നെഹമ്യ 8:1-18
8 അങ്ങനെയിരിക്കെ, ജനം മുഴുവൻ ഏകമനസ്സോടെ ജലകവാടത്തിനു+ മുന്നിലുള്ള പൊതുസ്ഥലത്ത്* ഒന്നിച്ചുകൂടി. യഹോവ ഇസ്രായേലിനു കൊടുത്ത+ മോശയുടെ നിയമത്തിന്റെ* പുസ്‌തകം+ കൊണ്ടുവരാൻ അവർ പകർപ്പെഴുത്തുകാരനായ* എസ്രയോടു+ പറഞ്ഞു.
2 അങ്ങനെ, ഏഴാം മാസം+ ഒന്നാം ദിവസം പുരുഷന്മാരും സ്ത്രീകളും, കേട്ട് മനസ്സിലാക്കാൻ കഴിവുള്ള എല്ലാവരും അടങ്ങുന്ന സഭയുടെ മുന്നിൽ എസ്ര പുരോഹിതൻ നിയമപുസ്തകം കൊണ്ടുവന്നു.+
3 എസ്ര ജലകവാടത്തിനു മുന്നിലുള്ള പൊതുസ്ഥലത്തുവെച്ച് പ്രഭാതംമുതൽ നട്ടുച്ചവരെ അതിൽനിന്ന് ഉറക്കെ വായിച്ചുകേൾപ്പിച്ചു.+ പുരുഷന്മാരും സ്ത്രീകളും, കേട്ട് മനസ്സിലാക്കാൻ കഴിവുള്ള എല്ലാവരും അതു ശ്രദ്ധയോടെ കേട്ടു.+
4 ഈ പരിപാടിക്കുവേണ്ടി തടികൊണ്ട് പ്രത്യേകമായി ഉണ്ടാക്കിയ പ്രസംഗവേദിയിലാണു പകർപ്പെഴുത്തുകാരനായ എസ്ര നിന്നത്. എസ്രയുടെ അടുത്ത് വലതുവശത്ത് മത്ഥിഥ്യ, ശേമ, അനായ, ഊരിയാവ്, ഹിൽക്കിയ, മയസേയ എന്നിവരും ഇടതുവശത്ത് പെദായ, മീശായേൽ, മൽക്കീയ,+ ഹാശൂം, ഹശ്ബദ്ദാന, സെഖര്യ, മെശുല്ലാം എന്നിവരും ഉണ്ടായിരുന്നു.
5 ഉയർന്ന ഒരു സ്ഥലത്ത് നിന്ന് ജനം മുഴുവൻ കാൺകെ എസ്ര പുസ്‌തകം തുറന്നു. അപ്പോൾ എല്ലാവരും എഴുന്നേറ്റു.
6 എസ്ര, മഹോന്നതനും സത്യദൈവവും ആയ യഹോവയെ സ്തുതിച്ചു. ഉടനെ, ജനം മുഴുവൻ കൈകൾ ഉയർത്തി “ആമേൻ!* ആമേൻ!” എന്നു പറഞ്ഞു.+ എന്നിട്ട്, അവർ യഹോവയുടെ സന്നിധിയിൽ മുട്ടുകുത്തി നമസ്കരിച്ചു.
7 യേശുവ, ബാനി, ശേരെബ്യ,+ യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദിയ, മയസേയ, കെലീത, അസര്യ, യോസാബാദ്,+ ഹാനാൻ, പെലായ എന്നീ ലേവ്യർ ജനത്തിനു നിയമം വിശദീകരിച്ചുകൊടുത്തു.+ ആ സമയം ജനം മുഴുവൻ നിൽക്കുകയായിരുന്നു.
8 അവർ സത്യദൈവത്തിന്റെ നിയമപുസ്തകത്തിൽനിന്ന് ഉറക്കെ വായിക്കുകയും അതു വ്യക്തമായി വിശദീകരിച്ച് അർഥം പറഞ്ഞുകൊടുക്കുകയും ചെയ്‌തു. വായിച്ചുകേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അങ്ങനെ അവർ ജനത്തെ സഹായിച്ചു.+
9 നിയമത്തിൽനിന്ന് വായിച്ചുകേട്ട സമയത്ത് ജനമെല്ലാം കരഞ്ഞു. അതുകൊണ്ട്, അന്നു ഗവർണറായിരുന്ന* നെഹമ്യ, പുരോഹിതനും പകർപ്പെഴുത്തുകാരനും ആയ എസ്ര,+ ജനത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന ലേവ്യർ എന്നിവർ ജനത്തോടു പറഞ്ഞു: “ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിശുദ്ധമാണ്.+ ദുഃഖിക്കുകയോ കരയുകയോ അരുത്.”
10 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ പോയി ഏറ്റവും നല്ല ഭക്ഷണം കഴിക്കുകയും മധുരപാനീയങ്ങൾ കുടിക്കുകയും ചെയ്യുക. ആഹാരമില്ലാത്തവർക്ക് ആഹാരം കൊടുത്തയയ്ക്കുകയും വേണം;+ ഈ ദിവസം നമ്മുടെ കർത്താവിനു വിശുദ്ധമല്ലോ. സങ്കടപ്പെടരുത്. കാരണം, യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം.”*
11 “കരയാതിരിക്കൂ! ഈ ദിവസം വിശുദ്ധമാണ്, നിങ്ങൾ സങ്കടപ്പെടരുത്” എന്നു പറഞ്ഞ് ലേവ്യർ ജനത്തെ മുഴുവൻ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
12 പറഞ്ഞ കാര്യം ജനത്തിനു മനസ്സിലായതുകൊണ്ട്+ അവർ തിന്നാനും കുടിക്കാനും ആഹാരം കൊടുത്തയയ്ക്കാനും ആഹ്ലാദിച്ചുല്ലസിക്കാനും+ വേണ്ടി പിരിഞ്ഞുപോയി.
13 അടുത്ത ദിവസം, നിയമത്തിൽ എഴുതിയിരിക്കുന്നതിനെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച കിട്ടാൻ ജനത്തിന്റെ പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും പകർപ്പെഴുത്തുകാരനായ എസ്രയുടെ ചുറ്റും കