ഭാഗം 6
കുഞ്ഞിന്റെ ജനനം ദാമ്പത്യത്തിൽ വഴിത്തിരിവാകുമ്പോൾ. . .
‘മക്കൾ, യഹോവ നൽകുന്ന അവകാശം തന്നേ.’ —സങ്കീർത്തനം 127:3
കുഞ്ഞിന്റെ ജനനം ദമ്പതികൾക്ക് ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളാണ്! അച്ഛനമ്മമാരാകുന്നതോടെ, നിങ്ങളുടെ എത്രമാത്രം സമയവും ശ്രദ്ധയും ആണ് കുഞ്ഞിന്റെ പരിചരണത്തിനായി വേണ്ടിവരുന്നത്! നിങ്ങൾക്കു മതിയായ ഉറക്കം കിട്ടിയെന്നുവരില്ല. ഒപ്പം വൈകാരികമാറ്റങ്ങളും കൂടിയാകുമ്പോൾ ദാമ്പത്യം സമ്മർദപൂരിതമാകാൻ വേറെ കാരണങ്ങൾ വേണ്ട. കുഞ്ഞിന്റെ പരിപാലനത്തിനും ഒപ്പം ദാമ്പത്യം പരിരക്ഷിക്കുന്നതിനും വേണ്ടി നിങ്ങളിരുവരും പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. മാറിയ ഈ സാഹചര്യവുമായി ഒത്തുപോകുന്നതിന് ബൈബിളുപദേശങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. എങ്ങനെ?
1 കുഞ്ഞ് ദാമ്പത്യത്തിലെ വഴിത്തിരിവാകുന്നത് എങ്ങനെയെന്നു മനസ്സിലാക്കുക
ബൈബിൾ പറയുന്നത്: “സ്നേഹം ദീർഘക്ഷമയും ദയയുമുള്ളത്.” കൂടാതെ, അത് “തൻകാര്യം അന്വേഷിക്കുന്നില്ല; പ്രകോപിതമാകുന്നില്ല.” (1 കൊരിന്ത്യർ 13:4, 5) അമ്മയാകുന്നതോടെ നിങ്ങളുടെ ലോകം കുഞ്ഞിനെ ചുറ്റിപ്പറ്റിയാകും; അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. അതേസമയം, ഭർത്താവിനാകട്ടെ, ആ ‘ലോകത്തിൽ’ ഇടമില്ലാത്തതായി തോന്നിത്തുടങ്ങിയേക്കാം. അതുകൊണ്ട് അദ്ദേഹത്തിനും നിങ്ങളുടെ ശ്രദ്ധയും പരിചരണവും കൊടുക്കാൻ മറക്കാതിരിക്കുക! കുഞ്ഞിനെ പരിചരിക്കുന്നതിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തുക, ക്ഷമയോടെയും ദയയോടെയും വേണം അതു ചെയ്യാൻ. അങ്ങനെ നിങ്ങളുടെ ‘ലോകത്തിലേക്ക്’ അദ്ദേഹത്തെയും ചേർക്കുക!
“ഭർത്താക്കന്മാരേ, . . . വിവേകപൂർവം അവരോടൊപ്പം (ഭാര്യമാരോടൊപ്പം) വസിക്കുവിൻ.” (1 പത്രോസ് 3:7) ഭാര്യയുടെ ഓജസ്സിന്റെയും ഊർജത്തിന്റെയും ഏറിയപങ്കും കുഞ്ഞിന്റെ കാര്യങ്ങൾക്കായി ചെലവഴിക്കേണ്ടിവരുമെന്നു മനസ്സിലാക്കുക! തന്റെ പുതിയ ഉത്തരവാദിത്തങ്ങൾനിമിത്തം അവൾക്കു ടെൻഷനും ക്ഷീണവും അനുഭവപ്പെട്ടേക്കാം. ചിലപ്പോൾ വിഷാദംപോലും ഉണ്ടായെന്നുവരും. ഒരുവേള അവൾ നിങ്ങളോട് മുഷിഞ്ഞെന്നും വരാം. പക്ഷേ, അപ്പോഴും ശാന്തത പാലിക്കുക. കാരണം “ക്ഷമാശീലൻ കരുത്തനെക്കാളും, മനസ്സിനെ നിയന്ത്രിക്കുന്നവൻ നഗരം പിടിച്ചെടുക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്.” (സദൃശവാക്യങ്ങൾ 16:32, പി.ഒ.സി.) ക്ഷമയോടെയും വിവേകത്തോടെയും ഇടപെടുക, അവൾക്ക് ആവശ്യമായ പിന്തുണ നൽകുക.—സദൃശവാക്യങ്ങൾ 14:29.
