ഡേയ്റെൽ ഷാർപ്പ് | ജീവിതകഥ
ദൈവത്തിന്റെ ശക്തിയുള്ളതുകൊണ്ട് ഞങ്ങൾ ഒരിക്കലും പിന്മാറുകയില്ല
“അവൻ ഒരു മാസംപോലും തികയ്ക്കില്ല!” 1956-ൽ ഞാൻ അവധിക്കാല പയനിയറിങ്ങിന് അപേക്ഷ കൊടുത്തപ്പോൾ എന്റെ സഭയിലെ ചില സഹോദരങ്ങൾ എന്നെക്കുറിച്ച് പറഞ്ഞതാണ് അത്. അന്ന് എനിക്കു 16 വയസ്സ്. അതിനു നാലു കൊല്ലം മുമ്പാണ് ഞാൻ സ്നാനമേറ്റത്. എനിക്ക് ഇഷ്ടമുള്ളൊരു സഹോദരൻ പറഞ്ഞതുകൊണ്ടു മാത്രം ചെയ്തതാണ് അത്. ഒരാൾ സ്നാനമേൽക്കാനുള്ള യോഗ്യതയിൽ എത്തിയോ ഇല്ലയോ എന്നൊന്നും അന്നത്തെ മൂപ്പന്മാർ നോക്കാറില്ലായിരുന്നു.
ഞാൻ അധികകാലമൊന്നും മുൻനിരസേവനം ചെയ്യില്ലെന്ന് സഹോദരങ്ങൾ ചിന്തിച്ചതിൽ ഒരു അത്ഭുതവുമില്ല. കാരണം എനിക്കു വലിയ ആത്മീയതയൊന്നും ഉണ്ടായിരുന്നില്ല. എനിക്കു വയൽസേവനത്തിനു പോകാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു. ഞായറാഴ്ചകളിൽ മഴ ഉണ്ടാകണമെന്നായിരുന്നു എന്റെ പ്രാർഥന. അങ്ങനെയാകുമ്പോൾ പോകണ്ടല്ലോ. ഇനി വയൽസേവനത്തിനു പോയാൽത്തന്നെ എന്തെങ്കിലും മാസികയൊക്കെ കൊടുത്ത് തടിതപ്പും. ഒരിക്കൽപ്പോലും ബൈബിൾ ഉപയോഗിച്ച് സംസാരിച്ചിട്ടില്ല. എനിക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും അമ്മ തരാമെന്നു പറഞ്ഞാൽ മാത്രമേ ഞാൻ സഭയിൽ ബൈബിൾവായന നടത്തുമായിരുന്നുള്ളൂ. പഠിക്കാൻ എനിക്കു താത്പര്യമില്ല എന്നു മാത്രമല്ല, എനിക്ക് ഒരു ആത്മീയലക്ഷ്യവും ഉണ്ടായിരുന്നില്ല.
ആ വേനൽക്കാലത്ത് വെയിൽസിലെ കാർഡിഫിൽവെച്ച് ഒരു ഡിസ്ട്രിക്റ്റ് സമ്മേളനം നടന്നു. ഇന്ന് അതിനെ മേഖലാ കൺവെൻഷൻ എന്നാണു വിളിക്കുന്നത്. അതാണ് എന്നിൽ മാറ്റങ്ങൾ വരുത്തിയത്. അതിലെ ഒരു പ്രസംഗകൻ ചിന്തിപ്പിക്കുന്ന ചില ചോദ്യങ്ങൾ സദസ്യരോടു ചോദിച്ചു. ചോദ്യങ്ങൾ ഇതായിരുന്നു: “നിങ്ങൾ സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്ത ഒരാളാണോ?” ഞാൻ മനസ്സിൽപ്പറഞ്ഞു, ‘അതേല്ലോ.’ “നിങ്ങളുടെ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടും കൂടെ യഹോവയെ സേവിച്ചുകൊള്ളാമെന്നു നിങ്ങൾ വാക്കുകൊടുത്തു, അല്ലേ?” ‘ആ കൊടുത്തു.’ “നിങ്ങൾ പയനിയറിങ് ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തെങ്കിലും ആരോഗ്യപ്രശ്നമോ കുടുംബത്തിന്റെ ഉത്തരവാദിത്വമോ കാരണമാണോ?” ‘അല്ല.’ “പയനിയറിങ് ചെയ്യാതിരിക്കാൻ നിങ്ങൾക്കു വേറെ എന്തെങ്കിലും കാരണമുണ്ടോ?” ‘ഇല്ല.’ “അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നാണെങ്കിൽ പിന്നെ നിങ്ങൾ എന്തുകൊണ്ടാണ് പയനിയറിങ് ചെയ്യാത്തത്?”
