വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇങ്ങനെ തോന്നു​ന്നത്‌ സ്വാഭാ​വി​ക​മാ​ണോ?

ഇങ്ങനെ തോന്നു​ന്നത്‌ സ്വാഭാ​വി​ക​മാ​ണോ?

പിതാവിന്റെ മരണത്തിൽ ദുഃഖി​ക്കുന്ന ഒരാൾ എഴുതു​ന്നു: “ഇംഗ്ലണ്ടിൽ വളർന്ന എന്നെ, വികാ​രങ്ങൾ പരസ്യ​മാ​യി പ്രകടി​പ്പി​ക്ക​രുത്‌ എന്ന്‌ കുട്ടി​ക്കാ​ല​ത്തു​തന്നെ പഠിപ്പി​ച്ചി​രു​ന്നു. ഒരു മുൻ സൈനി​ക​നാ​യി​രുന്ന എന്റെ ഡാഡി, ഞാൻ വിഷമി​ച്ചി​രി​ക്കു​മാ​യി​രുന്ന ചില സമയങ്ങ​ളിൽ ‘നീ കരഞ്ഞു​പോ​ക​രുത്‌!’ എന്ന്‌ പല്ലിറു​മ്മി​ക്കൊ​ണ്ടു പറയു​മാ​യി​രു​ന്നത്‌ ഞാനോർക്കു​ന്നു. (ഞങ്ങൾ നാലു കുട്ടി​ക​ളാ​യി​രു​ന്നു) അമ്മ എന്നെങ്കി​ലും ഞങ്ങളെ ഉമ്മ വയ്‌ക്കു​ക​യോ കെട്ടി​പ്പി​ടി​ക്കു​ക​യോ ചെയ്‌ത​താ​യി എനിക്ക്‌ ഓർമ​യില്ല. എനിക്ക്‌ 56 വയസ്സു​ള്ള​പ്പോ​ഴാണ്‌ ഡാഡി മരിക്കു​ന്നത്‌. എനിക്ക്‌ എന്തെന്നി​ല്ലാത്ത നഷ്ടബോ​ധം തോന്നി. എങ്കിലും ആദ്യം എനിക്ക്‌ കരയാനേ കഴിഞ്ഞില്ല.”

ചില സംസ്‌കാ​ര​ങ്ങ​ളി​ലെ ആളുകൾ വികാ​രങ്ങൾ തുറന്നു പ്രകടി​പ്പി​ക്കു​ന്ന​വ​രാണ്‌. അവരുടെ ഉള്ളിൽ സന്തോ​ഷ​മാ​ണെ​ങ്കി​ലും, ദുഃഖ​മാ​ണെ​ങ്കി​ലും, അതു മറ്റുള്ള​വർക്ക​റി​യാം. അതേസ​മയം, ലോക​ത്തി​ന്റെ ചില ഭാഗങ്ങ​ളിൽ, വിശേ​ഷിച്ച്‌ വടക്കൻ യൂറോപ്പ്‌, ബ്രിട്ടൻ എന്നിവി​ട​ങ്ങ​ളിൽ ആളുകൾ, പ്രത്യേ​കിച്ച്‌ പുരു​ഷ​ന്മാർ, തങ്ങളുടെ വികാ​രങ്ങൾ അടക്കി​വെ​ക്കാ​നും മറച്ചു​പി​ടി​ക്കാ​നും പരിശീ​ലി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ പ്രിയ​പ്പെട്ട ഒരാളെ നഷ്ടപ്പെ​ടു​മ്പോൾ നിങ്ങളു​ടെ ദുഃഖം പുറമെ കാണി​ക്കു​ന്ന​തിൽ എന്തെങ്കി​ലും തെറ്റു​ണ്ടോ? ബൈബിൾ എന്താണു പറയു​ന്നത്‌?

