സമോവ
സമോവ
പസിഫിക് സമുദ്രത്തിന്റെ നീലിമയിൽ വെട്ടിത്തിളങ്ങുന്ന ഹൃദയഹാരിയായ സമോവൻദ്വീപുകൾ. ഹവായ്ക്കും ന്യൂസിലൻഡിനും ഏതാണ്ട് മധ്യത്തിലായാണ് ഇവ സ്ഥിതിചെയ്യുന്നത്. അഗ്നിപർവത സ്ഫോടനത്തിന്റെ സൃഷ്ടിയാണെങ്കിലും അപൂർവചാരുതയാർന്ന മനോജ്ഞമായ രത്നങ്ങൾ പോലെയാണവ. മേഘങ്ങളെ മുട്ടിയുരുമ്മിനിൽക്കുന്ന കൊടുമുടികൾ, ഇടതൂർന്ന ഉഷ്ണമേഖലാവനങ്ങൾ, തെങ്ങുകൾ അതിർത്തിചമയ്ക്കുന്ന കടൽത്തീരങ്ങൾ, എല്ലാം സമോവയ്ക്കു സ്വന്തം. ഏതാണ്ട് 200 തരം പവിഴപ്പുറ്റുകളും ഏകദേശം 900 സ്പീഷീസിൽപ്പെട്ട മത്സ്യങ്ങളും അടങ്ങിയ ഒരു ജല-പറുദീസയെ പോറ്റിപ്പുലർത്തുന്ന വെട്ടിത്തിളങ്ങുന്ന ലഗൂണുകളുമുണ്ട് സമോവയ്ക്ക് അഭിമാനിക്കാൻ. ആദിമ യൂറോപ്യൻ മിഷനറിമാർ, ഫ്രാൻജപാനീ പൂക്കളുടെ സൗരഭ്യം നിറഞ്ഞുനിന്ന ഈ ദ്വീപിനെ ദക്ഷിണ പസിഫിക്കിൽ തങ്ങളുടെ കണ്ണിനു വിരുന്നൊരുക്കിയ മനോഹാരിതകളുടെ കൂട്ടത്തിൽപ്പെടുത്തിയതിൽ അതിശയിക്കാനില്ല!
സാധ്യതയനുസരിച്ച്, ലാപീറ്റജനതയായിരിക്കണം സമോവൻ ദ്വീപുകളിലെത്തിയ ആദ്യത്തെ താമസക്കാർ; ക്രിസ്തുവിന് പത്തു നൂറ്റാണ്ടു മുമ്പായിരിക്കണം അത്. a ധീരപര്യവേക്ഷകരും വിദഗ്ധനാവികരുമായ ഈ പോളിനേഷ്യക്കാർ ദക്ഷിണപൂർവേഷ്യയിൽനിന്ന് പസിഫിക്കിലേക്കു കുടിയേറിയതായിരിക്കാം. കടൽക്കാറ്റിനെയും കടൽപ്രവാഹങ്ങളെയും ആശ്രയിച്ച് ദീർഘദൂരം താണ്ടി അവരുടെ വള്ളങ്ങൾ ദക്ഷിണപസിഫിക്കിന്റെ ഹൃദയഭാഗത്തെത്തി. അവിടെ കണ്ട ദ്വീപുകളുടെ കൊച്ചുസമൂഹത്തെ അവർ സമോവ എന്നുവിളിച്ചു.
നൂറ്റാണ്ടുകളിലൂടെ ഇവരുടെ പിൻമുറക്കാർ പസിഫിക്കിലൂടെ കിഴക്ക് തഹീതിയിലേക്കും പിന്നീട് വടക്ക് ഹവായിയിലേക്കും തെക്കുപടിഞ്ഞാറ് ന്യൂസിലൻഡിലേക്കും തെക്കുകിഴക്ക് ഈസ്റ്റർ ദ്വീപിലേക്കും നീങ്ങി. ത്രികോണാകൃതിയിൽ കിടക്കുന്ന വിസ്തൃതമായ ഈ പ്രദേശം ഇന്ന് ‘പോളിനേഷ്യ’ (“അനേകം ദ്വീപുകൾ” എന്ന് അർഥം) എന്ന് അറിയപ്പെടുന്നു; അവിടത്തെ നിവാസികൾ പോളിനേഷ്യക്കാർ എന്നും. സമോവയെ “പോളിനേഷ്യയുടെ പിള്ളത്തൊട്ടിൽ” എന്നു വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്.
ആധുനിക കാലത്തും ധൈര്യശാലികളായ സമോവക്കാർ പര്യവേക്ഷണം നടത്തിയിട്ടുണ്ട്. സമുദ്രസഞ്ചാരികളായ പൂർവികരെപ്പോലെ, മെച്ചപ്പെട്ട ഒരു ജീവിതമായിരുന്നു അവരുടെയും ലക്ഷ്യം. എന്നാൽ ഈ പര്യവേക്ഷണം അക്ഷരീയമായിരുന്നില്ല. അവരുടെ “യാത്ര” ആത്മീയ അന്ധകാരത്തിൽനിന്ന് ആത്മീയ പ്രകാശത്തിലേക്കുള്ളതായിരുന്നു. സത്യദൈവമായ യഹോവയ്ക്കു സ്വീകാര്യമായ ആരാധനാരീതി കണ്ടെത്താനുള്ള അന്വേഷണമായിരുന്നു അവരുടേത്.—സമോവയിലെയും b അമേരിക്കൻ സമോവയിലെയും ടൊകെലൗവിലെയും യഹോവയുടെ സാക്ഷികളുടെ ചരിത്രമാണ് ഈ ഭാഗത്ത് വിവരിക്കാൻ ശ്രമിക്കുന്നത്. 1962-ൽ പടിഞ്ഞാറൻ സമോവ ഒരു സ്വതന്ത്ര രാഷ്ട്രമായി. അമേരിക്കൻ സമോവ അമേരിക്കയുടെ അധീനതയിലാണ്. സമോവൻ ദ്വീപുകളെ അങ്ങനെ, സമോവയെന്നും അമേരിക്കൻ സമോവയെന്നും രണ്ടായി തിരിക്കാം.
സത്യത്തിന്റെ പ്രകാശമെത്തുന്നു
ദൈവരാജ്യ സുവാർത്ത സമോവയിലെത്തുന്നത് 1931-ലാണ്. ദ്വീപസമൂഹം സന്ദർശിച്ച ഒരു വ്യക്തി അന്ന് 470-ലേറെ പുസ്തകങ്ങളും ചെറുപുസ്തകങ്ങളും സമർപ്പിക്കുകയുണ്ടായി. സാധ്യതയനുസരിച്ച് ആ സന്ദർശകൻ സിഡ്നി ഷെപ്പേർഡാണ്. തീക്ഷ്ണതയുള്ള ആ സാക്ഷി ഏതാണ്ട് ആ കാലത്ത് പോളിനേഷ്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ച് സുവാർത്ത പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.
ഏഴു വർഷത്തിനുശേഷം രാജ്യസുവാർത്ത അമേരിക്കൻ സമോവയിലെത്തി. യഹോവയുടെ സാക്ഷികളുടെ ആസ്ഥാനത്തുനിന്നുള്ള ജെ.എഫ്. റഥർഫോർഡ് ഓസ്ട്രേലിയയിൽനിന്ന് ഐക്യനാടുകളിലേക്കു പോകുംവഴി ടുട്ടുവില ദ്വീപിലിറങ്ങിയപ്പോഴായിരുന്നു അത്. ആ ഹ്രസ്വ സന്ദർശനത്തിനിടെ, റഥർഫോർഡും കൂട്ടരും പാങ്ഗോ പാങ്ഗോ തുറമുഖ പട്ടണത്തിലെങ്ങും സാഹിത്യങ്ങൾ വിതരണം ചെയ്തു.
രണ്ടു വർഷത്തിനുശേഷം, 1940-ൽ, ഏഷ്യ-പസിഫിക് മേഖലയിൽ പലയിടത്തും പയനിയറായി പ്രവർത്തിച്ചിട്ടുള്ള ഹരാൾഡ് ഗിൽ അമേരിക്കൻ സമോവയിലെത്തി. മരിച്ചവർ എവിടെ? എന്ന ചെറുപുസ്തകത്തിന്റെ 3,500 പ്രതികളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ c
വരവ്. സമോവൻ ഭാഷയിലുള്ള, യഹോവയുടെ സാക്ഷികളുടെ ആദ്യ പ്രസിദ്ധീകരണമായിരുന്നു അത്.ഹരാൾഡ് പിന്നീട് സമോവയിലെ ഉപോലു ദ്വീപിലേക്കു പോയി. ബോട്ടിൽ എട്ടുപത്തു മണിക്കൂർ യാത്ര ചെയ്യണമായിരുന്നു അവിടെയെത്താൻ. അദ്ദേഹം പിന്നീട് എഴുതി: “ഞാൻ എത്തുന്നതിനുമുമ്പുതന്നെ എന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്ത അവിടെ എത്തിയിരുന്നുവെന്നു തോന്നുന്നു. എന്നെ കണ്ടപാടെ കരക്കിറങ്ങാനുള്ള അനുവാദമില്ലെന്ന് ഒരു പോലീസുകാരൻ പറഞ്ഞത് അതുകൊണ്ടാവണം. ഞാൻ എന്റെ പാസ്പോർട്ട് കാണിച്ചുകൊടുത്തിട്ട്, തന്റെ പ്രജയ്ക്ക് ‘തടസ്സംകൂടാതെ കടന്നുചെല്ലാനുള്ള അനുവാദവും ആവശ്യമായ സഹായ, സംരക്ഷണവും നൽകണമെന്ന്’ ബന്ധപ്പെട്ടവരോട് ബ്രിട്ടനിലെ രാജാവ് ആവശ്യപ്പെടുന്ന, അതിലെ പ്രഭാവപൂർണമായ പ്രാരംഭ പ്രസ്താവന വായിച്ചുകേൾപ്പിച്ചു. ഒടുവിൽ ഗവർണറെ കണ്ടു സംസാരിക്കാനുള്ള അവസരം ലഭിച്ചു. അഞ്ചു ദിവസംകഴിഞ്ഞ് അടുത്ത ബോട്ട് എത്തുന്നതുവരേക്കും അവിടെ തങ്ങാൻ അദ്ദേഹം അനുവദിച്ചു. വാടകയ്ക്ക് എടുത്ത സൈക്കിളിൽ ദ്വീപിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ സഞ്ചരിച്ച് ഞാൻ ചെറുപുസ്തകങ്ങൾ വിതരണംചെയ്തു.”
സമോവയിലെയും അമേരിക്കൻ സമോവയിലെയും വിജയകരമായ പ്രസംഗപര്യടനത്തിനുശേഷം, ഹരാൾഡിന് ഓസ്ട്രേലിയയിലേക്കു മടങ്ങേണ്ടിവന്നു. എന്നാൽ അദ്ദേഹം സമർപ്പിച്ച ഒരു ചെറുപുസ്തകം ഒടുവിൽ പെലെ ഫുവായിയുപ്പൊലു എന്നൊരു ഓഫീസ് ജീവനക്കാരന്റെ കൈയിൽ എത്തിച്ചേർന്നു. d ആ ചെറുപുസ്തകത്തിലെ സന്ദേശം പെലെയുടെ ഹൃദയത്തിൽ നശിക്കാതെ കിടന്നു, സാക്ഷികൾ മടങ്ങിവന്ന് നനയ്ക്കുന്നതും കാത്ത്.—1 കൊരി. 3:6.
12 വർഷങ്ങൾക്കുശേഷം, 1952-ൽ, ഇംഗ്ലണ്ടിൽനിന്നുള്ള ജോൺ ക്രൊക്സ്ഫേർഡ് ഉപോലു ദ്വീപിലെ സമോവൻ തലസ്ഥാനമായ ഏപ്പിയയിൽ എത്തിച്ചേർന്നു. പെലെയുടെ
ഓഫീസിൽത്തന്നെയായിരുന്നു അദ്ദേഹത്തിനും ജോലി. മറ്റുള്ളവരോടു സാക്ഷീകരിക്കാൻ ജോണിന് വലിയ ഉത്സാഹമായിരുന്നു. പെലെയ്ക്ക് ബൈബിളിൽ താത്പര്യമുണ്ടെന്നു കണ്ട ജോൺ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. പെലെ എഴുതുന്നു: “ഞായറാഴ്ച പുലരുംവരെ ഞങ്ങൾ സംസാരിച്ചിരുന്നു. ഞാൻ പല ചോദ്യങ്ങളും ചോദിച്ചു. എല്ലാത്തിനും അദ്ദേഹം ബൈബിളിൽനിന്ന് ഉത്തരം നൽകി. ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന സത്യം ഇതാണെന്ന് അതോടെ എനിക്കു ബോധ്യമായി.” ആ വർഷംതന്നെ പെലെയും ഭാര്യ ഐലൂവയും സമർപ്പിച്ചു സ്നാനമേറ്റു. യഹോവയുടെ സാക്ഷികൾ ആയിത്തീർന്ന ആദ്യത്തെ സമോവക്കാർ ഇവരാണ്.പൂർവികരുടെ മതം വിട്ടുപോയതിന് താൻ വിശദീകരണം നൽകേണ്ടിവരുമെന്ന് പെലെയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം കാര്യങ്ങൾ നന്നായി പഠിക്കുകയും യഹോവയുടെ സഹായത്തിനായി ഉള്ളുരുകി പ്രാർഥിക്കുകയും ചെയ്തു. ഒടുവിൽ കുടുംബത്തിലെ തലമൂത്ത കാരണവർ അദ്ദേഹത്തെ സ്വന്തം ഗ്രാമമായ ഫലെയാസ്യൂവിലേക്കു വിളിപ്പിച്ചു. ഏപ്പിയയ്ക്കു പടിഞ്ഞാറ് 19 കിലോമീറ്റർ അകലെയുള്ള ഒരു തീരദേശ ഗ്രാമമാണ് അത്. അവിടെ കാരണവർ ഒരു യോഗം വിളിച്ചുകൂട്ടിയിട്ടുണ്ടായിരുന്നു. യോഗത്തിനെത്തിയ പെലെയ്ക്കും താത്പര്യക്കാരനായ ഒരു ബന്ധുവിനും നേരിടേണ്ടിവന്നത് ആറു മുഖ്യന്മാരും മൂന്ന് ഔദ്യോഗിക പ്രഭാഷകരും പത്ത് പാസ്റ്റർമാരും രണ്ട് ദൈവശാസ്ത്ര അധ്യാപകരും കുടുംബത്തിലെ തലമൂത്ത അംഗങ്ങളുമടങ്ങിയ ക്ഷുഭിതരായ ഒരു സംഘം ആളുകളെയായിരുന്നു.
“പൂർവികരുടെ സഭയ്ക്കും കുടുംബത്തിനും ചീത്തപ്പേരുണ്ടാക്കിയെന്നു പറഞ്ഞ് അവർ ഞങ്ങളെ പ്രാകാനും ശപിക്കാനും തുടങ്ങി,” പെലെ ഓർക്കുന്നു. ‘ഒരു സംവാദം നടത്താം’ എന്ന് കാരണവർ അഭിപ്രായപ്പെട്ടത് അപ്പോഴാണ്. പുലർച്ചെ നാലുമണിവരെ ആ ചർച്ച നീണ്ടു.
“‘ആ ബൈബിൾ മാറ്റിവെക്ക്, വേറെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞാൽ മതി’ എന്ന് ചിലർ ആക്രോശിക്കുന്നുണ്ടായിരുന്നു. എങ്കിലും അവരുടെ ചോദ്യങ്ങൾക്കെല്ലാം ഞാൻ ബൈബിളിൽനിന്നുതന്നെ ഉത്തരം നൽകുകയും അവരുടെ വാദങ്ങളെ ഖണ്ഡിക്കുകയും ചെയ്തു,” പെലെ പറയുന്നു. “ഒടുവിൽ എല്ലാവരുടെയും വായടഞ്ഞു, ഇളിഭ്യരായി എല്ലാവരും തലകുനിച്ചിരുന്നു. കാരണവർ താഴ്ന്ന സ്വരത്തിൽ പറഞ്ഞു: ‘പെലേ, നീ ജയിച്ചു.’”
“ക്ഷമിക്കണം, ഞാൻ അങ്ങനെ കരുതുന്നില്ല. രാജ്യസന്ദേശം കേൾക്കാനുള്ള അവസരമാണ് ഇന്നു താങ്കൾക്ക് ലഭിച്ചത്. താങ്കൾ അതു സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ,” ആദരവോടെ പെലെ പറഞ്ഞു.
പെലെ യഹോവയിലും അവന്റെ വചനമായ ബൈബിളിലും ആശ്രയിച്ചു. അങ്ങനെ ഉപോലുവിൽ രാജ്യസത്യത്തിന്റെ വിത്ത് മുളയ്ക്കാൻ തുടങ്ങി.
ആദ്യകാല യോഗങ്ങൾ
പെലെയുടെ പുതിയ മതത്തെക്കുറിച്ചുള്ള വാർത്ത ദ്വീപിലെങ്ങും കാട്ടുതീപോലെ പടർന്നു. പൗലൊസിന്റെ പ്രസംഗം ശ്രദ്ധിച്ച ഒന്നാം നൂറ്റാണ്ടിലെ അഥേനക്കാരെപ്പോലെ, ‘നവീനോപദേശത്തെ’ക്കുറിച്ചു കൂടുതൽ അറിയാൻ ചിലർക്ക് ആകാംക്ഷയായി. (പ്രവൃ. 17:19, 20) ഈ പുതിയ മതത്തോട് അനുഭാവമുള്ളവർ ആശുപത്രിക്കടുത്ത് ഒരു ഡോക്ടറിന്റെ വീട്ടിൽ വാരന്തോറും കൂടിവരുന്നുണ്ടെന്നു മനസ്സിലാക്കിയ മാറ്റ്യൂസി ലിയായുവാണൈ എന്ന ചെറുപ്പക്കാരൻ അവിടെ എന്താണ് നടക്കുന്നതെന്നറിയാൻ ഉറച്ചു. ആശുപത്രിയുടെ ഗേറ്റുവരെ വന്ന അദ്ദേഹം പക്ഷേ അകത്തു കടക്കാനുള്ള ഭയംനിമിത്തം തിരിച്ചുപോകാനൊരുങ്ങി. അപ്പോഴാണ് ജോൺ ക്രൊക്സ്ഫേർഡ് അവിടെയെത്തുന്നത്. സഹോദരൻ അദ്ദേഹത്തെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. “ദൈവം സത്യവാൻ” പുസ്തകത്തിന്റെ പഠനം ആസ്വദിച്ച മാറ്റ്യൂസി വീണ്ടും വരണമെന്ന ആഗ്രഹത്തോടെ മടങ്ങി. ആദ്യമൊക്കെ അദ്ദേഹം ക്രമമായി യോഗങ്ങൾക്കു വന്നിരുന്നില്ല. എന്നാൽ പിന്നീട് സത്യം ഹൃദയത്തിൽ ആഴ്ന്നിറങ്ങുകയും 1956-ൽ അദ്ദേഹം സ്നാനമേൽക്കുകയും ചെയ്തു.
പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യം, കൂട്ടത്തോടൊപ്പം സഹവസിക്കാൻ തുടങ്ങിയ പുതിയവർ വൈകാതെതന്നെ തിരിച്ചറിഞ്ഞു. ക്രൊക്സ്ഫേർഡ് സഹോദരൻ ഏപ്പിയയിലെത്തി അഞ്ചു മാസത്തിനകം പത്തുപേരാണ് അദ്ദേഹത്തോടൊപ്പം പ്രസംഗവേലയിൽ ഏർപ്പെടാൻ തുടങ്ങിയത്. നാലുമാസംകൂടെ കഴിഞ്ഞപ്പോൾ അത് 19 ആയി. സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ സാക്ഷീകരിച്ച അവർക്ക് നല്ല ഫലങ്ങൾ ലഭിക്കുകതന്നെചെയ്തു.
അവരിലൊരാൾ ഫലെയാസ്യൂവിൽ താമസിച്ചിരുന്ന അടുത്ത ബന്ധുവായ സൗവാവു ടോയെറ്റുവിനോടു സാക്ഷീകരിച്ചു. കാലാന്തരത്തിൽ, കുടുംബസമേതം യോഗങ്ങൾക്കു വന്നുതുടങ്ങിയ സൗവാവുവും പെങ്ങളുടെ ഭർത്താവായ ഫിനൗ ഫെയോമായിയയും സത്യത്തിനുവേണ്ടി നിലപാടെടുത്തു.
1953 ജനുവരിയിൽ യഹോവയുടെ സാക്ഷികളുടെ ഓസ്ട്രേലിയൻ ബ്രാഞ്ച് ഓഫീസ് സമോവയിലെ ആദ്യത്തെ സഭയ്ക്ക് അംഗീകാരം നൽകി. അങ്ങനെ ഏപ്പിയ സഭ രൂപംകൊണ്ടു. സമോവയിൽ സത്യാരാധനയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലായിരുന്നു അത്. ആ സമയത്ത് ഏപ്പിയയിൽ യോഗങ്ങൾക്കായി 40-ഓളം ആളുകൾ കൂടിവരുന്നുണ്ടായിരുന്നു. പിന്നീട് ക്രൊക്സ്ഫേർഡ് സഹോദരൻ ഇംഗ്ലണ്ടിലേക്കു മടങ്ങിയപ്പോൾ സഭയ്ക്കു നേതൃത്വം നൽകേണ്ട ഉത്തരവാദിത്വം പുതിയതായി സ്നാനമേറ്റ പെലെയുടെ ചുമലിലായി. പ്രസാധകർ നിർഭയരും തീക്ഷ്ണതയുള്ളവരും ആയിരുന്നെങ്കിലും പുതിയവരായതിനാൽ അവർക്ക് അനുഭവപരിചയം കുറവായിരുന്നു. നയത്തോടും ആകർഷകമായ വിധത്തിലും രാജ്യസന്ദേശം അറിയിക്കാൻ അവരിൽ പലരും പഠിക്കേണ്ടിയിരുന്നു. (കൊലൊ. 4:6) വ്യക്തിത്വത്തിൽ മാറ്റംവരുത്തുന്നതിനു മറ്റുചിലർക്ക് സഹായം ആവശ്യമായിരുന്നു. (എഫെ. 4:22-24) ആ സഹായം വഴിയേ എത്തുമായിരുന്നു.—എഫെ. 4:8, 11-16.
കടൽകടന്ന് സഹായമെത്തുന്നു
1953 മേയിൽ ഏപ്പിയ സഭയെ സഹായിക്കാനായി ഓസ്ട്രേലിയയിൽനിന്ന് രണ്ടു പയനിയർമാരെത്തി, റോണാൾഡ് സെല്ലാർസും ഒലിവ് (ഡോളി) സെല്ലാർസും. “ഓസ്ട്രേലിയൻ ബ്രാഞ്ചിന് കുറച്ചുനാളത്തേക്ക് ഏപ്പിയ സഭയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല, സഹോദരങ്ങളുടെ കാര്യത്തിൽ ബ്രാഞ്ചിന് ഉത്കണ്ഠയുണ്ടായിരുന്നു,” റോൺ എഴുതുന്നു. “പസിഫിക്കിൽ പ്രവർത്തിക്കാൻ സന്നദ്ധരാണെന്നു ബ്രാഞ്ചിനെ അറിയിച്ചിരുന്നതിനാൽ, സമോവയിൽച്ചെന്ന്
പുതിയതായി രൂപംകൊണ്ട സഭയോടൊപ്പം പ്രത്യേക പയനിയർമാരായി സേവിക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു.”സമോവയിലേക്കു യാത്രചെയ്യവെ, ഒറ്റപ്പെട്ട പ്രദേശത്ത് സേവിക്കുന്ന മിഷനറിമാർക്ക് സാധാരണഗതിയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെ നേരിടാൻ സെല്ലാർസ് ദമ്പതികൾ മാനസികമായി തയ്യാറെടുത്തു. “പക്ഷേ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടുന്ന കാഴ്ചകളാണ് ഞങ്ങൾ അവിടെ കണ്ടത്,” റോൺ ഓർക്കുന്നു. “പച്ചപുതച്ച ദ്വീപ്. സദാ പുഞ്ചിരിതൂകുന്ന നല്ല ആരോഗ്യമുള്ള മനുഷ്യർ. ഓല മേഞ്ഞ, പവിഴപ്പുറ്റുകൊണ്ടുണ്ടാക്കിയ തറയുള്ള, വശങ്ങൾ കെട്ടിമറച്ചിട്ടില്ലാത്ത വീടുകൾ. അവയ്ക്കു ചുറ്റും ഓടിക്കളിക്കുന്ന കുട്ടികൾ. ആർക്കും സമയത്തെപ്പറ്റി ആധിയില്ല, തിരക്കില്ലാത്ത ജീവിതം. പറുദീസയിലെത്തിയ പ്രതീതിയായിരുന്നു ഞങ്ങൾക്ക്.”
പെലെയുടെ കുടുംബത്തോടൊപ്പം താമസമാക്കിയ സെല്ലാർസ് ദമ്പതികൾ താമസിയാതെതന്നെ പ്രവർത്തനമാരംഭിച്ചു. “സഹോദരങ്ങളുടെ അനവധിയായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരുന്നു മിക്കവാറും എല്ലാ ദിവസവും രാത്രിയിലെ പരിപാടി,” റോൺ പറയുന്നു. “അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ അറിയാമായിരുന്നെങ്കിലും ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിന് അവർ പല മാറ്റങ്ങളും വരുത്തേണ്ടിയിരുന്നു. അതിന് ഞങ്ങൾ അവരെ സഹായിച്ചു. വെല്ലുവിളി നിറഞ്ഞ ആ കാലത്ത് ഞങ്ങൾ അവരോടു സാധാരണയിൽക്കവിഞ്ഞ സ്നേഹവും ക്ഷമയും പ്രകടമാക്കി.” സങ്കടകരമെന്നു പറയട്ടെ, സ്നേഹപൂർവം നൽകിയ ഈ തിരുത്തൽ സ്വീകരിക്കാൻ ചിലർക്കു മനസ്സില്ലായിരുന്നു. അവർ കാലാന്തരത്തിൽ സഭ വിട്ടുപോയി. എന്നാൽ താഴ്മയോടെ ബുദ്ധിയുപദേശം കൈക്കൊണ്ട മറ്റുചിലർ പരിശീലനത്തിൽനിന്നും പ്രോത്സാഹനത്തിൽനിന്നും പ്രയോജനം നേടുകയും കാലപ്പോക്കിൽ ആത്മീയമായി പുരോഗമിക്കുകയും ചെയ്തു. അങ്ങനെ സഭ ശുദ്ധീകരിക്കപ്പെടുകയും ബലപ്പെടുകയും ചെയ്തു.
വീടുതോറും സാക്ഷീകരിക്കുന്നതിലും റോണും ഡോളിയും നേതൃത്വം നൽകി. അതുവരെയും മിക്ക സഹോദരങ്ങളും സുഹൃത്തുക്കളോടും അയൽക്കാരോടും അനൗപചാരികമായി മാത്രമേ സാക്ഷീകരിച്ചിരുന്നുള്ളൂ. എന്നാലിപ്പോൾ, സെല്ലാർസ് ദമ്പതികളോടൊപ്പം വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെടാൻ തുടങ്ങിയ അവർക്കു കൂടുതൽ താത്പര്യക്കാരെ കണ്ടുമുട്ടാനായി. “ഒരിക്കൽ, രാജ്യസന്ദേശത്തിൽ താത്പര്യം തോന്നിയ ഒരു മുഖ്യൻ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഞങ്ങളെ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്കു ക്ഷണിച്ചു. ഭക്ഷണത്തെ തുടർന്ന് സജീവമായ ഒരു ബൈബിൾ
ചർച്ച ആരംഭിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അതിനെ ഒരു പരസ്യപ്രസംഗം എന്നു വിളിക്കാമെന്നായി, കാരണം അമ്പതോളം പേർ അവിടെ വന്നിട്ടുണ്ടായിരുന്നു. അതും ഞങ്ങൾ യാതൊരു പ്രചാരണവും നടത്താതെതന്നെ!” പ്രസാധകർ രണ്ടോ മൂന്നോ വ്യക്തികളുമായി ബൈബിളധ്യയനം നടത്തുന്നിടത്ത് യഹോവയുടെ സാക്ഷികളുടെ വേലയെക്കുറിച്ചറിയാൻ താത്പര്യമുള്ള 10-40 ആളുകൾ കൂടിവരുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു.ഈ പ്രവർത്തനം ക്രൈസ്തവ വൈദികരുടെ ശ്രദ്ധയിൽപ്പെടാൻ താമസമുണ്ടായില്ല. ഡോളിയുടെയും റോണിന്റെയും വിസയുടെ കാലാവധി നീട്ടാൻ അധികൃതർ വിസമ്മതിച്ചപ്പോൾ, റോൺ ഹൈക്കമ്മീഷണറുടെ അടുക്കലെത്തി കാരണം ആരാഞ്ഞു. “ചില വൈദികർ സാക്ഷികളുടെ പ്രവർത്തനത്തെക്കുറിച്ച് ഗവണ്മെന്റിനോടു പരാതിപ്പെട്ടിരിക്കുകയാണത്രേ. അതുകൊണ്ട് പ്രസംഗവേലയിൽ സഭയെ സഹായിക്കുന്നതു നിറുത്താമെന്ന് ഉറപ്പു നൽകിയാൽ മാത്രമേ വിസയുടെ കാലാവധി നീട്ടിത്തരുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അതിനു സമ്മതമല്ലെന്ന് ഞാൻ അറിയിച്ചു. ദൈവത്തിന്റെ വേലയ്ക്കു തടയിടാൻ ആർക്കും കഴിയില്ലെന്നുംകൂടെ ഞാൻ കൂട്ടിച്ചേർത്തു. അപ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘അത് നിങ്ങൾ പോയിക്കഴിഞ്ഞ് കാണാം!’” റോൺ അനുസ്മരിക്കുന്നു.
ആ സംഭവത്തോടെ വിദേശത്തുനിന്നുള്ള സാക്ഷികൾക്ക് രാജ്യത്തു കടക്കുന്നതിനുള്ള അനുമതി ലഭിക്കാതെയായി. സാഹചര്യം അതായിരുന്നെങ്കിലും 1953-ൽ, ഓസ്ട്രേലിയൻ ബ്രാഞ്ചിൽ സേവിക്കുകയായിരുന്ന തിയോഡർ ജാരറ്റ്സിന് (ഇപ്പോൾ ഭരണസംഘാംഗം) അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ സമോവയിലെത്താനായി. അദ്ദേഹം സഭയ്ക്കു പ്രോത്സാഹനം പകർന്നു. “അദ്ദേഹത്തിന്റെ സന്ദർശനം ഞങ്ങൾക്കു പുത്തനുണർവു നൽകി. യഹോവയുടെ സംഘടനയ്ക്ക് ഒപ്പംതന്നെയാണ് ഞങ്ങൾ മുന്നേറുന്നതെന്ന് അതോടെ ഞങ്ങൾക്ക് ഉറപ്പായി,” റോൺ പറയുന്നു.
താമസിയാതെ സെല്ലാർസ് ദമ്പതികളുടെ വിസയുടെ കാലാവധി തീർന്നു, അവർ നേരെ അമേരിക്കൻ സമോവയിലേക്കു പോയി. എന്നിരുന്നാലും സമോവയിലുണ്ടായിരുന്ന എട്ടുമാസക്കാലം സഹോദരങ്ങളെ കെട്ടുപണിചെയ്യാനും ബലപ്പെടുത്താനും അവർ ആവുന്നതെല്ലാം ചെയ്തു. അവരുടെ കുറവു നികത്താൻ വൈകാതെതന്നെ മറ്റു സാക്ഷികൾ സമോവയിൽ എത്തുമായിരുന്നു.
ഏപ്പിയയിൽ പുരോഗതി
1954 മേയിൽ ഓസ്ട്രേലിയക്കാരനായ റിച്ചാർഡ് ജെങ്കെൻസ് ഏപ്പിയയിലെത്തി. പുതിയതായി സ്നാനമേറ്റ നല്ല ചുറുചുറുക്കുള്ള 23 വയസ്സുകാരനായിരുന്നു അദ്ദേഹം. റിച്ചാർഡ് പറയുന്നു, “ജോലി ഭദ്രമാകുന്നതിനുമുമ്പ് അവിടെയുള്ള സഹോദരങ്ങളുമായി ബന്ധപ്പെടരുതെന്ന് ഓസ്ട്രേലിയയിൽനിന്ന് പുറപ്പെടുന്നതിനുമുമ്പ് എനിക്കു നിർദേശം ലഭിച്ചിരുന്നു. എന്നാൽ ഏതാനും മാസങ്ങൾ കടന്നുപോയപ്പോൾ എനിക്കു വല്ലാത്ത ഏകാന്തത അനുഭവപ്പെടാൻ തുടങ്ങി. ആത്മീയ പ്രോത്സാഹനത്തിനായി ഞാൻ ദാഹിച്ചു. അതുകൊണ്ട് വളരെ കരുതലോടെ ഞാൻ പെലെയുമായി ബന്ധപ്പെടാൻ ശ്രമിച്ചു.” രാത്രിയുടെ മറവിൽ അവർ കണ്ടുമുട്ടി.
“എന്റെ യഥാർഥ പേര് ഉപയോഗിക്കില്ലെന്ന് പെലെ പറഞ്ഞു. സാക്ഷികളുമായി ബന്ധമുണ്ടെന്നു മനസ്സിലാക്കി അധികൃതർ എന്നെ നാടുകടത്തുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം,” റിച്ചാർഡ് ഓർക്കുന്നു. “അതുകൊണ്ട് അദ്ദേഹം സ്വന്തം മകന്റെ പേര് ചൊല്ലി എന്നെ വിളിച്ചു—വിറ്റിനെസെ. ‘വിറ്റ്നെസ്’ (സാക്ഷി) എന്ന വാക്ക് സമോവനിൽ ഉച്ചരിക്കുന്നത് അങ്ങനെയാണ്. ഇന്നും സമോവയിലെ സഹോദരങ്ങൾ എന്നെ അങ്ങനെയാണ് വിളിക്കുന്നത്.”
ഈ അപരനാമത്തിൽ റിച്ചാർഡ് സഹോദരങ്ങളുമായി ബന്ധംപുലർത്തി. അനൗപചാരികമായി സാക്ഷീകരിച്ചതിന്റെ ഫലമായി അദ്ദേഹത്തിനു നിരവധി ബൈബിളധ്യയനങ്ങളും ലഭിച്ചു. ഹെൽത്ത് ഇൻസ്പെക്ടറായ മുഫൗലു ഇങാലുവൗ എന്ന ചെറുപ്പക്കാരനായിരുന്നു ബൈബിൾ വിദ്യാർഥികളിൽ ഒരാൾ. ഇദ്ദേഹം പിന്നീട് സമോവൻ ബ്രാഞ്ച് കമ്മിറ്റി അംഗമായി. റിച്ചാർഡിന്റെ മറ്റൊരു വിദ്യാർഥിയായ ഫലേമായ ടുയിപോളോവയും പിന്നീട് മറ്റുപല കുടുംബാംഗങ്ങളും സാക്ഷികളായിത്തീർന്നു.
റിച്ചാർഡിന്റെ മറ്റൊരു ബൈബിൾ വിദ്യാർഥിയായിരുന്നു സിയെമ്മൂ ടാസി. പൊതുമരാമത്തു വകുപ്പിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചിരുന്ന ഒരു സംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം. പക്ഷേ, പഠിച്ചു തുടങ്ങി അധികം വൈകാതെ മുമ്പു നടത്തിയ മോഷണങ്ങളുടെ
പേരിൽ അദ്ദേഹം ജയിലിലായി. റിച്ചാർഡ് പിന്മാറിയില്ല; ജയിൽ വാർഡനിൽനിന്ന് അനുമതി നേടിയെടുത്ത അദ്ദേഹം ജയിലിനുപുറത്ത് ഏതാണ്ട് 100 മീറ്റർ മാറി ഒരു മാഞ്ചുവട്ടിൽ ഇരുന്ന് സിയെമ്മൂവിന് അധ്യയനമെടുത്തു. ക്രമേണ മറ്റു പല തടവുകാരും അധ്യയനത്തിൽ പങ്കെടുക്കാൻ തുടങ്ങി.“കാവൽക്കാരാരും അവിടെ ഉണ്ടായിരുന്നില്ലെങ്കിലും തടവുകാർ ഒരിക്കലും രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്നുമാത്രമല്ല ചിലർ സത്യം സ്വീകരിക്കുകയും ചെയ്തു,” റിച്ചാർഡ് ഓർക്കുന്നു. ജയിൽമോചിതനായ സിയെമ്മൂ പിന്നീട് ഒരു മൂപ്പനായിത്തീർന്നു.