ഇങ്ങനെ ചെയ്തുനോക്കൂ:
-
അച്ഛൻ: കുഞ്ഞിനെ പരിചരിക്കുന്നതിൽ ഭാര്യയെ സഹായിക്കുക, രാത്രികാലങ്ങളിൽ വിശേഷിച്ചും. മറ്റു കാര്യാദികളിൽ ഏർപ്പെടുന്ന സമയം കുറയ്ക്കുക. അപ്പോൾ ഭാര്യയോടും കുഞ്ഞിനോടും ഒപ്പമായിരിക്കാൻ നിങ്ങൾക്കു കൂടുതൽ സമയം കിട്ടും
-
അമ്മ: കുഞ്ഞിനെ നോക്കാൻ സഹായിക്കാമെന്നു ഭർത്താവു പറയുമ്പോൾ, ആ സഹായം സ്വീകരിക്കുക. അദ്ദേഹം ചെയ്യുന്നത് അത്ര ശരിയാകുന്നില്ലെങ്കിൽ കുറ്റപ്പെടുത്താതെ, ചെയ്യേണ്ടത് എങ്ങനെയെന്നു ദയാപൂർവം കാണിച്ചുകൊടുക്കുക
2 നിങ്ങളിരുവരും തമ്മിലുള്ള ബന്ധം സുദൃഢമാക്കുക!
ബൈബിൾ പറയുന്നത്: “അവർ ഏകദേഹമായി തീരും.” (ഉല്പത്തി 2:24) നിങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗംകൂടി വന്നെങ്കിലും നിങ്ങളിരുവരും ഇപ്പോഴും “ഏകദേഹ”മാണെന്ന് ഓർക്കുക. നിങ്ങളുടെ ബന്ധം സുദൃഢമാക്കിനിറുത്താൻ സാധ്യമായ എല്ലാ ശ്രമവും ചെയ്യുക.
ഭർത്താവ് നിങ്ങൾക്കു ചെയ്തുതരുന്ന സഹായത്തിനും പിന്തുണയ്ക്കും നന്ദിയുള്ളവളായിരിക്കുക. വിലമതിപ്പോടെയുള്ള നിങ്ങളുടെ വാക്കുകൾ കേൾക്കുന്നത് അദ്ദേഹത്തിന് എത്ര ‘സുഖപ്രദമായിരിക്കുമെന്നോ!’ (സദൃശവാക്യങ്ങൾ 12:18) പ്രിയതമയെ നിങ്ങൾ എത്ര സ്നേഹിക്കുന്നെന്നും നിങ്ങൾക്ക് അവൾ എത്ര പ്രിയങ്കരിയാണെന്നും അവളോടു പറയുക! കുടുംബത്തിനുവേണ്ടിയുള്ള അവളുടെ അധ്വാനത്തിന് അവളെ പ്രശംസിക്കുക.—സദൃശവാക്യങ്ങൾ 31:10, 28.
“ഓരോരുത്തനും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്.” (1 കൊരിന്ത്യർ 10:24) നിങ്ങളുടെ ഇണയ്ക്കുവേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുക; അതും മനസ്സോടെ, നന്നായി ചെയ്യുക! നിങ്ങൾ രണ്ടുപേരും മാത്രമായി ഇരുന്നു സംസാരിക്കാൻ സമയമെടുക്കുക, ശ്രദ്ധിച്ചുകേൾക്കുക, അഭിനന്ദിക്കുക. ലൈംഗികബന്ധത്തിന്റെ കാര്യത്തിൽ സ്വാർഥത കാണിക്കരുത്. ഇക്കാര്യത്തിൽ ഇണയുടെ ആവശ്യങ്ങൾക്കു പരിഗണന കൊടുക്കുക. “പരസ്പരസമ്മതത്തോടെ നിശ്ചിതസമയത്തേക്കല്ലാതെ തമ്മിൽ അകന്നിരിക്കരുത്” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 7:3-5) അതുകൊണ്ട് ഈ വിഷയം നിങ്ങൾ തമ്മിൽ തുറന്നു സംസാരിക്കുക. അങ്ങനെ രണ്ടുപേരും കാര്യം മനസ്സിലാക്കുകയും ക്ഷമ കാണിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ബന്ധം സുദൃഢമാകും.
