അധ്യായം 106
മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള രണ്ട് ദൃഷ്ടാന്തങ്ങൾ
മത്തായി 21:28-46; മർക്കോസ് 12:1-12; ലൂക്കോസ് 20:9-19
-
രണ്ട് മക്കളെക്കുറിച്ചുള്ള ദൃഷ്ടാന്തം
-
മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ദൃഷ്ടാന്തം
ദേവാലയത്തിൽ യേശു ചെയ്ത കാര്യങ്ങൾ എന്ത് അധികാരത്തിലാണെന്ന് മുഖ്യപുരോഹിതന്മാരും ജനത്തിലെ മൂപ്പന്മാരും ചോദിച്ചപ്പോൾ യേശു അതിനു വിദഗ്ധമായി മറുപടി നൽകി. യേശുവിന്റെ ഉത്തരം അവരെ നിശ്ശബ്ദരാക്കി. അവർ യഥാർഥത്തിൽ എങ്ങനെയുള്ളവരാണെന്ന് വെളിപ്പെടുത്തുന്ന ഒരു ദൃഷ്ടാന്തം യേശു പറയുന്നു:
“ഒരു മനുഷ്യനു രണ്ടു മക്കളുണ്ടായിരുന്നു. അയാൾ മൂത്ത മകന്റെ അടുത്ത് ചെന്ന് അവനോട്, ‘മോനേ, നീ ഇന്നു മുന്തിരിത്തോട്ടത്തിൽ പോയി ജോലി ചെയ്യ് ’ എന്നു പറഞ്ഞു. ‘എനിക്കു പറ്റില്ല’ എന്ന് അവൻ പറഞ്ഞെങ്കിലും പിന്നീടു കുറ്റബോധം തോന്നി അവൻ പോയി. അയാൾ ഇളയ മകന്റെ അടുത്ത് ചെന്ന് അങ്ങനെതന്നെ പറഞ്ഞു. ‘ഞാൻ പോകാം അപ്പാ’ എന്നു പറഞ്ഞെങ്കിലും അവൻ പോയില്ല. ഈ രണ്ടു പേരിൽ ആരാണ് അപ്പന്റെ ഇഷ്ടംപോലെ ചെയ്തത്?” (മത്തായി 21:28-31) ഉത്തരം വ്യക്തമാണ്. ഒടുവിൽ അപ്പന്റെ ഇഷ്ടം ചെയ്തത് മൂത്ത മകനാണ്.
അതുകൊണ്ട് യേശു തന്നെ എതിർക്കാൻ വന്നവരോട് ഇങ്ങനെ പറയുന്നു: “നികുതിപിരിവുകാരും വേശ്യകളും നിങ്ങൾക്കു മുമ്പേ ദൈവരാജ്യത്തിലേക്കു പോകുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” നികുതിപിരിവുകാരും വേശ്യകളും ദൈവത്തെ സേവിക്കുന്നവരല്ലായിരുന്നു. എന്നാൽ അവർ മൂത്ത മകനെപ്പോലെ പിന്നീട് മാനസാന്തരപ്പെട്ട് ദൈവത്തെ സേവിക്കുന്നു. എന്നാൽ അതിനു വിപരീതമായി, രണ്ടാമത്തെ മകനെപ്പോലെ മതനേതാക്കന്മാർ ദൈവത്തെ സേവിക്കുന്നെന്ന് അവകാശപ്പെടുന്നെങ്കിലും യഥാർഥത്തിൽ അവർ അങ്ങനെയല്ല ചെയ്യുന്നത്. യേശു പറയുന്നു: “(സ്നാപക) യോഹന്നാൻ നീതിയുടെ വഴിയേ നിങ്ങളുടെ അടുത്ത് വന്നു. പക്ഷേ നിങ്ങൾ യോഹന്നാനെ വിശ്വസിച്ചില്ല. എന്നാൽ നികുതിപിരിവുകാരും വേശ്യകളും യോഹന്നാനെ വിശ്വസിച്ചു. അതു കണ്ടിട്ടും നിങ്ങൾ പശ്ചാത്തപിച്ചില്ല, യോഹന്നാനിൽ വിശ്വസിച്ചില്ല.”—മത്തായി 21:31, 32.
ഇതോടൊപ്പം യേശു മറ്റൊരു ദൃഷ്ടാന്തവും പറയുന്നു. മതനേതാക്കന്മാർ ദൈവത്തെ സേവിക്കുന്നില്ലെന്നു മാത്രമല്ല, അതിലും മോശമായ ചിലത് ചെയ്തിരിക്കുന്നു. വാസ്തവത്തിൽ അവർ ദുഷ്ടരാണ്. യേശു പറയുന്നു: “ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തിരിച്ചക്കു സ്ഥാപിച്ച് വീഞ്ഞുസംഭരണി കുഴിച്ചുണ്ടാക്കി. ഒരു കാവൽഗോപുരവും പണിതു. എന്നിട്ട് അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് വിദേശത്തേക്കു പോയി. വിളവെടുപ്പിനു സമയമായപ്പോൾ തോട്ടത്തിലെ മുന്തിരിപ്പഴങ്ങളുടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാൽ അവർ അയാളെ പിടിച്ച് തല്ലി വെറുങ്കൈയോടെ തിരിച്ചയച്ചു. വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടുത്തേക്ക് അയച്ചു. അവർ അയാളുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. അദ്ദേഹം മറ്റൊരാളെയും അയച്ചു. അവർ അയാളെ കൊന്നുകളഞ്ഞു. മറ്റു പലരെയും അദ്ദേഹം അയച്ചു. ചിലരെ അവർ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്തു.”—മർക്കോസ് 12:1-5.