1955-ൽ റിച്ചാർഡ് ഓസ്ട്രേലിയയിൽനിന്നുള്ള ഗ്ലോറിയ ഗ്രീൻ എന്ന പയനിയറെ വിവാഹംകഴിച്ചു. ഒരുമിച്ച് 15 വർഷം സമോവയിൽ സേവിച്ച അവർ ഓസ്ട്രേലിയയിലേക്കു മടങ്ങുംമുമ്പ് 35 പേരെ സത്യം പഠിക്കാൻ സഹായിച്ചു. അവരിപ്പോൾ ഓസ്ട്രേലിയയിലെ ബ്രിസ്ബണിലാണ് താമസിക്കുന്നത്. അവിടെ റിച്ചാർഡ് ഒരു സമോവൻ സഭയിൽ മൂപ്പനായി സേവിക്കുന്നു.
ആദ്യകാലത്ത് സമോവയിൽ സേവിച്ച മറ്റു രണ്ടുപേരാണ് ഓസ്ട്രേലിയയിൽനിന്നുള്ള വില്യം (ബിൽ) മോസും മാർജറി (ഗേളി) മോസും. ബിൽ പ്രായോഗിക ബുദ്ധിയുള്ള ഒരു മൂപ്പനായിരുന്നു, ഗേളിയാകട്ടെ 24 വർഷമായി പയനിയറും. 1956-ൽ അവർ ഏപ്പിയയിലെത്തുമ്പോൾ ആ സഭയോടൊപ്പം 28 പ്രസാധകർ സഹവസിക്കുന്നുണ്ടായിരുന്നു. ഏപ്പിയയിലും ഫലെയാസ്യൂവിലും പുസ്തകാധ്യയനക്കൂട്ടങ്ങളും ഉണ്ടായിരുന്നു. അടുത്ത ഒൻപതുവർഷം ബില്ലും ഗേളിയും ഏപ്പിയ സഭയോടൊപ്പം അക്ഷീണം പ്രവർത്തിച്ചു. 1965-ൽ ഗേളിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മോസ് ദമ്പതികൾക്ക് ഓസ്ട്രേലിയയിലേക്കു മടങ്ങേണ്ടിവന്നു. ആ സമയമായപ്പോഴേക്കും ഫലെയാസ്യൂവിലെ കൂട്ടം ഒരു സഭയായിത്തീർന്നിരുന്നു.
ആ കാലത്തൊന്നും സമോവൻ ഗവണ്മെന്റ് മിഷനറിമാർക്ക് രാജ്യത്തു
പ്രവേശിക്കാനുള്ള അനുമതി നൽകിയിരുന്നില്ല. യഹോവയുടെ സാക്ഷികൾ ക്രമേണ ഇല്ലാതാകുമെന്ന് അവരും വൈദികരും കണക്കുകൂട്ടി. എന്നാൽ മറിച്ചാണ് സംഭവിച്ചത്. സാക്ഷികൾ എണ്ണത്തിൽ വർധിച്ചു എന്നുമാത്രമല്ല അവരുടെ തീക്ഷ്ണത ഒന്നിനൊന്നു ജ്വലിക്കുകയും ചെയ്തു. അവരെ തുടച്ചുനീക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല!അമേരിക്കൻ സമോവയിൽ പുരോഗതി
1954-ൽ സമോവയിൽ തങ്ങാനുള്ള സെല്ലാർസ് ദമ്പതികളുടെ വിസയുടെ കാലാവധി തീർന്നു. എന്നാൽ അവർ ഓസ്ട്രേലിയയിലേക്കു മടങ്ങിപ്പോകാൻ ഒരുക്കമല്ലായിരുന്നു. വിസയുടെ കാലാവധി തീരുംമുമ്പുതന്നെ അവർ അമേരിക്കൻ സമോവയിലേക്കുള്ള വിസയ്ക്കുവേണ്ടി അപേക്ഷിച്ചു. റോൺ എഴുതുന്നു, “ഞാൻ അമേരിക്കൻ സമോവയിലെ അറ്റോർണി ജനറലിനെ പോയിക്കണ്ടു. യഹോവയുടെ സാക്ഷികളാണെന്ന ഒറ്റക്കാരണത്താലാണ് സമോവൻ ഗവണ്മെന്റ് വിസയ്ക്കുവേണ്ടിയുള്ള ഞങ്ങളുടെ അപേക്ഷകൾ തള്ളിയതെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം പറഞ്ഞു, ‘മിസ്റ്റർ സെല്ലാർസ്, അമേരിക്കൻ സമോവയിൽ മതസ്വാതന്ത്ര്യമുണ്ട്. നിങ്ങൾക്ക് വിസ തരപ്പെടുത്തുന്ന കാര്യം ഞാനേറ്റു.’”
1954 ജനുവരി 5-ന് റോണും ഡോളിയും അമേരിക്കൻ സമോവയിലെ പാങ്ഗോ പാങ്ഗോയിൽ എത്തിച്ചേർന്നു. വിസ ലഭിക്കുന്നതിനുള്ള ഒരു വ്യവസ്ഥയെന്നോണം തന്റെ ഓഫീസിൽ ഇടയ്ക്കിടെ റിപ്പോർട്ടു ചെയ്യണമെന്ന് അറ്റോർണി ജനറൽ റോണിനോടു ആവശ്യപ്പെട്ടിരുന്നു. യഹോവയുടെ സാക്ഷികളെക്കുറിച്ചു മെച്ചമായ ഒരു ധാരണ ലഭിക്കാനായിരുന്നു അത്. ആ കൂടിക്കാഴ്ചകൾ ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവസരങ്ങളായി ഉതകി.
ആ മാസത്തിനൊടുവിൽ, അറ്റോർണി ജനറൽ റോണിനെയും ഡോളിയെയും തന്റെ ഭവനത്തിൽ അത്താഴത്തിനായി ക്ഷണിച്ചു. ലണ്ടൻ മിഷനറി
സൊസൈറ്റിയുടെ പാസ്റ്ററിനെയും ആ ഇടവകയിലെ കത്തോലിക്കാ പുരോഹിതനെയുംകൂടെ അദ്ദേഹം ക്ഷണിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ സജീവമായ ഒരു ബൈബിൾ ചർച്ചയ്ക്കു വേദിയൊരുങ്ങി. റോൺ പറയുന്നു: “വിരുന്നിനൊടുവിൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയശേഷം അറ്റോർണി ജനറൽ പറഞ്ഞു, ‘ഇന്നത്തെ ചർച്ചയിൽ വിജയിച്ചത് സെല്ലാർസ് ദമ്പതികളാണെന്നു തോന്നുന്നു.’ അതിനുശേഷം അധികംവൈകാതെ ഞങ്ങൾക്ക് സ്ഥിരമായി തങ്ങാനുള്ള വിസ ലഭിച്ചു. സാക്ഷികളായ മിഷനറിമാർക്ക് വിസ നൽകാൻ ഗവണ്മെന്റ് സന്നദ്ധമാണെന്ന് പിന്നീട് അറ്റോർണി ജനറലിൽനിന്ന് വിവരം ലഭിച്ചപ്പോൾ ഞാനത് ഉടൻതന്നെ ഓസ്ട്രേലിയൻ ബ്രാഞ്ച് ഓഫീസിനെ അറിയിച്ചു.”അമേരിക്കൻ സമോവയിൽ സമർപ്പിച്ചു സ്നാനമേറ്റ ആദ്യവ്യക്തി 19-കാരനായ വാലെസി (വാലസ്) പെഡ്രോ ആയിരുന്നു. ടൊകെലൗവിലാണ് അദ്ദേഹം ജനിച്ചത്. ഫിജിയിൽ പ്രത്യേക പയനിയറായി സേവിക്കുകയായിരുന്ന ലിഡിയ പെഡ്രോയുടെ ബന്ധുവായിരുന്നു അദ്ദേഹം. 1952-ൽ ലിഡിയ അമേരിക്കൻ സമോവയിലെത്തിയപ്പോൾ വാലസിന്റെ ജ്യേഷ്ഠന് “ദൈവം സത്യവാൻ” എന്ന പുസ്തകം കൊടുത്തിട്ടുണ്ടായിരുന്നു. ജ്യേഷ്ഠന്റെ വീട്ടിൽനിന്ന് ലഭിച്ച പുസ്തകം വാലസ് ശ്രദ്ധാപൂർവം പഠിച്ചു.
1954-ൽ റോണും ഡോളിയും പെഡ്രോ കുടുംബത്തെ കണ്ടുമുട്ടി. അവർ വാലസിന്റെ ജ്യേഷ്ഠനും പെങ്ങൾക്കും അധ്യയനം ആരംഭിച്ചു. വാലസിന് യഹോവയിൽ വിശ്വാസമുണ്ടായിരുന്നെങ്കിലും അധ്യയനത്തിന് താത്പര്യമില്ലായിരുന്നു, മതത്തിലുള്ള അതൃപ്തിയായിരുന്നു കാരണം. എന്നിരുന്നാലും കുറെക്കഴിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികളുടെ പക്കലാണ് സത്യമുള്ളതെന്ന് അദ്ദേഹത്തിനു ബോധ്യമായി. വാലസ് ഫങ്ങറ്റോഗൊയിൽ ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. അതിവേഗം ആത്മീയ പുരോഗതി വരുത്തിയ വാലസ് 1955 ഏപ്രിൽ 30-ന് പാങ്ഗോ പാങ്ഗോ തുറമുഖത്ത് സ്നാനമേറ്റു.
റോണും ഡോളിയുമെത്തി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഫങ്ങറ്റോഗൊയിലെ അവരുടെ ചെറിയ ഭവനത്തിൽ ഏഴുപേർ യോഗത്തിനായി കൂടിവരുന്നുണ്ടായിരുന്നു. വീട്ടിൽ അധികം കസേരയൊന്നും ഇല്ലായിരുന്നതിനാൽ എല്ലാവരും ഇരുന്നത് തറയിലായിരുന്നു. അധികംതാമസിയാതെ അവരിൽ മൂന്നുപേർ റോണിനോടും ഡോളിയോടുമൊപ്പം വയൽസേവനത്തിൽ പങ്കെടുക്കാൻ തുടങ്ങി. അതൊരു ചെറിയ തുടക്കം മാത്രമായിരുന്നു, വിസ്മയാവഹമായ പുരോഗതിയിലേക്കുള്ള ആദ്യ ചുവടുവെപ്പുകൾ.
ഗിലെയാദ് മിഷനറിമാർ എത്തുന്നു
1955 ഫെബ്രുവരി 4-ന് ഐക്യനാടുകളിൽനിന്ന് രണ്ടു മിഷനറി ദമ്പതികൾ അമേരിക്കൻ സമോവയിൽ എത്തിച്ചേർന്നു—പോൾ എവൻസും ഫ്രാൻസിസ് എവൻസും, ഗോർഡൻ സ്കോട്ടും പട്രീഷ്യാ സ്കോട്ടും. ഫങ്ങറ്റോഗൊയിലെ മിഷനറി ഭവനത്തിൽ അവർ താമസമാക്കി. ആളും ആരവവും നിറഞ്ഞ ഒരു ചുറ്റുപാടാണ് അവിടെയുണ്ടായിരുന്നത്. ആ വർഷം പാങ്ഗോ പാങ്ഗോ സന്ദർശിച്ച സഞ്ചാരമേൽവിചാരകനായ ലെനാർഡ് (ലെൻ) ഹെൽബെർഗ് അതിനെ വർണിക്കുന്നത് ഇങ്ങനെ:
“ഒരു പഴയ പലചരക്കുകടയുടെ മുകളിലായിരുന്നു മിഷനറി ഭവനം. ഒരു വശത്ത് ഒരു തോടുണ്ടായിരുന്നു, അതിനപ്പുറത്ത് ഒരു ബാറും. വൈകുന്നേരമായാൽ അവിടെ ബോട്ടുജോലിക്കാരുടെ മേളമായിരിക്കും. ബാറിനകത്തുണ്ടാകുന്ന അടിപിടി തെരുവിലെത്തുന്നതോടെ സ്ഥലത്തെ പോലീസ് മേധാവി രംഗത്തെത്തുകയായി. പൊക്കം കുറഞ്ഞ, ദൃഢഗാത്രനായ ആ മനുഷ്യൻ ഒരു സിഗരറ്റും കടിച്ചുപിടിച്ച് ജനക്കൂട്ടത്തിനിടയിലേക്കു ചെന്ന് തലങ്ങുംവിലങ്ങും ഇടിതുടങ്ങും. താമസിയാതെ സ്ഥിതിഗതികൾ ശാന്തമാകും. പിൻവശത്തുള്ള പള്ളിയിൽനിന്നാണെങ്കിൽ നരകാഗ്നിയെക്കുറിച്ചുള്ള പ്രസംഗങ്ങൾ സ്ഥിരം കേൾക്കാമായിരുന്നു. മുൻവശത്തെ വരാന്തയിൽ നിന്നുനോക്കിയാൽ, മാസാവസാനം ശമ്പളം കൈപ്പറ്റാൻ വരുന്നവർ സ്ഥലത്തെ ബാങ്കിനു ചുറ്റും കൂട്ടംകൂടിനിൽക്കുന്നതു കാണാമായിരുന്നു. ദ്വീപിന്റെ പലഭാഗങ്ങളിൽനിന്നുള്ള ക്രൈസ്തവ മിഷനറിമാരെയും അന്ന് അവിടെ കാണാം. പണം ചെലവായിപ്പോകുന്നതിനു മുമ്പ് സഭാംഗങ്ങളിൽനിന്ന് ദശാംശം പിരിച്ചെടുക്കാനുള്ള തത്രപ്പാടിലായിരിക്കും അവർ.”
ആ ചുറ്റുവട്ടത്ത് ബൈബിളിൽ താത്പര്യമുള്ള അനേകരും ഉണ്ടായിരുന്നു. ലെൻ പറയുന്നു: “കാലത്ത് ആറു മണിക്കുതന്നെ പ്രവർത്തനം തുടങ്ങുന്ന ഒരു മിഷനറി ഉണ്ടായിരുന്നു. മിഷനറി ഭവനത്തിന് അടുത്തുള്ള ബാർബർഷോപ്പിലെ ബാർബറിനാണ് ആദ്യത്തെ അധ്യയനം; പിന്നീട്, സ്ഥലത്തെ ബേക്കറിക്കാരന്. ബേക്കറിയിൽനിന്ന് പ്രാതലിനുള്ള ബ്രഡും വാങ്ങി അദ്ദേഹം തിരികെ വീട്ടിലെത്തും. അന്നുതന്നെ സ്ഥലത്തെ ജയിലിലെ ഒരു കൂട്ടം തടവുകാർക്കും ആ സഹോദരൻ അധ്യയനം എടുത്തിരുന്നു.” വർഷാവസാനം ആയപ്പോഴേക്കും മിഷനറിമാർ ഏതാണ്ട് 60 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു, 200-ൽ അധികം ആളുകളുമായി.
“ചലച്ചിത്ര പ്രദർശനം—തികച്ചും സൗജന്യം”
പുതിയലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്) e എന്ന ചലച്ചിത്രം ആളുകളുടെ താത്പര്യം ഉണർത്തുന്നതിൽ ചെറുതല്ലാത്ത ഒരു പങ്കുവഹിച്ചു. ഏതാണ്ട് 40 വർഷം മുമ്പു നിർമിച്ച “സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിനുശേഷം സംഘടന പുറത്തിറക്കിയ ആദ്യത്തെ ചലച്ചിത്രമായിരുന്നു അത്. യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് സംഘടിതരായിരിക്കുന്നതെന്നും അതുപോലെതന്നെ അവരുടെ ആഗോള പ്രസംഗപ്രവർത്തനത്തിന്റെയും അച്ചടി വേലയുടെയും സവിശേഷതകളും അതിൽ ചിത്രീകരിച്ചിരുന്നു. 1955-ൽ അമേരിക്കൻ സമോവ സന്ദർശിച്ച വേളയിൽ 15 തവണ ലെൻ ഈ ചലച്ചിത്രം പ്രദർശിപ്പിച്ചു. മൊത്തം 3,227 പേർ അതു കാണാനെത്തി, ഓരോ പ്രദർശനത്തിനും ശരാശരി 215 പേർവെച്ച്.
“ഓരോ പ്രദർശനത്തിനുമുമ്പും ഞങ്ങൾ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് നോട്ടീസ് വിതരണം ചെയ്തു. ‘ഇന്നു രാത്രി ചലച്ചിത്ര പ്രദർശനം—തികച്ചും സൗജന്യം,’ പോകുംവഴി ഞങ്ങൾ വിളിച്ചുപറഞ്ഞു, ഒപ്പം പ്രദർശനം നടത്തുന്ന ഗ്രാമത്തിന്റെ പേരും,” ലെൻ ഓർക്കുന്നു.
ആ ചലച്ചിത്രം ആളുകളിൽ വളരെയധികം സ്വാധീനംചെലുത്തി. യഹോവയുടെ സാക്ഷികളെയും അവരുടെ പഠിപ്പിക്കലുകളെയുംകുറിച്ച് അറിയാനുള്ള ആളുകളുടെ ആകാംക്ഷ വർധിച്ചു. സാക്ഷികൾ തങ്ങളെ സന്ദർശിക്കാൻ കാത്തിരിക്കാതെ താത്പര്യക്കാരായ പലരും അങ്ങോട്ടുപോയി അവരെ കണ്ടു. ഒരേ സമയം മിഷനറി ഭവനത്തിന്റെ പല ഭാഗത്തായി അധ്യയനങ്ങൾ നടന്നു. ഒരു കൂട്ടർ പൊയ്ക്കഴിയുമ്പോഴേക്കും അടുത്ത കൂട്ടർ വന്നിട്ടുണ്ടാകും. “യഹോവയുടെ സാക്ഷികളെക്കുറിച്ച് കേൾക്കുമ്പോൾ ആളുകളുടെ മനസ്സിലേക്കു വരുന്നത് ആ ചലച്ചിത്രത്തിലെ രംഗങ്ങളാണ്, അവർ അതു കണ്ടിട്ട് വർഷങ്ങളായെങ്കിലും,” റോൺ പറയുന്നു.
സ്ഥിരോത്സാഹം ഫലംകാണുന്നു
ലെൻ ഹെൽബെർഗ് സന്ദർശിച്ച് രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും അമേരിക്കൻ സമോവയിൽ യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ സഭ രൂപംകൊണ്ടു. ഫങ്ങറ്റോഗൊയിലായിരുന്നു അത്. ഒരു വർഷത്തിനകം പ്രസാധകരുടെ എണ്ണം 14-ൽനിന്ന് 22 ആയി. ഏതാണ്ട് ആ സമയത്താണ് ഓസ്ട്രേലിയയിൽനിന്നുള്ള പ്രത്യേക പയനിയർമാരായ
ഫ്രെഡ് വെഗെനറും ഷെർളി വെഗെനറും വളർച്ചയുടെ പാതയിലായിരുന്ന ആ സഭയെ സഹായിക്കാനെത്തുന്നത്. ഫ്രെഡ് ഇപ്പോൾ അമേരിക്കൻ സമോവയിലെ കൺട്രി കമ്മിറ്റി അംഗമാണ്.അവിടത്തെ പ്രസാധകരും പയനിയർമാരും മിഷനറിമാരുമെല്ലാം “ആത്മാവിൽ എരിവുള്ള”വരായിരുന്നു. (റോമ. 12:11) “പ്രസാധകരുടെ സ്ഥിരോത്സാഹവും ആളുകൾക്ക് ബൈബിളിലുള്ള താത്പര്യവും കൂടെയായപ്പോൾ 1960-കളുടെ മധ്യത്തോടെ ഒരിക്കലെങ്കിലും ബൈബിളധ്യയനം നടത്താത്തതായി ഒരു ഭവനം പോലും ഫങ്ങറ്റോഗൊയിൽ ഇല്ലെന്നായി,” ലെൻ എഴുതുന്നു. ആ വർഷങ്ങളിൽ മാസത്തിലൊന്ന് എന്നകണക്കിൽ ദ്വീപിലെ എല്ലാ വീടുകളും ഞങ്ങൾ സന്ദർശിച്ചിരുന്നു.”
സമഗ്രമായ ഈ പ്രസംഗപ്രവർത്തനം ആളുകളെ സ്വാധീനിക്കുകതന്നെ ചെയ്തു. ലെൻ പറയുന്നു, “നരകാഗ്നി ഇല്ലെന്നും മരിച്ചവർ ഒന്നും അറിയുന്നില്ലെന്നും ആളുകൾ നിത്യമായി ജീവിക്കാൻ പോകുന്നത് ഭൂമിയിലാണെന്നും ഉള്ള സത്യങ്ങൾ എല്ലാവർക്കും അറിയാമെന്നായി. ആളുകൾ ഈ അടിസ്ഥാന സത്യങ്ങൾ മനസ്സിലാക്കിയത് പള്ളിയിൽനിന്നല്ല, യഹോവയുടെ സാക്ഷികളിൽനിന്നായിരുന്നു. ആളുകളെ നേരിൽക്കണ്ട് കാര്യങ്ങൾ അവരുടെ ബൈബിളിൽനിന്ന് കാണിച്ചുകൊടുത്തതിന്റെ ഫലമായിരുന്നു അത്.”
പക്ഷേ മിക്കവരും നടപടി എടുക്കാൻ തയ്യാറായില്ല, മതത്തോടുള്ള കൂറും കുടുംബബന്ധങ്ങളും ആയിരുന്നു തടസ്സം. മറ്റുചിലർക്കാണെങ്കിൽ ഉയർന്ന ധാർമിക നിലവാരങ്ങൾ പിന്തുടരാൻ താത്പര്യമില്ലായിരുന്നു. പള്ളിയിൽ തന്നെ നിൽക്കുകയാണെങ്കിൽ എങ്ങനെ ജീവിച്ചാലും പ്രശ്നമില്ലല്ലോ എന്നായിരുന്നു അവരുടെ ചിന്ത. എന്നിരുന്നാലും യേശുവിന്റെ ഉപമയിലെ സഞ്ചാരവ്യാപാരിയെപ്പോലെ സത്യത്തെ വിലയേറിയ ഒരു മുത്തായി കരുതി അതു സ്വന്തമാക്കിയ ആത്മാർഥഹൃദയരായ വ്യക്തികളുമുണ്ടായിരുന്നു. അവർ സധൈര്യം സത്യം സ്വീകരിച്ചു.—മത്താ. 13:45, 46.
സാക്ഷീകരണം—സമോവൻ ശൈലിയിൽ
“രസകരമായിരുന്നു അക്കാലത്ത് സാക്ഷീകരണം. ഏതാണ്ട് എല്ലാ വീട്ടിലുംതന്നെ ബൈബിളിനെക്കുറിച്ചു സംസാരിക്കാൻ താത്പര്യമുള്ള ആരെങ്കിലുമൊക്കെയുണ്ടായിരുന്നു. ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ഒരു പ്രയാസവുമില്ലായിരുന്നു. മിക്കപ്പോഴും കുടുംബാംഗങ്ങൾ എല്ലാവരും അധ്യയനത്തിൽ പങ്കെടുക്കുമായിരുന്നു,” വാലസ് പെഡ്രോയുടെ ഭാര്യ കാരളിൻ പറയുന്നു. 1960-ലാണ് കാനഡയിൽനിന്നുള്ള ആ പയനിയറെ വാലസ് വിവാഹംകഴിച്ചത്.
“ഉൾനാടൻ ഗ്രാമങ്ങളിലെ പ്രസംഗപ്രവർത്തനം മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ഞങ്ങൾ വീടുതോറും പോകുമ്പോൾ കുറെ കുട്ടികളും ഒപ്പം കൂടും. ഞങ്ങൾ പറയുന്നതെല്ലാം അവർ കാതുകൂർപ്പിച്ചു കേൾക്കും. എന്നിട്ട്, ഞങ്ങൾക്ക് മുമ്പേ ഓടി അടുത്തവീട്ടിൽച്ചെന്ന് ഞങ്ങൾ വരുന്നകാര്യം അവരെ അറിയിക്കും. ഞങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്, ഏതെല്ലാം തിരുവെഴുത്തുകളാണ് ഉപയോഗിക്കുന്നത് എന്നുപോലും അവർ വീട്ടുകാരോടു പറയുമായിരുന്നു! അതുകൊണ്ട്, ഞങ്ങൾ പല അവതരണങ്ങൾ തയ്യാറാകുമായിരുന്നു. കുട്ടികൾ ഞങ്ങളെ കടത്തിവെട്ടരുതല്ലോ!”
സാക്ഷീകരണത്തിൽ ഏർപ്പെടവെ നന്നായി പെരുമാറാനും നാട്ടുമര്യാദകൾ പാലിക്കാനും സഹോദരങ്ങൾ ശ്രദ്ധിച്ചിരുന്നു. (1 കൊരി. 9:20-23) മുൻമിഷനറിയും ഇപ്പോൾ ന്യൂസിലൻഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ചാൾസ് പ്രിച്ചാർഡ് എഴുതുന്നു: “ഉഷ്ണമേഖലാ കാലാവസ്ഥ ആയതിനാൽ ഗ്രാമങ്ങളിലുള്ള വീടുകളുടെ വശങ്ങൾ കെട്ടിമറയ്ക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിൽ ആളുണ്ടെങ്കിൽ അത് അറിയാനാകും. നിന്നുകൊണ്ട് സംസാരിക്കുന്നത് അല്ലെങ്കിൽ വീട്ടുകാരൻ നമ്മെ അകത്തേക്കു ക്ഷണിക്കുന്നതിനുമുമ്പ് സംസാരിക്കുന്നത് കടുത്ത അപമര്യാദയായിരുന്നു. അതുകൊണ്ട്, ഓരോ വീടിന്റെയും മുമ്പിൽച്ചെന്ന് വീട്ടുകാരൻ ഞങ്ങളെ കാണുന്നതുവരെ ഞങ്ങൾ ക്ഷമയോടെ കാത്തുനിൽക്കും. ഞങ്ങളെ കണ്ടുകഴിഞ്ഞാൽ അവർ നിലത്തു പായ് വിരിച്ചിട്ടുതരും. ചെരുപ്പഴിച്ചു വീട്ടിലേക്കു കടന്നിരിക്കാനുള്ള ക്ഷണമാണത്. പായിൽ ചമ്രംപടിഞ്ഞുവേണം ഇരിക്കാൻ.” ചമ്രംപടിഞ്ഞു ദീർഘനേരം നിലത്തിരിക്കുന്നത് മിക്ക മിഷനറിമാർക്കും ദുഷ്കരമായിരുന്നു. എന്നിരുന്നാലും കാലു നീട്ടിവെക്കുന്നതും അനുവദനീയം ആയിരുന്നു എന്നത് വലിയ ആശ്വാസമായിരുന്നു. പക്ഷേ കാലു മൂടാതെ നീട്ടിവെക്കുന്നത് മുന്നിലിരിക്കുന്നവരെ അപമാനിക്കുന്നതിന് തുല്യമായിരുന്നു.
20 വർഷം സമോവയിലും അമേരിക്കൻ സമോവയിലും മിഷനറിയായി സേവിച്ച ജോൺ റോഡ്സ് പറയുന്നു: “വീട്ടുകാർ ആദ്യം ഞങ്ങളെ ഉപചാരപൂർവം ക്ഷണിച്ചിരുത്തും. എന്നിട്ട്, ബൈബിൾ സന്ദേശം അവരുടെ എളിയ ഭവനത്തിൽ എത്തിക്കുകവഴി ഞങ്ങൾ അവരെ ആദരിച്ചിരിക്കുകയാണെന്നു പറയും. പിന്നീട് കുശലാന്വേഷണമായി, എവിടെനിന്നാണ് വരുന്നത്? കുട്ടികളുണ്ടോ? വീട്ടുകാരൊക്കെ എവിടെയാണ്? എന്നുംമറ്റും.”
ജോണിന്റെ ഭാര്യ ഹെലൻ പറയുന്നു: “അങ്ങേയറ്റം ആദരവോടെയാണ് ഞങ്ങൾ വീട്ടുകാരെ അഭിസംബോധന ചെയ്തിരുന്നത്. അങ്ങനെ ഞങ്ങൾ അവർക്ക് മാന്യത കൽപ്പിച്ചു. അത്തരം സംഭാഷണരീതി ഞങ്ങളുടെ ബൈബിൾ സന്ദേശത്തിനു മാറ്റുകൂട്ടുകയും ചെയ്തു.”
ഇത്തരം സംഭാഷണങ്ങളിലൂടെ ഞങ്ങൾക്ക് അവരെ അടുത്തറിയാൻ കഴിഞ്ഞു; അവർക്കു ഞങ്ങളെയും. അവരുടെ ആത്മീയ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി തൃപ്തിപ്പെടുത്താൻ അങ്ങനെ ഞങ്ങൾക്കു സാധിച്ചു.
പരിചയപ്പെടലൊക്കെ കഴിഞ്ഞാൽ പ്രസാധകർക്ക് വീട്ടുകാരോടു രാജ്യസന്ദേശം പറയാം. “സാധാരണഗതിയിൽ ഞങ്ങൾക്കു പറയാനുള്ളതെല്ലാം വീട്ടുകാർ കേട്ടിരിക്കും. പിന്നീട് അവരുടെ ഊഴമാണ്. ഞങ്ങളുടെ സന്ദേശത്തെ ഗൗരവമായെടുത്തു എന്നു കാണിക്കുന്നതിന് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ പലതും അവർ ആവർത്തിക്കും,” മുൻ മിഷനറിയായ റോബർട്ട് ബോയിസ് ഓർക്കുന്നു.
ആളുകൾക്ക് ബൈബിൾ സുപരിചിതമായിരുന്നതിനാൽ ബൈബിൾ പഠിപ്പിക്കലുകളെക്കുറിച്ചുള്ള നീണ്ട ചർച്ചകൾ സർവസാധാരണമായിരുന്നു. “ഇത്തരം ചർച്ചകൾക്കുവേണ്ടി തയ്യാറായത് വിവിധ ബൈബിൾ വിഷയങ്ങളിലെ എന്റെ ഗ്രാഹ്യം വർധിപ്പിച്ചു,” കാരളിൻ പെഡ്രോ പറയുന്നു. മിക്ക വീട്ടുകാരും സാഹിത്യങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു. പ്രസാധകർക്ക് കാലക്രമത്തിൽ ആത്മീയ കാര്യങ്ങളിൽ യഥാർഥ താത്പര്യമുള്ളവരെയും കേവലം കൗതുകത്തിന്റെ പേരിൽ ചർച്ചയ്ക്കു ക്ഷണിക്കുന്നവരെയും തമ്മിൽ തിരിച്ചറിയാൻ പറ്റുമെന്നായി.
യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയ താത്പര്യക്കാരിൽ പലർക്കും പ്രസംഗവേലയിൽ ഏർപ്പെടാൻ തിടുക്കമായിരുന്നു. ജോൺ റോഡ്സ് പറയുന്നു, “സമോവക്കാർ സ്വതവേ നല്ല വാഗ്സാമർഥ്യമുള്ളവരാണ്. അതുകൊണ്ടുതന്നെ പുതിയവരിൽ പലർക്കും അധികം
പരിശീലനമൊന്നും ഇല്ലാതെതന്നെ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ മറ്റുള്ളവരോടു പറയാൻ സാധിക്കുമായിരുന്നു. എങ്കിൽത്തന്നെയും സ്വന്തം പ്രാപ്തിയിൽ മാത്രം ആശ്രയിക്കാതെ, അച്ചടിച്ചുവരുന്ന നിർദേശങ്ങൾ വയലിൽ ബാധകമാക്കാനും തിരുവെഴുത്തുകൾ ഉപയോഗിച്ച് ന്യായവാദം ചെയ്യാനും ഞങ്ങൾ അവരെ പ്രോത്സാഹിപ്പിച്ചു.” സമർഥരായ സുവിശേഷകരെ വാർത്തെടുക്കുന്നതിന് അത്തരം പരിശീലനം ഉപകരിച്ചു.സമോവൻ സാഹിത്യങ്ങളുടെ സ്വാധീനം
സമോവയിൽ അനേകർക്കും ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാനാകും; എന്നാൽ അതിന് കഴിയാത്തവരും ഉണ്ട്. ഇത്തരം ആളുകളുടെ പക്കൽ സത്യം എത്തിക്കുന്നതിന് പെലെ 1954-ൽ നാലു ലഘുലേഖകൾ സമോവൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. അദ്ദേഹമായിരുന്നു വർഷങ്ങളോളം സംഘടനയുടെ മുഖ്യ സമോവൻ പരിഭാഷകൻ. ഒരു പഴയ ടൈപ്പ്റൈറ്റർ ഉപയോഗിച്ചാണ് പരിഭാഷപ്പെടുത്തിയ ഭാഗങ്ങൾ അദ്ദേഹം ടൈപ്പുചെയ്തിരുന്നത്. മിക്കപ്പോഴും രാത്രി വളരെ വൈകിയും മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിരുന്ന് അദ്ദേഹം ജോലിചെയ്യുമായിരുന്നു.
പരിഭാഷകനായി പ്രവർത്തിക്കുന്നതിനോടൊപ്പം പെലെ ഭാര്യയുടെയും എട്ടുമക്കളുടെയും കാര്യങ്ങൾ ശ്രദ്ധിക്കുകയും സഭാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും തോട്ടം ഇൻസ്പെക്ടറായി ജോലിനോക്കുകയും ചെയ്തു. ആഴ്ചയിൽ അഞ്ചര ദിവസം ദ്വീപിൽ അങ്ങോളമിങ്ങോളമുള്ള കൊക്കോ തോട്ടങ്ങളിൽ അദ്ദേഹം പരിശോധന നടത്തണമായിരുന്നു. “വിശ്രമം എന്തെന്ന് അറിയാത്ത വർഷങ്ങളായിരുന്നു അത്. പക്ഷേ പെലെ ഒരിക്കലും അംഗീകാരമോ കീർത്തിയോ ആഗ്രഹിച്ചില്ല. യഹോവ തന്നെ ഉപയോഗിക്കുന്നതിൽ അങ്ങേയറ്റം കൃതാർഥനായിരുന്നു അദ്ദേഹം. വിശ്വസ്തതയും താഴ്മയും തീക്ഷ്ണതയും അദ്ദേഹത്തെ നിസ്തുലനാക്കി. ഞങ്ങളെല്ലാം അതിയായി വിലമതിക്കുന്ന, സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം,” ലെൻ ഹെൽബെർഗ് എഴുതുന്നു.
1955-ൽ പ്രസാധകർ “രാജ്യത്തിന്റെ സുവാർത്ത” എന്ന 32 പേജുള്ള ചെറുപുസ്തകത്തിന്റെ സമോവൻ ഭാഷയിലുള്ള 16,000 പ്രതികൾ വിതരണം ചെയ്തു. അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ എളുപ്പം മനസ്സിലാക്കാൻ സഹായിക്കുന്നതായിരുന്നു ലളിതമായ ഭാഷയിലുള്ള ഈ ചെറുപുസ്തകം. ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിനും നടത്തുന്നതിനും ഏറ്റവും അനുയോജ്യമായിരുന്നു അത്. റിച്ചാർഡ് ജെങ്കെൻസ് എഴുതുന്നു: “ആ
ചെറുപുസ്തകം ഒന്നോ രണ്ടോ പ്രാവശ്യം പഠിച്ചുകഴിഞ്ഞാൽ, പുതിയവർ സ്നാനമേൽക്കാൻ സജ്ജരാകുമായിരുന്നു. ഞങ്ങൾക്ക് അത് എന്ത് ഇഷ്ടമായിരുന്നെന്നോ!” പിന്നീട് സമോവനിൽ മറ്റു ചെറുപുസ്തകങ്ങളും പുറത്തിറങ്ങി.സമോവൻ ഭാഷയിൽ വീക്ഷാഗോപുരം പ്രസിദ്ധീകരിച്ചത് 1958-ലാണ്. അച്ചടിവിദ്യ അറിയാമായിരുന്ന ഫ്രെഡ് വെഗെനർ, കല്ലച്ചിൽ അച്ചടിച്ച പേപ്പറുകൾ ഒരുമിച്ചു പിൻചെയ്ത് മാസികകൾ ഉണ്ടാക്കുകയായിരുന്നു. പിന്നീട് അച്ചടി ഐക്യനാടുകളിലേക്കും തുടർന്ന് ഓസ്ട്രേലിയയിലേക്കും മാറ്റി. സമോവൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ പല പ്രസിദ്ധീകരണങ്ങളും ഭാഗംഭാഗമായി മാസന്തോറുമുള്ള വീക്ഷാഗോപുരത്തിൽ പ്രത്യക്ഷപ്പെട്ടു. 1970-കൾ മുതൽ സമോവൻ ഭാഷയിൽ പൂർണരൂപത്തിൽ പുസ്തകങ്ങൾ പുറത്തിറങ്ങാൻ തുടങ്ങിയത് പ്രസംഗവേലയെ ത്വരിതപ്പെടുത്തി.
