അധ്യായം 123
അതീവദുഃഖിതനായ യേശു പ്രാർഥിക്കുന്നു
മത്തായി 26:30, 36-46; മർക്കോസ് 14:26, 32-42; ലൂക്കോസ് 22:39-46; യോഹന്നാൻ 18:1
-
ഗത്ത്ശെമന തോട്ടത്തിൽ യേശു
-
യേശുവിന്റെ വിയർപ്പ് രക്തത്തുള്ളികൾപോലെയായി
വിശ്വസ്തരായ അപ്പോസ്തലന്മാരോടൊപ്പം യേശു പ്രാർഥിച്ചുകഴിഞ്ഞു. തുടർന്ന് “സ്തുതിഗീതങ്ങൾ പാടിയിട്ട് അവർ ഒലിവുമലയിലേക്കു പോയി.” (മർക്കോസ് 14:26) കിഴക്ക് ഗത്ത്ശെമന തോട്ടം ലക്ഷ്യമാക്കിയാണ് അവർ നടന്നുനീങ്ങുന്നത്. യേശു എപ്പോഴും അവിടെ പോകാറുണ്ടായിരുന്നു.
ഒലിവ് മരങ്ങൾക്കിടയിലെ പ്രശാന്തമായ ആ സ്ഥലത്തെത്തിയപ്പോൾ എട്ട് അപ്പോസ്തലന്മാരെ അവിടെ ആക്കിയിട്ട് യേശു മുന്നോട്ടു നീങ്ങി. അതുകൊണ്ടായിരിക്കും യേശു അവരോട് ഇങ്ങനെ പറഞ്ഞത്: “ഞാൻ അവിടെ പോയി ഒന്നു പ്രാർഥിച്ചിട്ട് വരാം. നിങ്ങൾ ഇവിടെ ഇരിക്ക്.” ഈ ശിഷ്യന്മാർ അധികം ഉള്ളിലേക്കു പോയിക്കാണില്ല. എന്നാൽ യേശു അപ്പോസ്തലന്മാരായ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് തോട്ടത്തിന്റെ ഉള്ളിലേക്കു പോയി. യേശുവിന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ് മനസ്സു വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങി. യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്. ഇവിടെ എന്നോടൊപ്പം ഉണർന്നിരിക്കൂ.”—മത്തായി 26:36-38.
അവരുടെ അടുത്തുനിന്ന് കുറച്ച് മാറി, ‘യേശു കമിഴ്ന്നുവീണ്, പ്രാർഥിച്ചു.’ ഈ നിർണായകനിമിഷത്തിൽ ദൈവത്തോട് എന്താണ് യേശു പ്രാർഥിക്കുന്നത്? “പിതാവേ, അങ്ങയ്ക്ക് എല്ലാം സാധ്യമാണ്. ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ” എന്നായിരുന്നു. (മർക്കോസ് 14:35, 36) യേശു എന്താണ് അർഥമാക്കിയത്? മോചനവില നൽകുക എന്ന ദൗത്യത്തിൽനിന്ന് യേശു പിന്മാറുകയാണോ? ഒരിക്കലുമല്ല!
ആളുകളെ വധിക്കുന്നതിനു മുമ്പ് റോമാക്കാർ അവരെ ക്രൂരമായി പീഡിപ്പിക്കുന്നത് യേശു സ്വർഗത്തിൽനിന്ന് കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ, സാധാരണമനുഷ്യർക്കു തോന്നുന്ന വേദനയും ഉത്കണ്ഠയും എല്ലാം യേശുവിനും തോന്നും. കാരണം യേശുവും ഒരു മനുഷ്യനാണല്ലോ. പക്ഷേ ഇപ്പോൾ യേശുവിന്റെ ചിന്ത താൻ നേരിടാൻ പോകുന്ന ആ വേദനകളെക്കുറിച്ച് മാത്രമല്ല, അതിലും പ്രധാനമായി താനൊരു നിന്ദ്യനായ കുറ്റവാളിയായി മരിക്കുന്നതു പിതാവിന്റെ പേരിനു നിന്ദ വരുത്തിയേക്കുമോ എന്നതാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ദൈവനിന്ദകനെപ്പോലെ യേശുവിനെ സ്തംഭത്തിൽ തൂക്കും.