എന്റെ സാഹചര്യത്തെക്കുറിച്ച് ശരിക്കും ചിന്തിക്കാൻ അത് എന്നെ സഹായിച്ചു. ഞാൻ ഓർത്തു: ‘ഞാൻ ഇത്രയും നാൾ എന്റെ ജീവിതം വെറുതെ പാഴാക്കുകയായിരുന്നു. ഞാൻ മുഴുദേഹിയോടെ യഹോവയെ സേവിച്ചില്ല. സമർപ്പിച്ച സമയത്ത് അങ്ങനെ ചെയ്യാമെന്ന് ഞാൻ വാക്കു പറഞ്ഞതല്ലേ. യഹോവ എന്നോടു പറഞ്ഞ വാക്കെല്ലാം പാലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾപ്പിന്നെ യഹോവയ്ക്കു കൊടുത്ത വാക്ക് ഞാനും പാലിക്കേണ്ടേ?’ അങ്ങനെയാണ് ഞാൻ 1956 ഒക്ടോബറിൽ അവധിക്കാല പയനിയറിങ് തുടങ്ങിയത്. ഇന്ന് അതിനെ വിളിക്കുന്നത് സഹായ മുൻനിരസേവനം എന്നാണ്.
പിറ്റേ വർഷം ഞാൻ സാധാരണ മുൻനിരസേവനം ആരംഭിച്ചു. 19 പ്രചാരകരുള്ള ഒരു സഭയിലേക്കു മാറി. അവിടെ ചെന്നപ്പോൾ എല്ലാ ആഴ്ചയും പ്രസംഗങ്ങൾ കിട്ടാൻതുടങ്ങി. അവിടത്തെ സഹോദരങ്ങൾ ക്ഷമയോടെ എന്നെ സഹായിച്ചു. അങ്ങനെ പതിയെപ്പതിയെ ഒരു പ്രസംഗത്തിൽ എന്തൊക്കെ പറയണം, അത് എങ്ങനെ പറയണം എന്നൊക്കെ ഞാൻ പഠിച്ചു. രണ്ടു വർഷം കഴിഞ്ഞ്, അതായത് 1959-ൽ ഒരു പ്രത്യേക മുൻനിരസേവകനായി എന്നെ നിയമിച്ചു. സ്കോട്ട്ലൻഡിന്റെ വടക്കേ അറ്റത്തുള്ള അബെർഡീനിലേക്കായിരുന്നു നിയമനം. കുറച്ച് മാസങ്ങൾക്കു ശേഷം ലണ്ടൻ ബഥേലിലേക്ക് എന്നെ ക്ഷണിച്ചു. അവിടെയുണ്ടായിരുന്ന ഏഴു വർഷം ഞാൻ അച്ചടിശാലയിലാണു പ്രവർത്തിച്ചത്.
എനിക്കു ബഥേൽ ജീവിതം ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ വയലിൽ പ്രവർത്തിക്കാനും ആ സമയത്ത് ആഗ്രഹം തോന്നി. അങ്ങനെ 1965 ഏപ്രിലിൽ ഞാൻ ഗിലെയാദ് സ്കൂളിന് അപേക്ഷിച്ചു. അന്ന് നല്ല ചെറുപ്പമാണല്ലോ, ആരോഗ്യവും ഉണ്ട്. യഹോവ എവിടെ വിട്ടാലും പോകാൻ റെഡിയുമാണ്.