ദുഃഖി​ച്ചു കരഞ്ഞി​ട്ടു​ള്ളവർ—ബൈബി​ളിൽ

ബൈബിൾ എഴുതി​യത്‌ മധ്യധ​ര​ണ്യാ​ഴി​യു​ടെ കിഴക്കു ഭാഗത്ത്‌ ജീവി​ച്ചി​രുന്ന എബ്രാ​യ​രാണ്‌. അവർ വികാ​രങ്ങൾ തുറന്നു പ്രകടി​പ്പി​ക്കുന്ന പ്രകൃ​ത​ക്കാ​രാ​യി​രു​ന്നു. ഈ വിധത്തിൽ ദുഃഖം പ്രകടി​പ്പിച്ച വ്യക്തി​ക​ളു​ടെ നിരവധി ഉദാഹ​ര​ണങ്ങൾ ബൈബി​ളി​ലുണ്ട്‌. കൊല​ചെ​യ്യ​പ്പെട്ട തന്റെ മകൻ അമ്‌നോ​നെ​യോർത്തു ദാവീദ്‌ രാജാവ്‌ വിലാപം കഴിച്ചു. വാസ്‌ത​വ​ത്തിൽ അവൻ “വാവി​ട്ടു​ക​രഞ്ഞു.” (2 ശമൂവേൽ 13:28-39) രാജത്വം അപഹരി​ച്ചെ​ടു​ക്കാൻ ശ്രമിച്ച തന്റെ ചതിയ​നായ പുത്രൻ അബ്‌ശാ​ലോ​മി​ന്റെ മരണത്തിൽപ്പോ​ലും അവൻ ദുഃഖി​ച്ചു. ബൈബി​ളിൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “ഉടനെ [ദാവീദ്‌] രാജാവു നടുങ്ങി പടിപ്പുര മാളി​ക​യിൽ കയറി: എന്റെ മകനേ, അബ്‌ശാ​ലോ​മേ, എന്റെ മകനേ, എന്റെ മകനേ, അബ്‌ശാ​ലോ​മേ, ഞാൻ നിനക്കു പകരം മരി​ച്ചെ​ങ്കിൽ കൊള്ളാ​യി​രു​ന്നു; അബ്‌ശാ​ലോ​മേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞും​കൊ​ണ്ടു നടന്നു.” (2 ശമൂവേൽ 18:33) സാധാ​ര​ണ​ഗ​തി​യിൽ ഏതൊരു പിതാ​വും ചെയ്യു​ന്ന​തു​പോ​ലെ ദാവീദ്‌ വിലപി​ച്ചു. മക്കൾക്കു പകരം തങ്ങൾ മരിച്ചി​രു​ന്നെ​ങ്കിൽ എന്ന്‌ എത്രയോ തവണ മാതാ​പി​താ​ക്കൾ ആഗ്രഹി​ച്ചു​പോ​യി​രി​ക്കു​ന്നു! മാതാ​പി​താ​ക്കൾ ജീവി​ച്ചി​രി​ക്കെ മക്കൾ മരിക്കു​ന്നത്‌ അങ്ങേയറ്റം അസ്വാ​ഭാ​വി​ക​മാ​യി തോന്നു​ന്നു.

യേശു തന്റെ സ്‌നേ​ഹി​ത​നായ ലാസറി​ന്റെ മരണ​ത്തോട്‌ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌? അവന്റെ കല്ലറയെ സമീപി​ക്കവേ യേശു കരഞ്ഞു. (യോഹ​ന്നാൻ 11:30-38) പിന്നീട്‌, മഗ്‌ദ​ല​ക്കാ​രത്തി മറിയ യേശു​വി​ന്റെ കല്ലറയ്‌ക്ക​ടു​ത്തു​വെച്ച്‌ കരയു​ക​യു​ണ്ടാ​യി. (യോഹ​ന്നാൻ 20:11-16) ബൈബിൾ നൽകുന്ന പുനരു​ത്ഥാന പ്രത്യാ​ശയെ കുറിച്ച്‌ അറിയാ​വുന്ന ഒരു ക്രിസ്‌ത്യാ​നി, മരിച്ച​വ​രു​ടെ അവസ്ഥ സംബന്ധിച്ച തങ്ങളുടെ വിശ്വാ​സ​ങ്ങൾക്ക്‌ വ്യക്തമായ ഒരു ബൈബിൾ അടിസ്ഥാ​ന​മി​ല്ലാത്ത ചില​രെ​പ്പോ​ലെ ആശ്വാസം കൈ​ക്കൊ​ള്ളാ​നാ​വാ​ത്ത​വി​ധം ദുഃഖി​ക്കു​ന്നില്ല എന്നതു ശരിതന്നെ. എന്നാൽ ഒരു സത്യ​ക്രി​സ്‌ത്യാ​നിക്ക്‌ പുനരു​ത്ഥാന പ്രത്യാശ ഉണ്ടെങ്കി​ലും സാധാരണ വികാ​ര​ങ്ങ​ളുള്ള ഒരു മനുഷ്യ​നെന്ന നിലയിൽ, പ്രിയ​പ്പെട്ട ഒരാളു​ടെ നഷ്ടത്തെ​പ്രതി അയാൾ സ്വാഭാ​വി​ക​മാ​യും സങ്കട​പ്പെ​ടു​ക​യും വിലപി​ക്കു​ക​യും ചെയ്യുന്നു.​—1 തെസ്സ​ലൊ​നീ​ക്യർ 4:13, 14.

ദുഃഖി​ച്ചു കരയണ​മോ വേണ്ടയോ

ഇന്നു നമ്മുടെ പ്രതി​ക​ര​ണങ്ങൾ സംബന്ധിച്ച്‌ എന്ത്‌? വികാ​രങ്ങൾ പുറമേ പ്രകടി​പ്പി​ക്കാൻ നിങ്ങൾക്ക്‌ ബുദ്ധി​മു​ട്ടോ സങ്കോ​ച​മോ അനുഭ​വ​പ്പെ​ടു​ന്നു​ണ്ടോ? കൗൺസി​ലിങ്‌ നടത്തു​ന്നവർ എന്താണ്‌ നിർദേ​ശി​ക്കു​ന്നത്‌? അവരുടെ ആധുനിക വീക്ഷണങ്ങൾ പലപ്പോ​ഴും ബൈബി​ളി​ന്റെ പുരാതന നിശ്വസ്‌ത ജ്ഞാനത്തെ ഏറ്റുപാ​ടുക മാത്ര​മാ​ണു ചെയ്യു​ന്നത്‌. സങ്കടം തുറന്നു പ്രകടി​പ്പി​ക്ക​ണ​മെ​ന്നും അത്‌ അടക്കി​വെ​ക്ക​രു​തെ​ന്നും അവർ പറയുന്നു. ഇത്‌ പൂർവ​കാല വിശ്വസ്‌ത പുരു​ഷ​ന്മാ​രായ ഇയ്യോബ്‌, ദാവീദ്‌, യിരെ​മ്യാവ്‌ എന്നിവരെ കുറിച്ച്‌ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. അവരുടെ ദുഃഖ​പ്ര​ക​ട​ന​ങ്ങളെ കുറിച്ച്‌ ബൈബി​ളിൽ കാണാ​വു​ന്ന​താണ്‌. തീർച്ച​യാ​യും അവർ തങ്ങളുടെ വികാ​രങ്ങൾ ഉള്ളിൽ ഒതുക്കി​വെ​ച്ചില്ല. അതു​കൊണ്ട്‌ നിങ്ങ​ളെ​ത്തന്നെ ഒറ്റപ്പെ​ടു​ത്തു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കില്ല. (സദൃശ​വാ​ക്യ​ങ്ങൾ 18:1) വ്യത്യസ്‌ത സംസ്‌കാ​ര​ങ്ങ​ളി​ലെ ആളുകൾ വ്യത്യസ്‌ത വിധങ്ങ​ളി​ലാണ്‌ ദുഃഖം പ്രകട​മാ​ക്കു​ന്നത്‌, നിലവി​ലുള്ള മതവി​ശ്വാ​സ​ങ്ങ​ളും അതിനെ സ്വാധീ​നി​ക്കു​ന്നു. *