ബയൻഡിട്ട പുസ്തകങ്ങൾക്ക് സമോവൻ ദ്വീപുകളിൽ വൻവരവേൽപ്പാണ് ലഭിച്ചത്. 1955-ൽ പ്രസാധകർ, അർമഗെദോനെ അതിജീവിച്ച് നിങ്ങൾ ദൈവത്തിന്റെ പുതിയ ലോകത്തിലേക്കു പ്രവേശിച്ചേക്കാം എന്ന പുസ്തകം വിതരണംചെയ്തപ്പോൾ അമേരിക്കൻ സമോവയിലെ മിക്ക വീട്ടുകാരും അതു വാങ്ങി. “ബൈബിൾ വായിക്കുന്നവരാണെങ്കിലും മിക്കവരും അർമഗെദോനെക്കുറിച്ചു കേട്ടിട്ടില്ലായിരുന്നു, എന്നാൽ ഈ പുസ്തകം വായിച്ചശേഷം സ്ഥിതി മാറി. ‘അർമഗെദോൻ വരുന്നേ!’ എന്നു വിളിച്ചുപറഞ്ഞുകൊണ്ടാണ് ഗ്രാമത്തിലെ കുട്ടികൾ പലപ്പോഴും ഞങ്ങളുടെ വരവറിയിച്ചത്. എന്തിനധികം, ചിലർ തങ്ങളുടെ കുട്ടികൾക്ക് അർമഗെദോൻ എന്നു പേരിടുകപോലും ചെയ്തു!” വാലസ് പെഡ്രോ എഴുതുന്നു.
1972-ൽ പുറത്തിറങ്ങിയ നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകത്തിന്റെ സമോവൻ പതിപ്പും സമാനമായ പ്രഭാവം ചെലുത്തി. ആദ്യമൊക്കെ മിക്ക മിഷനറിമാർക്കും മാസത്തിൽ രണ്ട് കാർട്ടണുകളോ അതിലധികമോ പുസ്തകങ്ങൾ താത്പര്യക്കാർക്കു സമർപ്പിക്കാൻ കഴിഞ്ഞിരുന്നു. “ചിലപ്പോൾ ചന്തയിൽ നിൽക്കുമ്പോഴായിരിക്കും ആളുകൾ പുസ്തകവും ആവശ്യപ്പെട്ടുകൊണ്ട് വരുന്നത്, എന്തിന് ബസ്സിന്റെ ജനാലയ്ക്കിടയിലൂടെപോലും തലയിട്ട് ആളുകൾ സത്യം പുസ്തകം ചോദിച്ചിട്ടുണ്ട്,” ഫ്രെഡ് വെഗെനർ ഓർക്കുന്നു.
സമ്മേളനങ്ങൾ കരുത്തുപകരുന്നു
1957 ജൂണിൽ, അമേരിക്കൻ സമോവയിലെ പാങ്ഗോ പാങ്ഗോയിൽ നടന്ന ആദ്യ സർക്കിട്ട് സമ്മേളനം സഹോദരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാൻ സമോവയിൽനിന്നും പ്രസാധകരെത്തി. പൊതുജനത്തെ ക്ഷണിക്കേണ്ടതിന് സമ്മേളനപരിപാടികൾക്ക് ഇംഗ്ലീഷിലും സമോവനിലും വ്യാപകമായ പ്രചാരണം നൽകി. അതിന്റെ ഫലമായി വെള്ളിയാഴ്ചത്തെ പ്രാരംഭ സെഷനിൽ 106 പേരാണ് ഹാജരായത്. സമോവയിലും അമേരിക്കൻ സമോവയിലുംകൂടി ആ സമയത്ത് 60 പ്രസാധകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, അത് വലിയൊരു കാര്യമായിരുന്നു!
ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടായി. “സമോവൻ സംസ്കാരത്തിൽ ഭക്ഷണത്തിനു വലിയ പ്രാധാന്യമുണ്ട്. വഴിപോക്കരെ ഭക്ഷണത്തിനു ക്ഷണിക്കുന്നത് അവരുടെ ഒരു രീതിയായിരുന്നു. സമ്മേളനസ്ഥലത്തും സഹോദരങ്ങൾ അതുതന്നെ ചെയ്തു. വഴിയിൽ കൗതുകത്തോടെ നോക്കിനിന്ന പലരെയും അവർ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു. സഹോദരങ്ങൾക്ക് ആവശ്യമായ ഭക്ഷണം മാത്രം തയ്യാറാക്കിവെച്ച ഭക്ഷണഡിപ്പാർട്ട്മെന്റിനെ അതു പ്രതിസന്ധിയിലാക്കി,” റോൺ സെല്ലാർസ് പറയുന്നു.
എന്നിരുന്നാലും ഭക്ഷണവേളകൾ കാഴ്ചക്കാർക്ക് നല്ലൊരു സാക്ഷ്യത്തിന് അവസരമേകി. സമോവയിൽ, വിശിഷ്ടാവസരങ്ങളിൽ ആദ്യം പുരുഷന്മാരും പിന്നീട് സ്ത്രീകളും കുട്ടികളും ഭക്ഷണം
കഴിക്കുന്നതാണ് രീതി. വിദേശികളും മതശുശ്രൂഷകരും മറ്റുള്ളവരിൽനിന്ന് വേറിട്ടിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്, മാത്രമല്ല ഏറ്റവും നല്ലത് അവർക്കായി മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും സമ്മേളനസ്ഥലത്ത് കാഴ്ചക്കാർക്കു കാണാൻ കഴിഞ്ഞത് വിദേശ മിഷനറിമാരും സ്വദേശികളും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ്, അവരെല്ലാം തുല്യരായിരുന്നു. യഹോവയുടെ ജനത്തിനിടയിലെ സ്നേഹവും ഐക്യവും ഏവർക്കും ദൃശ്യമായിരുന്നു.ഇതുപോലുള്ള സമ്മേളനങ്ങൾ പ്രസാധകർക്ക് ആവശ്യമായ പ്രോത്സാഹനവും പരിശീലനവും നൽകിയെന്നു മാത്രമല്ല സമീപ ഭാവിയിൽ ഉണ്ടാകാനിരുന്ന കഠിന പരിശോധനകൾ നേരിടാൻ അവരെ സജ്ജരാക്കുകയും ചെയ്തു.
ഏപ്പിയയിൽ വിശ്വാസത്യാഗം
വളർച്ചയുടെ പാതയിലായിരുന്നു ദ്വീപുകൾ. അതേസമയം സമോവയിൽ പ്രശ്നങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. നല്ല സ്വാധീനശക്തിയുള്ള ഒരു മാതൈയുടെ (കുടുംബത്തലവൻ) നേതൃത്വത്തിൽ കുറെ വ്യക്തികൾ ദിവ്യാധിപത്യ നിർദേശങ്ങൾക്കുനേരെ പുറംതിരിഞ്ഞുനിന്നു. അവർ ഏപ്പിയ സഭയിൽ പ്രശ്നങ്ങൾക്കു വഴിമരുന്നിട്ടു. യോഗങ്ങൾ നടത്തിയിരുന്നത് ഈ വ്യക്തിയുടെ ഭവനത്തിലായിരുന്നതിനാൽ പ്രശ്നങ്ങൾ ഒന്നിനൊന്നു വഷളായി.
ഒടുവിൽ 1958-ൽ അവർ സഭ വിട്ടുപോയി സ്വന്തം ഗ്രൂപ്പ് സ്ഥാപിച്ചു. അന്ന് ഓസ്ട്രേലിയൻ ബ്രാഞ്ചിൽ സേവിക്കുകയായിരുന്ന ഡഗ്ലസ് ഹെൽഡ്, ഫിജി സന്ദർശിക്കുന്ന കൂട്ടത്തിൽ സമോവയിൽച്ചെന്ന് പ്രശ്നക്കാരായ വ്യക്തികളെ സഹായിക്കാൻ ശ്രമിച്ചു. അദ്ദേഹം നൽകിയ തിരുവെഴുത്തധിഷ്ഠിത ബുദ്ധിയുപദേശം സഭയിലെ വിശ്വസ്തരായവരെ അത്യന്തം ബലപ്പെടുത്തി. എന്നിരുന്നാലും അവിടെ യോഗങ്ങൾക്കു സംബന്ധിച്ചുകൊണ്ടിരുന്നവരിൽ നാലിലൊന്ന് കാലക്രമത്തിൽ വിശ്വാസത്യാഗികളോടൊപ്പം പോയി. അഹങ്കാരം തലയ്ക്കുപിടിച്ച അവരിൽ പലരെയും പിന്നീടു സഭയിൽനിന്നു പുറത്താക്കേണ്ടിവന്നു.
ആരോടൊപ്പമാണ് യഹോവയുടെ ആത്മാവ് ഉള്ളതെന്നു തെളിയാൻ താമസമുണ്ടായില്ല. പിരിഞ്ഞുപോയവർ വിഘടിച്ചുവിഘടിച്ച് നാമാവശേഷമായി. അതേസമയം ആ വർഷം ഏപ്പിയ സഭയിൽ പ്രസാധകരുടെ എണ്ണത്തിൽ 35 ശതമാനം വർധനയാണുണ്ടായത്. ഏപ്പിയ ആശുപത്രിക്കടുത്തുള്ള റിച്ചാർഡ് ജെങ്കെൻസിന്റെ ഭവനത്തിലായിരുന്നു കുറച്ചുനാൾ സഭ കൂടിവന്നത്. പിന്നീട് ഏപ്പിയയിലെ ഫാറ്റോയിയയിലുള്ള
മാറ്റ്യൂസി ലിയായുവാണൈയുടെ ഭവനത്തിലേക്കു മാറി. സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ഒരു അന്തരീക്ഷമാണ് സഹോദരങ്ങൾക്കവിടെ ആസ്വദിക്കാനായത്. പിന്നീട് മാറ്റ്യൂസി കൊടുത്ത സ്ഥലത്ത് ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ഒരു സഭയുടെ സാമ്പത്തിക സഹായത്തോടെ ഏപ്പിയയിലെ ആദ്യത്തെ രാജ്യഹാൾ പണിയുകയുണ്ടായി.പ്രോത്സാഹജനകമായ സഹവാസം
1959-ൽ ഏപ്പിയയിൽ നടന്ന ആദ്യത്തെ സർക്കിട്ട് സമ്മേളനത്തിൽ സംബന്ധിക്കാൻ അമേരിക്കൻ സമോവയിൽനിന്നുള്ള അഞ്ചുമിഷനറിമാർക്ക് സമോവൻ ഗവണ്മെന്റ് അനുമതി നൽകി. മിഷനറിമാരുടെ സാന്നിധ്യം ഏപ്പിയ സഭയ്ക്ക് ഏറെ പ്രോത്സാഹനം പകർന്നു. 288 പേർ സംബന്ധിച്ച ആ സമ്മേളനത്തിൽ 10 പേർ സ്നാനമേറ്റു. രണ്ടുവർഷത്തിനുശേഷം, ‘ദ വൈറ്റ് ഹോർസ് ഇൻ’ എന്ന ഗസ്റ്റ്ഹൗസിനടുത്തുള്ള ഒരു പഴയ ജർമൻ ആശുപത്രി കെട്ടിടത്തിൽവെച്ച് ഏപ്പിയയിലെ ആദ്യ ഡിസ്ട്രിക്റ്റ് കൺവെൻഷൻ നടന്നു. ചരിത്രപ്രധാനമായ ഈ കൺവെൻഷനിൽ അങ്ങു ദൂരെ ന്യൂസിലൻഡിൽനിന്നുപോലും പ്രതിനിധികളെത്തി.
ഈ രണ്ടു സന്ദർഭങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ സഹോദരങ്ങൾക്ക് നല്ല പരിശീലനം ലഭിച്ചു. പിന്നീട് സഞ്ചാരമേൽവിചാരകന്മാർക്കും മിഷനറിമാർക്കും രാജ്യത്തു കടക്കുന്നതിനുള്ള അനുമതി സമോവൻ ഗവണ്മെന്റ് നിഷേധിച്ച സാഹചര്യത്തിൽ സഹോദരങ്ങൾക്ക് സ്വന്തമായി സമ്മേളനങ്ങൾ സംഘടിപ്പിക്കാനായി. 1967-ൽ അവർ പുരാതന വേഷവിധാനത്തോടുകൂടിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള ബൈബിൾ നാടകം സംവിധാനം ചെയ്ത് അവതരിപ്പിക്കുകപോലും ചെയ്തു. സമോവയിൽ ആദ്യത്തേതായിരുന്നു അത്. പുരാതന ഇസ്രായേലിലെ സങ്കേത നഗരങ്ങളെക്കുറിച്ചുള്ള ആ നാടകം ഇന്നും ആളുകളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
ആ വർഷങ്ങളിൽ അമേരിക്കൻ സമോവയിലും ഫിജിയിലുംവെച്ചു നടന്ന കൺവെൻഷനുകളിൽ സംബന്ധിക്കുന്നതിനും സമോവയിലെ പ്രസാധകർക്ക് അവസരം ലഭിച്ചു. അയൽദ്വീപുകളിലെ സഹോദരങ്ങളെ ആ കൺവെൻഷനുകൾക്കു ക്ഷണിച്ചിരുന്നു. ഫിജിയിൽ നടക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കണമെങ്കിൽ ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള ചെലവുകൾ വഹിക്കുന്നതിനു പുറമേ സഹോദരങ്ങൾ ഒരു മാസത്തോളം സമോവയിൽനിന്നു മാറിനിൽക്കുകയും ചെയ്യണമായിരുന്നു. കൺവെൻഷനിൽ സംബന്ധിക്കുന്നതിന് നല്ല ത്യാഗവും ശ്രമവും ആവശ്യമായിരുന്നെങ്കിലും ഹാജരായവർക്ക് ധാരാളം പ്രയോജനങ്ങൾ അനുഭവിക്കാനായി.
അമേരിക്കൻ സമോവയുടെ കുതിപ്പ്
അമേരിക്കൻ സമോവയിലെ സഹോദരങ്ങൾ 1966-ൽ വലിയ സന്തോഷത്തിലായിരുന്നു; കാരണം മറ്റൊന്നുമല്ല, “ദൈവപുത്രന്മാരുടെ സ്വാതന്ത്ര്യം” ഡിസ്ട്രിക്റ്റ് സമ്മേളനം നടക്കാൻപോകുന്നത് പാങ്ഗോ പാങ്ഗോയിലായിരുന്നു. ചരിത്രപ്രധാനമായ ഈ കൺവെൻഷന് ഓസ്ട്രേലിയ, ടോംഗ, തഹീതി, നീയൂ, ന്യൂകലഡോണിയ, ന്യൂസിലൻഡ്, ഫിജി, വനുവാട്ടു (മുമ്പത്തെ ന്യൂ ഹെബ്രഡിസ്), സമോവ (മുമ്പ് പശ്ചിമ സമോവ), എന്നിവിടങ്ങളിൽനിന്നുള്ള എട്ടു ഭാഷാക്കൂട്ടങ്ങളിൽപ്പെട്ട 372 പ്രതിനിധികൾ സന്നിഹിതരായിരുന്നു. ഈ ബഹുഭാഷാക്കൂട്ടത്തിന്റെ വരവോടെ കൺവെൻഷൻ നഗരത്തിലെ സാക്ഷികളും പുറത്തുള്ളവരും തമ്മിലുള്ള അനുപാതം 1:35 ആയി. അവിടത്തെ പ്രാദേശിക സഭയിലാണെങ്കിൽ വെറും 28 പ്രസാധകരേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ!
ഈ ഏതാനും പ്രസാധകർ ഇത്രയധികം സഹോദരങ്ങൾക്ക് എങ്ങനെയാണ് താമസസൗകര്യം ഒരുക്കിയത്? ഫ്രെഡ് വെഗെനർ പറയുന്നു: “പ്രതിനിധികളായി എത്തിയ ഇത്രയധികംപേർക്ക് താമസിക്കാനുള്ള ഇടം കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. ആതിഥ്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിലായിരുന്നു നാട്ടുകാർ. ഒരു മടിയും കൂടാതെ അവർ സഹോദരങ്ങളെ തങ്ങളുടെ വീടുകളിൽ താമസിപ്പിച്ചു. മതാധ്യക്ഷന്മാരെ അത് ചൊടിപ്പിച്ചെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.”
ഈ കൺവെൻഷൻ പാങ്ഗോ പാങ്ഗോ സഭയെ ഏറെ സ്വാധീനിച്ചു. ആറുമാസത്തിനുള്ളിൽ, യോഗഹാജർ 59 ശതമാനം വർധിച്ചു, പുതിയവരായ പലരും സുവാർത്തയുടെ പ്രസാധകരായി. “ഏറെ സൗകര്യമുള്ള പുതിയൊരു രാജ്യഹാൾ പണിയാനും ഇതു സഹോദരങ്ങളെ പ്രേരിപ്പിച്ചു” എന്ന് റോൺ സെല്ലാർസ് എഴുതുന്നു. പാങ്ഗോ പാങ്ഗോ സ്ഥിതിചെയ്യുന്ന ടുട്ടുവില എന്ന ദ്വീപിൽ വെറുംഭൂമി ഒട്ടുംതന്നെ ഇല്ലെങ്കിലും, ഒരു പ്രസാധകൻ നഗരത്തിനു പടിഞ്ഞാറുള്ള ടാഫൂനയിൽ കുറച്ചു സ്ഥലം സഭയ്ക്ക് 30 വർഷത്തെ പാട്ടത്തിനുകൊടുത്തു.
“ആ സ്ഥലം സമുദ്രനിരപ്പിന് താഴെയായിരുന്നതുകൊണ്ട്, നിർമാണത്തിനുവേണ്ടി അത് ഉയർത്തിക്കൊണ്ടുവരാനുള്ള അഗ്നിപർവത ശിലകൾ ശേഖരിക്കാൻ സഹോദരങ്ങൾ മൂന്നുമാസം കഠിനമായി അധ്വാനിച്ചു,” ഫ്രെഡ് വെഗെനർ പറയുന്നു.
വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒരു സ്ഥിരം വായനക്കാരനായിരുന്നു അവിടത്തെ കത്തോലിക്ക പുരോഹിതൻ.
രാജ്യഹാളിന്റെ തറ കോൺക്രീറ്റ് ചെയ്യേണ്ട സമയമായപ്പോൾ പള്ളിയിലെ കോൺക്രീറ്റ് മിക്സർ ഉപയോഗിക്കാൻ അദ്ദേഹം അനുവദിച്ചു. “പിന്നീടൊരിക്കൽ വിവാഹത്തെക്കുറിച്ച് ഉണരുക!യിൽവന്ന ലേഖനം വായിച്ച ഈ പുരോഹിതൻ വിവാഹംകഴിക്കാനായി ഉടൻതന്നെ പൗരോഹിത്യം ഉപേക്ഷിച്ചു”വെന്ന് റോൺ സെല്ലാർസ് എഴുതുന്നു.വിദേശത്തുള്ള സഹോദരങ്ങളും രാജ്യഹാൾനിർമാണത്തെ അകമഴിഞ്ഞു സഹായിച്ചു. അമേരിക്കൻ സമോവയിലെ ആദ്യത്തെ മിഷനറിമാരായിരുന്ന, പിന്നീട് ഐക്യനാടുകളിലേക്കു തിരിച്ചുപോയ, ഗോർഡൻ സ്കോട്ടും ഭാര്യ പട്രീഷ്യായും തങ്ങളുടെ സഭയിൽനിന്ന് ഈ പുതിയ രാജ്യഹാളിനുവേണ്ടി കസേരകൾ സംഭാവനചെയ്തു. റോൺ സെല്ലാർസ് പറയുന്നു: “മിച്ചംവന്ന കസേരകൾ ഞങ്ങൾ അടുത്തുള്ള ഒരു സിനിമാതീയേറ്ററിനു വിറ്റു. അങ്ങനെ കിട്ടിയ പണം ഉപയോഗിച്ചാണ്, ഈ ദ്വീപിലേക്ക് കസേര എത്തിച്ചത്.” 130 പേർക്ക് ഇരിക്കാനുളള സൗകര്യമാണ് ഈ പുതിയ രാജ്യഹാളിന് ഉണ്ടായിരുന്നത്. 1971-ൽ രാജ്യഹാളിന്റെ സമർപ്പണം നടന്നു. പിന്നീട്, മിഷനറിമാർക്ക് താമസിക്കാനുള്ള സൗകര്യങ്ങളും അതിനു മുകളിലായി പണിതു.
സമോവ വാതിൽ തുറക്കുന്നു
വേലയുടെമേൽ ഗവണ്മെന്റ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ 1974 വരെ നമ്മുടെ മിഷനറിമാർക്ക് രാജ്യത്ത് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ വർഷം, ഉത്തരവാദിത്വം വഹിച്ചിരുന്ന പ്രദേശത്തെ സഹോദരന്മാർ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് ചർച്ച നടത്തി. അവരിൽ ഒരാളായിരുന്ന മുഫൗലു ഇങാലുവൗ എഴുതുന്നു: “മിഷനറിമാരുടെ അപേക്ഷകളെല്ലാം പരിശോധിക്കാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ഒരു അനധികൃത കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതായി ചർച്ചയ്ക്കിടെ ഞങ്ങൾക്കു മനസ്സിലായി. നമ്മുടെ മതവൈരികൾ ചേർന്നുള്ള ഈ കമ്മിറ്റി, പ്രധാനമന്ത്രിയെപ്പോലും അറിയിക്കാതെ വിസയ്ക്കുവേണ്ടിയുള്ള നമ്മുടെ അപേക്ഷകളെല്ലാം തള്ളിക്കളയുകയായിരുന്നു.
“ഈ അടിയൊഴുക്കുകളൊന്നും അറിയാതെ പ്രധാനമന്ത്രി, യഹോവയുടെ സാക്ഷികളെ സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ ഉടൻതന്നെ ചീഫ് ഇമിഗ്രേഷൻ ഓഫീസർക്ക് ഉത്തരവ് നൽകി. ഞങ്ങളുടെ മുമ്പിൽവെച്ചുതന്നെ, അദ്ദേഹം ആ കള്ളക്കമ്മിറ്റിയെ പിരിച്ചുവിടുകയും പോൾ എവൻസിനും ഭാര്യ ഫ്രാൻസിസിനും മൂന്നുവർഷത്തെ മിഷനറി വിസ അനുവദിക്കുകയും ചെയ്തു; ആ കാലാവധിക്കുശേഷം
അതു നീട്ടിയെടുക്കാനാകുമായിരുന്നു.” എത്ര വലിയൊരു വിജയമായിരുന്നു അത്! 19 വർഷത്തെ അക്ഷീണ ശ്രമത്തിനൊടുവിൽ, നിയമാനുമതിയുള്ള മിഷനറിമാരായി അവർക്ക് സമോവയിൽ പ്രവേശിക്കാൻ കഴിഞ്ഞു.മുഫൗലു ഇങാലുവൗയുടെ കുടുബത്തോടൊപ്പമായിരുന്നു പോളും ഫ്രാൻസിസും ആദ്യം താമസിച്ചിരുന്നത്. എന്നാൽ 1977-ൽ ജോൺ റോഡ്സും ഭാര്യ ഹെലനും എത്തിയതോടെ ഏപ്പിയയിലെ വൈയലയിൽ പുതുതായി വാടകയ്ക്കെടുത്ത മിഷനറി ഭവനത്തിലേക്ക് രണ്ടുമിഷനറി ദമ്പതികളും താമസം മാറ്റി. 1978-ൽ വന്ന റോബർട്ട് ബോയിസ്, ഭാര്യ ബെറ്റി, 1979-ൽവന്ന ഡേവിഡ് യോഷീകാവാ, ഭാര്യ സൂസൻ, 1980-ൽ വന്ന റസ്സൽ എൺഷോ, ഭാര്യ ലെയ്ലാനി എന്നിവരാണ് പിന്നീടെത്തിയ മിഷനറിമാർ.
ദ്വീപിലെ ജീവിതവുമായി ഇഴുകിച്ചേരുന്നു
ചെറിയൊരു പറുദീസയാണെങ്കിലും ദ്വീപിലെ ജീവിതം വെല്ലുവിളി നിറഞ്ഞതാണെന്ന് വിദേശികളായ ഈ സാക്ഷികൾക്ക് പെട്ടെന്നുതന്നെ മനസ്സിലായി. യാത്രാസൗകര്യങ്ങളായിരുന്നു ഒരു പ്രശ്നം. ജോൺ റോഡ്സ് എഴുതുന്നു: “ഏപ്പിയയിലെ ഞങ്ങളുടെ ആദ്യത്തെ രണ്ടുവർഷക്കാലത്ത് മിക്കപ്പോഴും ദീർഘദൂരം നടന്നാണ് ഞങ്ങൾ യോഗങ്ങൾക്കും വയൽസേവനത്തിനും പോയിരുന്നത്. ആളുകൾ സാധാരണ യാത്രചെയ്യുന്ന അവിടത്തെ വർണാഭമായ ബസ്സുകളെയും ഞങ്ങൾ ആശ്രയിച്ചിട്ടുണ്ട്.”
ഇടത്തരം ലോറിയിൽ തടികൊണ്ടുള്ള ഒരു കാബിൻ ഘടിപ്പിച്ച വർണാലംകൃതമായ ബസ്സുകളാണ് പൊതുവെ ഇവിടെ കാണാറുള്ളത്. യാത്രക്കാരും അവരുടെ പണിയായുധങ്ങളും പച്ചക്കറികളുംകൊണ്ട് നിറഞ്ഞ ബസ്സിൽ സൂചികുത്താൻപോലും ഇടംകാണില്ല. ഉച്ചത്തിലുള്ള സംഗീതവും പാട്ടുംകൂടെയാകുമ്പോൾ യാത്ര പൊടിപൂരം! ബസ്റ്റോപ്പ്, സമയപട്ടിക, ബസ് റൂട്ട് എന്നിവയ്ക്ക് എപ്പോൾ വേണമെങ്കിലും മാറ്റംവരാം. “വാവായൂവിലേക്കുള്ള ബസ് വളരെ സമയനിഷ്ഠയോടെയാണ് ഓടുന്നത്: അത് അവിടെ എത്തുന്ന സമയമാണ് അതിന്റെ സമയം” എന്ന് ഒരു യാത്രാഗൈഡ് പറയുന്നു.
ജോൺ പറയുന്നത് ശ്രദ്ധിക്കുക: “ഞങ്ങൾക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ ഡ്രൈവറോട് ഒന്നു പറയേണ്ട താമസം, ബസ് നിറുത്തിയിരിക്കും. പിന്നെ സാധനങ്ങളൊക്കെ വാങ്ങിയിട്ട് യാത്ര തുടരാം. വൈകുന്നതൊന്നും ആർക്കും ഒരു പ്രശ്നമല്ല.”
ബസ്സിൽ സീറ്റൊന്നും കാലിയില്ലെങ്കിൽ, പിന്നെ കയറുന്നവർ ഇരിക്കുന്നവരുടെ മടിയിലേക്കാണ് ഇരിക്കുക. അതുകൊണ്ട് മിഷനറിമാരായ ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ മടിയിലിരുത്താൻ പെട്ടെന്നുതന്നെ പഠിച്ചു. ഇറങ്ങുമ്പോൾ കുട്ടികളും മുതിർന്നവരും വണ്ടിക്കൂലിയായി കൊടുക്കുന്നത് മിക്കപ്പോഴും തങ്ങളുടെ ചെവിയിൽ തിരുകിവെച്ചിരിക്കുന്ന ഒരു ചെറുനാണയമായിരിക്കും; നാണയം സൂക്ഷിക്കാൻ എന്താ ഒരു സൗകര്യം!
ഒരു ദ്വീപിൽനിന്ന് മറ്റൊന്നിലേക്കു പോകുന്നതിന് പ്രസാധകരും മിഷനറിമാരും വിമാനങ്ങളെയും ചെറിയ ബോട്ടുകളെയും
ആശ്രയിച്ചിരുന്നു. യാത്ര അത്ര സുരക്ഷിതമായിരിക്കണമെന്നില്ല; വൈകി പുറപ്പെടുന്നതും എത്തുന്നതും നിത്യസംഭവം. “ക്ഷമയും നർമബോധവും പഠിക്കേണ്ടിയിരുന്നു ഞങ്ങൾക്ക്” എന്ന് സൗത്ത് പസിഫിക്കിൽ വർഷങ്ങളോളം സഞ്ചാര മേൽവിചാരകനായിരുന്ന പീറ്ററിന്റെ ഭാര്യ എലിസബത്ത് ഇല്ലിങ്വർത്ത് പറയുന്നു.നല്ലൊരു മഴ പെയ്താൽ കരയിലൂടെയുള്ള യാത്ര ദുരിതമാണ്, പ്രത്യേകിച്ചും ചുഴലിക്കാറ്റുള്ള സീസണിൽ. ഒരിക്കൽ സഭാപുസ്തകാധ്യയനത്തിന് പോകുകയായിരുന്നു മിഷനറിയായ ജഫ്രി ജാക്സൺ. നിറഞ്ഞൊഴുകുന്ന ഒരു തോടു കടന്നുവേണം പോകാൻ. മറുകരയിലെത്താനുള്ള ശ്രമത്തിനിടെ അദ്ദേഹം കാലുതെറ്റി കുത്തൊഴുക്കിലേക്കു വീണു. അവിടെനിന്നു നനഞ്ഞുകുതിർന്നു കയറിവന്ന അദ്ദേഹം യോഗസ്ഥലത്തേക്കുതന്നെ പോയി. പുസ്തകാധ്യയനം നടക്കുന്ന വീട്ടിൽച്ചെന്ന് തോർത്തിക്കഴിഞ്ഞപ്പോൾ, അവർ അദ്ദേഹത്തിന് വേറൊരു വസ്ത്രം നൽകി. ലവാലവാ എന്നു പേരുള്ള കറുത്ത ഒരു നീളൻകുപ്പായമായിരുന്നു അത് (പാവാടപോലുള്ള ഒരു പോളിനേഷ്യൻ വസ്ത്രം). യോഗത്തിനുവന്ന ഒരു പുതിയ താത്പര്യക്കാരൻ, അദ്ദേഹം കത്തോലിക്കാ പുരോഹിതനാണെന്നു തെറ്റിദ്ധരിച്ചത് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി! ജാക്സൺ സഹോദരൻ ഇപ്പോൾ ഭരണസംഘത്തിലെ ഒരംഗമാണ്.
ഇവിടെയെത്തിയ പുതിയവർക്ക് വേറൊരു ഭാഷ പഠിക്കുന്നതോടൊപ്പം, ഉഷ്ണമേഖലാപ്രദേശത്തെ ചൂട്, പുതിയ ആരോഗ്യപ്രശ്നങ്ങൾ, പരിമിതമായ ആധുനിക സൗകര്യങ്ങൾ, ക്ഷുദ്രജീവികളുടെ ശല്യം തുടങ്ങിയ മറ്റു വെല്ലുവിളികളും നേരിടേണ്ടിവന്നു. “മിഷനറിമാർ ഞങ്ങൾക്കുവേണ്ടി ചെയ്ത ത്യാഗം ചില്ലറയല്ല. അതുകൊണ്ടുതന്നെ, വിലമതിപ്പും നന്ദിയുമുള്ള പലരും തങ്ങളെ സ്നേഹപൂർവം സഹായിച്ച ആ പ്രിയപ്പെട്ടവരുടെ പേരാണ് സ്വന്തം മക്കൾക്ക് ഇട്ടിരിക്കുന്നത്” എന്ന് മുഫൗലു ഇങാലുവൗ എഴുതുന്നു.
സുവാർത്ത സവായിയിലേക്ക്
സമോവ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയതും മനുഷ്യന്റെ ‘ആക്രമണം’ ഏൽക്കാത്തതുമായ ദ്വീപായ സവായിയിലേക്ക് ഇനി നമുക്ക് ശ്രദ്ധതിരിക്കാം. ഉയർന്ന മലനിരകളും 450 അഗ്നിപർവത ഗർത്തങ്ങളും ഇടതൂർന്ന വനങ്ങളും ലാവ തണുത്തുറഞ്ഞ പ്രദേശങ്ങളും ഉള്ള ഇതിന്റെ ഒട്ടുമുക്കാൽഭാഗത്തും മനുഷ്യവാസമില്ല. തീരദേശത്ത് അങ്ങിങ്ങായുള്ള ചെറുഗ്രാമങ്ങളിലാണ് ഇവിടത്തുകാരിൽ ഭൂരിഭാഗവും വസിക്കുന്നത്. 1955-ലാണ് സവായിയിൽ ആദ്യമായി സുവാർത്ത എത്തുന്നത്. അന്ന് ഉപോലു ദ്വീപിൽനിന്ന് അവിടെ
ഹ്രസ്വമായൊരു സന്ദർശനം നടത്തിയ ലെൻ ഹെൽബെർഗും ഒരുകൂട്ടം പ്രസാധകരും പുതിയ ലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്) എന്ന ചലച്ചിത്രം അവിടെ പ്രദർശിപ്പിക്കുകയുണ്ടായി.ആറുവർഷം കഴിഞ്ഞപ്പോൾ, സമോവയിൽനിന്ന് ഗിലെയാദിൽ സംബന്ധിച്ച ആദ്യവ്യക്തിയായ റ്റിയ അലൂനിയെയും അവരുടെ സഹപ്രവർത്തക ഐവി കോവിയെയും അമേരിക്കൻ സമോവയിൽനിന്ന് സവായിയിലേക്ക് അയച്ചു. 1961-ൽ അവിടെയെത്തിയ ഈ സഹോദരിമാർ ദ്വീപിന്റെ കിഴക്കുവശത്തുള്ള ഫോങ്ങപോവ എന്ന ഗ്രാമത്തിൽ പ്രായമായ ഒരു ദമ്പതിമാരോടൊപ്പമാണ് താമസിച്ചത്. സവായിയിൽ നേരത്തെയുണ്ടായിരുന്ന, പ്രത്യേക പയനിയറായ വേറൊരു സഹോദരിയും പിന്നീട് കുറെക്കാലം അവരോടൊപ്പം ഉണ്ടായിരുന്നു. ആറേഴു പേരുള്ള അവിടത്തെ പുതിയ കൂട്ടത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി ഏപ്പിയയിൽനിന്നുള്ള സഹോദരന്മാർ മാസത്തിലൊരിക്കൽ അവിടെവന്ന് പരസ്യപ്രസംഗങ്ങൾ നടത്തുമായിരുന്നു. ഫോങ്ങപോവയിലെ ചെറിയൊരു ഫാലെയിൽ (വീട്ടിൽ) ആയിരുന്നു ഈ യോഗങ്ങൾ.
റ്റിയയും ഐവിയും 1964 വരെ അവിടെയുണ്ടായിരുന്നു. തുടർന്ന് അവരെ വേറൊരു ദ്വീപിലേക്കു നിയമിച്ചു. അതിനുശേഷമുള്ള പത്തുവർഷക്കാലത്തേക്ക് സവായിയിൽ കാര്യമായ പ്രസംഗവേലയൊന്നും നടന്നില്ല. അങ്ങനെയിരിക്കെ 1974 മുതൽ വേലയ്ക്ക് ആക്കംകൂട്ടാനായി നിരവധി കുടുംബങ്ങൾ അവിടേക്ക് താമസംമാറ്റി. അമേരിക്കൻ സമോവയിൽനിന്നുള്ള റീസാറ്റീ സേങ്കീ, ഭാര്യ മാറേറ്റ, ഹാപ്പി ഗോൾഡ്നർ ബാർനെറ്റ്, ഭാര്യ മാവോട്ട, ഫൈങ്കേയി റ്റൂ, പാലോറ്റെ അലങ്കീ, കൂമീ ഫലേമായ (പിന്നീട് തോംസൺ), റോൺ സെല്ലാർസ്, ഭാര്യ ഡോളി എന്നിവർ അവരിൽപ്പെടുന്നു. ഫോങ്ങപോവയിൽ രൂപീകരിക്കപ്പെട്ട ചെറിയ കൂട്ടം അവിടെ ബീച്ചിന് അടുത്തുള്ള സെഗിസിന്റെ ഫാലെയിലാണ് കൂടിവന്നിരുന്നത്. പിന്നീട് അതിനടുത്തായി ഒരു മിഷനറി ഭവനവും രാജ്യഹാളും പണിതു. കുറെ കാലത്തിനുശേഷം സവായിയുടെ പടിഞ്ഞാറൻ തീരത്തുള്ള ടങ്ങ എന്ന ഗ്രാമത്തിൽ മറ്റൊരു കൂട്ടമുണ്ടായി.