ഇങ്ങനെ ചെയ്തുനോക്കൂ:
-
നിങ്ങൾക്കു രണ്ടുപേർക്കും മാത്രമായി കുറച്ചു സമയം നീക്കിവെക്കുക
-
ഒരു കൊച്ചുസമ്മാനം കൊടുക്കുക, ഒരു മെസേജ് അയയ്ക്കുക തുടങ്ങിയ കൊച്ചുകൊച്ചു കാര്യങ്ങളിലൂടെ ഇണയോടുള്ള സ്നേഹം അറിയിക്കുക
3 കുഞ്ഞിനെ പരിശീലിപ്പിക്കാം
ബൈബിൾ പറയുന്നത്: “രക്ഷ പ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കാൻ പര്യാപ്തമായ തിരുവെഴുത്തുകൾ ശൈശവംമുതൽതന്നെ നീ അറിഞ്ഞിട്ടുണ്ടല്ലോ.” (2 തിമൊഥെയൊസ് 3:15) നിങ്ങളുടെ കുഞ്ഞിനെ പഠിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാമെന്ന് ആലോചിക്കുക. അപാരമായ പഠനശേഷിയുള്ളവരാണ് കുഞ്ഞുങ്ങൾ. ജനിക്കുന്നതിനു മുമ്പുപോലും കുഞ്ഞുങ്ങൾക്ക് ആ കഴിവുണ്ട്. ഗർഭത്തിലായിരിക്കെ നിങ്ങളുടെ ശബ്ദം തിരിച്ചറിയാനും ഭാവവ്യത്യാസങ്ങളോടു പ്രതികരിക്കാനും കുഞ്ഞിനു കഴിയും. തീരെ ചെറിയ പ്രായത്തിൽത്തന്നെ കുഞ്ഞുങ്ങൾക്കു വായിച്ചുകൊടുക്കുക. നിങ്ങൾ വായിച്ചുകൊടുക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെങ്കിൽക്കൂടി മുതിർന്നുവരുമ്പോൾ വായന ഇഷ്ടപ്പെടാൻ അത് അവരെ സഹായിക്കും.
തീരെ കുഞ്ഞാണല്ലോ എന്നു കരുതി കുഞ്ഞിനോടു ദൈവത്തെക്കുറിച്ചു പറയാതിരിക്കരുത്. നിങ്ങൾ യഹോവയോടു പ്രാർഥിക്കുന്നത് അവൻ കേൾക്കട്ടെ! (ആവർത്തനപുസ്തകം 11:19) കുഞ്ഞിനോടൊപ്പം കളിക്കുമ്പോൾ ദൈവം സൃഷ്ടിച്ച കാര്യങ്ങളെക്കുറിച്ചു സംസാരിക്കുക. (സങ്കീർത്തനം 78:3, 4) നിങ്ങൾക്ക് യഹോവയോടുള്ള സ്നേഹം കണ്ടുവളരുന്ന അവനും യഹോവയെ സ്നേഹിക്കാൻ പഠിക്കും.
ഇങ്ങനെ ചെയ്തുനോക്കൂ:
-
കുഞ്ഞിനെ പരിശീലിപ്പിച്ചുകൊണ്ടുവരാനുള്ള ജ്ഞാനത്തിനുവേണ്ടി പ്രത്യേകം പ്രാർഥിക്കുക
-
പഠിപ്പിക്കാൻ ഉദ്ദേശിക്കുന്ന ആശയങ്ങളിലെ വാക്കോ വാക്കുകളോ കുഞ്ഞിന് ആവർത്തിച്ചു പറഞ്ഞുകൊടുക്കുക. വളരെ നേരത്തേതന്നെ കാര്യങ്ങൾ പഠിച്ചുതുടങ്ങാൻ അങ്ങനെ അവനു കഴിയും.