നിങ്ങൾക്കു കരയണ​മെന്നു തോന്നു​ന്നെ​ങ്കി​ലോ? കരയു​ന്നത്‌ മനുഷ്യ​പ്ര​കൃ​ത​മാണ്‌. ലാസറി​ന്റെ മരണത്തി​ങ്കൽ യേശു “ഉള്ളം നൊന്തു കലങ്ങി . . . കണ്ണുനീർ വാർത്തു” എന്നോർക്കുക. (യോഹ​ന്നാൻ 11:33, 35) അങ്ങനെ, കരയു​ന്നത്‌ പ്രിയ​പ്പെട്ട ഒരാളു​ടെ മരണ​ത്തോ​ടുള്ള ഒരു സ്വാഭാ​വിക പ്രതി​ക​ര​ണ​മാണ്‌ എന്ന്‌ അവൻ പ്രകട​മാ​ക്കി.

പ്രിയപ്പെട്ട ഒരാൾ മരിക്കു​മ്പോൾ ദുഃഖി​ക്കു​ന്ന​തും കരയു​ന്ന​തും സ്വാഭാ​വി​ക​മാണ്‌

സിഡ്‌സ്‌ (അഥവാ തൊട്ടിൽ മരണം) നിമിത്തം റെയ്‌ച്ചൽ എന്ന തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട ആനിന്റെ കാര്യം ഇതിനു തെളി​വാണ്‌. അവളുടെ ഭർത്താവ്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ശവസം​സ്‌കാര സമയത്ത്‌ മറ്റെല്ലാ​വ​രും കരഞ്ഞ​പ്പോ​ഴും ഞങ്ങൾ രണ്ടു​പേ​രും കരഞ്ഞില്ല എന്നതാണ്‌ അതിശയം.” ഇതി​നോ​ടുള്ള ആനിന്റെ പ്രതി​ക​രണം ഇങ്ങനെ​യാ​യി​രു​ന്നു: “അത്‌ ശരിയാണ്‌. പക്ഷേ, പിന്നീട്‌ ഞങ്ങളി​രു​വർക്കും വേണ്ടി ഞാൻ എത്രയാ​ണെ​ന്നോ കരഞ്ഞത്‌! ആ ആഘാത​ത്തി​ന്റെ തീവ്രത എനിക്ക്‌ പൂർണ​മാ​യി അനുഭ​വ​പ്പെ​ട്ടത്‌ ദുരന്തം നടന്ന്‌ ഏതാനും ആഴ്‌ച​കൾക്കു ശേഷം, ഞാൻ വീട്ടിൽ ഒറ്റയ്‌ക്കായ ഒരു ദിവസ​മാണ്‌. അന്നു മുഴുവൻ ഞാൻ കരഞ്ഞു. എന്നാൽ, അതു ഗുണം ചെയ്‌തു എന്നു ഞാൻ കരുതു​ന്നു, എനിക്ക്‌ ആശ്വാസം തോന്നി. എന്റെ കുഞ്ഞിനെ നഷ്ടമാ​യ​ല്ലോ എന്നോർത്ത​പ്പോൾ എനിക്കു കരയാ​തി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. ദുഃഖി​ക്കുന്ന ആളുകളെ കരയാൻ അനുവ​ദി​ക്കണം എന്നുത​ന്നെ​യാണ്‌ ഞാൻ വിശ്വ​സി​ക്കു​ന്നത്‌. ‘കരയാതെ’ എന്നു പറയാൻ സ്വാഭാ​വി​ക​മാ​യും മറ്റുള്ള​വർക്ക്‌ തോന്നി​യേ​ക്കാം എങ്കിലും അത്‌ യഥാർഥ​ത്തിൽ ഗുണം ചെയ്യു​ന്നില്ല.”