സവായിയിലുള്ള പ്രസാധകരെ സഹായിക്കാനായി 1979 മുതൽ കൂടുതൽ മിഷനറി ദമ്പതിമാരെ അവിടേക്ക് അയച്ചു. റോബർട്ട് ബോയിസ്, ഭാര്യ ബെറ്റി, ജോൺ റോഡ്സ്, ഭാര്യ ഹെലൻ, ലീവ ഫാഎയ്യൂ, ഭാര്യ റ്റെനീസിയ, ഫ്രെഡ് ഹോംസ്, ഭാര്യ റ്റാമി, ബ്രയൻ മൽക്കാച്ചി, ഭാര്യ സ്യൂ, മാത്യൂ കുർട്ട്സ്, ഭാര്യ ഡെബി, ജാക്ക് വൈസർ, ഭാര്യ മേരിജാൻ എന്നിവരാണ് അവർ. മിഷനറിമാരുടെ നേതൃത്വത്തിൽ സവായിയിലെ വേല മുന്നോട്ടു കുതിച്ചു.
പാരമ്പര്യങ്ങൾക്കും കുടുംബബന്ധങ്ങൾക്കും ഇവിടത്തെ ജനജീവിതത്തിന്മേൽ ശക്തമായ സ്വാധീനമുണ്ട്. ഗ്രാമങ്ങളിൽ മൂന്നിലൊന്നും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ നിരോധിക്കുകയും റേഡിയോയിലൂടെ അത് പൊതുജനത്തെ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് പുതിയവരുടെ ആത്മീയവളർച്ചയിൽ സഹായിക്കുന്നതിന് വളരെയേറെ സമയവും ക്ഷമയും ആവശ്യമായിരുന്നു. എന്നിട്ടും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ചിലർ ഉൾപ്പെടെ അനേകർ സത്യത്തിൽവന്നു.
യഹോവയെ സേവിക്കാൻ അനാരോഗ്യം തടസ്സമല്ല!
അത്തരം ഒരാളാണ് മെതുസെലാ നെരൂ. 12 വയസ്സുള്ളപ്പോൾ കുതിരപ്പുറത്തുനിന്നു വീണ് അദ്ദേഹത്തിന്റെ നടുവൊടിഞ്ഞതാണ്. “അപകടത്തിനുശേഷം, കൂനിയാണ് അദ്ദേഹം നടക്കുന്നത്; എപ്പോഴും വേദനയുമുണ്ട്” എന്ന് ഒരു മിഷനറി പറയുന്നു. മെതുസെലാ 19-ാം വയസ്സിൽ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ, കുടുംബത്തിൽനിന്ന് കടുത്ത എതിർപ്പുണ്ടായെങ്കിലും അതെല്ലാം സഹിച്ചുനിന്നു. രാജ്യഹാളിലേക്കുള്ള അഞ്ചുമിനിട്ടു നേരത്തെ നടപ്പ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം 45 മിനിട്ടുനേരത്തെ ഒരു അഗ്നിപരീക്ഷയാണ്. എന്നിട്ടും അദ്ദേഹം നന്നായി പുരോഗമിച്ച് 1990-ൽ സ്നാനമേറ്റു. പിന്നീട് ഒരു സാധാരണ പയനിയറും മൂപ്പനും ആയിത്തീർന്നു. അന്നുമുതൽ ബന്ധുക്കളായ 30-ലധികംപേർ ഫങ്ങയിലെ യോഗത്തിനുവരുകയും അനേകർ സ്നാനമേൽക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും മെതുസെലാ എത്ര സന്തോഷവും പ്രസരിപ്പും ഉള്ളവനാണെന്ന് ആ നാട്ടുകാർക്കെല്ലാം അറിയാം.
സത്യാരാധനയെപ്രതി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തരണംചെയ്ത മറ്റൊരു വ്യക്തിയാണ് സൗമലൂ റ്റൗആനൈ. കുഷ്ഠം പിടിച്ച് ആളുടെ രൂപംതന്നെ പാടേ മാറിയിരുന്നു. അവോപോ എന്ന വിദൂര ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്. വളരെ ഒറ്റപ്പെട്ട ഗ്രാമമായതുകൊണ്ട് കത്തിലൂടെയായിരുന്നു ആദ്യം ബൈബിൾ പഠനം. ഐവാൻ തോംസൺ എന്ന സഹോദരനാണ് അധ്യയനമെടുത്തിരുന്നത്.
പിന്നീട്, സവായിയിലേക്കുവന്ന ഏസാ കോ എന്ന പ്രത്യേക പയനിയർ ആ അധ്യയനം ഏറ്റെടുത്തു. സൗമലൂ ആദ്യമായി യോഗത്തിൽ സംബന്ധിച്ചത് 1991-ലാണ്; ദ്വീപിന്റെ എതിർവശത്തുള്ള ടങ്ങ എന്ന ഗ്രാമത്തിൽവെച്ചു നടക്കുന്ന യോഗത്തിൽ സംബന്ധിക്കാൻ രണ്ടുമണിക്കൂർ വണ്ടിയോടിക്കണമായിരുന്നു!ആദ്യമായി പ്രത്യേകദിന സമ്മേളനത്തിന് ഹാജരായപ്പോൾ, കാറിലിരുന്നുകൊണ്ടാണ് അദ്ദേഹം പരിപാടികൾ ശ്രദ്ധിച്ചത്. തന്റെ വികൃതരൂപവുമായി മറ്റുള്ളവരുടെ മുമ്പിൽ വരാനുള്ള മടിയായിരുന്നു കാരണം. എന്നാൽ ഉച്ചഭക്ഷണത്തിന്റെ സമയത്ത് സഹോദരീസഹോദരന്മാർ വന്ന് സ്നേഹപുരസ്സരം ഹൃദ്യമായി സ്വാഗതം ചെയ്തത് അദ്ദേഹത്തിന്റെ ഉള്ളിൽത്തട്ടി. അവരുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഉച്ചകഴിഞ്ഞുള്ള പരിപാടികൾ സദസ്സിലിരുന്ന് ആസ്വദിച്ചു.
സൗമലൂവും ഭാര്യ റ്റോറീസിയും തുടർന്ന് ഫങ്ങയിലെ യോഗങ്ങൾക്ക് ഹാജരാകാൻ തുടങ്ങി. ഇരുവശത്തേക്കുംകൂടെ രണ്ടുമണിക്കൂർ യാത്ര ചെയ്യണമായിരുന്നു അതിന്. 1993-ൽ സ്നാനമേറ്റ സൗമലൂ പിന്നീടൊരു ശുശ്രൂഷാദാസനായിത്തീർന്നു. ഒരു കാൽ മുറിച്ചുകളയേണ്ടിവന്നിട്ടും അദ്ദേഹം കാറോടിച്ച് യോഗങ്ങൾക്കു വരുമായിരുന്നു. അവർ താമസിക്കുന്ന ഗ്രാമത്തിൽ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് സൗമലൂവും റ്റോറീസിയും അനൗപചാരികമായും ടെലിഫോണിലൂടെയും തീക്ഷ്ണമായി സാക്ഷീകരിക്കുന്നു.
ഇപ്പോൾ ഏപ്പിയയിലാണ് ഇവരുടെ താമസം. അവിടെയാകുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളുള്ള സൗമലൂവിന് ചികിത്സ നേടാനുള്ള സൗകര്യമുണ്ട്. തന്റെ സാഹചര്യത്തെക്കുറിച്ച് ഓർത്ത് അദ്ദേഹം നിരാശപ്പെടുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള ക്രിയാത്മകവും സന്തോഷകരവുമായ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അറിയാത്തവരില്ല. അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഉറച്ച വിശ്വാസത്തെപ്രതി എല്ലാവർക്കും അവരോടു വലിയ മതിപ്പാണ്.
ടൊകെലൗവിലെ പരിശോധനകൾ
സമോവയ്ക്ക് വടക്കുള്ള ഒറ്റപ്പെട്ട മൂന്നുദ്വീപുകൾ ചേർന്ന ടൊകെലൗവിൽ രാജ്യസന്ദേശം എത്തിയത് 1974-ലാണ്. ആ വർഷം ഫിജിയിലെ തന്റെ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ റോപാറ്റി യുഈലി എന്ന ഒരു ഡോക്ടർ ടൊകെലൗവിൽ തിരിച്ചുവന്നു. സ്നാനമേറ്റ ഒരു സാക്ഷിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ എമായു. ഫിജിയിൽവെച്ച് അദ്ദേഹവും കുറച്ചുനാൾ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചിരുന്നു. f
ടൊകെലൗവിലായിരിക്കെ മറ്റൊരു ഡോക്ടറും ഭാര്യയും—യോണ റ്റീനിയേലുവും ഭാര്യ ലൂയിസയും—സ്നാനമേറ്റ സാക്ഷികളാണെന്ന കാര്യം റോപാറ്റി മനസ്സിലാക്കി. സാക്ഷികളായ ബന്ധുക്കളുള്ള, താത്പര്യക്കാരനായ നനൂമിയെ ഫോവ എന്ന മറ്റൊരു വ്യക്തിയെയും അദ്ദേഹം കണ്ടുമുട്ടി. ഈ മൂന്നുപേരും ക്രമമായ ബൈബിൾ യോഗങ്ങൾ സംഘടിപ്പിച്ച് പരസ്യപ്രസംഗങ്ങൾ നടത്തി, പെട്ടെന്നുതന്നെ ശരാശരി ഹാജർ 25 ആയി. ആ മൂന്നുപേരും അവരുടെ കുടുംബങ്ങളും അനൗപചാരിക സാക്ഷീകരണവും തുടങ്ങി.
എന്നാൽ ഈ ദിവ്യാധിപത്യപ്രവർത്തനം എല്ലാവർക്കുമൊന്നും അത്ര സുഖിച്ചില്ല. ലണ്ടൻ മിഷനറി സൊസൈറ്റിയുടെ ഒരു പാസ്റ്ററുടെ പ്രേരണയാൽ ദ്വീപിലെ ഗോത്രമൂപ്പന്മാരുടെ സമിതി ഈ മൂന്നുകുടുംബനാഥന്മാരെയും വിളിച്ചുവരുത്തി. റോപാറ്റി പറയുന്നു: “യോഗങ്ങൾ നിറുത്താൻ അവർ ഞങ്ങളോടു കൽപ്പിച്ചു, അനുസരിച്ചില്ലെങ്കിൽ ജീവനോടെ ഞങ്ങളെ വീട്ടിലിട്ടു കത്തിക്കുകയോ ചങ്ങാടത്തിൽ കെട്ടി കടലിലേക്ക് ഒഴുക്കിവിടുകയോ ചെയ്യുമെന്നും പറഞ്ഞു. തിരുവെഴുത്തുകളുടെ സഹായത്തോടെ ന്യായങ്ങൾ നിരത്താൻ ഞങ്ങൾ ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല. എല്ലായ്പോഴും അവരുടെ അധികാരത്തിനു കീഴ്പെടാനാണ് അവർ പ്രതീക്ഷിക്കുന്നത്.” ഈ അന്ത്യശാസനം ലഭിച്ചശേഷം, മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാത്തവിധം വിവേചനയോടെ യോഗങ്ങൾ നടത്താൻ ഈ കുടുംബങ്ങൾ തീരുമാനിച്ചു.
പ്രശ്നങ്ങൾ പക്ഷേ, അവിടംകൊണ്ടു തീർന്നില്ല. പന്ത്രണ്ടു വർഷത്തിനുശേഷം റോപാറ്റിയുടെ പെങ്ങളും ഭർത്താവും സത്യംപഠിച്ച് പള്ളിയിൽനിന്നു രാജിവെച്ചപ്പോൾ ഗ്രാമമുഖ്യന്മാർ ആ ഗ്രാമത്തിലുള്ള സകല സാക്ഷികളെയും അവിടെനിന്നു തുരത്തി. റോപാറ്റി എഴുതുന്നു: “അന്നു രാത്രി ഓരോ കുടുംബവും തങ്ങൾക്ക് അത്യാവശ്യംവേണ്ട സാധനങ്ങളുമായി കൊച്ചുബോട്ടുകളിൽ കയറി
ആ ദ്വീപിലെ ഏറ്റവും വലിയ ഗ്രാമത്തിലേക്ക് പലായനംചെയ്തു. അവരുടെ വീടുകളും കൃഷിയിടങ്ങളുമെല്ലാം മുൻ അയൽക്കാർ കൊള്ളയിട്ടു.”ഈ പീഡനത്തിന്മധ്യേയും ആ പ്രസാധകർ ധൈര്യസമേതം ആരാധനയ്ക്കായി കൂടിവന്നു. റോപാറ്റിയുടെ വാക്കുകൾ: “വാരാന്തത്തിൽ ഒന്നു കറങ്ങിയടിക്കാൻ പോകുകയാണെന്ന ഭാവേന ആ കുടുംബങ്ങൾ ശനിയാഴ്ച രാവിലെ ഒറ്റപ്പെട്ട ഒരു ചെറുദ്വീപിലേക്ക് പോകുകയും അവിടെ യോഗം നടത്തിയിട്ട് ഞായറാഴ്ച വൈകുന്നേരം തിരിച്ചെത്തുകയും ചെയ്തിരുന്നു.” അക്കാലത്ത് ഓരോ വർഷവും ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ സംബന്ധിക്കാനായി നിരവധി കുടുംബങ്ങൾ ടൊകെലൗവിൽനിന്ന് സമോവയിലേക്ക് ബോട്ടുയാത്ര ചെയ്യുമായിരുന്നു. ക്ഷീണിപ്പിക്കുന്ന ദീർഘയാത്രകളായിരുന്നു അവ.
എതിർപ്പിന് യാതൊരു കുറവുമുണ്ടാകാത്തതിനാൽ കാലക്രമത്തിൽ ഈ കുടുംബങ്ങൾ ന്യൂസിലൻഡിലേക്ക് കുടിയേറി. 1990 ആയപ്പോഴേക്കും ദ്വീപുകളിൽനിന്ന് അവസാനത്തെ സാക്ഷിയും അപ്രത്യക്ഷമായി. എന്നാൽ ടൊകെലൗവിലുള്ള ലോൺ റ്റെമ എന്ന ഒരു ചെറുപ്പക്കാരന് ഏപ്പിയയിൽ അന്ന് പയനിയറായി പ്രവർത്തിച്ചിരുന്ന ഐവാൻ തോംസൺ തപാൽ മുഖേന അധ്യയനം എടുത്തു. ആത്മീയമായി നന്നായി പുരോഗമിച്ച ലോൺ ഇപ്പോൾ ഓസ്ട്രേലിയയിൽ ഒരു മൂപ്പനായി സേവിക്കുകയാണ്.
പിന്നീട് പല പ്രസാധകരും ടൊകെലൗവിലേക്ക് തിരിച്ചുപോയി. അക്കാലത്ത് സമോവ ബ്രാഞ്ചിൽ സേവിച്ചിരുന്ന ജഫ്രി ജാക്സൺ, ദ്വീപിലുള്ള യഹോവയുടെ സാക്ഷികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ടൊകെലൗവിന്റെ ചുമതലയുള്ള ന്യൂസിലൻഡ് കമ്മിഷണറെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. “എന്നാൽ ഭാഷാപരമായ കാര്യങ്ങൾക്കുവേണ്ടി ടൊകെലൗ സന്ദർശിക്കാനുള്ള അനുമതി എനിക്കു ലഭിച്ചു. അവിടേക്കുള്ള കപ്പൽയാത്രയ്ക്കിടെ ക്യാപ്റ്റൻ എന്നെയും വേറൊരാളെയും അദ്ദേഹത്തോടൊപ്പം ലഘുഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. ഞാൻ കാണാൻ ശ്രമിച്ചുകൊണ്ടിരുന്ന കമ്മിഷണറായിരുന്നു എന്നോടൊപ്പം ക്ഷണിക്കപ്പെട്ട ആ വ്യക്തി! ഞങ്ങൾ ഒരു മണിക്കൂറിലധികം സംസാരിച്ചു. ചർച്ചയ്ക്കൊടുവിൽ, അദ്ദേഹം എന്നോടു നന്ദി പറഞ്ഞു; മാത്രമല്ല, ടൊകെലൗവിലെ സഹോദരങ്ങൾ നേരിടുന്ന പ്രശ്നത്തിന് അയവുവരുത്താൻ സാധിക്കുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പുനൽകുകയും ചെയ്തു,” ജഫ്രി എഴുതുന്നു.
ഇന്നും ടൊകെലൗവിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന് അധികാരികളുടെ എതിർപ്പുണ്ട്. 2006-ൽ, യാക്കോ. 1:2-4) യഹോവ തന്റെ വിശ്വസ്ത ദാസന്മാരെ കൈവിടുകയില്ലെന്ന് അവർ മനസ്സിലാക്കി.—ആവ. 31:6.
ഫ്യൂയിമാനു കീരീഫിയുടെയും ഹാറ്റിസയുടെയും ഇളയ കുട്ടി മരിച്ചതിനെത്തുടർന്ന് ഫ്യൂയിമാനു തിരുവെഴുത്തധിഷ്ഠിതമായ ഒരു ചരമപ്രസംഗം നടത്തിയപ്പോൾ, അവിടെനിന്ന് ഫ്യൂയിമാനുവിനെയും കുടുംബത്തെയും കെട്ടുകെട്ടിക്കുമെന്ന് ഗ്രാമത്തിലെ മൂപ്പന്മാരുടെ സമിതി ഭീഷണിമുഴക്കി. പിന്നീടൊരിക്കൽ ഫ്യൂയിമാനു സ്ഥലത്തെ പള്ളിക്കുവേണ്ടി ജോലി ചെയ്യാൻ വിസമ്മതിച്ചപ്പോഴും ഭീഷണി നേരിട്ടു. അതിനു പുറമേ, അദ്ദേഹത്തിനും ഭാര്യക്കും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കുപറ്റാനുള്ള സമ്മർദവുമുണ്ടായി. ഇതെല്ലാമുണ്ടായിട്ടും അവർ വിശ്വാസത്തിനുവേണ്ടി ഉറച്ച നിലപാടു സ്വീകരിച്ചു. അങ്ങനെ, അവരുടെ വിശ്വാസം ഏറെ ശക്തമായിത്തീർന്നു. ഫ്യൂയിമാനു പറയുന്നു: “പരിശോധനകൾ നേരിടുമ്പോൾ യഹോവയിൽ ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചിരിക്കുന്നു.” (വളർച്ചയുടെമേൽ യഹോവയുടെ അനുഗ്രഹം
സമോവയിൽ രാജ്യസുവാർത്ത എത്തിയകാലംമുതൽ വിവിധ ബ്രാഞ്ചുകൾ അവിടത്തെ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചിട്ടുണ്ട്. ഇപ്പോൾ ഓസ്ട്രേലിയ ബ്രാഞ്ചിനു കീഴിലുള്ള, നാലുസഹോദരന്മാർ ഉൾപ്പെട്ട ഒരു കൺട്രി കമ്മിറ്റിയാണ് സമോവൻ ദ്വീപുകളിലെ വേലയ്ക്ക് നേതൃത്വം വഹിക്കുന്നത്. അതിവിദൂര പ്രദേശങ്ങളിൽപ്പോലും രാജ്യസന്ദേശം എത്തിക്കാൻ ഈ വർഷങ്ങളിലുടനീളം സമോവയിലെ സഹോദരങ്ങൾ ചെയ്ത ശ്രമം ശ്ലാഘനീയമാണ്. അമേരിക്കൻ സമോവയിൽ സാക്ഷീകരിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങളുടെ സഹായത്താൽ ടുട്ടുവില ദ്വീപിൽനിന്ന് ഏതാണ്ട് 320 കിലോമീറ്റർ വടക്കുള്ള സ്വേൻസ് ദ്വീപിലും, 100 കിലോമീറ്റർ കിഴക്കുള്ള മനൂവാ ദ്വീപസമൂഹത്തിലും സുവാർത്ത എത്തിക്കാനായി. ഈ ക്രമീകരണപ്രകാരം സന്ദർശിച്ച സഹോദരങ്ങൾക്ക് നൂറുകണക്കിന് സാഹിത്യങ്ങൾ സമർപ്പിക്കുന്നതിനും താത്പര്യക്കാരുമായി നിരവധി ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിനും സാധിച്ചു. മറ്റു പ്രസാധകർ തങ്ങളുടെ പ്രദേശത്തു താമസിക്കുന്ന, മറ്റൊരു ഭാഷ സംസാരിക്കുന്ന ആളുകളോടു പ്രസംഗിച്ചുകൊണ്ട് ശുശ്രൂഷ വിപുലപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നു.
പരിഭാഷാവേലയ്ക്ക് ആക്കംകൂടുന്നു
പ്രസാധകരുടെ എണ്ണം വർധിച്ചതോടെ സമോവൻ സാഹിത്യത്തിന്റെ ആവശ്യവുംകൂടി. ഈ ആവശ്യം നിറവേറ്റാനായി ടുവാലുവിൽ
മിഷനറിമാരായിരുന്ന ജഫ്രി ജാക്സണെയും ഭാര്യ ജെനിയെയും 1985-ൽ സമോവ ബ്രാഞ്ചിലേക്ക് അയച്ചു. രണ്ടുപേരുള്ള സമോവൻ പരിഭാഷാ ടീമിന്റെ മേൽനോട്ടമായിരുന്നു ജഫ്രിക്ക്. അദ്ദേഹം പറയുന്നു: “ആദ്യകാലത്ത് ബെഥേലിലെ ഊണുമുറിയിലുള്ള മേശയ്ക്കൽ ഇരുന്നാണ് പരിഭാഷകർ ജോലി ചെയ്തിരുന്നത്. ദിവസവും രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് മേശ വൃത്തിയാക്കിയിട്ടു വേണമായിരുന്നു പരിഭാഷകർക്കു പണി തുടങ്ങാൻ. ഉച്ചയോടെ അവർ തങ്ങളുടെ സാധനങ്ങളെല്ലാം മാറ്റി ഉച്ചഭക്ഷണത്തിനുവേണ്ടി മേശകൾ ഒരുക്കണമായിരുന്നു. മേശ വൃത്തിയാക്കിയിട്ടു വേണമായിരുന്നു വീണ്ടും പരിഭാഷ തുടരാൻ.”തുടർച്ചയായ ഇത്തരം തടസ്സങ്ങൾ ഉത്പാദനത്തെ ബാധിച്ചിരുന്നു; മാത്രമല്ല, പരിഭാഷാ വേലയുടെ രീതിതന്നെ വളരെയേറെ സമയവും ശ്രമവും ആവശ്യമാക്കുന്ന ഒന്നായിരുന്നു. ജഫ്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “മിക്കവാറും എല്ലാംതന്നെ ആദ്യം കൈകൊണ്ട് എഴുതിയിട്ട് ടൈപ്പ് ചെയ്യുകയായിരുന്നു പതിവ്. അച്ചടിക്കുന്നതിനുമുമ്പ് പ്രൂഫ് വായിക്കുന്നതിനും തെറ്റുതിരുത്തുന്നതിനുമായി പലയാവർത്തി ടൈപ്പുചെയ്ത് പകർപ്പുണ്ടാക്കിയിരുന്നു.” 1986-ൽ ബ്രാഞ്ചിലേക്ക് ആദ്യമായി ഒരു കമ്പ്യൂട്ടർ വാങ്ങിയതോടെ, വീണ്ടുംവീണ്ടും ടൈപ്പുചെയ്ത് പകർപ്പുണ്ടാക്കുന്നതുപോലുള്ള ജോലി കുറയ്ക്കാനോ ഇല്ലാതാക്കാനോപോലും സാധിച്ചു. മറ്റു കമ്പ്യൂട്ടർവത്കൃത ഉപകരണങ്ങൾ പരിഭാഷയുടെയും അച്ചടിയുടെയും ആക്കംകൂട്ടി.
വീക്ഷാഗോപുരവും ഉണരുക!യും പരിഭാഷചെയ്ത് അച്ചടിക്കുന്നതിനാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. 1993 ജനുവരിമുതൽ സമോവൻ ഭാഷയിലുള്ള വീക്ഷാഗോപുരം ഇംഗ്ലീഷ് ലക്കത്തോടൊപ്പം ഏകകാലികമായിത്തന്നെ പുറത്തിറങ്ങിത്തുടങ്ങി, അതും ബഹുവർണത്തിൽ! തുടർന്ന് 1996-ൽ ഉണരുക!യുടെ ത്രൈമാസപ്പതിപ്പ് സമോവനിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ജഫ്രി പറയുന്നു: “ഉണരുക!യുടെ പ്രകാശനം സംബന്ധിച്ച വാർത്ത പത്രത്തിലും റേഡിയോയിലും മാത്രമല്ല, ദേശീയ ടെലിവിഷൻ ചാനലിലും വന്നു.”
ഇപ്പോൾ സമോവൻ ഭാഷയിലുള്ള സാഹിത്യങ്ങൾ ഉത്പാദിപ്പിക്കുന്നതിന് ഒരു പരിഭാഷാസംഘമുണ്ട്. ലോകമെമ്പാടുമുള്ള മറ്റ് പരിഭാഷാസംഘങ്ങളെപ്പോലെ, കഠിനാധ്വാനികളായ ഇവർക്കും സ്രോതഭാഷ നന്നായി മനസ്സിലാക്കാനും പരിഭാഷാവൈദഗ്ധ്യം വർധിപ്പിക്കാനും ഉദ്ദേശിച്ചുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാനായിരിക്കുന്നു. കൃത്യതയോടെയും ഏറെ കാര്യക്ഷമതയോടെയും പരിഭാഷ നിർവഹിക്കാൻ അങ്ങനെ അവർക്കു സാധിക്കുന്നു.
ബ്രാഞ്ച് വികസിപ്പിക്കുന്നു
1986-ൽ മിൽട്ടൺ ജി. ഹെൻഷൽ മേഖലാ മേൽവിചാരകനായി സമോവ സന്ദർശിച്ചപ്പോൾ, ബ്രാഞ്ചിന്റെ കൂടുതലായ ആവശ്യങ്ങൾ നിറവേറ്റാൻ സിനമോങ്ങയിലെ മിഷനറി ഭവനം പോരെന്ന് മനസ്സിലാക്കി. തുടർന്ന് കൂടുതലായ സൗകര്യങ്ങളുടെ ആവശ്യം വിലയിരുത്താൻ ഭരണസംഘം ബ്രുക്ലിനിലെ ഡിസൈൻ/ബിൽഡ് ഡിപ്പാർട്ടുമെന്റിൽനിന്നും ഓസ്ട്രേലിയയിലെ പ്രാദേശിക എൻജിനീയറിങ് ഓഫീസിൽനിന്നും ചില സഹോദരങ്ങളെ അവിടേക്ക് അയച്ചു. എന്തായിരുന്നു ആ സഹോദരന്മാരുടെ നിർദേശം? സിനമോങ്ങയിൽനിന്ന് അഞ്ചുകിലോമീറ്റർ ഉള്ളിലുള്ള, സീയൂസെങ്ങയിൽ ഏഴ് ഏക്കർ സ്ഥലം വാങ്ങി പുതിയ ബെഥേൽ സമുച്ചയം പണിയുക. അതു പൂർത്തിയായിക്കഴിഞ്ഞാൽ സിനമോങ്ങയിലുള്ള പഴയ ബെഥേൽ ഭവനം പൊളിച്ചുനീക്കിയിട്ട് അവിടെ പുതിയൊരു സമ്മേളനഹാൾ നിർമിക്കുക.
1990-ൽ പുതിയ ബ്രാഞ്ചിന്റെ നിർമാണം തുടങ്ങി. മൊത്തം 44 സാർവദേശീയ സേവകരും, 69 സാർവദേശീയ സ്വമേധാസേവകരും തദ്ദേശീയരായ 38 മുഴുസമയ സന്നദ്ധസേവകരും മറ്റനവധി പാർട്ട്-ടൈം തൊഴിലാളികളും ഈ നിർമാണവേലയിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. എന്നാൽ നിർമാണം നടന്നുകൊണ്ടിരിക്കെ ഒരു ദുരന്തം ആഞ്ഞടിച്ചു.
ദുരന്തം ആഞ്ഞടിക്കുന്നു!
ദക്ഷിണ പസിഫിക്കിൽ ആഞ്ഞടിച്ചിട്ടുള്ളതിലേക്കും ഏറ്റവും ശക്തമായ വൽ ചുഴലിക്കൊടുങ്കാറ്റ് 1991 ഡിസംബർ 6-ന് സമോവയെ പ്രഹരിച്ചു. മണിക്കൂറിൽ 260 കിലോമീറ്റർ വേഗത്തിൽ വീശിയ ആ കാറ്റ് അഞ്ചുദിവസം ചെറുദ്വീപുകളിൽ സംഹാരതാണ്ഡവമാടി. 90 ശതമാനം വൃക്ഷങ്ങളും നശിച്ചു; 38 കോടി യുഎസ് ഡോളറിന്റെ നാശനഷ്ടമുണ്ടായി. 16 പേർ മരണമടഞ്ഞു.
“ഉടൻതന്നെ ബ്രാഞ്ച് ഓഫീസ് ദുരിതാശ്വാസ പ്രവർത്തനം ആരംഭിച്ചു”വെന്ന് ജോൺ റോഡ്സ് പറയുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു കണ്ടെയ്നർ നിറയെ ദുരിതാശ്വാസ സാമഗ്രികൾ ഫിജി ബ്രാഞ്ചിൽനിന്നെത്തി. കൂടാതെ മറ്റ് പസിഫിക് ബ്രാഞ്ചുകളിൽനിന്ന് സാമ്പത്തിക സഹായവും ഉടൻതന്നെ ലഭിച്ചു.
സീയൂസെങ്ങയിലെ പുതിയ ബ്രാഞ്ചിന്റെ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന സാർവദേശീയ ദാസനായ ഡേവ് സ്റ്റേപ്പിൾട്ടൻ എഴുതുന്നു: “ശുദ്ധജലം, ടർപ്പോളിൻ, മണ്ണെണ്ണ, മരുന്നുകൾ
എന്നിവപോലുള്ള അവശ്യവസ്തുക്കൾ സഹോദരങ്ങൾക്ക് വിതരണം ചെയ്യുന്നതിനാണ് ആദ്യം ശ്രദ്ധ കൊടുത്തത്. പിന്നീട് ഞങ്ങൾ സിനമോങ്ങയിലെ ബെഥേൽ ഭവനം ഉപയോഗിക്കാവുന്ന നിലയിലാക്കുകയും ബ്രാഞ്ച് നിർമാണം നടക്കുന്നിടത്തെ കേടുപാടു സംഭവിച്ച കെട്ടിടങ്ങൾ നന്നാക്കുകയും ചെയ്തു. തുടർന്ന് കേടുപാടു പറ്റിയ രാജ്യഹാളുകൾ, മിഷനറി ഭവനങ്ങൾ, സഹോദരങ്ങളുടെ വീടുകൾ എന്നിവ കേടുപോക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്തു. ഇതിനൊക്കെ മാസങ്ങൾ വേണ്ടിവന്നു.”കെട്ടിടങ്ങളും മറ്റും നന്നാക്കാൻ പിന്നീട് എല്ലാ മതങ്ങൾക്കും ഗവണ്മെന്റ് സാമ്പത്തിക സഹായം നൽകി. യഹോവയുടെ സാക്ഷികൾക്കും അതു ലഭിച്ചു. എന്നാൽ സഹോദരങ്ങൾ എന്താണ് ചെയ്തത്? തങ്ങളുടെ കെട്ടിടങ്ങളൊക്കെ അതിനോടകം കേടുപോക്കി കഴിഞ്ഞതുകൊണ്ട് ആ തുക സർക്കാർ കെട്ടിടങ്ങൾ നന്നാക്കാൻ ഉപയോഗിക്കാവുന്നതാണ് എന്നു പറഞ്ഞുകൊണ്ടുള്ള ഒരു കത്തുസഹിതം അവരതു തിരികെക്കൊടുത്തു. ഇതിൽ വളരെ കൃതജ്ഞതയും മതിപ്പും തോന്നിയ ഗവണ്മെന്റ് ഉദ്യോഗസ്ഥർ ബ്രാഞ്ച് നിർമാണത്തിനായി വിദേശത്തുനിന്ന് കൊണ്ടുവരുന്ന സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചു; അങ്ങനെ ധാരാളം പണം ലാഭിക്കാനായി.
‘ആഗ്രഹിച്ചതിലും അധികമായി യഹോവ അനുഗ്രഹിച്ചിരിക്കുന്നു’
കൊടുങ്കാറ്റുമൂലം ഉണ്ടായ കേടുപാടുകൾ തീർത്തതിനെത്തുടർന്ന് പുതിയ ബ്രാഞ്ചിന്റെ നിർമാണം വളരെവേഗം പുരോഗമിച്ചു. ഒന്നര വർഷംകഴിഞ്ഞ് അതായത്, 1993 മേയിൽ, ബെഥേൽ സിനമോങ്ങയിൽനിന്നു സീയൂസെങ്ങയിലുള്ള പുതിയ സമുച്ചയത്തിലേക്കു മാറി. അങ്ങനെ ബെഥേൽ കുടുംബത്തിന്റെ ചിരകാല ആഗ്രഹം സഫലമായി.
1993 സെപ്റ്റംബറിൽ ഓസ്ട്രേലിയ, ഹവായ്, ന്യൂസിലൻഡ്, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽനിന്നായി സാക്ഷികളായ 85 വിദഗ്ധ തൊഴിലാളികൾ സിനമോങ്ങയിലെ സമ്മേളനഹാളിന്റെ നിർമാണത്തിനായി സമോവയിൽ എത്തിച്ചേർന്നു. എല്ലാവരും സ്വന്തം ചെലവിലാണ് യാത്ര ചെയ്തത്. ഓസ്ട്രേലിയൻ ടീമിനെ നയിച്ചിരുന്ന കെൻ ആബട്ടിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് എത്തിയവർ നിർമാണത്തോടുള്ള ബന്ധത്തിൽ വ്യത്യസ്തമായ പദങ്ങളും അളവുകളുമാണ് ഉപയോഗിച്ചിരുന്നതെങ്കിലും അതുമൂലം ഉണ്ടായ ഏതൊരു പ്രശ്നവും സന്തോഷത്തോടെ തരണംചെയ്യാൻ യഹോവയുടെ ആത്മാവ് ഞങ്ങളെ സഹായിച്ചു.”
“സാർവദേശീയ സാഹോദര്യം എന്നാൽ എന്താണെന്ന് അനുഭവിച്ചറിയാനായത് എല്ലാവരിലും ക്രിയാത്മകഫലം ഉളവാക്കി” എന്ന് ഹവായ് ടീമിലെ ഒരംഗമായ ഏബ്രഹാം ലിങ്കൺ പറയുന്നു.
സാർവദേശീയ നിർമാണ സംഘത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമായി വെറും പത്തുദിവസംകൊണ്ട് സമ്മേളനഹാളിന്റെ പണിതീർന്നു. അവരോടൊപ്പം പ്രവർത്തിച്ചതിലൂടെ അവിടത്തുകാരായ സഹോദരങ്ങൾക്ക് നല്ല തൊഴിൽ വൈദഗ്ധ്യങ്ങൾ പഠിക്കാനായി. കൂടാതെ, ആത്മീയമായി പ്രയോജനം നേടാനും സാധിച്ചു. അങ്ങനെ, നിർമാണം പൂർത്തിയായതോടെ ചില പ്രസാധകർ പയനിയറിങ് തുടങ്ങുകയോ ബെഥേൽ സേവനം തിരഞ്ഞെടുക്കുകയോ ചെയ്തു.
1993 നവംബർ 20, 21 തീയതികളിലായി ബ്രാഞ്ച് ഓഫീസിന്റെയും സമ്മേളനഹാളിന്റെയും സമർപ്പണം നടന്നു. ഭരണസംഘാംഗമായ ജോൺ ബാർ സഹോദരനാണ് സമർപ്പണപ്രസംഗങ്ങൾ നടത്തിയത്. സന്തോഷകരമായ ആ വേളയിൽ സന്നിഹിതരായിരുന്ന ദീർഘകാല മിഷനറിയായ പോൾ എവൻസ് മിക്കവരുടെയും വികാരങ്ങളെ സംഗ്രഹിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നമ്മൾ ആഗ്രഹിച്ചതിലും അധികമായി യഹോവ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.”
സത്യം ജീവിതത്തെ മാറ്റിമറിക്കുന്നു
ദൈവവചനത്തിലെ സത്യം ആളുകളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ തങ്ങളുടെ ജീവിതം യഹോവയുടെ ഉന്നത നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ അവർ പ്രേരിതരായിത്തീരുന്നു. പരിവർത്തനം വരുത്താനുള്ള ദൈവവചനത്തിന്റെ ശക്തി സമോവയിലെ നിരവധിപേർ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.—എഫെ. 4:22-24; എബ്രാ. 4:12.