ആ വർഷം ഞാനും എന്റെ കൂടെ താമസിച്ച സഹോദരനും കൂടെ ജർമനിയിലെ ബർലിനിൽ പോകാൻ തീരുമാനിച്ചു. അവിടെ പോയി കൺവെൻഷൻ കൂടണം, പിന്നെ കുറച്ച് വർഷം മുമ്പ് പണി കഴിഞ്ഞ ബർലിൻ മതിൽ കാണണം. അതായിരുന്നു പ്ലാൻ.
അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക് ഒരു ദിവസം വയൽസേവനത്തിനു പോകാൻ പറ്റി. സൂസെയ്ൻ ബാൻഡ്രോക് എന്ന സഹോദരിയുടെ കൂടെയാണ് എന്നെ വിട്ടത്. 1966-ൽ ഞങ്ങൾ വിവാഹം കഴിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഞങ്ങളെ ഗിലെയാദിലേക്കു ക്ഷണിച്ചു. 47-ാമത്തെ ഗിലെയാദ് ക്ലാസ്. എത്ര വലിയൊരു അനുഗ്രഹമായിരുന്നു അത്! അഞ്ചു മാസം പോയത് അറിഞ്ഞില്ല. ഇപ്പോൾ കോംഗോ ജനാധിപത്യ റിപ്പബ്ലിക് എന്ന് അറിയപ്പെടുന്ന സയറിലേക്കാണ് ആ സമയത്ത് ഞങ്ങളെ നിയമിച്ചത്. ഞങ്ങൾ ഞെട്ടിപ്പോയി! കോംഗോയെക്കുറിച്ച് വളരെ കുറച്ചേ അറിയാമായിരുന്നുള്ളൂ. ഞങ്ങൾക്കു വളരെ പേടി തോന്നി. എങ്കിലും ഞങ്ങൾ ആ നിയമനം സ്വീകരിച്ചു. കാര്യങ്ങൾ യഹോവയുടെ കൈകളിലേക്കു വിട്ടു.
പല വിമാനങ്ങളിലായി കുറെ നേരം യാത്ര ചെയ്ത് കോൾവേസി എന്ന ചെറിയൊരു നഗരത്തിൽ ഞങ്ങൾ എത്തി. ഒരു ഖനന പ്രദേശമായിരുന്നു അത്. ആ എയർപോർട്ടിൽ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻവേണ്ടി സഹോദരങ്ങൾ ആരും വന്നില്ല. അതിന്റെ കാരണം പിന്നീടാണ് ഞങ്ങൾക്കു മനസ്സിലായത്. ഞങ്ങൾ വരുമെന്നു പറഞ്ഞ് അയച്ച ടെലഗ്രാം അവിടെ ചെല്ലുന്നത് ഞങ്ങൾ എത്തി രണ്ടു ദിവസം കഴിഞ്ഞാണ്. അവിടെ അങ്ങനെ നിൽക്കുമ്പോൾ ഒരു ഓഫീസർ അടുത്ത് വന്നിട്ട് ഫ്രഞ്ചിൽ എന്തൊക്കെയോ പറഞ്ഞു. ആ സമയത്ത് ഞങ്ങൾക്ക് ഫ്രഞ്ച് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒന്നും മനസ്സിലായുമില്ല. എന്നാൽ ആ ഓഫീസർ പറഞ്ഞത് എന്താണെന്ന് അവിടെയുള്ള ഒരു സ്ത്രീ പറഞ്ഞുതന്നപ്പോഴാണ് മനസ്സിലായത്. ഞങ്ങളെ അറസ്റ്റു ചെയ്യാൻ പോകുകയായിരുന്നു.
ഞങ്ങളെ അറസ്റ്റു ചെയ്ത് ഒരു കാറിലേക്കു കയറ്റി. പുറകിൽ എഞ്ചിനുള്ള, ഒരു പഴയ സ്പോർട്സ് കാർ ആയിരുന്നു അത്. രണ്ടു പേർക്കു മാത്രം ഇരിക്കാൻ പറ്റുന്ന ആ കാറിൽ മൊത്തം നാലു പേർ; ഞാനും സൂസെയ്നും പിന്നെ ഡ്രൈവറും ഓഫീസറും. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ചാടിച്ചാടിയുള്ള യാത്ര. കാറിന്റെ പുറകുവശം കണ്ടാൽ ഒരു മീൻ ഞങ്ങളുടെ ലഗേജൊക്കെ വിഴുങ്ങി വായ് പൊളിച്ചിരിക്കുന്നതുപോലെ തോന്നും. കണ്ടാൽ ശരിക്കും ഒരു കോമഡി സീൻ.