ചിലർ പ്രതി​ക​രി​ക്കുന്ന വിധം

പ്രിയ​പ്പെട്ട ഒരാളു​ടെ മരണത്തിൽ തകർന്നു​പോയ ചിലർ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചി​രി​ക്കു​ന്നത്‌? ച്വാനീ​റ്റ​യു​ടെ കാര്യം​തന്നെ എടുക്കാം. ഒരു കുഞ്ഞിനെ നഷ്ടപ്പെ​ടു​ന്ന​തി​ന്റെ വേദന എന്താ​ണെന്ന്‌ അവൾക്ക​റി​യാം. അഞ്ചു തവണ അവൾക്ക്‌ ഗർഭം അലസി​പ്പോ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ അവൾ വീണ്ടും ഗർഭി​ണി​യാ​യി. ഒരു കാറപ​ക​ട​ത്തിൽപ്പെട്ട്‌ ആശുപ​ത്രി​യിൽ പ്രവേ​ശി​പ്പി​ക്ക​പ്പെ​ട്ട​പ്പോൾ ച്വാനീ​റ്റ​യ്‌ക്ക്‌ സ്വാഭാ​വി​ക​മാ​യും ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു. രണ്ടാഴ്‌ച​യ്‌ക്കു ശേഷം, മാസം തികയു​ന്ന​തി​നു മുമ്പു​തന്നെ, അവൾക്കു പ്രസവ​വേദന തുടങ്ങി. അൽപ്പം കഴിഞ്ഞ​പ്പോൾ കൊച്ചു വനെസ്സ പിറന്നു​—അവളുടെ തൂക്കം വെറും 900 ഗ്രാം ആയിരു​ന്നു. ച്വാനീ​റ്റ​യു​ടെ മനസ്സിൽ ഓർമകൾ ഓടി​യെ​ത്തു​ന്നു: “അങ്ങനെ ഒടുവിൽ ഞാൻ ഒരു അമ്മയായി! എനിക്ക്‌ സന്തോഷം അടക്കാ​നാ​യില്ല.”

പക്ഷേ, ആ സന്തോഷം ഏറെ നീണ്ടു​നി​ന്നില്ല. നാലു ദിവസം കഴിഞ്ഞ്‌ വനെസ്സ മരിച്ചു. ച്വാനീറ്റ ഇങ്ങനെ തുടരു​ന്നു: “എനിക്ക്‌ എന്തെന്നി​ല്ലാത്ത ശൂന്യത തോന്നി. എന്റെ മാതൃ​ത്വം എന്നിൽനിന്ന്‌ കവർന്നെ​ടു​ക്ക​പ്പെട്ടു. എന്തൊ​ക്കെ​യോ കുറവു​ള്ള​തു​പോ​ലെ ഒരു തോന്നൽ. വീട്ടിൽ വനെസ്സ​യ്‌ക്കു​വേണ്ടി ഞങ്ങൾ ഒരുക്കി​യി​രുന്ന മുറി​യിൽ വന്ന്‌ ഞാനവൾക്കു വാങ്ങി​വെച്ച കുഞ്ഞു​ടു​പ്പു​കൾ കണ്ടപ്പോൾ എന്റെ മനസ്സ്‌ വേദന​കൊണ്ട്‌ വിങ്ങി. അടുത്ത ഏതാനും മാസ​ത്തേക്ക്‌, അവൾ പിറന്നു​വീണ ദിവസത്തെ കുറി​ച്ചുള്ള ചിന്തകൾ അയവി​റക്കി ഞാൻ കഴിഞ്ഞു. ആരുമാ​യും ഇടപഴ​കാൻ ഞാൻ ആഗ്രഹി​ച്ചില്ല.”

അതിരു​ക​ടന്ന ഒരു പ്രതി​ക​ര​ണ​മാ​ണോ അത്‌? മറ്റുള്ള​വർക്ക്‌ അതു മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. പക്ഷേ ച്വാനീ​റ്റ​യെ​പ്പോ​ലെ ഈ അനുഭ​വ​ത്തി​ലൂ​ടെ കടന്നു​പോ​യി​ട്ടു​ള്ളവർ പറയു​ന്നത്‌, കുറെ​ക്കാ​ലം ജീവി​ച്ചി​രു​ന്നി​ട്ടു മരിച്ചു പോകുന്ന ഒരു വ്യക്തിയെ കുറിച്ചു തോന്നുന്ന അത്രതന്നെ ദുഃഖം മരിച്ചു​പോയ തങ്ങളുടെ കുഞ്ഞി​നെ​പ്ര​തി​യും തങ്ങൾക്കു തോന്നി എന്നാണ്‌. ഒരു കുഞ്ഞ്‌ പിറന്നു വീഴു​ന്ന​തി​നു വളരെ മുമ്പു​തന്നെ മാതാ​പി​താ​ക്കൾ അതിനെ സ്‌നേ​ഹി​ച്ചു തുടങ്ങു​ന്നു എന്ന്‌ അവർ പറയുന്നു. അമ്മയും കുഞ്ഞും തമ്മിൽ ഒരു പ്രത്യേക ബന്ധം ഉടലെ​ടു​ക്കു​ന്നു. ആ കുഞ്ഞു മരിക്കു​മ്പോൾ ഒരു യഥാർഥ വ്യക്തിയെ നഷ്ടപ്പെട്ട പ്രതീ​തി​യാണ്‌ മാതാ​വിന്‌ ഉണ്ടാകുക. മറ്റുള്ളവർ അതു മനസ്സി​ലാ​ക്കണം.