ഒരു ഉദാഹരണം നോക്കാം. ങ്കോങ്കോ കുപുവും മാരിയയും സമോവക്കാരുടെ ഭാഷയിൽപ്പറഞ്ഞാൽ “ഇരുട്ടിൽ കഴിയുകയായിരുന്നു,” അതായത്, വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുകയായിരുന്നു. ഫ്രെഡ് വെഗെനർ പറയുന്നു: “ങ്കോങ്കോയും മാരിയയും വിവാഹിതരല്ലെന്ന് അറിയാതെ കുറെക്കാലത്തേക്ക് ഞങ്ങൾ അവരെ ബൈബിൾ പഠിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം, അവർ പുതുതായി ലഭിച്ച വിവാഹ സർട്ടിഫിക്കറ്റ് അഭിമാനത്തോടെ ഞങ്ങളെ കാണിച്ചു. അധികം താമസിയാതെ ഇരുവരും സ്നാനമേറ്റു. പിന്നീട് ങ്കോങ്കോ മരിച്ചുപോയെങ്കിലും മാരിയ ഇപ്പോഴും അമേരിക്കൻ സമോവയിൽ ഒരു സാധാരണ പയനിയറായി തുടരുകയാണ്.”
സമോവയിലെ പുതിയവർ നേരിടുന്ന മറ്റൊരു പ്രശ്നം രക്തത്തോടു ബന്ധപ്പെട്ടതാണ്. സമോവക്കാർ പന്നിയെയും കോഴിയെയുമൊക്കെ കഴുത്തു ഞെരിച്ചുകൊന്ന് പാകംചെയ്യുകയാണു പതിവ്. ഉല്പ. 9:4; ലേവ്യ. 17:13, 14; പ്രവൃ. 15:28, 29) അമേരിക്കൻ സമോവയിലുള്ള ഒരു ചെറുപ്പക്കാരി, രക്തം സംബന്ധിച്ചുള്ള വ്യക്തമായ ദൈവനിയമം സ്വന്തം ബൈബിളിൽ കണ്ടപ്പോൾ അന്ധാളിച്ചുപോയി. ജൂലീ-ആൻ പാഡ്ജെറ്റ് പറയുന്നു: “അവളുടെ വീട്ടുകാർ പള്ളിയിൽ പോകുന്നവരും ക്രമമായി ബൈബിൾ വായിക്കുന്നവരും ആയിരുന്നെങ്കിലും രക്തം കളയാത്ത മാംസമായിരുന്നു ചെറുപ്പംമുതൽ അവൾ ഭക്ഷിച്ചിരുന്നത്. എന്നിട്ടും, ബൈബിളിന്റെ നിർദേശത്തിനു ചേർച്ചയിൽ, രക്തം കളയാത്ത മാംസം ഭക്ഷിക്കുകയില്ലെന്ന് അവൾ ആ നിമിഷം തീരുമാനമെടുത്തു.” രക്തം സംബന്ധിച്ചുള്ള യഹോവയുടെ സാക്ഷികളുടെ നിലപാട് ഇന്ന് സമോവയിൽ പരക്കെ അറിയാം. ചികിത്സാരംഗത്തുള്ളവർക്കും, രക്തനിവേശനം സംബന്ധിച്ച നമ്മുടെ നിലപാടിനോട് പൊതുവെ അനുകൂല മനോഭാവമാണുള്ളത്.
ദൈവവചനം കുറ്റംവിധിക്കുന്ന ഒരു കാര്യമാണത്. (സ്രഷ്ടാവിന് സ്തുതികരേറ്റുന്ന യുവജനങ്ങൾ
ഭക്ഷണം പാകംചെയ്യാനും വീടും പരിസരവും വൃത്തിയാക്കാനും പച്ചക്കറിത്തോട്ടത്തിലെ പണികൾ ചെയ്യാനും ഇളയവരെ പരിപാലിക്കാനും സമോവയിലെ മാതാപിതാക്കൾ തങ്ങളുടെ മക്കളെ പരിശീലിപ്പിക്കുന്നു. ഇങ്ങനെയൊരു പരിശീലനം ലഭിക്കുന്നതുകൊണ്ടായിരിക്കണം സമോവയിലെ മിക്ക കുട്ടികളും നന്നേ ചെറുപ്പത്തിൽത്തന്നെ ആരാധനയോടുള്ള ബന്ധത്തിൽ ഉറച്ച നിലപാടു സ്വീകരിക്കുന്നത്; പലരും കുടുംബാംഗങ്ങളുടെ സഹായം ഇല്ലാതെയാണ് അങ്ങനെ ചെയ്യുന്നത്.
ആനീ റോപാറ്റിയുടെ കാര്യമെടുക്കുക. അവൾക്ക് 13 വയസ്സുള്ളപ്പോൾ, മാതാപിതാക്കൾ യോഗങ്ങൾക്കു വരുന്നതു നിറുത്തി. ഈ പെൺകുട്ടി പക്ഷേ, തന്റെ രണ്ട് ആങ്ങളമാരെയും അനുജത്തിയെയും കൂട്ടി എട്ടുകിലോമീറ്റർ നടന്ന് യോഗങ്ങൾക്കു വരുമായിരുന്നു. തുടർന്ന് ഒരു പയനിയറായിത്തീർന്ന അവൾ സീയൂസെങ്ങയിലെ ബ്രാഞ്ച് നിർമാണത്തിലും പങ്കെടുത്തു. ആനീ പറയുന്നു: “മിഷനറിമാർ എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചു; ആത്മീയമായി പുരോഗമിക്കാൻ എന്നെ സഹായിക്കുകയും ചെയ്തു.”
നിർമാണസ്ഥലത്തുവെച്ച് ഈ സഹോദരി ഓസ്ട്രേലിയയിൽനിന്നുള്ള സ്റ്റീവ് ഗോൾഡ് എന്നൊരു സഹോദരനെ കണ്ടുമുട്ടി. പിന്നീട് വിവാഹിതരായ ഇവർ ദക്ഷിണപൂർവ ഏഷ്യ, ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളിൽ സാർവദേശീയ സേവകരായി പ്രവർത്തിച്ചു; തുടർന്ന് സമോവ ബെഥേലിലേക്കു തിരിച്ചുപോയി. ഇപ്പോൾ ഇരുവരും ഓസ്ട്രേലിയ ബ്രാഞ്ചിലാണ്.സുവാർത്ത റേഡിയോയിലൂടെ
രാജ്യത്തിന്റെ സുവാർത്ത സകലരെയും അറിയിക്കാൻ യഹോവയുടെ സാക്ഷികൾ ഇക്കാലമത്രയും നിരവധി മാർഗങ്ങൾ അവലംബിച്ചിരിക്കുന്നു. അവയിൽ വളരെ ഫലകരമായ ഒന്ന് റേഡിയോയാണ്. 1996 ജനുവരിമുതൽ ഏപ്പിയയിലുള്ള ഒരു സ്വതന്ത്ര എഫ്എം റേഡിയോ സ്റ്റേഷൻ, പ്രതിവാര പരിപാടി അവതരിപ്പിക്കാൻ യഹോവയുടെ സാക്ഷികളെ ക്ഷണിച്ചു. “നിങ്ങളുടെ ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ” എന്നായിരുന്നു അതിന്റെ പേര്.
ഇതിലെ വിവരങ്ങൾ തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തിരുന്നത് സമോവ ബ്രാഞ്ചിലെ ലീവ ഫാഎയ്യൂവും പാലോറ്റെ അലങ്കീയുമാണ്. ലീവ പറയുന്നു: “ഞങ്ങളുടെ ആദ്യത്തെ പരിപാടിയിൽ അലങ്കീ സഹോദരൻ പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ഉന്നയിച്ചു: നോഹയുടെ കാലത്ത് ഒരു ജലപ്രളയം ഉണ്ടായോ? എവിടെനിന്നാണ് അത്രയും വെള്ളം വന്നത്? ആ വെള്ളമെല്ലാം എവിടെ പോയി? എങ്ങനെയാണ് അത്രയും ജന്തുക്കളെ പെട്ടകത്തിൽ കൊള്ളിച്ചത്? നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്നെടുത്ത വിവരങ്ങൾ ഉപയോഗിച്ച് ഞാൻ അവയ്ക്ക് ഉത്തരം കൊടുത്തു. പരിപാടിയുടെ അവസാനം അടുത്ത വാരത്തിലെ വിഷയം പറയുകയും ചോദ്യങ്ങളുള്ള ശ്രോതാക്കൾ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മറ്റു പരിപാടികളിൽ ഇത്തരം ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകി: ക്രിസ്ത്യാനികൾക്ക് ഒരു ഭാര്യയേ പാടുള്ളൂ എന്നിരിക്കെ ശലോമോന് അനേകം ഭാര്യമാർ ഉണ്ടായിരുന്നത് എന്തുകൊണ്ട്? സ്നേഹവാനായ ഒരു ദൈവം മനുഷ്യരെ അഗ്നിനരകത്തിൽ എന്നേക്കും ദണ്ഡിപ്പിക്കുമോ? ബൈബിൾ മനുഷ്യരുടേതോ ദൈവത്തിന്റേതോ?”
ഒരു വർഷത്തിലേറെ ഉണ്ടായിരുന്ന ഈ റേഡിയോ പരിപാടി നിരവധിപേരിൽ താത്പര്യമുണർത്തി. “ഈ പരിപാടി തങ്ങൾക്ക് വളരെ ഇഷ്ടമാണെന്നും സ്ഥിരമായി കേൾക്കാറുണ്ടെന്നും പലരും പറയുകയുണ്ടായി. രസകരമായ ഇത്തരം ചോദ്യങ്ങൾക്ക് ബൈബിളിൽ ഉത്തരമുണ്ടെന്ന കാര്യം തങ്ങൾക്ക് അതുവരെ അറിയില്ലായിരുന്നുവെന്നു ചിലർ പറഞ്ഞു,” ഐവാൻ തോംസൺ പറയുന്നു.
കൂടുതൽ രാജ്യഹാളുകൾ
1990-കളിൽ സമോവയിലെയും അമേരിക്കൻ സമോവയിലെയും മിക്ക സഭകളും കൂടിവന്നിരുന്നത് സ്വകാര്യഭവനങ്ങളിലോ മുളയുംമറ്റും ഉപയോഗിച്ച് നിർമിച്ച ഷെഡ്ഡുകളിലോ ആയിരുന്നു. “നാട്ടുകാർ ഈ യോഗസ്ഥലങ്ങളെ വളരെ പുച്ഛത്തോടെയാണ് പലപ്പോഴും വീക്ഷിച്ചിരുന്നത്” എന്ന് 2002-നും 2007-നും ഇടയ്ക്ക് കൺട്രി കമ്മിറ്റി അംഗമായിരുന്ന സ്റ്റ്യുവർട്ട് ഡൂഗൽ പറയുന്നു. 25 വർഷംമുമ്പ് അമേരിക്കൻ സമോവയിലെ ടാഫൂനയിൽ നിർമിച്ച രാജ്യഹാളും വളരെ പഴക്കംചെന്നെന്ന് കണ്ടാൽത്തന്നെ അറിയാം. അവിടെ പുതിയൊരു ഹാൾ പണിയേണ്ട സമയമായി.
പുതിയ ഹാൾ പണിയണമെങ്കിൽ പക്ഷേ, കുറച്ചധികം സ്ഥലംവേണം; ടുട്ടുവില എന്ന ഈ ചെറിയ ദ്വീപിൽ അതെങ്ങനെ കണ്ടെത്താനാണ്? ഇപ്പോഴത്തെ രാജ്യഹാൾ ഇരിക്കുന്നതിന് അടുത്തുതന്നെയുള്ള പെറ്റെസയിൽ വെറുതെ കുറെ സ്ഥലം കിടപ്പുണ്ട്. അതിന്റെ ഉടമ സ്ഥലത്തെ ഒരു പ്രമുഖ കത്തോലിക്കാ സ്ത്രീയാണ്. സഹോദരന്മാർ അവരെ സമീപിച്ചു. ഒരു ആരാധനാലയം പണിയാനുള്ള സ്ഥലത്തിനുവേണ്ടിയാണ് സഹോദരന്മാർ ചെന്നിരിക്കുന്നത് എന്നു മനസ്സിലാക്കിയ അവർ, പ്രസ്തുതകാര്യം മകളുമായിട്ടൊന്നു സംസാരിക്കട്ടെയെന്നു പറഞ്ഞു. മകൾ അവിടെ വ്യാപാര ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ നിർമിക്കാനിരിക്കുകയായിരുന്നു. മൂന്നുദിവസം കഴിഞ്ഞപ്പോൾ സ്ഥലം വിൽക്കാൻ തയ്യാറാണെന്ന് അവർ സഹോദരന്മാരെ അറിയിച്ചു. “ദൈവത്തിന്റെ കാര്യം കഴിഞ്ഞിട്ടുമതി മറ്റെന്തും” എന്നതായിരുന്നു അവരുടെ നിലപാട്. അങ്ങനെ, സഹോദരന്മാരുടെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടി.
വാലസ് പെഡ്രോ എഴുതുന്നു: “ഞങ്ങൾ പണം കൊടുക്കുന്നതിനു മുമ്പുതന്നെ ‘നിങ്ങൾ സത്യസന്ധരാണ്, തുക മുഴുവനും തരുമെന്ന് എനിക്കറിയാം’ എന്നു പറഞ്ഞുകൊണ്ട് അവർ വസ്തുവിന്റെ ആധാരംപോലും കൈമാറി. അവർ പറഞ്ഞതുപോലെ, ഞങ്ങൾ തുകമുഴുവനും നൽകി.” ആ സ്ഥലത്ത് പണിത, 250 പേർക്ക് ഇരിക്കാവുന്ന, എയർകണ്ടീഷൻചെയ്ത ഹാളിന്റെ സമർപ്പണം 2002-ൽ നടന്നു.
പരിമിതമായ ആസ്തികളുള്ള ദേശങ്ങളിലെ രാജ്യഹാൾ നിർമാണത്തെ സഹായിക്കാനുള്ള ഒരു പദ്ധതിക്ക് 1999-ൽ യഹോവയുടെ സാക്ഷികൾ രൂപംനൽകുകയുണ്ടായി. ഈ പദ്ധതിപ്രകാരം സമോവൻ ദ്വീപുകളിൽ ആദ്യമായി ഒരു ഹാൾ നിർമിക്കപ്പെട്ടത് ലെഫങ്ങയിലാണ്; ഉപോലു ദ്വീപിന്റെ ദക്ഷിണതീരത്തുള്ള ഒറ്റപ്പെട്ട ഒരു ഗ്രാമമാണ് ഇത്. ഒരു പ്രസാധകന്റെ വീടിന്റെ മുൻഭാഗത്തെ, ഓലമേഞ്ഞ, വശങ്ങൾ മറയ്ക്കാത്ത ചാർത്തിലാണ് ലെഫങ്ങയിലെ പത്തു പ്രസാധകരടങ്ങുന്ന സഭ അതുവരെ കൂടിവന്നിരുന്നത്.
ഈ നിർമാണ പദ്ധതിക്കു മേൽനോട്ടം വഹിച്ചത് ജാക് ഷീഡി എന്ന ഓസ്ട്രേലിയക്കാരനായ ഒരു സഹോദരനാണ്. അദ്ദേഹവും ഭാര്യ കോറലും ടോംഗയിൽ ഏഴുവർഷം സേവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “കുറെ ദൂരെനിന്നു നോക്കിയാൽ, കൃഷിക്കാരും മീൻപിടിത്തക്കാരും കുടുംബിനികളും ചേർന്നുള്ള നിർമാണസംഘം നിർമാണസ്ഥലത്ത് ഉറുമ്പുകളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതു കാണാമായിരുന്നു.”
2001-ൽ നിർമാണം പൂർത്തിയായ, 60 പേർക്ക് ഇരിക്കാവുന്ന രാജ്യഹാളിന്റെ കെട്ടുംമട്ടും നാട്ടുകാരിൽ വലിയ മതിപ്പുളവാക്കി. അവർ പറയുന്നു: “നിങ്ങളുടെ ഹാളുകളെല്ലാം വളരെ മാന്യവും ലളിതവുമാണ്; അതാണ് അവയെ മനോഹരമാക്കുന്നത്. അലങ്കാരങ്ങളും സാധനസാമഗ്രികളും നിറഞ്ഞതും മിക്കപ്പോഴും അടുക്കുംചിട്ടയുമില്ലാതെ വൃത്തിഹീനമായിക്കിടക്കുന്നതുമായ ഞങ്ങളുടെ പള്ളികളിൽനിന്ന് എത്രയോ വ്യത്യസ്തം!” യോഗഹാജരിലും കാര്യമായ വർധന ഉണ്ടായി. 2004-ൽ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിന് 205 പേരാണ് ഈ പുതിയ ഹാളിൽ കൂടിവന്നത്.
പരിമിതമായ ആസ്തികളുള്ള ദേശങ്ങളിലെ നിർമാണത്തെ പിന്തുണയ്ക്കാനുള്ള പദ്ധതിയിലൂടെ, 2005 അവസാനമായപ്പോഴേക്കും സമോവൻ ദ്വീപുകളിൽ പുതുതായി നാലുരാജ്യഹാളുകൾ പണിതു; മൂന്നെണ്ണം പുതുക്കിപ്പണിയുകയും ചെയ്തു. സമോവയിലെ ഏപ്പിയയിലുള്ള സിനമോങ്ങ സമ്മേളനഹാളും പുതുക്കി. പരിമിതമായ ആസ്തികളുള്ള മറ്റു ദേശങ്ങളിലെപ്പോലെ, സമോവയിലെ പ്രസാധകരും ആഗോള സഹോദരവർഗത്തിന്റെ സ്നേഹപുരസ്സരമായ പിന്തുണയെ വളരെയേറെ വിലമതിക്കുന്നു.—1 പത്രൊ. 2:17.
വിഷമഘട്ടങ്ങളിൽ
സമോവയിൽനിന്നു പലരും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഐക്യനാടുകൾ (പ്രത്യേകിച്ച് ഹവായ്) എന്നിവിടങ്ങളിൽ ഇവരിൽ നല്ലൊരു ശതമാനം താമസിക്കുന്നുണ്ട്. ഈ രാജ്യങ്ങളിൽ, സമോവൻ ഭാഷയിലുള്ള 11 സഭകളിലും 2 കൂട്ടങ്ങളിലുംകൂടി 700-ലധികം സാക്ഷികളുണ്ട്. സമോവക്കാരായ മറ്റു പ്രസാധകർ തങ്ങൾ കുടിയേറിയ രാജ്യത്തെ ഇംഗ്ലീഷ് സഭകളിലാണുള്ളത്.
സമോവക്കാരായ നിരവധി സാക്ഷികൾ വിദേശങ്ങളിൽ പോയി ആത്മീയ കാര്യങ്ങളോടുള്ള ബന്ധത്തിൽ പരിശീലനം നേടിയിട്ട് തിരികെ സമോവയിലോ അമേരിക്കൻ സമോവയിലോ വന്നു സേവിക്കുന്നു. 1990-കളിൽ ഓസ്ട്രേലിയയിൽ പോയി ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിച്ചവരാണ് റ്റാലാലേലേ ലിയുവാനൈ, സ്റ്റീവി
പലെസോയോ, കാസി പീറ്റ, ഫിയെറ്റ സ്യൂവെ, ആൻഡ്രു കോ, സീയോ റ്റൗവ എന്നിവർ. സമോവയിലെ രാജ്യവേലയ്ക്ക് ആക്കംകൂട്ടാനായി അവർ തിരികെ അവിടെവന്നു സേവിക്കുന്നു. ഇപ്പോൾ ആൻഡ്രുവും ഭാര്യ ഫോട്ടുവോസാമോയെയും സമോവ ബെഥേലിലുണ്ട്. സീയോയും ഭാര്യ എസിയും വർഷങ്ങളോളം സർക്കിട്ട് വേലയിലായിരുന്നു; ഇളയ മകൻ എൽഥാനും ഉണ്ടായിരുന്നു കൂടെ. സീയോ ഇപ്പോൾ കൺട്രി കമ്മിറ്റിയംഗമാണ്. മറ്റ് ബിരുദധാരികൾ മൂപ്പന്മാരോ പയനിയർമാരോ പ്രസാധകരോ ആയി വിശ്വസ്തതയോടെ സഭകളിൽ സേവിക്കുന്നു.തീക്ഷ്ണമായ ഈ പ്രവർത്തനത്തിന്റെ ഫലമെന്താണ്? 2008-ൽ, സമോവയിലും അമേരിക്കൻ സമോവയിലുമുള്ള 12 സഭകളിലെ പ്രസാധക അത്യുച്ചം 620 ആയിരുന്നു. 2008-ലെ സ്മാരകത്തിന് 2,300-ലധികം പേർ കൂടിവന്നു. സമോവൻ ദ്വീപുകളിൽ വളർച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ഇതു കാണിക്കുന്നത്.
യഹോവയുടെ സംഘടനയോടൊത്ത് മുന്നോട്ട്
ഇത്രയും കാലത്തിനിടെ ആത്മാർഥതയുള്ള നിരവധിപേർ രാജ്യസന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. (മത്താ. 24:14) കടലിനോടു മല്ലടിച്ചിട്ടുള്ള തങ്ങളുടെ പൂർവികരെപ്പോലെ, സാത്താന്റെ പഴയ ലോകത്തിൽനിന്നും യഹോവയുടെ ആത്മാവ് നയിക്കുന്ന സംഘടനയിലെ പുതിയ ആത്മീയ ഭവനത്തിലേക്കുള്ള യാത്രയിൽ അവർ നേരിട്ടിരിക്കുന്ന വെല്ലുവിളികൾ കുറച്ചൊന്നുമല്ല. കുടുംബത്തിൽനിന്നുള്ള എതിർപ്പ്, കൂട്ടത്തോടെയുള്ള പലായനം, പുരോഹിതന്മാരുടെ കുപ്രചാരണങ്ങൾ, ഗവണ്മെന്റിന്റെ നിയന്ത്രണങ്ങൾ, ജഡിക പ്രലോഭനങ്ങൾ, മറ്റു പരിശോധനകൾ എന്നിവയൊന്നും സത്യദൈവമായ യഹോവയെ സേവിക്കുന്നതിൽനിന്ന് അവരെ തടഞ്ഞിട്ടില്ല. (1 പത്രൊ. 5:8; 1 യോഹ. 2:14) അതിന്റെ ഫലമോ? ഇപ്പോൾ അവർ ആത്മീയ പറുദീസയിലെ സുരക്ഷിതത്വത്തിൽ സ്വച്ഛമായി വസിക്കുകയാണ്.—യെശ. 35:1-10; 65:13, 14, 25.
എന്നാൽ അവരുടെ യാത്ര ഇനിയും അവസാനിച്ചിട്ടില്ല. നീതിനിഷ്ഠമായ ദൈവരാജ്യ ഭരണത്തിൻ കീഴിലുള്ള പറുദീസാ ഭൂമിയാണ് അവരുടെ അന്തിമലക്ഷ്യം. അത് ഉടൻതന്നെ ഒരു യാഥാർഥ്യമായിത്തീരും. (എബ്രാ. 11:16) ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും വഴിനടത്തിപ്പിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട്, ആഗോള സഹോദരവർഗത്തോടൊപ്പം, ആ ലക്ഷ്യത്തിലെത്തണമെന്ന ദൃഢനിശ്ചയത്തോടെ മുന്നേറുകയാണ് സമോവൻ ദ്വീപിലെ യഹോവയുടെ സാക്ഷികൾ.
[അടിക്കുറിപ്പുകൾ]
a ലാപീറ്റാ സംസ്കാരത്തിന്റെ മുഖമുദ്രയാണ് ഇക്കൂട്ടർ നിർമിക്കുന്ന മൺപാത്രങ്ങൾ; അവയുടെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെടുത്തത് ന്യൂകലഡോണിയയിലെ ഒരു സ്ഥലത്തുനിന്നാണ്.
b 1997-ൽ പടിഞ്ഞാറൻ സമോവയുടെ പേര് സമോവ എന്നു മാറ്റി. ഈ ഭാഗത്തുടനീളം ഉപയോഗിക്കുക സമോവ എന്ന പേരായിരിക്കും.
c ഹരാൾഡ് താമസിച്ചത് ടാലിവുറ്റഫാ യങ്ങിനൊപ്പമായിരുന്നു. യങ്ങിന്റെ പിൻമുറക്കാരിൽ പലരും പിന്നീട് യഹോവയുടെ സാക്ഷികളായിത്തീർന്നു. അദ്ദേഹത്തിന്റെ കൊച്ചുമകനായ ആർതർ യങ് ഇപ്പോൾ അമേരിക്കൻ സമോവയിലുള്ള ടാഫൂന സഭയിൽ ഒരു മൂപ്പനായും പയനിയറായും സേവിക്കുന്നു. ഹരാൾഡ് ഗിൽ തന്റെ കുടുംബത്തിനു നൽകിയ ഒരു ബൈബിൾ ആർതർ ഇന്നും ഒരു നിധിപോലെ സൂക്ഷിക്കുന്നു.
d സമോവക്കാർക്ക് ആദ്യ പേരും (ഉദാഹരണത്തിന് പെലെ) കുടുംബപ്പേരും (ഉദാഹരണത്തിന് ഫുവായിയുപ്പൊലു) ഉണ്ട്. ഇതുകൂടാതെ, പ്രാമാണിത്വത്തെ സൂചിപ്പിക്കുന്ന പേരും ചിലർക്കുണ്ട്. രാഷ്ട്രീയച്ചുവയുള്ളതോ സ്ഥാനമാനങ്ങളെ സൂചിപ്പിക്കുന്നതോ ആണ് അത്തരം പേരുകൾ എന്നുകരുതി യഹോവയുടെ സാക്ഷികളിൽ ചിലർ അവ വേണ്ടെന്നുവെക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നു. ഈ വിവരണത്തിൽ, വ്യക്തികളുടെ പേരു പരാമർശിക്കുമ്പോൾ, ആദ്യപേരും തുടർന്ന് കുടുംബപ്പേരും ആയിരിക്കും പറയുക.
e 1995-ൽ ഈ ചലച്ചിത്രത്തിന്റെ വീഡിയോ കാസെറ്റ് പുറത്തിറക്കി. അറബിക്, ഇംഗ്ലീഷ്, ഇറ്റാലിയൻ, കൊറിയൻ, ഗ്രീക്ക്, ചെക്, ചൈനീസ് (കാന്റൊണിസ്, മാൻഡറിൻ), ജർമൻ, ജാപ്പനീസ്, ഡച്ച്, ഡാനിഷ്, നോർവീജിയൻ, പോർച്ചുഗീസ് (ബ്രസീലിയൻ, യൂറോപ്യൻ), ഫിന്നിഷ്, ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ ഭാഷകളിൽ ഇതു ലഭ്യമാണ്.
f പിന്നീട് ന്യൂസിലൻഡിലെ ഒരു സന്ദർശനത്തിനിടെ റോപാറ്റി സ്നാനമേറ്റു.
[77-ാം പേജിലെ ആകർഷക വാക്യം]
“രാജ്യസന്ദേശം കേൾക്കാനുള്ള അവസരമാണ് ഇന്നു താങ്കൾക്ക് ലഭിച്ചത്. താങ്കൾ അതു സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ.”
[98-ാം പേജിലെ ആകർഷക വാക്യം]
“‘അർമഗെദോൻ വരുന്നേ!’ എന്നു വിളിച്ചുപറഞ്ഞുകൊണ്ടാണ് പലപ്പോഴും ഗ്രാമത്തിലെ കുട്ടികൾ ഞങ്ങളുടെ വരവറിയിച്ചത്.”
[108-ാം പേജിലെ ആകർഷക വാക്യം]
“വാവായൂവിലേക്കുള്ള ബസ് വളരെ സമയനിഷ്ഠയോടെയാണ് ഓടുന്നത്: അത് അവിടെ എത്തുന്ന സമയമാണ് അതിന്റെ സമയം.”
[69, 70 പേജുകളിലെ ചതുരം/ ചിത്രം]
സമോവയിലെ മതങ്ങൾ—അന്നും ഇന്നും
ബഹുദൈവവിശ്വാസം, സർവജീവത്വവാദം (animism), ഭൂതവിദ്യ, പൂർവികാരാധന എന്നിവയുടെ ഒരു മിശ്രിതമായിരുന്നു സമോവയിലെ പുരാതന മതങ്ങൾ. ക്ഷേത്രങ്ങളോ വിഗ്രഹങ്ങളോ ഒരു പുരോഹിതവർഗമോ ഒന്നും അവയ്ക്കില്ലായിരുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലും മതത്തിന്റെ സ്വാധീനം വ്യക്തമായിരുന്നു. അങ്ങനെയെങ്കിൽപ്പിന്നെ, 1830-ൽ ലണ്ടൻ മിഷനറി സൊസൈറ്റി (എൽഎംഎസ്) മിഷനറിമാർ വന്നപ്പോൾ സമോവക്കാർ മതപരിവർത്തനത്തിനു തയ്യാറായത് എന്തുകൊണ്ടാണ്?
ശക്തമായ ഒരു പുതിയ മതം രംഗപ്രവേശം ചെയ്യുമെന്നും അത് പഴയ ദൈവങ്ങളുടെ ഭരണത്തിന് വിരാമം കുറിക്കുമെന്നും ഒരു ഐതിഹ്യം അവിടെ പ്രചരിച്ചിരുന്നു. മിഷനറിമാരുടെ മതമാണ് ആ പുതിയ മതമെന്ന് വംശത്തലവന്മാർ (മാതൈ) അഭിപ്രായപ്പെട്ടു. മാലീയെറ്റോവ രാജാവ് ക്രിസ്ത്യാനികളുടെ ദൈവമായ യഹോവയെ ആരാധിക്കാൻ തീരുമാനിക്കുകയും അങ്ങനെ ചെയ്യാൻ പ്രജകളോട് ആവശ്യപ്പെടുകയും ചെയ്തു.
കത്തോലിക്ക, മെഥഡിസ്റ്റ്, മോർമൻ, എൽ എം എസ് എന്നീ സഭകളുടെ മിഷനറിമാർക്ക് ധാരാളം അനുയായികളുണ്ടായി. ഇന്നിപ്പോൾ സമോവയിലെ മിക്കവാറും എല്ലാവരുംതന്നെ ഏതെങ്കിലുമൊരു സഭയിലെ അംഗമാണ്. സമോവയിലെ രണ്ട് ഗവൺമെന്റുകളുടെയും ആപ്തവാക്യം മതവുമായി ബന്ധപ്പെട്ടതാണ്. “സമോവൻ ജനത, ദൈവത്തിന്റെ ജനത” എന്നതാണ് സമോവയുടെ ആപ്തവാക്യമെങ്കിൽ, “സമോവക്കാരേ, ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കൂ” എന്നതാണ് അമേരിക്കൻ സമോവയുടേത്. ടെലിവിഷൻ ചാനലുകളിൽ മതസംബന്ധിയായ പരിപാടികൾ സാധാരണമാണിവിടെ.
ഗ്രാമീണതലത്തിലാണ് മതത്തിന്റെ സ്വാധീനം ഏറെ പ്രകടമായിരിക്കുന്നത്; ഗ്രാമത്തലവന്മാരാണ് പലപ്പോഴും ഗ്രാമീണരുടെ മതം നിശ്ചയിക്കുന്നത്. സ്ഥലത്തെ പാസ്റ്റർമാരെയും പള്ളിയെയും പിന്തുണയ്ക്കാനായി ചില ഗ്രാമീണർക്ക് വരുമാനത്തിന്റെ 30 ശതമാനത്തിലേറെ നൽകേണ്ടിവരുന്നു; ഇതിൽ അമർഷമുള്ളവരുടെ എണ്ണം കൂടിവരികയാണ്. ഏറ്റവും കൂടുതൽ പണം കൊടുക്കാനാകുന്നത് ആർക്കാണെന്നു കണ്ടെത്താൻ മത്സരങ്ങൾ പോലുമുണ്ട്. എന്തിനധികം, ഏറ്റവും വലിയ തുക സംഭാവന ചെയ്ത് വിജയിച്ചവരുടെ പേരുകൾ ചില പള്ളികൾ പ്രസിദ്ധപ്പെടുത്തുകപോലും ചെയ്യുന്നു.
പല ഗ്രാമങ്ങളിലും ഗ്രാമപ്രാർഥനയ്ക്കായി ദിവസവും 10 മുതൽ 15
വരെ മിനിട്ട് നീക്കിവെച്ചിട്ടുണ്ട്. സാ എന്നപേരിൽ അറിയപ്പെടുന്ന ഈ പ്രാർഥനയുടെ സമയത്ത് ഗ്രാമത്തിലെ സർവത്ര പ്രവർത്തനങ്ങളും സ്തംഭിക്കും. ഇത് ഉറപ്പുവരുത്താൻ വലിയ വടികളും കയ്യിലേന്തി ചെറുപ്പക്കാർ റോഡിൽ അണിനിരക്കും. ഈ സമ്പദ്രായം ലംഘിക്കുന്നവർക്ക് ശാസന ലഭിച്ചിരുന്നുവെന്നു മാത്രമല്ല, അവർ 100 അമേരിക്കൻ ഡോളർവരെ പിഴയടയ്ക്കുകയോ സമിതിത്തലവന്മാർക്കോ ഗ്രാമീണർക്കോ ഭക്ഷണം നൽകുകയോ ചെയ്യണമായിരുന്നു. ചില കേസുകളിൽ, കുറ്റക്കാരനെ അടിക്കുകയോ നാടുകടത്തുകയോപോലും ചെയ്തിരുന്നു.ഒരിക്കൽ, സർക്കിട്ട് മേൽവിചാരകനായ ജോൺ റോഡ്സും ഭാര്യ ഹെലനും സലീമു ഗ്രാമത്തിലെ സവായി ദ്വീപിലെത്തുമ്പോൾ സാ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് പ്രാർഥന കഴിയുന്നതുവരെ ഗ്രാമാതിർത്തിയിൽ കാത്തുനിൽക്കാൻ ഗാർഡുകൾ ആവശ്യപ്പെട്ടു. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നെങ്കിലും അവർ അതനുസരിച്ചു. പ്രാർഥന അവസാനിച്ചപ്പോൾ ഇരുവരും താമസസ്ഥലത്തേക്കു പോയി.
സംഭവം അറിഞ്ഞപ്പോൾ ഗ്രാമത്തലവന്മാരുടെ മുഖ്യൻ സർക്കിട്ട് മേൽവിചാരകന്റെ ആതിഥേയയോടു ക്ഷമ ചോദിച്ചു. സാക്ഷികൾ ആദരണീയരായ വ്യക്തികളാണെന്നു പറഞ്ഞ മുഖ്യൻ ഏതുസമയത്തും—സാ നടന്നുകൊണ്ടിരിക്കുകയാണെങ്കിൽപ്പോലും—ഗ്രാമത്തിലേക്കു കടക്കാൻ റോഡ്സിനെ അനുവദിക്കണമെന്ന് ഗാർഡുകൾക്കു നിർദേശം നൽകി. എന്തായിരുന്നു ഈ പരിഗണനയ്ക്കു പിന്നിൽ? മുഖ്യന്റെ ഇളയമകനായ സീയോ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ച് നല്ല ആത്മീയ പുരോഗതി വരുത്തുന്നുണ്ടായിരുന്നു. സീയോ റ്റൗവ ഇന്ന് സമോവയിലെ കൺട്രി കമ്മിറ്റിയംഗമാണ്.
[ചിത്രം]
ജോൺ റോഡ്സും ഹെലൻ റോഡ്സും
[72-ാം പേജിലെ ചതുരം]
സമോവ, അമേരിക്കൻ സമോവ, ടൊകെലൗ—ഒരു ആകമാനവീക്ഷണം
ഭൂപ്രകൃതി
ഉപോലു, സവായി തുടങ്ങിയ രണ്ടു വലിയ ദ്വീപുകൾ ചേരുന്നതാണ് സമോവ. ഈ ദ്വീപുകളെത്തമ്മിൽ വേർതിരിച്ചുകൊണ്ട് 18 കിലോമീറ്റർ വീതിയുള്ള ഒരു കടലിടുക്കും ജനവാസമുള്ള ഏതാനും കൊച്ചുദ്വീപുകളുമുണ്ട്. സമോവയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് അമേരിക്കൻ സമോവയുടെ സ്ഥാനം. ടുട്ടുവില എന്ന വലിയ ദ്വീപിനുപുറമേ മനൂവാ ദ്വീപുകൾ, സ്വേൻസ് ദ്വീപ്, ഔനൂയു, ജനവാസമില്ലാത്ത റോസ് പവിഴദ്വീപ് എന്നിവ അടങ്ങിയതാണ് അമേരിക്കൻ സമോവ. സമോവയുടെ ഏതാണ്ട് 480 കിലോമീറ്റർ വടക്കുമാറി താഴ്ന്ന മൂന്ന് പവിഴദ്വീപുകൾ അടങ്ങിയതാണ് ടൊകെലൗ.
ജനങ്ങൾ
2,14,000-ത്തിലേറെ നിവാസികളുണ്ട് സമോവയിൽ. അമേരിക്കൻ സമോവയിൽ ഏകദേശം 57,000; ടൊകെലൗവിൽ ഏകദേശം 1,400. ജനസംഖ്യയുടെ 90 ശതമാനത്തിലേറെ പോളിനേഷ്യൻ വംശജരാണ്; ശേഷിച്ചവരാകട്ടെ ഏഷ്യക്കാരും യൂറോപ്യന്മാരും ഭാഗികമായി പോളിനേഷ്യക്കാരായവരും.