ഞങ്ങളെ മിഷനറി ഹോമിലേക്കാണു കൊണ്ടുപോയത്. ശരിക്കും പറഞ്ഞാൽ അത് എവിടെയാണെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷേ ആ ഓഫീസറിന് അറിയാമായിരുന്നു. അവിടെ ചെന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല. ഗെയിറ്റൊക്കെ അടച്ചിട്ടിരിക്കുന്നു. അവിടെ ഉണ്ടായിരുന്ന മിഷനറിമാരെല്ലാം അന്താരാഷ്ട്ര കൺവെൻഷനും വെക്കേഷനും ഒക്കെയായിട്ടു പോയിരിക്കുകയായിരുന്നു. ഇനി എന്തു സംഭവിക്കുമെന്ന് ആലോചിച്ച് ഞങ്ങൾ ആ പൊരിവെയിലത്ത് നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരാൾ വരുന്നതു കണ്ടു. അതു നമ്മുടെ ഒരു സഹോദരനായിരുന്നു. ഞങ്ങളെ നോക്കി അദ്ദേഹം ചിരിക്കുന്നതു കണ്ടപ്പോൾത്തന്നെ വലിയ ആശ്വാസം തോന്നി. ഈ ഓഫീസർ ഞങ്ങളെ ഇവിടേക്കു കൊണ്ടുവന്നത് ഞങ്ങളുടെ കുറച്ച് പണം കൈക്കലാക്കാനായിരുന്നെന്നു തോന്നുന്നു. പക്ഷേ ഈ സഹോദരന് ആ ഓഫീസറിനെ അറിയാമായിരുന്നു. അവർ കുറച്ച് നേരം സംസാരിച്ചുകഴിഞ്ഞപ്പോൾ ഓഫീസർ തിരിച്ചുപോയി. പിന്നെ ഞങ്ങൾ മിഷനറി ഹോമിൽ താമസം തുടങ്ങി.
അതു പിന്മാറാനുള്ള സമയമായിരുന്നില്ല
പെട്ടെന്നുതന്നെ ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, വളരെ സന്തോഷവും സ്നേഹവും ഉള്ള സഹോദരങ്ങളാണ് ഞങ്ങൾക്കു ചുറ്റുമുള്ളത്. പക്ഷേ അവർ ഒത്തിരി കഷ്ടപ്പാടുകൾ സഹിച്ചവരായിരുന്നു. കാരണം പ്രക്ഷോഭങ്ങളും കലാപങ്ങളും നിമിത്തം കഴിഞ്ഞ പത്തു വർഷമായി അക്രമം നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു ആ രാജ്യത്തെങ്ങും. അങ്ങനെയിരിക്കെ 1971-ൽ യഹോവയുടെ സാക്ഷികൾക്ക് അവരുടെ നിയമാംഗീകാരം കൂടെ നഷ്ടപ്പെട്ടു. ഇനി മുന്നോട്ട് എങ്ങനെയാകും എന്നു ഞങ്ങൾ ചിന്തിച്ചു.