കോപ​വും കുറ്റ​ബോ​ധ​വും നിങ്ങളെ ബാധി​ക്കുന്ന വിധം

ജന്മനാ ഉണ്ടായി​രുന്ന ഒരു ഹൃദയ​ത്ത​ക​രാ​റു നിമിത്തം ആറു വയസ്സുള്ള മകൻ പെട്ടെന്നു മരിച്ചു എന്നറി​ഞ്ഞ​പ്പോൾ ഒരമ്മ സമ്മിശ്ര വികാ​ര​ങ്ങ​ളാ​ണു പ്രകടി​പ്പി​ച്ചത്‌. അവർ പറയുന്നു: “പലതര​ത്തി​ലുള്ള വികാ​ര​ങ്ങ​ളാണ്‌ എനിക്ക്‌ അനു ഭവപ്പെ​ട്ടത്‌. എനിക്കതു വിശ്വ​സി​ക്കാ​നേ ആയില്ല. വല്ലാ​ത്തൊ​രു മരവി​പ്പും കുറ്റ​ബോ​ധ​വും എനിക്കു തോന്നി. ഒപ്പം, അവന്റെ നില എത്ര ഗുരു​ത​ര​മാണ്‌ എന്നു തിരി​ച്ച​റി​യാ​ഞ്ഞ​തിന്‌ ഭർത്താ​വി​നോ​ടും ഡോക്ട​റോ​ടും എന്തെന്നി​ല്ലാത്ത ദേഷ്യ​വും.”

കോപം, പ്രിയ​പ്പെട്ട ഒരാളു​ടെ വേർപാ​ടു മൂലമു​ണ്ടാ​കുന്ന ദുഃഖ​ത്തി​ന്റെ മറ്റൊരു ലക്ഷണമാ​യി​രു​ന്നേ​ക്കാം. അത്‌ ഡോക്ടർമാർക്കും നഴ്‌സു​മാർക്കും നേരെ​യു​ള്ള​താ​കാം. മരിച്ചു​പോയ വ്യക്തിയെ അവർ കുറെ​ക്കൂ​ടെ നന്നായി നോ​ക്കേ​ണ്ട​താ​യി​രു​ന്നു എന്ന തോന്ന​ലിൽനി​ന്നാണ്‌ ഇത്‌ ഉണ്ടാകു​ന്നത്‌. അല്ലെങ്കിൽ സ്‌നേ​ഹി​ത​രും ബന്ധുക്ക​ളും അരുതാ​ത്തത്‌ പറഞ്ഞു അല്ലെങ്കിൽ ചെയ്‌തു എന്നു കരുതി അവരോ​ടുള്ള കോപ​മാ​കാം അത്‌. സ്വന്തം ആരോ​ഗ്യം വേണ്ട വിധത്തിൽ ശ്രദ്ധി​ച്ചി​രു​ന്നില്ല എന്ന കാരണ​ത്താൽ മരിച്ച ആളോടു ദേഷ്യം തോന്നു​ന്ന​വ​രു​മുണ്ട്‌. സ്‌റ്റെല്ല ഇങ്ങനെ പറയുന്നു: “എനി​ക്കെന്റെ ഭർത്താ​വി​നോട്‌ കോപം തോന്നി​യത്‌ ഞാൻ ഓർക്കു​ന്നു. കാരണം അദ്ദേഹ​ത്തി​ന്റെ കാര്യ​ത്തിൽ അത്‌ ഒഴിവാ​ക്കാ​മാ​യി​രുന്ന ഒന്നായി​രു​ന്നു. തീരെ സുഖമി​ല്ലാ​തി​രു​ന്നി​ട്ടും അദ്ദേഹം ഡോക്ട​റു​ടെ മുന്നറി​യി​പ്പു​കൾ അവഗണി​ച്ചു.” ഒരു വ്യക്തി​യു​ടെ മരണം ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ​മേൽ ഭാരങ്ങൾ വരുത്തി​വെ​ക്കു​ന്നു എന്ന കാരണ​ത്താ​ലും ചില​പ്പോൾ ആ വ്യക്തി​യോട്‌ ദേഷ്യം തോന്നി​യേ​ക്കാം.

കോപ​ത്തെ​ച്ചൊ​ല്ലി ചിലർക്ക്‌ കുറ്റ​ബോ​ധം തോന്നു​ന്നു​—അതായത്‌ തങ്ങൾക്ക്‌ കോപം തോന്നു​ന്ന​ല്ലോ എന്നോർത്ത്‌ അവർ സ്വയം പഴിക്കു​ന്നു. മറ്റുചി​ലർ പ്രിയ​പ്പെ​ട്ട​യാ​ളു​ടെ മരണത്തിന്‌ തങ്ങളെ​ത്തന്നെ കുറ്റ​പ്പെ​ടു​ത്തു​ന്നു. “ഞാൻ അദ്ദേഹത്തെ കുറെ​ക്കൂ​ടെ നേരത്തെ ഡോക്ട​റു​ടെ അടുത്ത്‌ എത്തിച്ചി​രു​ന്നെ​ങ്കിൽ,” “മറ്റൊരു ഡോക്ടറെ കാണി​ച്ചി​രു​ന്നെ​ങ്കിൽ” അല്ലെങ്കിൽ “അദ്ദേഹ​ത്തി​ന്റെ ആരോഗ്യ കാര്യ​ങ്ങ​ളിൽ കുറെ​ക്കൂ​ടെ ശ്രദ്ധി​ച്ചി​രു​ന്നെ​ങ്കിൽ,” “അദ്ദേഹം മരിക്ക​യി​ല്ലാ​യി​രു​ന്നു” എന്ന്‌ അവർ ചിന്തി​ച്ചു​വ​ശാ​കു​ന്നു.