ഭാഷ
സമോവനാണ് പ്രധാനഭാഷ. ദ്വിതീയഭാഷ എന്നനിലയിൽ മിക്കവരും ഇംഗ്ലീഷ് സംസാരിക്കും. സമോവനുമായി സാമ്യമുള്ള ടൊകെലൗവൻ ഭാഷയാണ് ടൊകെലൗവിൽ സംസാരിക്കുന്നത്.
ഉപജീവനമാർഗം
കൃഷി, ടൂറിസം, മത്സ്യബന്ധനം, മത്സ്യസംസ്കരണം എന്നിവയാണ് പ്രധാന തൊഴിലുകൾ.
ആഹാരം
ചേമ്പ്, ഏത്തയ്ക്ക, കടച്ചക്ക എന്നിവ തേങ്ങാപ്പാലുമായി ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് പ്രധാന ആഹാരം. പന്നിയിറച്ചി, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാണ്. പപ്പായ, കൈതച്ചക്ക, മാങ്ങ മുതലായ പഴവർഗങ്ങളും ഇവിടെ ധാരാളമായുണ്ട്.
കാലാവസ്ഥ
ഈ ദ്വീപുകൾ ഭൂമധ്യരേഖയ്ക്കടുത്തു സ്ഥിതിചെയ്യുന്നതിനാൽ വർഷത്തിന്റെ ഏറിയഭാഗവും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ്. അമേരിക്കൻ സമോവയിലെ ടുട്ടുവില ദ്വീപിൽ സ്ഥിതിചെയ്യുന്ന പാങ്ഗോ പാങ്ഗോയിൽ ആണ്ടുതോറും അഞ്ചുമീറ്റർ മഴ ലഭിക്കുന്നു.
[75-ാം പേജിലെ ചതുരം]
“വളരെ നല്ല പുസ്തകം”
അമേരിക്കൻ സമോവയിൽ വിതരണം ചെയ്യാനായി ഹരാൾഡ് ഗിൽ സഹോദരൻ സമോവൻ ഭാഷയിലുള്ള, മരിച്ചവർ എവിടെ? എന്ന ചെറുപുസ്തകത്തിന്റെ 3,500 പ്രതികൾ കൊണ്ടുവന്നു. ഒരെണ്ണം ഗവർണർക്കു കൊടുത്തപ്പോൾ അത് ഓരോ മതത്തിന്റെയും നേതാക്കന്മാരെ കാണിക്കാനും അങ്ങനെയാകുമ്പോൾ, അത് പൊതുവിതരണത്തിനു പറ്റിയതാണോ എന്ന് വിലയിരുത്തി ആ വിവരം അറ്റോർണി ജനറലിനോട് പറയാൻ അവർക്കാകുമെന്നും അദ്ദേഹം സഹോദരനോടു പറഞ്ഞു. എന്തായിരുന്നു മതനേതാക്കന്മാരുടെ പ്രതികരണം?
ലണ്ടൻ മിഷനറി സൊസൈറ്റിയുടെ പുരോഹിതൻ വളരെ സൗഹാർദത്തോടെയാണ് ഇടപെട്ടത്. തങ്ങളുടെ ആടുകളെ വഴിതെറ്റിക്കാത്തിടത്തോളം ഹരാൾഡ് എന്തു ചെയ്താലും പ്രശ്നമില്ല എന്ന നിലപാടിലായിരുന്നു സെവൻത്-ഡേ അഡ്വെന്റിസ്റ്റുകാർ. തെല്ലൊരു പരിഹാസഭാവം ഉണ്ടായിരുന്നെങ്കിലും നേവിയുടെ വൈദികനും എതിർപ്പൊന്നും കാണിച്ചില്ല. എന്നാൽ ഹരാൾഡ് സഹോദരന് കത്തോലിക്കാ പുരോഹിതന്മാരെ കാണേണ്ട ആവശ്യം വന്നില്ല; കാരണം അതിനിടെ രസകരമായ മറ്റൊരു സംഭവമുണ്ടായി. ഗവർണറെ കാണാൻ പോയപ്പോൾ തന്റെ കൂടെവന്ന ഒരു പോലീസുകാരന് സഹോദരൻ ഒരു ചെറുപുസ്തകം നൽകിയിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം ആ പോലീസുകാരനെ കണ്ടപ്പോൾ ചെറുപുസ്തകം ഇഷ്ടപ്പെട്ടോയെന്ന് സഹോദരൻ അദ്ദേഹത്തോടു ചോദിച്ചു.
ഇംഗ്ലീഷ് ഭാഷ അത്ര വശമില്ലാതിരുന്ന പോലീസുകാരൻ തനിക്കറിയാവുന്ന ഇംഗ്ലീഷിൽ മറുപടി പറഞ്ഞു: “‘ഈ പുസ്തകം നിന്റെ [കത്തോലിക്കാ] പുരോഹിതനെ കാണിച്ചിട്ട് നല്ലതാണോയെന്ന് ചോദിക്കൂ’ എന്ന് എന്റെ ബോസ് [അറ്റോർണി ജനറൽ] എന്നോടു പറഞ്ഞു. ഞാൻ ഒരു മരച്ചുവട്ടിൽ പോയിരുന്ന് ഇതു വായിച്ചു. ‘വളരെ നല്ല പുസ്തകം. പക്ഷേ, പുരോഹിതനെ കാണിച്ചാൽ “ഇതു നല്ലതല്ല” എന്നേ അദ്ദേഹം പറയൂ’ എന്ന് ഞാൻ മനസ്സിലോർത്തു. അതുകൊണ്ട് ‘ഇതു വളരെ നല്ല പുസ്തകമാണ്’ എന്ന് പുരോഹിതൻ പറഞ്ഞെന്ന് ഞാനെന്റെ ബോസിനെ അറിയിച്ചു.”
പിന്നീട് അറ്റോർണി ജനറൽ ഹരാൾഡിനെ ഓഫീസിലേക്കു വിളിപ്പിച്ചു. അദ്ദേഹം ചെറുപുസ്തകം മറിച്ചുനോക്കവെ, അതിന്റെ ഉള്ളടക്കത്തെപ്പറ്റി സഹോദരൻ വിശദീകരിച്ചു. തുടർന്ന് അറ്റോർണി ജനറൽ ആരെയോ ഫോണിൽ വിളിച്ച് ചെറുപുസ്തകം വിതരണം ചെയ്യാനുള്ള അനുമതി നൽകി. അങ്ങനെ ഹരാൾഡ് സഹോദരൻ കൊണ്ടുവന്ന ചെറുപുസ്തകങ്ങൾ മുഴുവനുംതന്നെ ആ ദ്വീപിൽ വിതരണം ചെയ്യപ്പെട്ടു.
[76-ാം പേജിലെ ചതുരം]
സമോവയുടെ പരമ്പരാഗത സംസ്കാരം
“ആചാരമര്യാദകൾ മുറതെറ്റാതെ ഇത്ര കൃത്യമായി അനുഷ്ഠിക്കുന്നവർ” പോളിനേഷ്യയിലെന്നല്ല, ലോകത്തിൽത്തന്നെ വേറെയില്ല എന്നാണ് ലണ്ടൻ മിഷനറി സൊസൈറ്റിയിലെ ഒരു മിഷനറിയായ ജോർജ് പ്രാറ്റ് 1847-ൽ സമോവയിലെ ജനങ്ങളെക്കുറിച്ചു പറഞ്ഞത്. ഫാ സമോവ എന്ന പേരിലറിയപ്പെടുന്ന സമോവൻ പാരമ്പര്യത്തിന്റെ സ്വാധീനം ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൃശ്യമാണ്. വളരെ ശ്രദ്ധാപൂർവം എഴുതിയുണ്ടാക്കിയ ഒരു നിയമസംഹിതയാണിത്.
“സാംസ്കാരികമോ സാമൂഹികമോ ആയി ഉയർന്ന സ്ഥാനത്തുള്ളവരോടുള്ള ആദരവോ ഒരുപക്ഷേ, ആരാധനപോലുമോ ആണ് സമോവൻ പാരമ്പര്യത്തിന്റെ ഏറ്റവും പ്രമുഖ സവിശേഷത” എന്ന് സമോവൻ ഐലൻഡ്സ് എന്ന പുസ്തകം പറയുന്നു. നല്ല പെരുമാറ്റ മര്യാദകൾ, മാന്യമായ സംസാരം, സ്വന്തകുടുംബത്തോടും ഗ്രാമത്തോടുമുള്ള ഒരുവന്റെ കൂറ് എന്നിവയിലെല്ലാം ഈ ആദരവ് പ്രതിഫലിച്ചുകാണാം. പൂർവികരിൽനിന്ന് കൈമാറിക്കിട്ടിയ ആചാരാനുഷ്ഠാനങ്ങളും മതവും ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാത്തവരാണു മിക്കവരും.
കുടുംബത്തലവന്മാരാണ് (മാതൈ) പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാർ. ഓരോ മാതൈയും ഒന്നോ അതിലധികമോ കുടുംബങ്ങളുടെ ദൈനംദിന കാര്യാദികൾ നിയന്ത്രിക്കുന്നു; ഗ്രാമസമിതിയിൽ അവരെ പ്രതിനിധാനം ചെയ്യുന്നതും അദ്ദേഹമായിരിക്കും. അനുസരണത്തെ വളരെ ഗൗരവമായി കാണുന്ന ഇവർ അനുസരണക്കേടിനു ശിക്ഷയായി പിഴ ഈടാക്കുകയോ അടിക്കുകയോ ഗ്രാമത്തിൽനിന്നു പുറത്താക്കുകയോപോലും ചെയ്യുന്നു. ഒരു ഗ്രാമത്തിൽ ഉണ്ടായ സംഭവം ശ്രദ്ധിക്കുക. അവിടെ ഒരു പുരോഹിതൻ യഹോവയുടെ സാക്ഷികളെ കല്ലെറിയാനായി കുറെ കുട്ടികളെ ചട്ടംകെട്ടി. അതിന് അവിടത്തെ മാതൈ ആ പുരോഹിതനിൽനിന്ന് പിഴ ഈടാക്കി.
ഒരു ഗ്രാമത്തിൽ 10 മുതൽ 50 വരെ മാതൈകളുണ്ടാകാം. കൂട്ടുകുടുംബങ്ങളാണ് (ഐങ്ക) മിക്കപ്പോഴും മാതൈയെ തിരഞ്ഞെടുക്കുന്നതെങ്കിലും, ചിലപ്പോൾ ഈ സ്ഥാനം പൈതൃകമായി കൈമാറിക്കിട്ടാറുണ്ട്. ഉത്തരവാദിത്വങ്ങളുടെയും ചുമതലകളുടെയും അടിസ്ഥാനത്തിൽ സ്ഥാനപ്പേരുകൾ വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഗ്രാമത്തിനും ഒരു ഗ്രാമമുഖ്യനുണ്ട്, അലീ. അദ്ദേഹമായിരിക്കും ഗ്രാമസമിതിയുടെ അധ്യക്ഷൻ. സാമൂഹിക ചടങ്ങുകളിലും മറ്റും വക്താവായി വർത്തിക്കുന്നത് റ്റൂലാഫാലേ എന്നറിയപ്പെടുന്ന മുഖ്യനാണ്. എന്നാൽ എല്ലാ മാതൈകളും രാഷ്ട്രീയമോ മതപരമോ ആയ കർത്തവ്യങ്ങൾ ഉള്ളവരല്ല. ചിലർ കുടുംബത്തിന്റെ കാര്യങ്ങൾമാത്രം നോക്കിനടത്തുന്നു. ഓരോ കുടുംബത്തിനും സ്വന്തമായുള്ള ഭൂസ്വത്തിന്റെ ട്രസ്റ്റികളായി സേവിക്കുന്നതും സ്വത്ത് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നതും ഒക്കെ ഇതിൽപ്പെടുന്നു.
[79-ാം പേജിലെ ചതുരം/ ചിത്രം]
“യഹോവക്കാരൻ”
സൗവാവു ടോയെറ്റു
ജനനം 1902
സ്നാനം 1954
സംക്ഷിപ്ത വിവരം ഫലെയാസ്യൂവിൽ സത്യം സ്വീകരിച്ച ആദ്യത്തെ വ്യക്തി. ഇദ്ദേഹത്തിന്റെ സ്ഥലത്ത് പിന്നീട് ഒരു രാജ്യഹാൾ നിർമിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പുത്രൻ റ്റഫിങ്ങ സൗവാവു പറഞ്ഞപ്രകാരം
ഏപ്പിയനഗരത്തിൽ താമസിക്കുന്ന, ഡാഡിയുടെ ഒരു കസിൻ ഒരിക്കൽ ഫലെയാസ്യൂവിലുള്ള ഞങ്ങളുടെ വീട്ടിൽ വന്നു, 1952-ലായിരുന്നു അത്. യഹോവയുടെ സാക്ഷികളോടു സഹവസിച്ചുകൊണ്ടിരുന്ന അദ്ദേഹം ഡാഡിയുമായി ബൈബിളിനെക്കുറിച്ചു ചർച്ചചെയ്യാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഗ്രാമത്തിലെ ഞങ്ങളുടെ ബന്ധുക്കളിൽ പലരും അതു കേൾക്കാനായി കൂടിവന്നു. ശനിയാഴ്ച രാവിലെ തുടങ്ങിയ ചർച്ച തിങ്കളാഴ്ച ഉച്ചയ്ക്കാണ് അവസാനിച്ചത്; അതിനിടെ അവർ ഉറങ്ങിയത് ഒരു മണിക്കൂർമാത്രം. തുടർന്നുള്ള നാലുവാരാന്തങ്ങളിലും ചർച്ച നടന്നു. അതോടെ ഡാഡി പറഞ്ഞു: “എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടി. ഇതാണു സത്യം.” ഡാഡിയുടെ അളിയൻ ഫിനൗ ഫെയോമായിയയും സത്യം സ്വീകരിച്ചു; ഒപ്പം രണ്ടുകുടുംബത്തിലെയും ശേഷം അംഗങ്ങളും.
അധികം താമസിയാതെ, ഡാഡി സാക്ഷീകരിക്കാൻ തുടങ്ങി. കടുത്ത സെവൻത്-ഡേ അഡ്വെന്റിസ്റ്റ് വിശ്വാസിയായിരുന്ന ഡാഡിയുടെ ഈ നടപടി ബന്ധുക്കളെ അത്ഭുതപ്പെടുത്തി. “യഹോവക്കാരൻ” എന്നു വിളിച്ച് അവർ അദ്ദേഹത്തെ കളിയാക്കി. എന്നാൽ എത്ര വലിയ ബഹുമതിയായിരുന്നു അത്! രൂപംകൊണ്ട് തീരെ ചെറുതായിരുന്നെങ്കിലും ധൈര്യശാലിയായിരുന്നു ഡാഡി; നന്നായി ചിന്തിക്കാനും ബോധ്യംവരുന്ന വിധം സംസാരിക്കാനുമുള്ള കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. തന്റെ പുതിയ വിശ്വാസത്തെക്കുറിച്ച് വൈദഗ്ധ്യത്തോടെ സംസാരിക്കാൻ ഇത് ഡാഡിയെ പ്രാപ്തനാക്കി. കാലക്രമേണ, ഞങ്ങളുടെ ചെറിയ കൂട്ടം സമോവയിലെ രണ്ടാമത്തെ സഭയായി വളർന്നു.
[83-ാം പേജിലെ ചതുരം/ ചിത്രം]
അനാരോഗ്യത്തിലും വിശ്വസ്തതയോടെ
ഫഗലീമ റ്റൂവാറ്റാഗലോവ
ജനനം 1903
സ്നാനം 1953
സംക്ഷിപ്ത വിവരം അറിയപ്പെടുന്ന ഒരു മാതൈ ആയിത്തീരാനുള്ള അവസരം വേണ്ടെന്നുവെച്ച് ഒരു സാധാരണ പയനിയറായിത്തീർന്നു.
കാഴ്ചക്കുറവും കാലിന് വൈകല്യവും ഉണ്ടായിരുന്നിട്ടും ഫഗലീമ പിന്നീട് ഒരു പ്രത്യേക പയനിയറെന്ന നിലയിൽ വർഷങ്ങളോളം സമോവയിലെങ്ങും സേവിച്ചു. ഒരിക്കൽ അദ്ദേഹത്തോടൊപ്പം വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന ഒരു സർക്കിട്ട് മേൽവിചാരകൻ, കണ്ണടയുടെ സഹായമില്ലാതെ ഫഗലീമ തിരുവെഴുത്തുകൾ കൃത്യമായി വായിക്കുന്നതു ശ്രദ്ധിച്ചു. കാഴ്ച മെച്ചപ്പെട്ടോയെന്ന് അദ്ദേഹം ഫഗലീമയോടു ചോദിച്ചു. എന്നാൽ കണ്ണട നഷ്ടപ്പെട്ടെന്നും തിരുവെഴുത്തുകൾ താൻ ഓർമയിൽനിന്ന് ഉദ്ധരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഫിജിയിൽവെച്ചു നടക്കുന്ന ഒരു കൺവെൻഷനിൽ പങ്കെടുക്കാൻവേണ്ടി ഫഗലീമ വളരെ ദൂരെയുള്ള ഉപോലുവിൽ പോയി നാല് ആഴ്ച തേങ്ങ ശേഖരിച്ചു—അതും ഒറ്റയ്ക്ക്. കാലിന്റെ വൈകല്യം വകവെക്കാതെ അദ്ദേഹം 15 തേങ്ങ വീതം ചുമന്ന് മൂന്നുകിലോമീറ്ററിലേറെ അകലെയുള്ള ഒരിടത്തുപോയി കൂട്ടിയിട്ടു. തുടർന്ന് തേങ്ങ പൊതിച്ച് അവിടെയിട്ട് ഉണക്കി കൊപ്രയാക്കി. ആ കൊപ്ര വിറ്റുകിട്ടിയ പണവുമായി അദ്ദേഹം തലസ്ഥാനമായ ഏപ്പിയനഗരത്തിലേക്കു യാത്രയായി, ഫിജിയിലേക്കുള്ള ടിക്കറ്റ് എടുക്കാൻ. ഏപ്പിയയിൽ ചെന്നപ്പോഴാണ് യാത്രക്കൂലി വർധിച്ചെന്നും തന്റെ കയ്യിലുള്ള പണം ടിക്കറ്റിനു തികയില്ലെന്നും അദ്ദേഹത്തിനു മനസ്സിലായത്. പരാതിപ്പെടുകയോ ശ്രമം ഉപേക്ഷിക്കുകയോ സഹായം തേടിപ്പോകുകയോ ചെയ്യുന്നതിനുപകരം കൂടുതൽ തേങ്ങ വെട്ടി കൊപ്രയാക്കി ബാക്കി തുക സംഘടിപ്പിക്കാനായി അദ്ദേഹം മടങ്ങിവന്നു. തനിക്കറിയാത്ത രണ്ടുഭാഷകളിൽ നടത്തപ്പെടുന്ന ഒരു കൺവെൻഷനിൽ സംബന്ധിക്കാനാണ് ഇതൊക്കെ ചെയ്തതെന്നോർക്കണം. അവസാനം ഫിജിയിലെത്തിയപ്പോഴോ? താൻ കരുതിയിരുന്നതിൽനിന്നു വ്യത്യസ്തമായി, മിക്ക പരിപാടികളും സ്വന്തം ഭാഷയിൽ നടത്തപ്പെടുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം വർണിക്കാൻ വാക്കുകൾപോരാ.
[87-ാം പേജിലെ ചതുരം/ ചിത്രം]
“ഓരോ ദിവസവും ഞാൻ അതിയായി ആസ്വദിച്ചു”
റോണാൾഡ് സെല്ലാർസ്
ജനനം 1922
സ്നാനം 1940
സംക്ഷിപ്ത വിവരം 1953-ൽ ഭാര്യ ഒലിവിനോടൊപ്പം (ഡോളി) പ്രത്യേക പയനിയറായി സമോവയിലെത്തി. 1961-ൽ ഗിലെയാദ് പരിശീലനം നേടിയ അദ്ദേഹം ഇന്നും പ്രത്യേക പയനിയറായിത്തന്നെ അമേരിക്കൻ സമോവയിൽ സേവിക്കുന്നു.
ഞങ്ങളുടെ വിസയുടെ കാലാവധി നീട്ടിത്തരാൻ സമോവൻ ഗവണ്മെന്റ് തയ്യാറാകാതിരുന്നതിനെത്തുടർന്ന് ഡോളിയും ഞാനും അമേരിക്കൻ സമോവയിലേക്കു മാറി. പല ദ്വീപുകളിലൂടെ കടന്നുപോകുന്ന ഒരു കപ്പലിൽ വെളുപ്പിന് മൂന്നുമണിക്ക് ഞങ്ങൾ ആളൊഴിഞ്ഞ പാങ്ഗോ പാങ്ഗോ ജെട്ടിയിലെത്തി. ആ രാജ്യത്ത് സാക്ഷികളായി മറ്റാരുമില്ലായിരുന്നു. അവിടെയെത്തുമ്പോൾ ഞങ്ങളുടെ പക്കൽ ആകെയുണ്ടായിരുന്നത് 12 ഡോളർ (600 രൂപ). നേരം പുലർന്നു കഴിഞ്ഞപ്പോൾ, മുമ്പ് ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരാളുടെ പിതാവ് ഞങ്ങൾക്ക് താമസിക്കാനുള്ള സ്ഥലം തന്നു. അദ്ദേഹത്തിന് ആകെക്കൂടി ഉണ്ടായിരുന്ന ഒരു മുറിയുടെ ഒരു കോണിലാണ് ഞങ്ങളും ഉറങ്ങിയിരുന്നത്. സ്വന്തമായി ഒരു താമസസ്ഥലം കണ്ടെത്തേണ്ടതുണ്ടായിരുന്നെങ്കിലും ഞങ്ങൾ സാക്ഷീകരണം തുടങ്ങി, തൊട്ടടുത്ത വീട്ടിൽനിന്നുതന്നെ.
ഏതാനും ആഴ്ചകൾക്കുശേഷം ഫങ്ങറ്റോഗൊ ഗ്രാമത്തിലുള്ള ഒരു കടയുടെ മുകളിലത്തെ വലിയ അപ്പാർട്ടുമെന്റ് ഞങ്ങൾ വാടകയ്ക്കെടുത്തു. ഞങ്ങളുടെ താമസസ്ഥലത്തുനിന്നാൽ പാങ്ഗോ പാങ്ഗോ അഴിമുഖത്തിന്റെ സുന്ദരദൃശ്യം വ്യക്തമായി കാണാമായിരുന്നു. അഴിമുഖം പക്ഷേ, ശൂന്യമായി കിടന്നു. മുമ്പൊരിക്കൽ നോർ സഹോദരൻ ഞങ്ങളോട് ഇങ്ങനെ പറഞ്ഞിരുന്നു: “പസിഫിക് ദ്വീപുകളിൽ നിങ്ങൾക്കു വലിയ സൗകര്യങ്ങളൊന്നും ഉണ്ടായെന്നുവരില്ല; ഒരുപക്ഷേ, സാഹിത്യം നിറച്ചുവരുന്ന കാർഡ്ബോർഡുപെട്ടികൾ നിവർത്തിയെടുത്ത് അത് മെത്തയാക്കേണ്ടതായിപ്പോലുംവന്നേക്കാം.” അതുതന്നെയാണ് ഞങ്ങൾ ചെയ്തതും! മാസങ്ങൾക്കുശേഷമാണ് കട്ടിലും മേശയും കസേരകളും വാങ്ങാനുള്ള പണമുണ്ടായത്. ഇങ്ങനെയൊക്കെയാണെങ്കിലും “വീട്” എന്നു പറയാനെങ്കിലും ഒരിടമുണ്ടായതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു.
1985-ൽ എന്റെ പ്രിയതമ എന്നെ വിട്ടുപോയി; പക്ഷേ, പ്രസംഗവേലയിൽ ഞാൻ ഒരമാന്തവും കാണിച്ചിട്ടില്ല. മിക്കദിവസങ്ങളിലും ഞാൻ വയൽസേവനത്തിൽ ഏർപ്പെടുന്നുണ്ട്. പയനിയർ സേവനത്തിലും മിഷനറി സേവനത്തിലും ഇതിനോടകം 50-ലേറെ വർഷം ചെലവഴിച്ചു. ആ കാലഘട്ടത്തിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ ഓരോ ദിവസവും ഞാൻ അതിയായി ആസ്വദിച്ചുവെന്ന് എനിക്കു സത്യസന്ധമായി പറയാനാകും.
[88-ാം പേജിലെ ചതുരം/ ചിത്രം]
“അവർ യഹോവയോടുള്ള സ്നേഹം എന്നിൽ ഉൾനട്ടു”
വാലസ് പെഡ്രോ
ജനനം 1935
സ്നാനം 1955
സംക്ഷിപ്ത വിവരം അമേരിക്കൻ സമോവയിലെ ആദ്യത്തെ സമർപ്പിത സാക്ഷി. അദ്ദേഹവും ഭാര്യ കാരളിനും പയനിയറിങ് ചെയ്തു; പിന്നീട് കുട്ടികളെ വളർത്തിവലുതാക്കി. ഇപ്പോൾ അമേരിക്കയിലെ വാഷിങ്ടണിലുള്ള സിയാറ്റിലിൽ സേവിക്കുന്നു.
ബൈ ബിൾ പഠിക്കാനും പ്രസംഗവേലയിൽ ഏർപ്പെടാനും തുടങ്ങിയപ്പോൾ എന്നെ വീട്ടിൽനിന്നു പുറത്താക്കി. ഇട്ടിരുന്ന വസ്ത്രമല്ലാതെ സ്വന്തമെന്നു പറയാൻ ഒന്നുമില്ലായിരുന്നു എനിക്ക്. ആ രാത്രി കടൽക്കരയിലാണ് ഞാൻ ഉറങ്ങിയത്. എന്തുതന്നെ സംഭവിച്ചാലും, യഹോവയെ സേവിക്കാനുള്ള ധൈര്യം തരണമേയെന്ന് ഞാൻ അവനോടു പ്രാർഥിച്ചു.
അടുത്ത ദിവസം ഞാൻ സ്കൂൾ ലൈബ്രറിയിൽ നിൽക്കുമ്പോൾ നിനച്ചിരിക്കാതെ, പോൾ എവൻസ് സഹോദരൻ അങ്ങോട്ടുവന്നു. എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു: “വരൂ, നമുക്ക് മിഷനറി ഭവനത്തിൽ പോയിരുന്നു സംസാരിക്കാം.” മിഷനറിമാർ അവരോടൊപ്പം താമസിക്കാൻ എന്നെ അനുവദിച്ചു. ആ വർഷംതന്നെ ഞാൻ സ്നാനമേറ്റു.
ഹൈസ്കൂൾപഠനം പൂർത്തിയാക്കിയതിനുശേഷം ഞാനും മിഷനറിമാരോടൊപ്പം പയനിയറിങ് ചെയ്തു. പിന്നീട് തീക്ഷ്ണതയുള്ള ഒരു പയനിയറായ കാരളിൻ ഹിൻഷ് എന്ന കാനഡക്കാരി (മുമ്പ് ഫിജിയിൽ സേവിച്ചിട്ടുണ്ട്) എന്റെ ജീവിതസഖിയായി. വിവാഹത്തിനുശേഷം ഞങ്ങളൊന്നിച്ച് അമേരിക്കൻ സമോവയിൽ പ്രത്യേക പയനിയറിങ് തുടങ്ങി.
കാലക്രമേണ, എന്റെ മാതാപിതാക്കളുടെ മനോഭാവം മയപ്പെട്ടു. മരിക്കുന്നതിനുമുമ്പ് ഡാഡി ബൈബിൾ പഠിക്കാൻ തുടങ്ങി. 72-ാം വയസ്സിൽ മമ്മി സ്നാനമേറ്റു. ആ മിഷനറിമാർ വെച്ച നല്ല മാതൃക ഞാനിന്നും നന്ദിയോടെ ഓർക്കുന്നു. അവർ യഹോവയോടുള്ള സ്നേഹം എന്നിൽ ഉൾനട്ടു; അതാണ് പിടിച്ചുനിൽക്കാൻ ഇന്നോളം എന്നെ സഹായിച്ചിരിക്കുന്നത്!
[91, 92 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
സ്ഥിരോത്സാഹത്തിന്റെ ഫലം
പോൾ എവൻസ്
ജനനം 1917
സ്നാനം 1948
സംക്ഷിപ്ത വിവരം ഭാര്യ ഫ്രാൻസിസിനോടൊപ്പം, സമോവയിലും അമേരിക്കൻ സമോവയിലുമായി 40-ലേറെ വർഷം മിഷനറിസേവനത്തിൽ ഏർപ്പെട്ടു.
ഞാനും ഭാര്യയും 1957-ൽ സർക്കിട്ട് വേല ആരംഭിച്ചപ്പോൾ സമോവയിലേക്കു കടക്കാനുള്ള അനുമതി കിട്ടാൻ വലിയ പ്രയാസമായിരുന്നു; കാരണം പ്രാദേശിക സാക്ഷികൾക്ക് പുറത്തുനിന്നു സഹായം ലഭിക്കുന്നതു തടയാനുള്ള ശ്രമത്തിലായിരുന്നു ഗവൺമെന്റ്. സമോവയിലെ താമസത്തിനിടെ ആരെയും മതപരിവർത്തനം ചെയ്യിക്കില്ലെന്നു വ്യക്തമാക്കുന്ന ഒരു പ്രസ്താവനയിൽ ഒപ്പിടാൻ സന്ദർശകരോടും വിനോദസഞ്ചാരികളോടും ആവശ്യപ്പെട്ടിരുന്നു. സർക്കിട്ട് മേൽവിചാരകനായി ഞാൻ സമോവയിൽ ആദ്യം എത്തിയപ്പോൾ, “മതപരിവർത്തനം ചെയ്യിക്കുക” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രഷേൻ ഓഫീസറോട് ചോദിച്ചു. അദ്ദേഹത്തിന്റെ മുഖത്തെ ആശയക്കുഴപ്പം കണ്ടപ്പോൾ ഞാൻ ചോദിച്ചു:
“താങ്കളൊരു കത്തോലിക്കനാണെന്നും മറ്റൊരു രാജ്യത്തേക്കു പോകുന്നുവെന്നുമിരിക്കട്ടെ. അവിടത്തെ പള്ളിയിൽ ചെല്ലുമ്പോൾ ഒരു പ്രസംഗം നടത്താൻ ആവശ്യപ്പെട്ടാൽ താങ്കൾക്ക് എഴുന്നേറ്റുനിന്നു പ്രസംഗിക്കാനാകുമോ?”
“അതിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്,” അദ്ദേഹം പറഞ്ഞു.
“താങ്കൾക്കറിയാവുന്നതുപോലെ, ആളുകളെ അവരുടെ വീട്ടിൽ ചെന്നുകണ്ട് ബൈബിൾ സന്ദേശം പങ്കുവെക്കുന്നവരാണ് യഹോവയുടെ സാക്ഷികൾ. ഈ വേല ചെയ്യുമ്പോൾ തങ്ങളോടൊപ്പം ചെല്ലണമെന്ന് എന്റെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടാൽ എനിക്ക് അവരുടെകൂടെ പോകാമോ?”
“പോകുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു,” അദ്ദേഹത്തിന്റെ മറുപടി.
“പക്ഷേ, വീട്ടുകാരൻ എന്നോടൊരു ചോദ്യം ചോദിച്ചാലോ, എനിക്ക് ഉത്തരം പറയാമോ?” ഞാൻ തുടർന്നു.
“കുഴപ്പമുള്ളതായി എനിക്കു തോന്നുന്നില്ല,” എന്നായി അദ്ദേഹം.
“കൊള്ളാം, എന്താ ചെയ്യേണ്ടതെന്ന് ഇപ്പോൾ എനിക്കു മനസ്സിലായി,” അത്രയും പറഞ്ഞുകൊണ്ട് ഞാൻ സംഭാഷണം അവസാനിപ്പിച്ചു.
സർക്കിട്ട് സന്ദർശനം വിജയകരമായി പൂർത്തിയാക്കി അവിടെനിന്നു പോകവെ, ഞങ്ങളുടെ സന്ദർശനത്തെപ്പറ്റി മോശമായ എന്തെങ്കിലും റിപ്പോർട്ട് കിട്ടിയോ എന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചു.
“ഇല്ല, ഒന്നും കേട്ടില്ല” അദ്ദേഹം പറഞ്ഞു.
“അങ്ങനെയെങ്കിൽ അടുത്തതവണ ഞങ്ങൾക്ക് അനുമതി കിട്ടുമോ?” ഞാൻ ചോദിച്ചു.
“ഇമിഗ്രഷേൻ ഡിപ്പാർട്ടുമെന്റ് മുഖേന അപേക്ഷിക്കേണ്ട,” അദ്ദേഹം ഉപദേശിച്ചു. “എനിക്ക് ഒരു കത്തയച്ചാൽ മതി; അനുമതി ശരിയാക്കുന്ന കാര്യം ഞാനേറ്റു.”
തുടർന്നുവന്ന പല സന്ദർശനങ്ങളും ഞങ്ങൾ അങ്ങനെയാണു നടത്തിയത്.
എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ഈ നല്ല മനുഷ്യനുശേഷം വന്ന ഓഫീസർമാർ അത്ര സഹകരണമനോഭാവം ഉള്ളവരായിരുന്നില്ല. പിന്നീടു വന്ന സർക്കിട്ട് മേൽവിചാരകന്മാർക്ക് അവർ സമോവയിലേക്കുള്ള പ്രവേശനം നിഷേധിച്ചു. 1974 വരെ ആ സാഹചര്യം തുടർന്നു. എന്നാൽ ആ വർഷം എനിക്കും ഫ്രാൻസിസിനും മിഷനറിമാരായി അവിടെ പ്രവർത്തിക്കാനുള്ള അനുമതി ഗവണ്മെന്റ് നൽകി. ഒടുവിൽ, ഞങ്ങളുടെ കാത്തിരിപ്പിനും സ്ഥിരോത്സാഹത്തിനും ഫലമുണ്ടായി.
[ചിത്രം]
ഫ്രാൻസിസും പോൾ എവൻസും
[97-ാം പേജിലെ ചതുരം]
പ്രസംഗകരുടെ ഭാഷ
ശ്രുതിമധുരമായ സമോവൻ ഭാഷയ്ക്ക് ഇമ്പമാർന്ന ഒരു താളമുണ്ട്. വാക്കുകൾ മിക്കപ്പോഴും “സ്വരാക്ഷരങ്ങളുടെ ഒരു നീണ്ട നിരയായതിനാൽ, ഈ ഭാഷയിൽ പ്രാവീണ്യം നേടുന്നതിന് മിഷനറിമാർക്ക് നല്ല പരിശീലനവും (ഫആറ്റാഈറ്റായിംഗ) പ്രോത്സാഹനവും (ഫഅലഏഓവീന) ആവശ്യമാണ്” എന്ന് ഫ്രെഡ് വെഗെനർ അഭിപ്രായപ്പെടുന്നു.
സുന്ദരവും സങ്കീർണവുമായ ശൈലികളും മനോഹരമായ പഴഞ്ചൊല്ലുകളും സമോവൻ സംസ്കാരത്തോട് അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. കുടുംബത്തലവന്മാരും (മാതൈ) പ്രഭാഷകരും (റ്റൂലാഫാലേ, പ്രഭാഷകരായ മാതൈകൾ) ഔദ്യോഗിക ചടങ്ങുകളിൽ ബൈബിളിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് സങ്കീർണമായ ഭാഷയിൽ സംസാരിക്കുക പതിവാണ്. സാഹചര്യം ആവശ്യമാക്കുമ്പോഴെല്ലാം ഔദ്യോഗിക ഭാഷ ഉപയോഗിക്കുന്നതിൽ സമോവൻ ജനത അതീവനിഷ്ഠയുള്ളവരാണ്; സമോവൻ സംസ്കാരത്തിന്റെ പെരുമാറ്റമര്യാദകളുടെ ഒരു പ്രതിഫലനമാണിത്. പ്രാർഥിക്കുമ്പോഴും പ്രമുഖവ്യക്തികളോടോ അധികാരികളോടോ വിദേശികളായ സന്ദർശകരോടോ സംഭാഷിക്കുമ്പോഴും ഒക്കെ സമോവക്കാർക്ക് സവിശേഷമായ ഒരു ഉപചാരഭാഷ (റ്റൗറ്റാലാ ലെലേയ്) ഉണ്ടായിരുന്നു; അവരോടു സംസാരിക്കുമ്പോൾ മാത്രമല്ല, അവരെക്കുറിച്ചു സംസാരിക്കുമ്പോഴും ഈ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ അനുദിന സംഭാഷണങ്ങളിൽ, അല്ലെങ്കിൽ തങ്ങളെക്കുറിച്ചുതന്നെ സംസാരിക്കുന്നതിന് അത്ര ഔപചാരികതയില്ലാത്ത ഒരു സംസാരഭാഷ (റ്റൗറ്റാലാ ലീങ്ങേയ്) ഉപയോഗിച്ചിരുന്നു.
ഔദ്യോഗികമോ ആചാരപരമോ ആയ സംഗതികളെക്കുറിച്ചോ ബൈബിളിനെക്കുറിച്ചോ ചർച്ച ചെയ്യുമ്പോൾ ഉപയോഗിക്കാനായി പ്രത്യേക പദങ്ങളും പ്രയോഗങ്ങളും ഉണ്ടായിരുന്നു; മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്നത് ഒഴിവാക്കുന്നതിനുവേണ്ടിയായിരുന്നു അത്. സമോവയിൽ ഒരു മിഷനറിയായി സേവിച്ചിട്ടുള്ള ഭരണസംഘാംഗമായ ജഫ്രി ജാക്സൺ പറയുന്നതു ശ്രദ്ധിക്കുക: “ആദരവും മര്യാദയും ഭാഷയുടെ ഊടും പാവുമായിരുന്നതിനാൽ, സാക്ഷീകരണത്തിനിടെ സമോവക്കാരെ സംബോധന ചെയ്യുമ്പോൾ പ്രമുഖവ്യക്തികളോടുള്ള ബന്ധത്തിൽ ഉപയോഗിച്ചിരുന്ന ഉപചാരവാക്കുകൾ വേണമായിരുന്നു ഉപയോഗിക്കാൻ; അതേസമയം ഒരുവൻ തന്നെക്കുറിച്ചു സംസാരിക്കുമ്പോൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സാധാരണഭാഷയിൽ സംസാരിക്കണമായിരുന്നു.”
[99-ാം പേജിലെ ചതുരം/ ചിത്രം]
“കണ്ണീരോടെയാണ് ഞങ്ങൾ അവിടംവിട്ടത്”
റോബർട്ട് ബോയിസ്
ജനനം 1942
സ്നാനം 1969
സംക്ഷിപ്ത വിവരം അദ്ദേഹവും ഭാര്യ എലിസബെത്തും (ബെറ്റി) 1978 മുതൽ 1986 വരെ സമോവൻദ്വീപുകളിൽ മിഷനറിമാരായി സേവിച്ചു.
സമോവയിൽ എത്തിയപ്പോൾ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ച ഒരു സംഗതി, ഭാഷ പഠിക്കാനുള്ള ഞങ്ങളുടെ ശ്രമത്തെ അവിടത്തുകാർ വളരെയധികം വിലമതിച്ചു എന്നതാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ വരുത്തിയ പിശകുകളൊന്നും അവർ കാര്യമാക്കിയില്ല. ഒരിക്കൽ വെളിപ്പാടു 12:9 ഉപയോഗിച്ച്, ലോകത്തിന്മേൽ സാത്താനുള്ള സ്വാധീനം വിശദീകരിക്കുകയായിരുന്നു ഞാൻ. പിശാച് (റ്റീയപോളോ), നാരങ്ങ (റ്റീപോളോ) എന്നിവയ്ക്കുള്ള സമോവൻപദങ്ങൾക്ക് ഉച്ചാരണത്തിൽ സമാനതയുണ്ട്. എനിക്ക് വാക്കുകൾ തമ്മിൽ മാറിപ്പോയി. അങ്ങനെ, സ്വർഗത്തിൽനിന്ന് “നാരങ്ങ” ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടെന്നും അത് മുഴുഭൂമിയെയും വഴിതെറ്റിക്കുകയാണെന്നും ഞാൻ വിശദീകരിച്ചു. ഏതായാലും, യഹോവ പെട്ടെന്നുതന്നെ “നാരങ്ങ”യെ തകർത്ത് ഇല്ലാതാക്കുമെന്നുള്ള കാര്യം ഞാൻ പറഞ്ഞു. എന്റെ മിഷനറിപ്പങ്കാളിക്കും വീട്ടുകാരനും ചിരിയടക്കാൻ കഴിഞ്ഞില്ല എന്നതാണു സത്യം.
പിന്നീടൊരിക്കൽ വീടുതോറുമുള്ള സാക്ഷീകരണത്തിനിടെ ഒരു സമോവൻ സ്ത്രീയോടു സംസാരിക്കവെ, കാണാപ്പാഠം പഠിച്ചിരുന്ന ഒരു അവതരണം ഞാൻ ഓർമയിൽനിന്നു പറഞ്ഞു. എന്നാൽ എന്റെ അവതരണത്തിൽ അവർക്ക് ആകെക്കൂടെ മനസ്സിലായത് വെളിപ്പാടു 21:4, 5-നെക്കുറിച്ചുള്ള എന്റെ പരാമർശം മാത്രമാണെന്ന് പിന്നീട് ഞാനറിഞ്ഞു. എന്തായാലും, എന്റെ സന്ദേശം പ്രാധാന്യമുള്ളതാണെന്നു തോന്നിയതിനാൽ അവർ വീടിനകത്തുപോയി ബൈബിൾ തുറന്ന് ആ തിരുവെഴുത്ത് വായിച്ചു. ഫലമോ? അവർ ബൈബിൾ പഠിക്കാൻ തുടങ്ങി; ആ വാക്യം അവരെ അത്രമേൽ സ്പർശിച്ചു. അങ്ങനെ, അവരും ഒൻപതുമക്കളും സാക്ഷികളായിത്തീർന്നു!
കാലം കടന്നുപോയതോടെ, ഞങ്ങൾ സമോവൻ ഭാഷയിൽ പ്രാവീണ്യം നേടി; ധാരാളം നല്ല അനുഭവങ്ങളും ഞങ്ങൾ ആസ്വദിച്ചു. ഒടുവിൽ, ആരോഗ്യപ്രശ്നങ്ങൾനിമിത്തം ഐക്യനാടുകളിലേക്ക് തിരിച്ചുപോകേണ്ടിവന്നപ്പോൾ ഞങ്ങൾക്ക് എത്ര വേദന തോന്നിയെന്നോ! കണ്ണീരോടെയാണ് ഞങ്ങൾ അവിടംവിട്ടത്.”
[101, 102 പേജുകളിലെ ചതുരം/ ചിത്രം]
“പട്ടണം മുഴുവൻ സന്നിഹിതരായിരുന്നു . . . ”
ഏപ്പിയനഗരം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ശവസംസ്കാരങ്ങളിൽ ഒന്നായിരുന്നു ഫ്രെഡ് വില്യംസിന്റേത്; 1950-കളിലായിരുന്നു അത്. കപ്പൽജോലിയിൽനിന്ന് വിരമിച്ചിരുന്ന അദ്ദേഹം ക്യാപ്റ്റൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പരുക്കൻ പ്രകൃതക്കാരനായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ഒരു സാക്ഷിയായിരുന്നു. ലോകം മുഴുവൻ സമുദ്രസഞ്ചാരം നടത്തിയിട്ടുള്ള അദ്ദേഹം സൗത്ത് പസിഫിക്കിൽ വിഖ്യാതനായിരുന്നു. ഒരിക്കൽ ഒരു പാറക്കൂട്ടത്തിൽ ചെന്നിടിച്ച് തകർന്ന കപ്പലിൽനിന്ന് ജീവനക്കാരെ ഒരു തുറന്ന ലൈഫ്ബോട്ടിൽ കയറ്റി 1,600-ഓളം കിലോമീറ്റർ താണ്ടി സുരക്ഷിതസ്ഥാനത്ത് എത്തിച്ചത് അദ്ദേഹത്തിന്റെ സാഹസകൃത്യങ്ങളിൽ ഒന്നുമാത്രം; ആ യാത്രയിൽ ഉടനീളം അവരുടെ പക്കൽ ഭക്ഷ്യവസ്തുക്കളൊന്നും ഇല്ലായിരുന്നു എന്നോർക്കണം.
മതത്തിന്റെ പിറകേ പോകുന്ന പലർക്കും ആത്മാർഥതയില്ല എന്ന അഭിപ്രായക്കാരനായിരുന്നു ക്യാപ്റ്റൻ. എന്നിരുന്നാലും, മദ്യപാനിയും ചീട്ടുകളിക്കാരനുമായിരുന്ന ഇദ്ദേഹം പിന്നീട് ബിൽ മോസിനോടൊപ്പം ബൈബിൾ പഠിക്കുകയും തീക്ഷ്ണതയുള്ള ഒരു സാക്ഷിയായിത്തീരുകയും ചെയ്തു. സ്നാനമേൽക്കുന്ന സമയമായപ്പോഴേക്കും, കാഴ്ച നഷ്ടപ്പെട്ട് ഏറെക്കുറെ കിടപ്പിലായിക്കഴിഞ്ഞിരുന്നു അദ്ദേഹം. എന്നിട്ടും, മതനേതാക്കന്മാർ ഉൾപ്പെടെ, തന്നെ കാണാൻ എത്തിയവരോടെല്ലാം തന്റെ പുതിയ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുമായിരുന്നു.
താൻ മരിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ ശവസംസ്കാര ശുശ്രൂഷ നടത്തണമെന്നും തന്നെ കടലിൽ സംസ്കരിക്കണമെന്നും വിൽപ്പത്രത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. “ശവസംസ്കാരത്തിന് പട്ടണം മുഴുവൻ സന്നിഹിതരായിരുന്നു എന്നു തോന്നിപ്പോയി. മരണത്തെക്കുറിച്ച് റേഡിയോയിലൂടെ അറിയിപ്പുണ്ടായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഏപ്പിയനഗരത്തിലെ ബിസിനസ് സ്ഥാപനങ്ങൾ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി,” ഗേളി മോസ് എഴുതുന്നു. സാക്ഷികളെ കൂടാതെ, വക്കീലന്മാരും അധ്യാപകരും പ്രമുഖമതനേതാക്കന്മാരും ബിസിനസ്സുകാരും ചടങ്ങിൽ സംബന്ധിച്ചു.
ബിൽ മോസാണ് ചരമപ്രസംഗം നടത്തിയത്. അനേകം തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട്, ഭൂമിയിലെ പറുദീസയിലേക്ക് പുനരുത്ഥാനം ചെയ്യപ്പെടാനുള്ള ക്യാപ്റ്റന്റെ പ്രത്യാശയെക്കുറിച്ചു എബ്രാ. 11:4) “ശവസംസ്കാരശുശ്രൂഷയിലൂടെ വലിയൊരു സാക്ഷ്യമാണ് ക്യാപ്റ്റൻ നൽകിയത്.”
സഹോദരൻ വിശദീകരിച്ചപ്പോൾ സന്നിഹിതരായിരുന്നവർ സശ്രദ്ധം കേട്ടു. “ക്യാപ്റ്റനോടുള്ള എന്റെ സ്നേഹം അതിന്റെ പാരമ്യത്തിലെത്തിയതുപോലെ തോന്നി എനിക്ക്; കാരണം ജീവിച്ചിരുന്നപ്പോൾത്തന്നെ അദ്ദേഹം ഇങ്ങനെയൊരു ക്രമീകരണം ചെയ്തതുകൊണ്ട് വീടുതോറുമുള്ള സാക്ഷീകരണത്തിലൂടെ കണ്ടുമുട്ടാൻ കഴിയാതിരുന്ന അനേകർക്കും ഒരു സാക്ഷ്യം നൽകാൻ ഇടയായി. ‘മരിച്ചശേഷവും . . . സംസാരിച്ചുകൊണ്ടിരിക്കുന്ന’ ദൈവദാസനായ ഹാബേലിനെയാണ് എനിക്കോർമ വന്നത്,” ഗേളി പറയുന്നു. (ക്യാപ്റ്റന്റെ വീട്ടിൽവെച്ചു നടന്ന ചരമപ്രസംഗത്തിനുശേഷം 50-ലേറെ കാറുകൾ അഴിമുഖത്തേക്കു തിരിച്ചു. “ബോട്ടുജെട്ടി കാഴ്ചക്കാരെക്കൊണ്ട് നിറഞ്ഞിരുന്നതിനാൽ പോലീസാണ് ഞങ്ങൾക്ക് ബോട്ടിലേക്കു കയറാനുള്ള വഴിയൊരുക്കിയത്. അങ്ങനെ, കുടുംബാംഗങ്ങളോടും ഹൈക്കമ്മീഷണറോടും പൗരപ്രമുഖരോടും ഒപ്പം ഞങ്ങൾ ബോട്ടിൽ (ഓലേലെ) കയറി; ബോട്ട് (പറക്കും മേഘം എന്നായിരുന്നു അതിന്റെ പേര്) ഞങ്ങളെയുംകൊണ്ട് കടലിലേക്കു പാഞ്ഞു,” ഗേളി പറയുന്നു. ആ ബോട്ടിനു നന്നേ യോജിക്കുന്ന പേരായിരുന്നു അത്. തിരമാലകൾ ബോട്ടിനെ അമ്മാനമാടുകയായിരുന്നു; വീണുപോകാതെ പാമരത്തിൽ അള്ളിപ്പിടിക്കേണ്ടിവന്നു ബില്ലിന്. അദ്ദേഹത്തിന്റെ വസ്ത്രവും ബൈബിളും കാറ്റു പറത്തിക്കൊണ്ടുപോകുമെന്നു തോന്നിപ്പോയി. ഒടുവിൽ, “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചു”കൊടുക്കുമെന്ന ബൈബിൾ വാഗ്ദാനം വായിച്ചിട്ട് ബിൽ പ്രാർഥിച്ചു. (വെളി. 20:13) അതിനുശേഷം, ക്യാപ്റ്റന്റെ പൊതിഞ്ഞുകെട്ടിയ ശരീരം അദ്ദേഹത്തിനു പ്രിയപ്പെട്ട പസിഫിക് സമുദ്രത്തിന്റെ ആർത്തിരമ്പുന്ന തിരമാലകളെ ഏൽപ്പിച്ചു. ഏറെക്കാലത്തിനുശേഷവും ആളുകൾ ആ ശവസംസ്കാരത്തെക്കുറിച്ചു സംസാരിക്കുമായിരുന്നു; അത് മറ്റനേകം സാക്ഷ്യങ്ങൾക്കു വഴിയൊരുക്കി.
[ചിത്രം]
“ക്യാപ്റ്റൻ” ഫ്രെഡ് വില്യംസ്, സ്നാനമേൽക്കുന്നതിനുമുമ്പ്
[109, 110 പേജുകളിലെ ചതുരം/ചിത്രം]
‘ഞങ്ങൾ വീണ്ടുംവീണ്ടും മടങ്ങിവന്നു’
ഫ്രെഡ് വെഗെനർ
ജനനം 1933
സ്നാനം 1952
സംക്ഷിപ്ത വിവരം ഇദ്ദേഹവും ഭാര്യ ഷെർളിയും സമോവ ബെഥേലിൽ സേവിക്കുന്നു. ഫ്രെഡ് കൺട്രി കമ്മിറ്റിയിലെ ഒരംഗമാണ്.
വിവാഹിതരായി അധികം കഴിയുംമുമ്പേ ഞങ്ങൾക്ക് പ്രത്യേക പയനിയർമാരായി നിയമനം ലഭിച്ചു. അങ്ങനെ ഞങ്ങൾ ഓസ്ട്രേലിയയിൽനിന്ന് അമേരിക്കൻ സമോവയിലേക്കു മാറി; 1956-ലായിരുന്നു അത്. പാങ്ഗോ പാങ്ഗോ തുറമുഖത്തിന്റെ കിഴക്കേക്കവാടത്തിലുള്ള ലൗലീയി എന്ന കൊച്ചുഗ്രാമത്തിലായിരുന്നു ആദ്യനിയമനം. വാതിലുകളോ ജനലുകളോ മേൽക്കൂരയോ ശുദ്ധജലമോ ഒന്നും ഇല്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ ഒരു കൊച്ചുവീടാണ് അവിടെ ഞങ്ങൾക്കു ലഭിച്ചത്. അത് താമസിക്കാൻ പറ്റിയ ഒരിടമായി മാറ്റിയപ്പോഴേക്കും ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാൾകൂടി വന്നു. സത്യത്തോട് എതിർപ്പുള്ള മാതാപിതാക്കൾ വീട്ടിൽനിന്നിറക്കിവിട്ട വാലസ് പെഡ്രോ എന്ന കുട്ടിയായിരുന്നു അത്. ഞങ്ങളോടൊപ്പം താമസിച്ച് പയനിയറിങ് ചെയ്യാനാണ് അവൻ വന്നത്.
രണ്ടുവർഷത്തിനുശേഷം ഗിലെയാദ് സ്കൂളിൽ സംബന്ധിച്ച ഞങ്ങളെ മിഷനറിമാരായി തഹീതിയിലേക്കു നിയമിച്ചു; പക്ഷേ, അവിടെ അധികസമയം തങ്ങാൻ ഞങ്ങൾക്കായില്ല. ഗവണ്മെന്റ് ഞങ്ങളുടെ മിഷനറി അപേക്ഷ തള്ളിക്കളഞ്ഞെന്നു മാത്രമല്ല, ‘ദയവുചെയ്ത്’ അടുത്ത വിമാനത്തിൽത്തന്നെ അവിടംവിടണമെന്ന് കത്തുമുഖേന ഞങ്ങളെ അറിയിക്കുകയും ചെയ്തു. അമേരിക്കൻ സമോവയിൽ തിരിച്ചെത്തിയ ഞങ്ങൾ പോൾ എവൻസ്, ഭാര്യ ഫ്രാൻസിസ്, റോൺ സെല്ലാർസ്, ഭാര്യ ഡോളി എന്നിവരോടൊപ്പം പാങ്ഗോ പാങ്ഗോയിലെ ഫങ്ങറ്റോഗൊ മിഷനറിഭവനത്തിൽ സേവിച്ചു. ഇവിടെവെച്ച് ഞാൻ വീക്ഷാഗോപുരവും നമ്മുടെ രാജ്യ ശുശ്രൂഷയും സമോവനിൽ അച്ചടിച്ചു. ഊണുമേശയിൽ വെച്ചിരുന്ന ഒരു പഴയ മിമിയോഗ്രാഫാണ് ഞാൻ ഉപയോഗിച്ചിരുന്നത്. 1962-ൽ ഷെർളിക്കും എനിക്കും സർക്കിട്ട് വേലയ്ക്കുള്ള ക്ഷണം ലഭിച്ചു. അമേരിക്കൻ സമോവ, കിരിബാറ്റി, കുക്ക് ദ്വീപുകൾ, ടുവാലൂ, ടോംഗ, നീയൂ,
ഫിജി, വനുവാട്ടു, സമോവ തുടങ്ങി ദക്ഷിണ പസിഫിക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു ഞങ്ങളുടെ ആദ്യത്തെ സർക്കിട്ട്.എട്ടുവർഷത്തിനുശേഷം ഞങ്ങൾക്കൊരു മകൻ ജനിച്ചു—ഡറിൽ. അതോടെ ഞങ്ങൾ അമേരിക്കൻ സമോവയിൽ സ്ഥിരതാമസമാക്കി. ഞാൻ പ്രത്യേക പയനിയറായി സേവിച്ചു; ഷെർളിയാകട്ടെ ഏതാണ്ടു മുഴുവൻ സമയവും നമ്മുടെ പ്രസിദ്ധീകരണങ്ങൾ സമോവൻഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു.
ഏതാണ്ട് ഇക്കാലത്താണ് കടലിൽ മുങ്ങി മുത്തുച്ചിപ്പിയെടുക്കുന്ന ഒരു സാക്ഷിയോടൊപ്പം ഞാൻ ജോലിചെയ്യാൻ തുടങ്ങിയത്. ഞങ്ങളുടെ കുടുംബത്തിന്റെ സമ്പാദ്യമെല്ലാം തീർന്നുപോയിരുന്നതുകൊണ്ടാണ് അത് ആവശ്യമായിവന്നത്. ഒരിക്കൽ അദ്ദേഹത്തിന്റെ ചെറിയ ബോട്ടിന്റെ എഞ്ചിൻ തകരാറിലായതിനെത്തുടർന്ന് നാലുദിവസം ഞങ്ങൾ കടലിൽ ഒറ്റപ്പെട്ടുപോയി. വഴിമാറി നൂറുകണക്കിനു കിലോമീറ്ററുകൾ ദൂരേക്കു പോയ ഞങ്ങൾക്ക് ഒരു കൊടുങ്കാറ്റിനെ നേരിടേണ്ടിവന്നെങ്കിലും അതിനെ അതിജീവിച്ചു. വഴിതെറ്റിയുള്ള ആ സഞ്ചാരത്തിനിടെ 32 ബോട്ടുകളും കപ്പലുകളും കടന്നുപോകുന്നത് കണ്ടെങ്കിലും രക്ഷയുണ്ടായില്ല. മറ്റൊരു ദുരന്തം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഒരു വലിയ കപ്പൽ ഇടിച്ച് ഞങ്ങളുടെ ബോട്ട് തകർന്നെന്നുതന്നെ പറയാം. എന്തായാലും, ഒടുവിൽ ഞങ്ങൾ രക്ഷപ്പെട്ടു. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരതിഥികൂടി എത്താൻപോകുകയാണെന്ന് അധികം താമസിയാതെ ഞങ്ങൾക്കു മനസ്സിലായി. അങ്ങനെ 1974-ൽ, മനസ്സില്ലാമനസ്സോടെയാണെങ്കിലും, ഓസ്ട്രേലിയയിലേക്കു മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. അവിടെവെച്ച് ഞങ്ങൾക്കൊരു പെൺകുഞ്ഞ് ജനിച്ചു. അവൾക്ക് ഞങ്ങൾ റ്റാമാരി എന്നു പേരിട്ടു.
തുടർന്നുവന്ന വർഷങ്ങളിലൊക്കെ ഞങ്ങളുടെ പ്രിയപ്പെട്ട മിഷനറിനിയമനത്തിലേക്കു തിരിച്ചുപോകുന്നതിനെക്കുറിച്ച് ഞങ്ങൾ പലവട്ടം ചിന്തിച്ചു. എന്നാൽ 1995-ൽ, റ്റാമാരിയോടൊപ്പം സമോവയിലെ ബെഥേലിൽ സേവിക്കാനുള്ള ക്ഷണം ലഭിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം ഊഹിക്കാനാകുമോ? ഒരു വർഷം കഴിഞ്ഞ് എനിക്കും ഷെർളിക്കും സർക്കിട്ട് വേല പുനരാരംഭിക്കാനുള്ള ക്ഷണം ലഭിച്ചു—26 വർഷത്തെ ഇടവേളയ്ക്കുശേഷം! വർഷങ്ങൾക്കുമുമ്പ് സമോവയിലും അമേരിക്കൻ സമോവയിലും ടോംഗയിലും ഞങ്ങളോടൊപ്പം പ്രവർത്തിച്ചിരുന്ന പഴയകാല വിശ്വസ്ത സഹോദരങ്ങളെ വീണ്ടും കാണാൻ കഴിഞ്ഞത് ഞങ്ങളെ എത്ര സന്തോഷിപ്പിച്ചുവെന്നോ!—3 യോഹ. 4.
ഇന്ന് ഞാനും ഷെർളിയും ഞങ്ങളുടെ മകൾ റ്റാമാരിയോടും ഭർത്താവ് ഹീഡിയൂക്കീ മോട്ടോയീയോടും ഒപ്പം സമോവ ബെഥേലിൽ സേവിക്കുന്നു. വീണ്ടുംവീണ്ടും സമോവയിലേക്ക് മടങ്ങിവന്നത് ഓർക്കുമ്പോൾ ഞങ്ങൾക്ക് എത്ര സന്തോഷം തോന്നുന്നുണ്ടെന്നോ!
[113, 114 പേജുകളിലെ ചതുരം/ ചിത്രം]
‘യഹോവ എന്റെ പ്രാർഥനകൾ കേട്ടു’
ഫൈങ്കേയി റ്റൂ
ജനനം 1932
സ്നാനം 1964
സംക്ഷിപ്ത വിവരം 1965 മുതൽ 1980 വരെ ഉപോലു, സവായി ദ്വീപുകളിൽ പയനിയറിങ് ചെയ്ത ഈ സഹോദരി ഇപ്പോൾ സവായിയിൽ താമസിക്കുന്നു.
ജന്മനാതന്നെ എനിക്ക് കാലിനു വൈകല്യമുണ്ടായിരുന്നു. പാദം ഉപ്പൂറ്റിയുടെ അടിഭാഗംവരെ വളഞ്ഞിരിക്കുന്നതിനാൽ നടക്കാൻ എനിക്കു വലിയ ബുദ്ധിമുട്ടാണ്.
സത്യത്തെക്കുറിച്ച് ആദ്യം കേട്ടപ്പോൾത്തന്നെ അതെന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. യോഗങ്ങൾക്കു പോകാൻ എനിക്കു വലിയ ആഗ്രഹമുണ്ടായിരുന്നു; പക്ഷേ, പാറക്കൂട്ടങ്ങൾ നിറഞ്ഞ പാതയിലൂടെ നടന്ന് അവിടെയെത്തുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു. ക്രമേണ, റബ്ബർ ചെരുപ്പുകൾ ഉപയോഗിച്ച് എനിക്കുള്ള ഷൂസ് സ്വന്തമായി ഉണ്ടാക്കാൻ ഞാൻ പഠിച്ചു. അങ്ങനെ കാര്യമായ ബുദ്ധിമുട്ടില്ലാതെ നടക്കാനായി.
സ്നാനമേറ്റ് ഉടനെതന്നെ ഞാൻ പയനിയറിങ് തുടങ്ങി. ഉപോലുവിൽ ഒൻപതുവർഷത്തെ പയനിയറിങ്ങിനുശേഷം ചേച്ചിയോടും ഭർത്താവിനോടുമൊപ്പം, രാജ്യഘോഷകരുടെ ആവശ്യം ഏറെയുണ്ടായിരുന്ന സവായിയിലേക്കു മാറി. അവിടെ ചേച്ചിയുടെ മകൾ കുമി ഫലേമായയുടെ കൂടെ ഞാൻ പ്രത്യേക പയനിയറായി പ്രവർത്തിച്ചു.
ഞാനും കുമിയും എല്ലാ ആഴ്ചയും ഫങ്ങ എന്ന ഗ്രാമത്തിൽനിന്ന് സവായിയുടെ പടിഞ്ഞാറേ തീരത്തു സ്ഥിതിചെയ്യുന്ന ലറ്റ എന്ന കൊച്ചുഗ്രാമത്തിലേക്കു പോകുമായിരുന്നു. ബസ്സിലായിരുന്നു യാത്ര. ലറ്റയിലുള്ള ഒരു സ്ത്രീക്ക് ബൈബിളധ്യയനം നടത്തിയശേഷം ഞങ്ങൾ എട്ടുകിലോമീറ്റർ നടന്ന് ടങ്ങയിലുള്ള മറ്റൊരു സ്ത്രീക്ക്
അധ്യയനം നടത്താനായി അങ്ങോട്ടു പോകും. അന്നുരാത്രി ആ സ്ത്രീയുടെ വീട്ടിൽ താമസിച്ചിട്ട് പിറ്റേന്നു രാവിലത്തെ ബസ്സിൽ ഞങ്ങൾ ഫങ്ങയിലേക്കു മടങ്ങും; അതായിരുന്നു പതിവ്. ഏതാണ്ട് രണ്ടുവർഷം അതു തുടർന്നു. ആ രണ്ടുപേരും അവരുടെ കുടുംബവും സാക്ഷികളായിത്തീർന്നപ്പോൾ ഞങ്ങൾക്കെത്ര സന്തോഷം തോന്നിയെന്നോ!എന്റെ ബന്ധുക്കൾ സവായിയിൽനിന്ന് താമസം മാറിയെങ്കിലും ഫങ്ങയിലെ സഹോദരിമാരുടെ ഒരു ചെറിയ കൂട്ടത്തെയും താത്പര്യക്കാരായ സ്ത്രീകളെയും സഹായിക്കുന്നതിനായി ഞാൻ അവിടെത്തന്നെ തങ്ങി. ആഴ്ചതോറും വീക്ഷാഗോപുര അധ്യയനവും സഭാപുസ്തകാധ്യയനവും നടത്തിയിരുന്നതും വീടുതോറുമുള്ള ശുശ്രൂഷയിൽ സഹോദരിമാർക്ക് നേതൃത്വം നൽകിയിരുന്നതും ഞാനാണ്. ഞായറാഴ്ചത്തെ യോഗം നടത്തുന്നതിനായി മാസത്തിലൊരിക്കൽ ഏപ്പിയനഗരത്തിൽനിന്ന് ഒരു മൂപ്പൻ വരുമായിരുന്നു. യോഗസമയത്ത് രാജ്യഗീതങ്ങൾ പാടുന്നതിൽനിന്ന് ഗ്രാമമുഖ്യൻ ഞങ്ങളെ വിലക്കിയിരുന്നതിനാൽ ഗീതങ്ങൾ പാടുന്നതിനുപകരം അതിലെ വാക്കുകൾ ഉറക്കെ പറയുകയാണു ഞങ്ങൾ ചെയ്തിരുന്നത്. അഞ്ചുവർഷത്തിനുശേഷം ന്യൂസിലൻഡിൽനിന്ന് മിഷനറിദമ്പതികളായ ലീവ ഫാഎയ്യൂവും റ്റെനീസിയയും ഞങ്ങളുടെ കൊച്ചുകൂട്ടത്തിന്റെ സഹായത്തിനെത്തി. പിന്നീട് മറ്റു ചിലരും വന്നു. ഇന്ന് സവായിയിൽ തഴച്ചുവളരുന്ന രണ്ടുസഭകളുണ്ട്; ഒന്ന് ഫങ്ങയിലും മറ്റേത് ടങ്ങയിലും.
ഞാൻ വിവാഹംകഴിച്ചിട്ടില്ല; പക്ഷേ കുട്ടികളെ എനിക്കെന്നും ഇഷ്ടമായിരുന്നു. ഒരു കാലത്ത് ചില കുട്ടികൾ എന്നോടൊപ്പം താമസിച്ചിട്ടുണ്ട്. എന്റെ ആത്മീയ “മക്കൾ” പുരോഗമിച്ച് യഹോവയെ സേവിക്കാൻ തീരുമാനമെടുക്കുന്നതു കാണുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷത്തിന് അതിരില്ല.
ഇന്നെനിക്കു പ്രായമായി; പണ്ടത്തെപ്പോലെ നടക്കാൻ വയ്യാ. ഞാൻ വീട്ടിലിരുന്ന് ബൈബിളധ്യയനങ്ങൾ നടത്തുകയും പ്രാദേശിക ആശുപത്രിയിൽ കണ്ടുമുട്ടുന്നവരോടു സാക്ഷീകരിക്കുകയും ചെയ്യുന്നു; എങ്കിലും മുമ്പു ചെയ്തിരുന്നതുപോലെ പ്രസംഗവേലയിൽ ഏർപ്പെടാൻ കഴിയാത്തതിനാൽ എനിക്ക് വല്ലാത്ത നിരാശതോന്നി. കൂടുതൽ ചെയ്യാൻ സഹായിക്കണമേയെന്ന് ഞാൻ യഹോവയോടു പ്രാർഥിച്ചു. അങ്ങനെയിരിക്കെ, ടെലിഫോൺ സാക്ഷീകരണം നടത്തേണ്ടത് എങ്ങനെയെന്ന് സഭയിലെ മിഷനറിമാർ എന്നെ പഠിപ്പിച്ചു. കഴിഞ്ഞുപോയ വർഷങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ, യഹോവ എന്റെ പ്രാർഥനകൾ കേട്ടിരിക്കുന്നുവെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
[118-ാം പേജിലെ ചതുരം/ രേഖാചിത്രം]
ഇന്നലെ, ഇന്ന്, നാളെ
സമോവയിലെയും ടോംഗയിലെയും സമയത്തിനുതമ്മിൽ വ്യത്യാസമൊന്നുമില്ല; പക്ഷേ ടോംഗയുടെ കലണ്ടർ ഒരു ദിവസം മുന്നിലാണ്! എന്താണ് ഈ വ്യത്യാസത്തിനു കാരണം? അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ഇരുവശങ്ങളിലുമായാണ് ഈ രാജ്യങ്ങളുടെ സ്ഥാനം—ടോംഗ പടിഞ്ഞാറും സമോവ കിഴക്കും. അതുകൊണ്ടുതന്നെ, ഈ രണ്ടു സ്ഥലങ്ങളും ഏതാണ്ട് അടുത്തടുത്താണെങ്കിലും ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആദ്യം ആചരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ടോംഗയെങ്കിൽ അത് അവസാനം ആചരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് സമോവ.
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
\
\
\
\
\ സമോവ
| 7:00 p.m.
| ബുധൻ
|
|
|
|
|
ടോംഗ |
7:00 p.m. | ദക്ഷിണ പസിഫിക് സമുദ്രം
വ്യാഴം |
|
|
അന്താരാഷ്ട്ര | ദിനാങ്കരേഖ
|
| നീയൂ
|
|
|
|
|
|
|
|
[123, 124 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
ദൈവനാമത്തെ ആദരിക്കുന്ന ഒരു ബൈബിൾപരിഭാഷ
1884-ൽ ക്രൈസ്തവമിഷനറിമാർ സമോവൻഭാഷയിൽ ഒരു ബൈബിൾപരിഭാഷ പുറത്തിറക്കുകയുണ്ടായി. അതിന്റെ എബ്രായ തിരുവെഴുത്തുകളിൽ ഉടനീളം യഹോവ എന്ന ദൈവനാമം ഉണ്ടായിരുന്നു. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലാകട്ടെ, ദൈവനാമത്തിന്റെ ഹ്രസ്വരൂപം (യാഹ്) നാലുപ്രാവശ്യം കാണാമായിരുന്നു; ‘യാഹിനെ സ്തുതിപ്പിൻ’ എന്നർഥം വരുന്ന അല്ലെലൂയാ എന്ന പദപ്രയോഗത്തിന്റെ ഭാഗമായാണ് അതു പ്രത്യക്ഷപ്പെടുന്നത്. (വെളി. 19:1-6) എന്നാൽ 1969-ൽ ഇതിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങിയപ്പോൾ അതിൽ ദൈവനാമം ഇല്ലായിരുന്നെന്നുതന്നെ പറയാം. എന്നാൽ പരിഭാഷകർ ശ്രദ്ധിക്കാതെയായിരിക്കാം, ഒരു വാക്യത്തിൽമാത്രം അത് കടന്നുപോയി! (പുറ. 33:14) കീർത്തനപുസ്തകങ്ങളിൽനിന്നും സഭാധികാരികൾ ദൈവനാമം നീക്കംചെയ്തു. മാത്രമല്ല, സഭാംഗങ്ങൾ ആ നാമം ഉപയോഗിക്കുന്നതിനെ അവർ നിരുത്സാഹപ്പെടുത്തുകയും ചെയ്തു.
അങ്ങനെയിരിക്കെ, ബൈബിളിനെ സ്നേഹിക്കുന്ന സമോവക്കാരെ ആഹ്ലാദഭരിതരാക്കിക്കൊണ്ട് 2007 നവംബറിൽ സമോവൻഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ പുറത്തിറങ്ങി. കൃത്യതയുള്ളതും ലളിതവുമായ ഈ പരിഭാഷ ദൈവനാമത്തിന്റെ കാര്യത്തിലും മൂലഭാഷയോടു പറ്റിനിൽക്കുന്നു. സമോവയിൽ മുമ്പ് മിഷനറിയായി സേവിച്ചിട്ടുള്ള, ഭരണസംഘത്തിലെ ഒരംഗമായ ജഫ്രി ജാക്സൺ ഏപ്പിയനഗരത്തിൽനടന്ന ഒരു പ്രത്യേക കൺവെൻഷനിലാണ് പുതിയ ലോക ഭാഷാന്തരം പ്രകാശനം ചെയ്തത്.
പ്രകാശനത്തിന്റെ ടിവി സംപ്രേഷണം പൊതുജനശ്രദ്ധ ആകർഷിച്ചു. ഈ ബൈബിളിന്റെ കോപ്പികൾ ആവശ്യപ്പെട്ടുകൊണ്ട് ചിലർ സമോവ ബെഥേലിലേക്ക് ഫോൺചെയ്തു. തന്റെ സ്റ്റാഫിന് വിതരണംചെയ്യുന്നതിനുവേണ്ടി ഒരു ഉയർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥൻ പത്തുകോപ്പികൾ ആവശ്യപ്പെടുകയുണ്ടായി.
അധ്യയനവർഷത്തിന്റെ അവസാനം മികച്ച വിദ്യാർഥികൾക്ക് സമ്മാനമായി കൊടുക്കുന്നതിന് ഒരു സ്കൂൾ പ്രിൻസിപ്പൽ ബൈബിളിന്റെ അഞ്ചുകോപ്പികൾ ആവശ്യപ്പെട്ടു.മൂലഭാഷയുടെ അർഥത്തിലേക്ക് വെളിച്ചംവീശിക്കൊണ്ടുള്ള വിവർത്തനരീതിയെ അനേകരും പ്രകീർത്തിച്ചു. ദൈവനാമത്തിന്റെ പ്രാധാന്യം സമോവൻജനതയെ ബോധ്യപ്പെടുത്താനും ഈ പരിഭാഷയ്ക്കു കഴിയുന്നുണ്ട്. ഒരു സ്ത്രീക്ക് അതു മനസ്സിലാക്കിക്കൊടുക്കാൻ ഉപോലുവിലുള്ള വൈലെലെ ഗ്രാമത്തിലെ ഫിനൗ ഫിനൗ എന്ന പ്രത്യേക പയനിയർ സഹോദരൻ യേശുവിന്റെ മാതൃകാപ്രാർഥന ഉപയോഗിക്കുകയുണ്ടായി.
മത്തായി 6:9 വായിച്ചിട്ട് ഫിനൗ ചോദിച്ചു: “ആരുടെ നാമം വിശുദ്ധീകരിക്കപ്പെടണമെന്നാണ് ഇവിടെ പറയുന്നത്?”
“കർത്താവിന്റെ,” ആ സ്ത്രീ പറഞ്ഞു.
“എന്നാൽ ‘ദേവന്മാർ’ എന്നും ‘കർത്താക്കന്മാർ’ എന്നും വിളിക്കപ്പെടുന്ന അനേകരുണ്ട് എന്നാണല്ലോ 1 കൊരിന്ത്യർ 8:4, 5 പറയുന്നത്. കർത്താവ് എന്നപേരിൽ അനേകം ദൈവങ്ങൾ ഉണ്ടെങ്കിൽ, സത്യദൈവത്തിന്റെ പേര് എങ്ങനെ ‘കർത്താവ്’ എന്നാകും?” സഹോദരൻ ചോദിച്ചു.
തുടർന്ന് അദ്ദേഹം ബൈബിളിൽനിന്ന് അവരെ യഹോവ എന്ന ദൈവനാമം കാണിച്ചിട്ട് ക്രൈസ്തവർ തങ്ങളുടെ ബൈബിളിൽനിന്ന് ആ പേര് നീക്കംചെയ്തിരിക്കുകയാണെന്നു വിശദീകരിച്ചു. ആശയം വ്യക്തമാക്കുന്നതിനായി അദ്ദേഹം ചോദിച്ചു: “ഒന്നാലോചിച്ചുനോക്കൂ, നിങ്ങളുടെ കുടുംബത്തലവന്റെ (മാതൈ) പേര് മാറ്റാനോ ഇല്ലാതാക്കാനോ ആരെങ്കിലും ശ്രമിച്ചാൽ നിങ്ങൾക്കെന്തായിരിക്കും തോന്നുക?”
“നല്ല ദേഷ്യംവരും,” അവർ പറഞ്ഞു.
ഫിനൗ തുടർന്നു: “തന്റെ വചനത്തിൽനിന്ന് തന്റെ പേര് എടുത്തുമാറ്റാൻ ശ്രമിക്കുന്നവരോട് യഹോവയ്ക്കും അങ്ങനെയാണ് തോന്നുക.”
[ചിത്രം]
“പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ,” സമോവൻഭാഷയിൽ
[126, 127 പേജുകളിലെ ചതുരം/ ചിത്രങ്ങൾ]
“യഹോവ എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു”
ലുമിപ യങ്
ജനനം 1950
സ്നാനം 1989
സംക്ഷിപ്ത വിവരം ഒരു മുൻപ്രധാനമന്ത്രിയുടെ മകളായ ഇവർ ഏപ്പിയയിൽ സാധാരണ പയനിയറായി സേവിക്കുന്നു.
രാഷ്ട്രീയക്കാരനും ബിസിനസ്സുകാരനുമായ അച്ഛന്റെ മകളായി സവായി ദ്വീപിലാണ് ഞാൻ വളർന്നത്. വലിയ കൊക്കോ തോട്ടത്തിന്റെ ഉടമയായ അച്ഛന്റെ കീഴിൽ 200-ഓളം ജോലിക്കാരുണ്ടായിരുന്നു. സമോവയിലെ പത്രങ്ങൾ “കൊക്കോ രാജാവ്” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അനേകവർഷം സമോവയിലെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
ഞങ്ങൾ മക്കൾ 11 പേരായിരുന്നു. മതപരമായ കാര്യങ്ങളിൽ അത്ര താത്പര്യമുള്ള ആളായിരുന്നില്ല അച്ഛൻ, അമ്മയാണ് ഞങ്ങളെ ബൈബിൾ പഠിപ്പിച്ചിരുന്നത്. അമ്മയുടെ മരണം എനിക്കു വലിയൊരു ആഘാതമായി. അതുകൊണ്ട് ജൂഡി പ്രിച്ചാർഡ് എന്ന മിഷനറി സഹോദരി പുനരുത്ഥാന പ്രത്യാശയെക്കുറിച്ച് എന്നോടു പറഞ്ഞപ്പോൾ, അമ്മയെ വീണ്ടും കാണാൻ സാധിക്കുമെന്ന ചിന്ത എന്നെ കോൾമയിർക്കൊള്ളിച്ചു.
ചോദ്യങ്ങൾകൊണ്ട് ഞാൻ ജൂഡിയെ വീർപ്പുമുട്ടിച്ചു; എന്നാൽ എന്റെ എല്ലാ ചോദ്യങ്ങൾക്കും അവർ ബൈബിളിൽനിന്ന് ഉത്തരം നൽകി. അധികംതാമസിയാതെ ഞാൻ അവരോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി, പിന്നീട് സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാനും.
എന്നാൽ എന്റെ ഭർത്താവ് സ്റ്റീവ് ഞാൻ ബൈബിൾ പഠിക്കുന്നതിന് എതിരുനിന്നു. ഞങ്ങളുടെ ഗ്രാമത്തിലുള്ള പള്ളിയിലെ പ്രമുഖനായ ഒരു ഡീക്കൻ ആയിരുന്നു അദ്ദേഹം. പല പുരോഹിതന്മാരെക്കൊണ്ടും അദ്ദേഹം എന്നോടു സംസാരിപ്പിച്ചു. യോഗങ്ങൾക്കു പോകുന്നതു നിറുത്താൻ അവരെല്ലാം ഉപദേശിച്ചെങ്കിലും ഞാൻ അതൊന്നും കൂട്ടാക്കിയില്ല. അടുത്തതായി അദ്ദേഹം എന്നെ എന്റെ അച്ഛന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി. “കുടുംബവീട്ടിലിരുന്നു പഠിക്കേണ്ട, മറ്റ് എവിടെയെങ്കിലും ആയിക്കോളൂ” എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ മതംമാറ്റത്തിന്റെ പേരിൽ എന്റെ സ്വന്തം സഹോദരങ്ങൾക്ക് ഞാനൊരു
പരിഹാസപാത്രമായി. ഇതൊന്നും പക്ഷേ, ബൈബിൾസത്യം പഠിക്കുന്നതിൽനിന്ന് എന്നെ പിന്തിരിപ്പിച്ചില്ല.പ്രസാധികയാകാനുള്ള യോഗ്യതനേടിയ ഞാൻ ആദ്യമായി സന്ദർശിച്ച വീട് എന്റെ പിതാവിന്റെ മന്ത്രിസഭയിലെ ഒരു അംഗത്തിന്റേതായിരുന്നു. രാഷ്ട്രീയ യോഗങ്ങൾക്കായി പലപ്പോഴും ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ടായിരുന്ന അദ്ദേഹത്തിന് എന്നെ നന്നായി അറിയാമായിരുന്നു. ധൈര്യമെല്ലാം ചോർന്നുപോയ ഞാൻ എന്റെ കൂടെ വന്ന ആളിന്റെ പിന്നിലൊളിച്ചു. ഞാൻ പ്രസംഗപ്രവർത്തനത്തിനു പോകുന്നത് ആളുകൾക്ക് അത്ഭുതമായിരുന്നു; അവർ ചോദിക്കുമായിരുന്നു: “അച്ഛന് ഇത് അറിയാമോ, അദ്ദേഹം ഇതു സമ്മതിച്ചോ?” എന്നാൽ പക്വതയുള്ള ആളായിരുന്നു എന്റെ അച്ഛൻ; അദ്ദേഹം എന്റെ പുതിയ വിശ്വാസത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അതിലുപരി, ആ സമയം ആയപ്പോഴേക്കും അദ്ദേഹം വീക്ഷാഗോപുരം, ഉണരുക! മാസികകൾ താത്പര്യത്തോടെ വായിക്കുകയും ചെയ്യുമായിരുന്നു.
മനുഷ്യഭയത്തെ തരണംചെയ്ത ഞാൻ പിന്നീട് ഒരു സാധാരണ പയനിയറായി പേർചാർത്തി. ബൈബിളധ്യയനങ്ങൾ നടത്തുന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു ഒഴിവുകിട്ടുമ്പോൾ അധ്യയനം എടുക്കുന്നതിനായി, ബൈബിൾ പഠിക്കാൻ സാധ്യതയുള്ള 50 പേരുടെ ഒരു ലിസ്റ്റ് ഞാൻ സൂക്ഷിക്കുന്നുണ്ട്. എന്റെ നാലുകുട്ടികളെ സത്യം പഠിപ്പിക്കാനായതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. എന്റെ മകൾ ഫോട്ടുവോസാമോയെ, അവളുടെ ഭർത്താവ് ആൻഡ്രു, മകൻ സ്റ്റീവൻ, അവന്റെ ഭാര്യ അന്ന എന്നിവർ സമോവ ബെഥേലിൽ സേവിക്കുന്നു. സത്യം സ്വീകരിക്കാൻ എന്റെ അനുജത്തി മനുവിനെ സഹായിക്കാനും എനിക്കായി. എന്റെ ഭർത്താവ് സ്റ്റീവ് തുടക്കത്തിൽ എതിർത്തിരുന്നെങ്കിലും, പിന്നീട് ബൈബിൾ പഠിക്കാനും യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. സത്യമായും യഹോവ എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു.
[ചിത്രങ്ങൾ]
ഇടത്ത്: ഫോട്ടുവോസാമോയെയും ആൻഡ്രു കോയും; വലത്ത്: അന്നയും സ്റ്റീവൻ യങ്ങും
[129, 130 പേജുകളിലെ ചതുരം/ ചിത്രം]
ഗോൾഫ് തിരഞ്ഞെടുക്കുമോ അതോ യഹോവയ്ക്കുവേണ്ടി നിലകൊള്ളുമോ?
ലൂസി ലാഫൈറ്റെലെ
ജനനം 1938
സ്നാനം 1960
സംക്ഷിപ്ത വിവരം ഒരു പ്രൊഫഷണൽ ഗോൾഫ് കളിക്കാരൻ ആകുന്നതിനുപകരം പയനിയർസേവനം തിരഞ്ഞെടുത്തു.
എനിക്കു 18 വയസ്സുണ്ടായിരുന്നപ്പോഴാണ് ഞങ്ങളുടെ അയൽക്കാർ യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെട്ടിരുന്ന ഒരു പുതിയ മതത്തിൽ ചേരുന്നത്. അവർ എന്തിനാണ് യഹോവ എന്ന ദൈവനാമം ഇത്തരത്തിൽ ഉപയോഗിക്കുന്നത് എന്ന് ജിജ്ഞാസയോടെ ഞാൻ ആ വീട്ടിലെ പിതാവ് സിയെമ്മൂ ടാസിയോടു ചോദിച്ചു. സൗമ്യതയോടെ അദ്ദേഹം തിരുവെഴുത്തിൽനിന്ന് കാരണങ്ങൾ കാണിച്ചുതന്നത് എന്നിൽ വളരെ മതിപ്പുളവാക്കി. അതുകൊണ്ട് ഞാൻ അദ്ദേഹത്തോടൊപ്പം ബൈബിൾ പഠിക്കാനും യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. എന്നാൽ ഇതറിഞ്ഞ എന്റെ പിതാവ് എന്നെ ശക്തമായി താക്കീതുചെയ്തു. യോഗങ്ങൾക്കു പോകാൻ എന്നെ അനുവദിക്കണമെന്ന് ഞാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചെങ്കിലും, യഹോവയുടെ സാക്ഷികളുമായി യാതൊരു ഇടപാടും വേണ്ടാ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. എന്നാൽ അത്ഭുതമെന്നു പറയട്ടെ അടുത്തദിവസം അദ്ദേഹത്തിന്റെ മനസ്സുമാറി. അന്നു രാത്രി ഞാൻ ഉറക്കത്തിൽ, ‘യഹോവേ, എന്നെ സഹായിക്കണമേ’ എന്ന് പറഞ്ഞു കരയുകയായിരുന്നുവെന്ന് പിന്നീടൊരിക്കൽ എന്റെ ആന്റി പറഞ്ഞാണ് ഞാൻ അറിയുന്നത്. സ്വപ്നത്തിൽ സംസാരിച്ചതാവാം അത്. എന്തായാലും എന്റെ പിതാവിന്റെ മനസ്സുമാറാൻ അതു കാരണമായി.
സമോവയിലെ ഏക ഗോൾഫ് കോഴ്സ് (ഗോൾഫ് കളിക്കുന്ന സ്ഥലം) എന്റെ വീടിന്റെ അടുത്തായിരുന്നു. കാണാതെപോകുന്ന പന്തുകൾ തപ്പിയെടുത്ത് വിൽപ്പന നടത്തിയാണ് ഞാൻ ‘പോക്കറ്റ് മണി’ ഉണ്ടാക്കിയിരുന്നത്. പിന്നീട്, രാഷ്ട്രത്തലവനായിരുന്ന മലീറ്റൊവ രാജാവിന്റെ സഹായിയായി ഞാൻ; ഗോൾഫ് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ ചുമന്നുകൊണ്ട് അദ്ദേഹത്തോടൊപ്പം നടക്കുക, അതായിരുന്നു ജോലി. നല്ലൊരു ഗോൾഫ് കളിക്കാരനാകാനുള്ള കഴിവ് എനിക്കുണ്ടെന്നു ചിന്തിച്ച രാജാവ്, അദ്ദേഹം മുമ്പ് ഉപയോഗിച്ചിരുന്ന ഗോൾഫ് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ എനിക്കു തന്നു. മാത്രമല്ല, രണ്ടുബിസിനസ്സുകാരെ എന്റെ സ്പോൺസർമാരായി സംഘടിപ്പിക്കുകയും ചെയ്തു. നല്ലൊരു ഗോൾഫ്
കളിക്കാരനായി സമോവയ്ക്കു പേരുണ്ടാക്കാൻ എനിക്കാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. എനിക്കു വളരെ അഭിമാനവും സന്തോഷവും തോന്നിയ നാളുകളായിരുന്നു അത്. എന്നാൽ മുഴുശ്രദ്ധയോടെ യഹോവയെ സേവിക്കുന്നതിന് ഗോൾഫ്കളി ഒരു തടസ്സമായി. അത് എന്റെ മനസ്സാക്ഷിയെ ശല്യം ചെയ്യാനും തുടങ്ങി.ജീവിതം ഒരു വഴിത്തിരിവിലെത്തിയത് ഞാൻ സമോവൻ ഓപ്പൺ ഗോൾഫ് ചാമ്പ്യൻഷിപ്പ് നേടിയപ്പോഴായിരുന്നു. അന്താരാഷ്ട്ര കളിക്കാർ പങ്കെടുത്ത മത്സരമായിരുന്നു അത്. എന്റെ വിജയം രാജാവിനെ വളരെ സന്തുഷ്ടനാക്കി. അന്നു രാത്രി സമ്മാനദാനത്തോട് അനുബന്ധിച്ചു നടക്കുന്ന അത്താഴവിരുന്നിൽവെച്ച് ഒരു അമേരിക്കൻ ഗോൾഫ് കളിക്കാരനെ ഞാൻ പരിചയപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്തോ, എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ‘ഒരു തീരുമാനം എടുക്കേണ്ട സമയമാണിത്. ഞാൻ ഗോൾഫ് തിരഞ്ഞെടുക്കുമോ അതോ യഹോവയ്ക്കുവേണ്ടി നിലകൊള്ളുമോ?’ ഞാൻ ചിന്തിച്ചു. അത്താഴവിരുന്നിൽ പങ്കെടുക്കുന്നതിനുപകരം സർക്കിട്ട് സമ്മേളന പരിപാടികളുടെ റിഹേഴ്സലിനു പോകുകയാണ് ഞാൻ ചെയ്തത്.
രാജാവിനുണ്ടായ ദേഷ്യം ഊഹിക്കാവുന്നതേയുള്ളൂ. ഞാൻ എന്തുകൊണ്ട് ആ വിരുന്നിനു പോയില്ല എന്ന എന്റെ പിതാവിന്റെ ചോദ്യത്തിന്, യഹോവയെ സേവിക്കുന്നത് എനിക്ക് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബൈബിളുപയോഗിച്ച് ദീർഘമായ ഒരു മറുപടി കൊടുക്കേണ്ടിവന്നു. എന്നെ അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം വിതുമ്പിക്കരയാൻ തുടങ്ങി. തുടർന്ന് അദ്ദേഹം പറഞ്ഞു: “അഞ്ചുവയസ്സുള്ളപ്പോൾ ഗുരുതരമായ ഒരു രോഗം ബാധിച്ച നീ മരിച്ചുപോയെന്നുതന്നെ എല്ലാവരും കരുതി. അങ്ങനെ നിന്നെ കുഴിയിലേക്ക് ഇറക്കുമ്പോൾ ഒരു തേനീച്ച നിന്റെ മുഖത്തു കുത്തി. ഉറക്കെ നിലവിളിച്ച നീ വാവിട്ടു കരയാൻ തുടങ്ങി—തക്ക സമയത്തുതന്നെ! യഹോവയാം ദൈവത്തിന്റെ ഒരു സാക്ഷിയാകുന്നതിനുവേണ്ടിയാണ് നീ രക്ഷപ്പെട്ടതെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു.” പിന്നീടൊരിക്കലും അദ്ദേഹം എന്നെ എതിർത്തില്ല.
ന്യൂസിലൻഡിലേക്കു താമസം മാറ്റിയശേഷം, പത്തുവർഷം ഞാൻ സാധാരണ പയനിയറായി സേവിച്ചു, അതിനുശേഷം പ്രത്യേക പയനിയറായും. ഞാൻ വിവാഹംകഴിച്ചതും ഒരു പ്രത്യേക പയനിയറെയാണ്, റോബിൻ. ഞങ്ങൾക്കു മൂന്നുകുട്ടികൾ. ഞങ്ങൾ ഓസ്ട്രേലിയയിലേക്ക് കുടിയേറിയശേഷം, കുടുംബംപുലർത്തുന്നതിനുവേണ്ടി അടുത്ത 30 വർഷം ഞാൻ ജോലി ചെയ്തു. ഈ കാലയളവിൽ ബന്ധുക്കളിൽ പലരെയും സത്യം സ്വീകരിക്കാൻ സഹായിക്കാനായി. ഒരു സാധാരണ പയനിയറായി വീണ്ടും സേവിക്കാൻ സഹായിക്കണമേയെന്ന് ഞാൻ മിക്കപ്പോഴും യഹോവയോടു പ്രാർഥിക്കുമായിരുന്നു. 2004-ൽ ലൗകികജോലിയിൽനിന്നു വിരമിച്ചപ്പോൾ ആ ലക്ഷ്യത്തിൽ എത്താനായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഒരു പ്രൊഫഷണൽ ഗോൾഫ് കളിക്കാരനാകാതെ യഹോവയെ സേവിക്കാൻ തീരുമാനിച്ചതിൽ ഞാൻ ഇന്ന് എത്ര അഭിമാനിക്കുന്നെന്നോ?
[135-ാം പേജിലെ ചതുരം/ ചിത്രം]
മാതാപിതാക്കളാലുള്ള പരിശീലനം ഫലം തരുന്നു
പാനാപാ ലൂയി
ജനനം 1967
സ്നാനം 1985
സംക്ഷിപ്ത വിവരം അദ്ദേഹവും ഭാര്യ മറീറ്റയും സമോവയിൽ പ്രത്യേക പയനിയർമാരായി സേവിക്കുന്നു.
ഞങ്ങളുടെ മകൻ സോപയെ പ്രൈമറിസ്കൂളിൽ ചേർത്ത സമയത്ത്, ഞാൻ പ്രിൻസിപ്പലിന് യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും എന്ന ലഘുപത്രിക നൽകുകയും മതപരവും ദേശീയവുമായ കാര്യങ്ങളിലുള്ള നമ്മുടെ നിലപാട് വിശദീകരിക്കുകയും ചെയ്തു.
എന്നാൽ അടുത്ത ദിവസം സംഭവിച്ച കാര്യങ്ങൾ സോപ ഞങ്ങളോടു വന്നുപറഞ്ഞു. അസംബ്ലിക്കുവന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും മുമ്പിൽവെച്ച് പ്രിൻസിപ്പൽ ആ ലഘുപത്രിക കീറിക്കളയുകയും സാക്ഷികളായ കുട്ടികൾ ഈശ്വരപ്രാർഥന ചൊല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്രേ. അവർ വിസമ്മതിച്ചപ്പോൾ, പ്രിൻസിപ്പൽ കുട്ടികളെ അസംബ്ലിയുടെ മുന്നിൽ പിടിച്ചുനിറുത്തി നമ്മുടെ ഒരു ഗീതം ആലപിക്കാൻ ആവശ്യപ്പെട്ടു. ഇതു കുട്ടികളെ ഭയപ്പെടുത്തുമെന്നും ഈശ്വരപ്രാർഥന ചൊല്ലാനുള്ള തന്റെ ആജ്ഞ അവർ അനുസരിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. എന്നാൽ സാക്ഷികളായ മറ്റു കുട്ടികളോട് സോപ പറഞ്ഞു: “നമുക്ക് ‘നന്ദി യഹോവേ’ എന്ന ഗീതം പാടാം.” അവൻതന്നെ അതിനു നേതൃത്വം കൊടുക്കുകയും ചെയ്തു.
പ്രിൻസിപ്പലിനു സന്തോഷമായി, സോപയുടെ ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹവും മറ്റുചില അധ്യാപകരും പിന്നീട് സത്യത്തോടു താത്പര്യം കാണിക്കുകയുണ്ടായി. ഞങ്ങളെ എവിടെ കണ്ടാലും ഈ പ്രിൻസിപ്പൽ സോപയുടെ കാര്യം തിരക്കുകയും അന്വേഷണം അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ആത്മീയമായി പുരോഗമിച്ച സോപ 2005-ൽ സ്നാനമേറ്റു.
[138, 139 പേജുകളിലെ ചതുരം/ ചിത്രം]
“യോഗങ്ങൾക്കു പോകാൻ അത്ര ദൂരമൊന്നും ഇല്ല”
വലൂ ലൊട്ടോണൂയൂ
ജനനം 1949
സ്നാനം 1995
സംക്ഷിപ്ത വിവരം ഈ സഹോദരിയും ആറുമക്കളും 22 കിലോമീറ്റർ നടന്നാണ് യോഗങ്ങൾക്കു പോയിരുന്നത്, അതും ഒരു കുന്നുകയറി.
ലെഫങ്ങയിലുള്ള എന്റെ വീട്ടിൽ സാക്ഷികൾ വരുന്നതും ഞാൻ ഒരു ബൈബിളധ്യയനം സ്വീകരിക്കുന്നതും 1993-ലാണ്. അധികം താമസിയാതെ ഞാനും എന്റെ മക്കളും 22 കി.മീ. ദൂരെ ദ്വീപിന്റെ മറുവശത്തുള്ള ഫലെയാസ്യൂവിൽ യോഗങ്ങൾക്കു പോകാൻ തുടങ്ങി.
മധ്യവാര യോഗങ്ങൾക്കായി ഞാൻ സ്കൂളിൽനിന്നു കുട്ടികളെ നേരത്തേതന്നെ വിളിച്ചുകൊണ്ടുപോകുമായിരുന്നു. ചില അധ്യാപകർ കുട്ടികളെ സ്കൂളിൽനിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി. എന്നാൽ യോഗങ്ങൾക്കു ഹാജരാകേണ്ടത് ആത്മീയ കാരണങ്ങളാലാണെന്നും അതു പ്രധാനമാണെന്നും അവരെ ബോധ്യപ്പെടുത്താൻ എനിക്കായി. ഓരോ കുട്ടിയും, യോഗങ്ങൾക്ക് ഇടാനുള്ള വസ്ത്രവും ബൈബിളും പാട്ടുപുസ്തകവും ആവശ്യമായ മറ്റു പ്രസിദ്ധീകരണങ്ങളും ഒരു പ്ലാസ്റ്റിക്ക് ബാഗിൽ കരുതുമായിരുന്നു. ചിലപ്പോഴൊക്കെ, അതുവഴി പോകുന്ന ഒരു ബസ്സിൽ യാത്ര തരപ്പെടുമായിരുന്നു. എന്നാൽ മിക്കപ്പോഴും നടന്നുതന്നെ പോകേണ്ടിയിരുന്നു.
ഫലെയാസ്യൂവിൽ എത്തിക്കഴിയുമ്പോൾ അവിടെയുള്ള സാക്ഷികൾ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുകയും ഞങ്ങൾക്ക് ആഹാരം തരുകയും ചെയ്യും. കുളിക്കാനും വസ്ത്രംമാറാനുമുള്ള സൗകര്യവും അവർ ചെയ്തുതരുമായിരുന്നു. യോഗത്തിനുശേഷം തിരിച്ചുള്ള നടപ്പ് ആരംഭിക്കും. കുന്നിനു മുകളിൽ എത്തുമ്പോൾ ഞങ്ങൾ അൽപ്പസമയം വിശ്രമിക്കും, കുട്ടികൾക്ക് ഒന്നു മയങ്ങുന്നതിനുള്ള സമയം
ലഭിക്കുകയും ചെയ്യും. ആ സമയം അതുവഴി കടന്നുപോകുന്ന ഏതെങ്കിലും വണ്ടിക്കുവേണ്ടി ഞാൻ കാത്തിരിക്കും; ഒരു മടക്കയാത്ര തരപ്പെട്ടാൽ അത്രയുമായി. പാതിരാകഴിഞ്ഞേ പലപ്പോഴും ഞങ്ങൾ വീട്ടിൽ മടങ്ങി എത്താറുള്ളൂ. അടുത്ത ദിവസം രാവിലെ അഞ്ചുമണിക്ക് ഫലെയാസ്യൂവിലേക്കുള്ള ആദ്യബസ്സിൽ ഞാനുണ്ടാകും, വയൽസേവനത്തിനു പോകുന്നതിനുവേണ്ടി!ഒരിക്കൽ, ഗ്രാമമുഖ്യന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബത്തലവന്മാരുടെ യോഗത്തിലേക്ക് എന്നെ വിളിച്ചുവരുത്തി. ഞാൻ എന്തിനാണ് ഗ്രാമത്തിലുള്ള പള്ളികളിലൊന്നും പോകാതെ, വിശേഷിച്ചും എന്റെ മുത്തച്ഛൻ തുടങ്ങിയ ഒരു പള്ളി അവിടെയുള്ളപ്പോൾ അവിടെ പോകാതെ, വളരെദൂരം യാത്രചെയ്ത് ഫലെയാസ്യൂവിലേക്ക് പോകുന്നതെന്ന് അവർക്കറിയണമായിരുന്നു. ഞാൻ ഫലെയാസ്യൂവിൽ പോകരുതെന്നായിരുന്നു ഒടുവിൽ അവരുടെ തീരുമാനം. എന്നാൽ എന്റെ തീരുമാനം മറിച്ചായിരുന്നു, യോഗങ്ങൾക്കു പോകുക; മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.—പ്രവൃ. 5:29.
ഗ്രാമത്തിലെ റ്റൂണായി ആഘോഷത്തിൽ (പള്ളിയിലെ പുരോഹിതനും ഡീക്കന്മാരും കുടുംബത്തലവന്മാരും പങ്കെടുക്കുന്ന ഒരു ഞായറാഴ്ചവിരുന്ന്) ഞാൻ പങ്കെടുക്കാതിരുന്നപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. വലിയ അഞ്ചുപന്നികളെ പിഴയായി കൊടുക്കണമെന്ന് അവർ വിധിച്ചു. ആറുകുട്ടികളെ വളർത്താനുള്ള ഉത്തരവാദിത്വം ഞാൻ ഒറ്റയ്ക്കു വഹിക്കേണ്ടിയിരുന്നതിനാൽ ഇത് എനിക്ക് വലിയ സാമ്പത്തിക ബാധ്യതയായിരുന്നു. പക്ഷേ, എന്റെ പന്നിക്കൂട്ടത്തിൽനിന്ന് അഞ്ചെണ്ണത്തെ കൊടുത്തുകൊണ്ട് ഞാൻ പിഴയടച്ചു. എന്നാൽ കുറെക്കഴിഞ്ഞപ്പോൾ ഗ്രാമത്തിലുള്ളവരുടെ മനോഭാവത്തിനു മാറ്റംവന്നു, ഞങ്ങളുടെ നിലപാടുകളെ പിന്നീട് അവർ ചോദ്യം ചെയ്തില്ല.
യോഗങ്ങൾക്കു മുടങ്ങാതെ പോകുകയെന്നത് വർഷങ്ങളോളം ശ്രമകരമായ ഉദ്യമമായിരുന്നു. എന്നാൽ അതിനു തക്ക ഫലമുണ്ടായി; എന്റെ എല്ലാ മക്കളും യഹോവയുടെ ആരാധകരായിത്തീർന്നു, ഒരാൾ ശുശ്രൂഷാദാസനായും സേവിക്കുന്നു.
ഞാനും എന്റെ മക്കളും ഇന്നും നടന്നാണു യോഗങ്ങൾക്കു പോകുന്നത്, 22 കിലോമീറ്റർ അകലെയുള്ള ഫലെയാസ്യൂവിലേക്കല്ലെന്നുമാത്രം. ഇന്നു ഞങ്ങളുടെ ഗ്രാമത്തിലും സജീവമായി പ്രവർത്തിക്കുന്ന ഒരു സഭയുണ്ട്; 2001-ൽ പണികഴിപ്പിച്ച മനോഹരമായ ഒരു രാജ്യഹാളും. അതെ, ഇന്നു യോഗങ്ങൾക്കു പോകാൻ അത്ര ദൂരമൊന്നും ഇല്ല.
[132, 133 പേജുകളിലെ ചാർട്ട്/ ഗ്രാഫ്]
സമോവ സുപ്രധാന സംഭവങ്ങൾ
1930
1931 സമോവയിൽ സുവാർത്തയെത്തുന്നു.
1940
1940 ഹരാൾഡ് ഗിൽ സഹോദരൻ, മരിച്ചവർ എവിടെ? എന്ന ചെറുപുസ്തകം (സമോവൻഭാഷയിലുള്ള ആദ്യത്തെ പ്രസിദ്ധീകരണം) വിതരണംചെയ്യുന്നു.
1950
1953 ഏപ്പിയയിൽ ആദ്യത്തെ സഭ രൂപീകരിക്കപ്പെടുന്നു.
1955 ഗിലെയാദ് മിഷനറിമാർ അമേരിക്കൻ സമോവയിലെത്തുന്നു.
1955 പുതിയലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്) എന്ന ചലച്ചിത്രം അമേരിക്കൻ സമോവയിൽ ഉടനീളം പ്രദർശിപ്പിക്കുന്നു.
1957 അമേരിക്കൻ സമോവയിലെ ആദ്യത്തെ സർക്കിട്ട് സമ്മേളനം.
1958 വീക്ഷാഗോപുരം സമോവനിലേക്ക് വിവർത്തനംചെയ്യാൻ തുടങ്ങുന്നു.
1959 പശ്ചിമസമോവയിലെ ആദ്യത്തെ സർക്കിട്ട് സമ്മേളനം.
1960
1970
1974 സമോവയിൽ മിഷനറിമാർ എത്തുന്നു. ടൊകെലൗവിൽ പ്രസംഗവേല തുടങ്ങുന്നു.
1980
1984 ഏപ്പിയയിലെ സിനമോങ്ങ മിഷനറിഭവനത്തിൽ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കപ്പെടുന്നു.
1990
1991 വൽ എന്ന ചുഴലിക്കാറ്റ് ദ്വീപുകളിൽ നാശം വിതയ്ക്കുന്നു.
1993 വീക്ഷാഗോപുരം ഇംഗ്ലീഷ് പതിപ്പിനൊപ്പംതന്നെ സമോവൻഭാഷയിൽ പുറത്തിറങ്ങുന്നു. പുതിയ ബെഥേൽഭവനത്തിന്റെയും സമ്മേളനഹാളിന്റെയും സമർപ്പണം.
1996 “നിങ്ങളുടെ ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ” എന്ന പ്രതിവാര റേഡിയോ പരിപാടി എഫ്.എം. റേഡിയോയിൽ അവതരിപ്പിക്കപ്പെടുന്നു.
1999 രാജ്യഹാൾ നിർമാണം ത്വരിതഗതിയിലാകുന്നു.
2000
2007 സമോവൻഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ പ്രകാശനംചെയ്യുന്നു.
2010
[ഗ്രാഫ്]
(പ്രസിദ്ധീകരണം കാണുക)
മൊത്തം പ്രസാധകർ
മൊത്തം പയനിയർമാർ
700
400
100
1930 1940 1950 1960 1970 1980 1990 2000 2010
[132-ാം പേജിലെ ചിത്രം]
ഫ്രാൻസിസ് എവൻസും പോളും
[73 ലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഹവായ്
ഓസ്ട്രേലിയ
ന്യൂസിലൻഡ്
ടൊകെലൗ
സ്വേൻസ് ദ്വീപ്
സമോവ
അമേരിക്കൻ സമോവ
മനൂവാ ദ്വീപുകൾ
റോസ് പവിഴദ്വീപ്
ദക്ഷിണ പസിഫിക് സമുദ്രം
നീയൂ
അന്താരാഷ്ട്ര ദിനാങ്കരേഖ ബുധൻ
................................
വ്യാഴം
ടോംഗ
അമേരിക്കൻ സമോവ
ടുട്ടുവില
പാങ്ഗോ പാങ്ഗോ
പെറ്റെസ
ടാഫൂന
ഫങ്ങറ്റോഗൊ
ലൗലീയി
ഔനൂയു
സമോവ
സവായി
അവോപോ
ലറ്റ
ടങ്ങ
ഫങ്ങ
സലീമു
ഫോങ്ങപോവ
ഉപോലു
ഏപ്പിയ
ഫലെയാസ്യൂ
സീയൂസെങ്ങ
വൈലെലെ
ലെഫങ്ങ
വാവൗ
ഏപ്പിയ
വൈയല
ഫാറ്റോയിയ
സിനമോങ്ങ
[പേജ് 66 ചിത്രം]
[74-ാം പേജിലെ ചിത്രം]
പെലെയും ഭാര്യ ഐലൂവയും, യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിച്ച ആദ്യത്തെ സമോവക്കാർ
[81-ാം പേജിലെ ചിത്രം]
റോൺ സെല്ലാർസും ഡോളി സെല്ലാർസും, ആവശ്യം അധികമുള്ളിടത്തു സേവിക്കാനായി 1953-ൽ സമോവയിലെത്തി
[84-ാം പേജിലെ ചിത്രം]
റിച്ചാർഡ് ജെങ്കെൻസും ഗ്ലോറിയ ജെങ്കെൻസും അവരുടെ വിവാഹദിവസത്തിൽ, 1955 ജനുവരിയിൽ
[85-ാം പേജിലെ ചിത്രം]
ബിൽ മോസും ഗേളി മോസും, സമോവയിലേക്കുള്ള മാർഗമധ്യേ
[95-ാം പേജിലെ ചിത്രം]
ഒരു സമോവൻ ഭവനം
[100-ാം പേജിലെ ചിത്രം]
സമോവയിലെ ആദ്യത്തെ രാജ്യഹാൾ, ഏപ്പിയയിൽ
[107-ാം പേജിലെ ചിത്രം]
ടാഫൂനയിലെ ആദ്യത്തെ രാജ്യഹാൾ, അമേരിക്കൻ സമോവ
[115-ാം പേജിലെ ചിത്രം]
മെതുസെലാ നെരൂ
[116-ാം പേജിലെ ചിത്രം]
സൗമലൂ റ്റൗആനൈ
[131-ാം പേജിലെ ചിത്രം]
ആനീ റോപാറ്റി (ഇപ്പോൾ ഗോൾഡ്) ചെറുപ്പത്തിൽത്തന്നെ സത്യാരാധനയ്ക്കായി ഉറച്ചുനിന്നു
[141-ാം പേജിലെ ചിത്രങ്ങൾ]
സമോവ ഓഫീസും ബെഥേലും
സമോവ കൺട്രി കമ്മിറ്റി: ഹീഡിയൂക്കീ മോട്ടോയീ, ഫ്രെഡ് വെഗെനർ, സീയോ റ്റൗവ, ലീവ ഫാഎയ്യൂ