അത് പേടിച്ച് പിന്മാറാനുള്ള സമയമായിരുന്നില്ല. രാഷ്ട്രീയ പാർട്ടിയുടെ കാർഡ് കൊണ്ടുനടക്കുന്നതും പാർട്ടിയുടെ ബാഡ്ജ് ധരിക്കുന്നതും ഒക്കെ നിർബന്ധമാക്കി. ഇങ്ങനെയൊക്കെ ക്രിസ്തീയ നിഷ്പക്ഷതയിൽ വിട്ടുവീഴ്ച വരുത്താൻ നാലുപാടുനിന്നും സമ്മർദമുണ്ടായിട്ടും ഒട്ടുമിക്ക സഹോദരങ്ങളും തളരാതെ പിടിച്ചുനിന്നു. പാർട്ടിയുടെ ബാഡ്ജ് ധരിക്കാത്തവർക്ക് സർക്കാരിന്റെ സേവനങ്ങളൊന്നും ലഭിക്കുമായിരുന്നില്ല. പിന്നെ പട്ടാളവും പോലീസും അവരെ വെറുതെ വിട്ടില്ല. പല സഹോദരങ്ങൾക്കും ജോലി നഷ്ടപ്പെട്ടു, കുട്ടികളെ ആണെങ്കിൽ സ്കൂളിൽനിന്നു പുറത്താക്കി, നൂറുകണക്കിനു സഹോദരങ്ങളെ ജയിലിലും അടച്ചു. ശരിക്കും കഷ്ടപ്പാടു നിറഞ്ഞ ഒരു സമയമായിരുന്നു അത്. എങ്കിലും സഹോദരങ്ങൾ ധൈര്യത്തോടെ സന്തോഷവാർത്ത പ്രസംഗിച്ചുകൊണ്ടേയിരുന്നു.
ഞങ്ങൾ സഹിച്ചുനിൽക്കണമായിരുന്നു
ആ വർഷങ്ങളിൽ മിക്ക സമയത്തും ഞാനും സൂസെയ്നും സർക്കിട്ട്-ഡിസ്ട്രിക്റ്റ് വേലയിലായിരുന്നു, അതും ഉൾഗ്രാമങ്ങളിൽ. ഗ്രാമീണജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. തികച്ചും വ്യത്യസ്തമായ ഒരു ജീവിതരീതി. പുല്ലുമേഞ്ഞ കൊച്ചുവീടുകളിൽ കിടന്നുറങ്ങാൻ കഷ്ടിച്ചേ ഇടമുണ്ടായിരുന്നുള്ളൂ. അവിടത്തെ ഉയരം കുറഞ്ഞ കട്ടിളപ്പടികളിൽ എത്ര തവണ എന്റെ തല ഇടിച്ചിട്ടുണ്ടെന്ന് എനിക്കുതന്നെ അറിയില്ല. അരുവികളിൽനിന്നോ പുഴകളിൽനിന്നോ ഒക്കെ കൊണ്ടുവന്ന വെള്ളത്തിലാണ് ഞങ്ങൾ കുളിച്ചത്. രാത്രി മെഴുകുതിരി വെട്ടത്തിലിരുന്ന് വായിക്കണം. പാചകമൊക്കെ മരക്കരി ഉപയോഗിച്ചായിരുന്നു. പക്ഷേ ഇതൊക്കെ ശരിക്കുമുള്ള മിഷനറി ജീവിതത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ കണ്ടത്. ഞങ്ങൾ അവിടെ ചെന്നതുതന്നെ അതിനായിട്ടാണല്ലോ. ദിവ്യാധിപത്യ പ്രവർത്തനത്തിന്റെ മുന്നണിപ്പോരാളികളാണ് ഞങ്ങളെന്ന് ശരിക്കും ഞങ്ങൾക്കു തോന്നി.
ഭക്ഷണവും വെള്ളവും വസ്ത്രവും പാർപ്പിടവും ഒക്കെ ഉള്ളതുതന്നെ ഒരു വലിയ കാര്യമാണെന്നു മനസ്സിലാക്കിത്തുടങ്ങിയത് ഇവിടെയുള്ള സഹോദരങ്ങളോടൊപ്പം ജീവിച്ചപ്പോഴാണ്. (1 തിമൊഥെയൊസ് 6:8) ബാക്കി നമ്മുടെ ജീവിതത്തിലുള്ളതെല്ലാം ഒരു ബോണസ് ആണെന്നു പറയാം. അന്നു പഠിച്ച ആ പാഠം ഇപ്പോഴും ഞങ്ങളുടെ മനസ്സിലുണ്ട്.