ഒരു കുട്ടി​യു​ടെ മരണം ഏൽപ്പി​ക്കുന്ന ആഘാതം വളരെ വലുതാണ്‌​—മറ്റുള്ളവർ യഥാർഥ സഹാനു​ഭൂ​തി​യും സമാനു​ഭാ​വ​വും പ്രകട​മാ​ക്കു​മ്പോൾ അതു മാതാ​പി​താ​ക്കളെ സഹായി​ക്കും

മറ്റു ചിലരു​ടെ കുറ്റ​ബോ​ധം അതിനു​മ​പ്പു​റം പോകു​ന്നു, വിശേ​ഷി​ച്ചും പ്രിയ​പ്പെട്ട ആൾ മരിച്ചത്‌ പൊടു​ന്നനെ, തികച്ചും അപ്രതീ​ക്ഷി​ത​മാ​യി​ട്ടാ​ണെ​ങ്കിൽ. മരിച്ചു​പോയ വ്യക്തി​യോട്‌ താൻ മുമ്പു കോപി​ച്ച​തും തർക്കി​ച്ച​തു​മെ​ല്ലാം അവർ ഓർക്കാൻ തുടങ്ങു​ന്നു. അല്ലെങ്കിൽ മരിച്ചു​പോയ വ്യക്തി​ക്കാ​യി തങ്ങൾ ചെയ്യേ​ണ്ടത്‌ എല്ലാ​മൊ​ന്നും ചെയ്‌തില്ല എന്ന്‌ അവർക്കു തോന്നി​യേ​ക്കാം.

പല അമ്മമാ​രും കുട്ടി​ക​ളു​ടെ വേർപാ​ടിൽ എത്രയോ കാലമാണ്‌ ദുഃഖി​ച്ചു കഴിയു​ന്നത്‌. ഒരു കുട്ടി​യു​ടെ മരണം മാതാ​പി​താ​ക്ക​ളു​ടെ, വിശേ​ഷിച്ച്‌ മാതാ​വി​ന്റെ ജീവി​ത​ത്തിൽ, ഒരുകാ​ല​ത്തും നികത്താ​നാ​കാത്ത ഒരു വിടവ്‌ അവശേ​ഷി​പ്പി​ക്കു​ന്നു എന്നുള്ള വിദഗ്‌ധ​രു​ടെ അഭി​പ്രാ​യ​ത്തിന്‌ ഈ വസ്‌തുത അടിവ​ര​യി​ടു​ന്നു.

ഇണയെ നഷ്ടപ്പെ​ടു​മ്പോൾ

വൈകാ​രിക ആഘാത​മേൽപ്പി​ക്കുന്ന മറ്റൊരു അനുഭ​വ​മാണ്‌ വിവാ​ഹ​പ​ങ്കാ​ളി​യു​ടെ വേർപാട്‌, പ്രത്യേ​കി​ച്ചും ഇരുവ​രും ഒരുമിച്ച്‌ വളരെ കർമനി​ര​ത​മായ ജീവിതം നയിച്ചി​രു​ന്നെ​ങ്കിൽ. ഒന്നിച്ചു നടന്നതും ജോലി​ചെ​യ്‌ത​തും ഉല്ലസി​ച്ച​തും അന്യോ​ന്യം താങ്ങാ​യി​രു​ന്ന​തും എല്ലാ​മെ​ല്ലാം ഓർമകൾ മാത്ര​മാ​യി മാറുന്നു.

ഒരു ഹൃദയാ​ഘാ​തത്തെ തുടർന്ന്‌ ഭർത്താവ്‌ പെട്ടെന്ന്‌ മരണമ​ട​ഞ്ഞ​പ്പോൾ എന്തു തോന്നി​യെന്ന്‌ യൂനിസ്‌ വിശദീ​ക​രി​ക്കു​ന്നു. “ആദ്യത്തെ ഒരാഴ്‌ച​ക്കാ​ലം വൈകാ​രി​ക​മാ​യി ആകെ മരവിച്ച ഒരു അവസ്ഥയി​ലാ​യി​രു​ന്നു ഞാൻ, ഏതാണ്ട്‌ ഒരു ജീവച്ഛവം പോലെ. എനിക്ക്‌ സ്വാദോ മണമോ പോലും അറിയാൻ കഴിയാ​താ​യി. എങ്കിലും എന്റെ യുക്തി​ബോ​ധ​ത്തിന്‌ തകരാ​റൊ​ന്നും സംഭവി​ച്ചി​രു​ന്നില്ല. ഹൃദയ​ശ്വാ​സ​കോശ പുനരു​ജ്ജീ​വന പ്രക്രി​യ​യി​ലൂ​ടെ​യും മരുന്നു​ക​ളി​ലൂ​ടെ​യും ഡോക്ടർമാർ എന്റെ ഭർത്താ​വി​ന്റെ ജീവൻ രക്ഷപ്പെ​ടു​ത്താൻ ശ്രമി​ക്കു​മ്പോൾ ഞാൻ അദ്ദേഹ​ത്തി​ന്റെ അടുത്തു​തന്നെ ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ സാധാരണ ഉണ്ടാകാ​റുള്ള, യാഥാർഥ്യം അംഗീ​ക​രി​ക്കാ​നുള്ള ബുദ്ധി​മുട്ട്‌ എനിക്കു​ണ്ടാ​യില്ല. എങ്കിലും കടുത്ത നിസ്സഹാ​യ​ത​യും നിരാ​ശാ​ബോ​ധ​വും എനിക്ക്‌ അനുഭ​വ​പ്പെട്ടു, ചെങ്കു​ത്തായ ഒരു മലയുടെ വിളു​മ്പിൽനിന്ന്‌ ഒരു കാർ കുത്തനെ താഴോ​ട്ടു പതിക്കു​ന്നത്‌ നിസ്സഹാ​യ​യാ​യി നോക്കി നിൽക്കേണ്ടി വരുന്ന​തു​പോ​ലുള്ള ഒരനു​ഭവം.”

