവ b ഹൃദയം തകർന്നവരുടെ അരികിലുണ്ട്; മനസ്സു തകർന്നവരെ ദൈവം രക്ഷിക്കുന്നു.”—സങ്കീർത്തനം 34:18.
ഇതു മനസ്സിൽപ്പിടിക്കുക: നിങ്ങളെ സഹായിക്കാമെന്നു ദൈവം ഉറപ്പു തന്നിട്ടുണ്ട്.
യഹോവയ്ക്കു നിങ്ങളെക്കുറിച്ച് ശരിക്കും ചിന്തയുണ്ട്. (1 പത്രോസ് 5:7) നിങ്ങളുടെ ഉള്ളിന്റെയുള്ളിലെ ചിന്തകളും വികാരങ്ങളും യഹോവയ്ക്കു മനസ്സിലാകും. തന്റെ വചനമായ ബൈബിളിലൂടെ യഹോവയ്ക്കു നിങ്ങളെ ആശ്വസിപ്പിക്കാനാകും. മാത്രമല്ല, നിങ്ങളുടെ വിഷമങ്ങളും സങ്കടങ്ങളും ഒക്കെ ദൈവത്തോടു പറയാനും ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ പ്രാർഥിക്കുമ്പോൾ, നന്നായി ചിന്തിച്ച് പ്രവർത്തിക്കാനുള്ള കഴിവിനും പിടിച്ചുനിൽക്കാനുള്ള ശക്തിക്കും വേണ്ടി നിങ്ങൾക്ക് അപേക്ഷിക്കാം.—യശയ്യ 41:10.
ഗാർഹികപീഡനം എന്നും തുടരില്ല
ബൈബിൾ പറയുന്നത്: “അവർ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ താമസിക്കും; ആരും അവരെ പേടിപ്പിക്കില്ല.”—മീഖ 4:4
ഇതു മനസ്സിൽപ്പിടിക്കുക: എല്ലാവർക്കും സമാധാനത്തോടെ വീട്ടിൽ താമസിക്കാൻ കഴിയുന്ന ഒരു സമയം പെട്ടെന്നുതന്നെ വരുമെന്നു ബൈബിൾ പറയുന്നു.
ദൈവമായ യഹോവയ്ക്കു മാത്രമേ നമ്മുടെ എല്ലാ പ്രശ്നങ്ങളും എന്നേക്കുമായി പരിഹരിക്കാൻ കഴിയുകയുള്ളൂ. ബൈബിൾ ഈ ഉറപ്പു തരുന്നു: “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.” (വെളിപാട് 21:4) നമ്മൾ അനുഭവിച്ച ദ്രോഹങ്ങളുടെ നീറുന്ന ഓർമകളൊന്നും അന്നു മനസ്സിലേക്കു വരില്ല. പകരം നല്ല കാര്യങ്ങളായിരിക്കും മനസ്സിലേക്കു വരിക. (യശയ്യ 65:17) ഇങ്ങനെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു കാലത്തെക്കുറിച്ചാണു ബൈബിൾ നമുക്ക് ഉറപ്പു തരുന്നത്.