അപ്പോസ്തലനായ പൗലോസിനു നേരിട്ട അത്രയും പ്രശ്നങ്ങളൊന്നും ഞങ്ങൾക്കു നേരിട്ടിട്ടില്ല. പക്ഷേ ആ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഞങ്ങൾക്ക് എത്രത്തോളം വിശ്വാസമുണ്ട്, ഞങ്ങൾക്ക് ഈ വേല ചെയ്യാൻ എത്രത്തോളം ആഗ്രഹമുണ്ട് എന്നൊക്കെ ചിലപ്പോഴെങ്കിലും പരിശോധിക്കപ്പെട്ടിട്ടുണ്ട്. അവിടത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമായിരുന്നു. ചിലയിടത്താണെങ്കിൽ റോഡ് ഇല്ലെന്നുതന്നെ പറയാം. കല്ലുകൾ നിറഞ്ഞ വഴിയിലൂടെ പോകുമ്പോൾ കുലുങ്ങിക്കുലുങ്ങി ആകെ ഒരു പരുവമാകും. ചില സമയത്ത് വണ്ടി മണലിൽ പൂണ്ടുപോകും. മഴക്കാലമാണെങ്കിൽ വണ്ടി ചെളിയിൽ താഴും. പശപോലെ ഒട്ടിപ്പിടിച്ചിരിക്കുന്ന ചെളിയിൽനിന്നു വണ്ടി വലിച്ചെടുക്കാൻ പിന്നെ പെടാപ്പാടു പെടണം. ഒരിക്കൽ ഞങ്ങൾ ഒരു ദിവസം മുഴുവൻ വണ്ടി ഓടിച്ചെത്തിയത് ആകെ 70 കിലോമീറ്ററാണ്. അതിനിടയ്ക്ക് 12 പ്രാവശ്യം വണ്ടി പൊക്കിയെടുക്കേണ്ടിവന്നു.
ആ ഉൾനാടൻ ഗ്രാമങ്ങളിലൊക്കെ പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടായിരുന്നെങ്കിലും യഹോവയോട് ഇത്രയും അടുപ്പം തോന്നിയ മറ്റൊരു സമയം ഉണ്ടായിരുന്നില്ല. പ്രശ്നങ്ങൾ മാറ്റാൻ പറ്റിയില്ലെങ്കിലും യഹോവയുടെ സഹായമുണ്ടെങ്കിൽ സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ പറ്റുമെന്ന് ഞങ്ങൾക്കു മനസ്സിലായി. പുറത്തൊക്കെ പോയി ഇപ്പറഞ്ഞതുപോലെ സാഹസികമായ യാത്ര നടത്തുന്ന ഒരു പ്രകൃതമായിരുന്നില്ല സൂസെയ്ന്റേത്. എങ്കിലും അവൾ ഒരിക്കൽപ്പോലും പരാതി പറഞ്ഞിട്ടില്ല. സന്തോഷം നിറഞ്ഞ, അനുഗ്രഹങ്ങൾ ആസ്വദിച്ച, കുറെയധികം കാര്യങ്ങൾ പഠിച്ച ഒരു സമയമായിരുന്നു അത്.
സയറിലായിരുന്നപ്പോൾ പല തവണ എന്നെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഒരിക്കൽ എന്റെ പേരിലുള്ള കള്ളക്കേസ് എന്തായിരുന്നെന്നോ, ഞാൻ വജ്രം അനധികൃതമായി കടത്തുന്നുണ്ടെന്ന്. ശരിക്കും പേടി തോന്നിയിട്ടുണ്ട്, അതു സ്വാഭാവികമാണല്ലോ. എന്നാൽ അപ്പോഴൊക്കെ ഞങ്ങൾ ഓർത്തത് ഇതായിരുന്നു, ഞങ്ങൾക്കു നിയമിച്ചുകിട്ടിയ ശുശ്രൂഷ പൂർത്തിയാക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള സഹായവും യഹോവ തരും. ശരിക്കും അതുതന്നെയാണ് യഹോവ ചെയ്തതും.
മുന്നോട്ടുതന്നെ!