യൂനിസ്‌ കരഞ്ഞോ? “തീർച്ച​യാ​യും, വിശേ​ഷിച്ച്‌ എനിക്കു ലഭിച്ച നൂറു​ക​ണ​ക്കിന്‌ അനു​ശോ​ചന സന്ദേശങ്ങൾ വായി​ച്ച​പ്പോൾ. ഓരോ​ന്നും വായിച്ചു ഞാൻ കരഞ്ഞു. അത്‌ അതതു ദിവസ​ത്തി​ന്റെ ശേഷിച്ച ഭാഗത്തെ നേരി​ടാൻ എനിക്ക്‌ കരുത്തു പകർന്നു. എങ്കിലും ആളുകൾ കൂടെ​ക്കൂ​ടെ എന്റെ ക്ഷേമം അന്വേ​ഷി​ക്കു​മ്പോൾ എന്റെ നിയ​ന്ത്രണം വിട്ടു​പോ​കു​മാ​യി​രു​ന്നു. ഞാനാകെ തകർന്ന നിലയി​ലാ​യി​രു​ന്നു.”

ദുഃഖം സഹിച്ചു ജീവി​ക്കാൻ യൂനി​സി​നെ സഹായി​ച്ചത്‌ എന്താണ്‌? അവർ പറയുന്നു: “എന്റെ ജീവി​ത​വു​മാ​യി മുന്നോ​ട്ടു പോകാൻ ഞാൻ അറിയാ​തെ തന്നെ തീരു​മാ​ന​മെ​ടു​ത്തു കഴിഞ്ഞി​രു​ന്നു. എങ്കിലും, ജീവി​തത്തെ അത്രമേൽ സ്‌നേ​ഹിച്ച എന്റെ ഭർത്താവ്‌ അതാസ്വ​ദി​ക്കാൻ കൂടെ​യി​ല്ല​ല്ലോ എന്നോർക്കു​മ്പോൾ എനിക്ക്‌ ഇപ്പോ​ഴും വേദന തോന്നു​ന്നു.”

“നിങ്ങളു​ടെ പ്രവർത്ത​ന​ങ്ങ​ളെ​യോ വികാ​ര​ങ്ങ​ളെ​യോ ഭരിക്കാൻ മറ്റുള്ള​വരെ അനുവ​ദി​ക്കാ​തി​രി​ക്കുക”

ലീവ്‌ടേ​ക്കിങ്‌​—വെൻ ആൻഡ്‌ ഹൗ ടു സേ ഗുഡ്‌ബൈ എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ എഴുത്തു​കാർ ഇങ്ങനെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “നിങ്ങളു​ടെ പ്രവർത്ത​ന​ങ്ങ​ളെ​യോ വികാ​ര​ങ്ങ​ളെ​യോ ഭരിക്കാൻ മറ്റുള്ള​വരെ അനുവ​ദി​ക്കാ​തി​രി​ക്കുക. ദുഃഖി​ക്കുന്ന രീതി ഓരോ​രു​ത്ത​രി​ലും വ്യത്യ​സ്‌ത​മാണ്‌. നിങ്ങൾ പരിധി​വിട്ട്‌ ദുഃഖി​ക്കു​ന്നു​വെ​ന്നോ വേണ്ടതു​പോ​ലെ ദുഃഖി​ക്കു​ന്നി​ല്ലെ​ന്നോ മറ്റുള്ളവർ കരുതി​യേ​ക്കാം, അവർ അതു നിങ്ങ​ളോ​ടു പറയു​ക​യും ചെയ്‌തേ​ക്കാം. അവരോ​ടു പൊറു​ക്കുക, അതു മറന്നു​ക​ള​ഞ്ഞേ​ക്കുക. മറ്റുള്ള​വ​രോ സമൂഹം ഒന്നടങ്ക​മോ ഒരുക്കുന്ന മൂശയി​ലേക്ക്‌ നിങ്ങ​ളെ​ത്തന്നെ ഞെക്കി​ക്കൊ​ള്ളി​ക്കാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ അതു നിങ്ങളു​ടെ വൈകാ​രിക ആരോ​ഗ്യം വീണ്ടെ​ടു​ക്കു​ന്ന​തി​നു തടസ്സമാ​കു​കയേ ഉള്ളൂ.”