യേശുവിന്റെ ദൃഷ്ടാന്തം അവിടെ കൂടിനിന്നവർക്ക് മനസ്സിലായിക്കാണുമോ? ഒരുപക്ഷേ, യശയ്യയുടെ വാക്കുകൾ അവർ ഓർത്തിരിക്കാം: “ഇസ്രായേൽഗൃഹം, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ മുന്തിരിത്തോട്ടം! യഹൂദാപുരുഷന്മാർ ദൈവത്തിന്റെ പ്രിയപ്പെട്ട തോട്ടം. നീതിയുള്ള വിധികൾക്കായി ദൈവം കാത്തിരുന്നു, എന്നാൽ ഇതാ അനീതി!” (യശയ്യ 5:7) യേശുവിന്റെ ദൃഷ്ടാന്തവും അതിനു സമാനമാണ്. ഇതിൽ കൃഷിയിടത്തിന്റെ ഉടമ യഹോവയാണ്. മുന്തിരിത്തോട്ടം ഇസ്രായേൽ ജനതയും. ദൈവനിയമംകൊണ്ട് അവരെ വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു. മാത്രമല്ല, തന്റെ ജനത്തെ പഠിപ്പിക്കാനും നല്ല ഗുണങ്ങൾ പ്രകടിപ്പിക്കാനുള്ള പരിശീലനത്തിനും ആയി യഹോവ പ്രവാചകന്മാരെ അവരുടെ ഇടയിലേക്ക് അയയ്ക്കുകയും ചെയ്തു.
എന്നാൽ “കൃഷിക്കാർ” ഈ “അടിമകളെ” ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തു. യേശു വിശദീകരിക്കുന്നു: “(മുന്തിരിത്തോട്ടത്തിന്റെ ഉടമയ്ക്ക്) അയയ്ക്കാൻ ഇനി ഒരാൾക്കൂടെയുണ്ടായിരുന്നു, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകൻ! ‘എന്റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ് ഒടുവിൽ മകനെയും അയച്ചു. എന്നാൽ ആ കൃഷിക്കാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ് അവകാശി. വരൂ, നമുക്ക് ഇവനെ കൊന്നുകളയാം. അപ്പോൾ സ്വത്തു നമ്മുടെ കൈയിലാകും.’ അങ്ങനെ, അവർ അവനെ പിടിച്ച് കൊന്നു.”—മർക്കോസ് 12:6-8.
ഇപ്പോൾ യേശു ചോദിക്കുന്നു: “മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ എന്തു ചെയ്യും?” (മർക്കോസ് 12:9) മതനേതാക്കന്മാർ ഇങ്ങനെ ഉത്തരം പറയുന്നു: “അവർ ദുഷ്ടന്മാരായതുകൊണ്ട് അയാൾ അവരെ കൊന്നുകളയും. എന്നിട്ട് കൃത്യസമയത്ത് തന്റെ ഓഹരി തരുന്ന മറ്റു കൃഷിക്കാർക്കു മുന്തിരിത്തോട്ടം പാട്ടത്തിനു കൊടുക്കും.”—മത്തായി 21:41.
അങ്ങനെ അവർതന്നെ അവരുടെ ന്യായവിധി ഉച്ചരിക്കുന്നു. യഹോവയുടെ ‘മുന്തിരിത്തോട്ടത്തിലെ’ “കൃഷിക്കാരിൽ” ചിലർ ഈ മതനേതാക്കന്മാരാണ്. ആ കൃഷിക്കാരിൽനിന്ന് യഹോവ പ്രതീക്ഷിച്ചിരുന്ന ഫലം, തന്റെ മർക്കോസ് 12:10, 11) ഇപ്പോൾ താൻ പറയാൻ പോകുന്ന കാര്യം യേശു വ്യക്തമാക്കുന്നു: “അതുകൊണ്ട് ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് ഫലം കായ്ക്കുന്ന ഒരു ജനതയ്ക്കു കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.”—മത്തായി 21:43.
പുത്രനിലുള്ള, അതായത് മിശിഹയിലുള്ള, വിശ്വാസമായിരുന്നു. യേശു മതനേതാക്കന്മാരുടെ നേരെ നോക്കി ഇങ്ങനെ പറയുന്നു: “നിങ്ങൾ ഈ തിരുവെഴുത്ത് ഇതുവരെ വായിച്ചിട്ടില്ലേ? ‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു. ഇതിനു പിന്നിൽ യഹോവയാണ്; നമുക്ക് ഇതൊരു അതിശയംതന്നെ.’” (യേശു “തങ്ങളെ ഉദ്ദേശിച്ചാണ് ഈ ദൃഷ്ടാന്തം പറഞ്ഞതെന്നു” ശാസ്ത്രിമാരും മുഖ്യപുരോഹിതന്മാരും മനസ്സിലാക്കി. (ലൂക്കോസ് 20:19) അവർക്ക് ഇപ്പോൾ എന്തായാലും ‘അവകാശിയായ’ യേശുവിനെ കൊല്ലണമെന്നായി. എന്നാൽ അവർ ജനക്കൂട്ടത്തെ ഭയന്നു. കാരണം ജനം യേശുവിനെ ഒരു പ്രവാചകനായി വീക്ഷിച്ചിരുന്നു. അതുകൊണ്ട് അപ്പോൾത്തന്നെ യേശുവിനെ കൊല്ലാൻ അവർ മുതിർന്നില്ല.