1981-ൽ കിൻഷാസയിലുള്ള ബ്രാഞ്ചിൽ സേവിക്കാനായി ഞങ്ങൾക്കു ക്ഷണം ലഭിച്ചു. നമുക്കെതിരെയുള്ള നിരോധനം നീക്കിയത് ഒരു വർഷം മുമ്പായിരുന്നു. ബ്രാഞ്ച് കെട്ടിടം ഒന്നുകൂടി വലുതാക്കി പണിയാൻവേണ്ടി സഹോദരങ്ങൾ ഒരു സ്ഥലം കണ്ടെത്തി. ഒട്ടും പ്രതീക്ഷിക്കാതെയാണ് 1986 മാർച്ചിൽ അവിടെ നമ്മുടെ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് നിരോധനം ഏർപ്പെടുത്തിയത്. അങ്ങനെ പണി നിറുത്തിവെക്കേണ്ടിവന്നു. താമസിയാതെ മിക്ക മിഷനറിമാർക്കും രാജ്യം വിട്ടുപോകേണ്ടതായും വന്നു.
ഞങ്ങൾക്കു കുറച്ച് കാലംകൂടെ അവിടെ തുടരാനായി. ഞങ്ങളെ അധികാരികൾ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ശുശ്രൂഷ തുടർന്നുകൊണ്ടുപോകാനായി ഞങ്ങളെക്കൊണ്ട് ആകുന്നതെല്ലാം ഞങ്ങൾ ചെയ്തു. എത്ര നോക്കിയും കണ്ടും കാര്യങ്ങൾ ചെയ്തിട്ടും ഒരു ദിവസം ബൈബിൾപഠനം നടത്തുന്ന സമയത്ത് എന്നെ അവർ അറസ്റ്റു ചെയ്തു. ഒരുപാടു തടവുപുള്ളികളുള്ള ഒരു വലിയ ഇരുട്ടറയിലാണ് എന്നെ കൊണ്ടിട്ടത്. കാറ്റും വെളിച്ചവും കടക്കാൻ ഭിത്തിയിൽ അങ്ങു മുകളിൽ ഒരു കുഞ്ഞു ദ്വാരം മാത്രമാണ് ആകെക്കൂടി ഉണ്ടായിരുന്നത്. ആകെപ്പാടെ ആവിയടഞ്ഞ, ദുർഗന്ധം വമിക്കുന്ന ഒരു ഇരുട്ടുമുറി. എന്തൊരു ചൂടായിരുന്നെന്നോ അവിടെ! ചില തടവുപുള്ളികൾ എന്നെ പിടിച്ച് അവരുടെ ഇടയിൽത്തന്നെ നേതാവായി നടക്കുന്ന ഒരാളുടെ അടുത്തേക്കു കൊണ്ടുപോയി. അയാൾ എന്നോടു പറഞ്ഞു: “ഞങ്ങളുടെ ദേശീയഗാനം പാട്.” “അത് എനിക്ക് അറിയില്ലല്ലോ” എന്നു ഞാൻ പറഞ്ഞു. “അങ്ങനെയാണെങ്കിൽ നിന്റെ രാജ്യത്തിന്റെ ദേശീയഗാനം പാട്” എന്നായി അവർ. “അയ്യോ, അതും എനിക്ക് അറിയില്ലല്ലോ” ഞാൻ പറഞ്ഞു. അപ്പോൾ അയാൾ എന്നെ ഒരു ഭിത്തിയോടു ചേർത്ത് നിറുത്തി. മുക്കാൽ മണിക്കൂറോളം അങ്ങനെ നിൽക്കാൻ പറഞ്ഞു. എന്തായാലും അവിടത്തെ സഹോദരങ്ങളുടെ സഹായത്താൽ കുറച്ച് നാൾ കഴിഞ്ഞപ്പോഴേക്കും എനിക്കു പുറത്തിറങ്ങാനായി.