പലരും പലവി​ധ​ത്തി​ലാണ്‌ തങ്ങളുടെ ദുഃഖത്തെ നേരി​ടു​ന്നത്‌. ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ ഇന്ന വഴിയാണ്‌ മറ്റേതി​നെ​ക്കാൾ എന്തു​കൊ​ണ്ടും മെച്ചം എന്നു ഞങ്ങൾ പറയു​ന്നില്ല. എന്നിരു​ന്നാ​ലും സ്‌തം​ഭ​നാ​വസ്ഥ, അതായത്‌ ദുഃഖാർത്ത​നായ വ്യക്തിക്ക്‌ യാഥാർഥ്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ കഴിയാ​തെ വരുന്ന സാഹച​ര്യം, ഉണ്ടാകു​മ്പോൾ അത്‌ അപകട​ക​ര​മാണ്‌. അപ്പോൾ സഹാനു​ഭൂ​തി​യുള്ള സ്‌നേ​ഹി​ത​രു​ടെ സഹായം ആവശ്യ​മാ​യി​വ​ന്നേ​ക്കാം. ബൈബിൾ ഇപ്രകാ​രം പറയുന്നു: “സ്‌നേ​ഹി​തൻ എല്ലാകാ​ല​ത്തും സ്‌നേ​ഹി​ക്കു​ന്നു; അനർത്ഥ​കാ​ലത്തു അവൻ സഹോ​ദ​ര​നാ​യ്‌തീ​രു​ന്നു.” അതു​കൊണ്ട്‌ സഹായം തേടാ​നും സംസാ​രി​ക്കാ​നും കരയാ​നും മടി വിചാ​രി​ക്ക​രുത്‌.​—സദൃശ​വാ​ക്യ​ങ്ങൾ 17:17.

മരണ​ത്തോ​ടു​ള്ള ഒരു സ്വാഭാ​വിക പ്രതി​ക​ര​ണ​മാണ്‌ ദുഃഖം. നിങ്ങളു​ടെ ദുഃഖം മറ്റുള്ളവർ കാൺകെ പ്രകടി​പ്പി​ക്കു​ന്ന​തിൽ ഒരു തെറ്റു​മില്ല. എന്നാൽ ഉത്തരം ആവശ്യ​മായ ചോദ്യ​ങ്ങൾ ഇനിയു​മുണ്ട്‌: ‘എനിക്ക്‌ ഈ ദുഃഖ​വും പേറി എങ്ങനെ ജീവി​ക്കാൻ കഴിയും? കുറ്റ​ബോ​ധ​വും കോപ​വും തോന്നു​ന്നത്‌ സ്വാഭാ​വി​ക​മാ​ണോ? ഈ വികാ​ര​ങ്ങളെ ഞാൻ എങ്ങനെ​യാണ്‌ കൈകാ​ര്യം ചെയ്യേ​ണ്ടത്‌? വേർപാ​ടും ദുഃഖ​വും സഹിക്കാൻ എന്നെ എന്ത്‌ സഹായി​ക്കും?’ ഇവയ്‌ക്കും ഇതര ചോദ്യ​ങ്ങൾക്കും അടുത്ത ഭാഗം ഉത്തരം നൽകു​ന്ന​താ​യി​രി​ക്കും.

^ ഖ. 8 ദൃഷ്ടാന്തത്തിന്‌, നൈജീ​രി​യ​യി​ലെ യോരു​ബാ വർഗക്കാർ പുനർജ​ന്മ​ത്തിൽ പരമ്പരാ​ഗ​ത​മാ​യി വിശ്വ​സി​ച്ചു​പോ​രു​ന്ന​വ​രാണ്‌. അതു​കൊണ്ട്‌ ഒരു അമ്മയ്‌ക്ക്‌ തന്റെ കുട്ടിയെ നഷ്ടമാ​കു​മ്പോൾ കഠിന ദുഃഖം ഉണ്ടാകു​മെ​ങ്കി​ലും അത്‌ അധിക​നാൾ നീണ്ടു​നിൽക്കില്ല. എന്തു​കൊണ്ട്‌? ഒരു യോരു​ബാ പല്ലവി ഇങ്ങനെ പറയുന്നു: “തൂകി​പ്പോ​യതു വെള്ളം മാത്ര​മാണ്‌. അതിരുന്ന പാത്രം ഉടഞ്ഞു​പോ​യി​ട്ടില്ല.” യോരു​ബാ വർഗക്കാർ പറയു​ന്ന​ത​നു​സ​രിച്ച്‌ ജലം വഹിക്കുന്ന പാത്ര​മായ മാതാ​വിന്‌ മറ്റൊരു കുട്ടിയെ ഗർഭം ധരിക്കാ​നാ​കും. അങ്ങനെ മരിച്ച കുട്ടി​തന്നെ ഒരുപക്ഷേ പുനർജ​നി​ച്ചേ​ക്കാം എന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​ന്റെ യാതൊ​രു പിൻബ​ല​വു​മി​ല്ലാത്ത അമർത്ത്യ ആത്മാവി​ന്റെ​യും പുനർജ​ന്മ​ത്തി​ന്റെ​യും വ്യാജ​സ​ങ്കൽപ്പ​ങ്ങ​ളിൽനിന്ന്‌ ഉയിർക്കൊണ്ട അന്ധവി​ശ്വാ​സ​ങ്ങളെ ആധാര​മാ​ക്കി​യുള്ള ഏതെങ്കി​ലും പാരമ്പ​ര്യ​ങ്ങൾ പിൻപ​റ്റു​ന്നില്ല.​—സഭാ​പ്ര​സം​ഗി 9:5, 10.