ദീർഘനേരം പ്രാർഥിച്ചതിനു ശേഷം യേശു അപ്പോസ്തലന്മാരുടെ അടുത്തേക്ക് മടങ്ങിപ്പോകുന്നു. അപ്പോൾ യേശു കണ്ടത് മൂന്ന് അപ്പോസ്തലന്മാരും ഉറങ്ങുന്നതാണ്. യേശു പത്രോസിനോടു ചോദിച്ചു: “നിങ്ങൾക്ക് എന്റെകൂടെ ഒരു മണിക്കൂറുപോലും ഉണർന്നിരിക്കാൻ പറ്റില്ലേ? പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ എപ്പോഴും ഉണർന്നിരുന്ന് പ്രാർഥിക്കണം.” അപ്പോസ്തലന്മാരും വല്ലാത്ത മാനസികസമ്മർദത്തിലാണെന്ന് യേശുവിന് അറിയാം. മാത്രമല്ല, സമയം ഏറെ വൈകിയിരിക്കുന്നു. യേശു ഇങ്ങനെ പറയുന്നു: “ആത്മാവ് തയ്യാറാണെങ്കിലും ശരീരം ബലഹീനമാണ്, അല്ലേ?”—മത്തായി 26:40, 41.
യേശു രണ്ടാമതും പോയി ദൈവത്തോട്, “ഈ പാനപാത്രം” നീക്കേണമേ എന്നു പ്രാർഥിക്കുന്നു. തിരിച്ചുവരുമ്പോൾ ആ മൂന്നു പേരും വീണ്ടും ഉറങ്ങുന്നതാണ് കാണുന്നത്. പ്രലോഭനത്തിൽ അകപ്പെടാതെ ഉണർന്നിരുന്ന് പ്രാർഥിക്കേണ്ട സമയത്താണ് അവർ ഉറങ്ങിയത്. യേശു അതെക്കുറിച്ച് അവരോടു സംസാരിച്ചപ്പോൾ, “എന്തു പറയണമെന്ന് അവർക്ക് അറിയില്ലായിരുന്നു.” (മർക്കോസ് 14:40) മൂന്നാം തവണയും യേശു പോകുന്നു. മുട്ടുകുത്തിനിന്ന് പ്രാർഥിക്കുന്നു.
ഒരു കുറ്റവാളിയായി മരിക്കുന്നത് പിതാവിന്റെ പേരിനു നിന്ദ വരുത്തുമെന്ന ചിന്ത യേശുവിനെ വളരെ അസ്വസ്ഥനാക്കുന്നു. യേശുവിന്റെ പ്രാർഥന യഹോവ കേൾക്കുന്നുണ്ട്. ഒരു അവസരത്തിൽ ദൈവം ഒരു ദൂതനെ വിട്ട് യേശുവിനെ ബലപ്പെടുത്തുന്നു. എന്നിട്ടും പിതാവിനോട് അപേക്ഷിക്കുന്നത് യേശു നിറുത്തിയില്ല, “കൂടുതൽ തീവ്രതയോടെ പ്രാർഥിച്ചുകൊണ്ടിരുന്നു.” യേശുവിന്റെ വേദന അതികഠിനമായിരുന്നു. യേശുവിനു നിറവേറ്റാനുണ്ടായിരുന്ന ഉത്തരവാദിത്വം അത്ര വലുതാണ്! യേശുവിന്റെ നിത്യജീവനും യേശുവിൽ വിശ്വാസം അർപ്പിക്കുന്നവരുടെ ലൂക്കോസ് 22:44.
നിത്യജീവനും ഇപ്പോൾ യേശുവിന്റെ കൈകളിലാണ്. അതുകൊണ്ടായിരിക്കാം “യേശുവിന്റെ വിയർപ്പു രക്തത്തുള്ളികൾപോലെയായി” നിലത്തു വീണത്.—യേശു മൂന്നാം തവണ അപ്പോസ്തലന്മാരുടെ അടുത്ത് വന്നപ്പോഴും അവർ ഉറങ്ങുന്നതാണു കണ്ടത്. യേശു അവരോടു പറയുന്നു: “ഇങ്ങനെയുള്ള ഒരു സമയത്താണോ നിങ്ങൾ ഉറങ്ങി വിശ്രമിക്കുന്നത്? ഇതാ, മനുഷ്യപുത്രനെ പാപികൾക്ക് ഒറ്റിക്കൊടുത്ത് അവരുടെ കൈയിൽ ഏൽപ്പിക്കാനുള്ള സമയം അടുത്തിരിക്കുന്നു. എഴുന്നേൽക്ക്, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്ത് എത്തിയിരിക്കുന്നു.”—മത്തായി 26:45, 46.