ആ രാജ്യത്തെ സാഹചര്യങ്ങൾക്കു വലിയ മാറ്റമൊന്നും ഉണ്ടായില്ല. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞങ്ങളെ സാംബിയയിലേക്കു നിയമിച്ചു. കോംഗോ വിട്ടുപോരുമ്പോൾ ഞങ്ങളുടെ മനസ്സിൽ പല വികാരങ്ങളായിരുന്നു. ചെറിയൊരു ആശ്വാസവും എന്നാൽ സങ്കടവും. കഴിഞ്ഞ 18 വർഷമായി വിശ്വസ്തരായ മിഷനറിമാരുടെയും അവിടത്തെ സഹോദരങ്ങളുടെയും കൂടെയായിരുന്നല്ലോ ഞങ്ങൾ. അതൊക്കെ ഞങ്ങളുടെ മനസ്സിലേക്കു വന്നു. ടെൻഷൻ നിറഞ്ഞ സമയങ്ങൾ പലപ്പോഴായി ഉണ്ടായെങ്കിലും യഹോവ അനുഗ്രഹിക്കുന്നതു ഞങ്ങൾക്കു ശരിക്കും കാണാൻ കഴിഞ്ഞു. യഹോവ ഞങ്ങളുടെ ഒപ്പമുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. ഞങ്ങൾ സ്വാഹിലിയും ഫ്രഞ്ചും പഠിച്ചു. സൂസെയ്നാണെങ്കിൽ കുറച്ചൊക്കെ ലിംഗാല ഭാഷയും പഠിച്ചു. 130-ലധികം ആളുകളെ സ്നാനത്തിന്റെ പടിയിലേക്കു പുരോഗമിക്കാൻ സഹായിച്ചത് വലിയൊരു സന്തോഷമായി. ഞങ്ങൾ അവിടെ കോംഗോയിൽ ചെയ്ത പ്രവർത്തനം പിന്നീടു സത്യത്തിലേക്കുവരാൻ ഒരുപാടു പേരെ സഹായിച്ചു. അതിലും ഞങ്ങൾക്കു സംതൃപ്തി ഉണ്ട്. 1986-ൽ ഏർപ്പെടുത്തിയ നിരോധനം 1993-ൽ സുപ്രീംകോടതി പിൻവലിച്ചു. ഇപ്പോൾ കോംഗോയിൽ 2,40,000-ത്തിലധികം പ്രചാരകരുണ്ട്.
സാംബിയയിൽ വന്നതിനു ശേഷം ഇവിടുത്തെ പുതിയ ബ്രാഞ്ച് കെട്ടിടം പണിയുന്നതും പിന്നീട് അതു വിപുലമാക്കുന്നതും ഒക്കെ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. 1987-ൽ ഞങ്ങൾ വന്നപ്പോൾ ഉള്ളതിനെക്കാൾ മൂന്നിരട്ടിയിലധികം പ്രചാരകർ ഇപ്പോൾ സാംബിയയിൽ ഉണ്ട്.
മുഴുസമയസേവനത്തിൽ ഒരു മാസംപോലും തികയ്ക്കില്ലെന്നു പലരും പറഞ്ഞ ആ ചെറുപ്പക്കാരനെ നിങ്ങൾ ഓർക്കുന്നില്ലേ? യഹോവയുടെ അനുഗ്രഹത്താലും സൂസെയ്ന്റെ പിന്തുണയാലും ഞാൻ ഇപ്പോൾ മുഴുസമയസേവനത്തിൽ 65 വർഷം പിന്നിട്ടിരിക്കുന്നു! യഹോവ നല്ലവനെന്നു രുചിച്ചറിയാൻ എനിക്കു കഴിഞ്ഞു.—സങ്കീർത്തനം 34:8.
ഞങ്ങൾക്കു വലിയ പ്രത്യേകതയൊന്നുമില്ല. സമർപ്പണത്തിന്റെ സമയത്ത് യഹോവയ്ക്കു കൊടുത്ത വാക്കിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ഞങ്ങൾ ശ്രമിച്ചെന്നു മാത്രമേ ഉള്ളൂ. ഒരിക്കലും ‘പിന്മാറാനല്ല,’ വിശ്വാസത്തിൽ വളരാനും അങ്ങനെ ‘ജീവരക്ഷ നേടാനും’ യഹോവ ഞങ്ങളെ തുടർന്നും സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.—എബ്രായർ 10:39.
ഡേയ്റെല്ലും സൂസെയ്ൻ ഷാർപ്പും: യഹോവയെ മുഴുദേഹിയോടെ സേവിക്കാൻ ഞങ്ങൾ വാക്കുകൊടുത്തു എന്ന വീഡിയോ കാണുക.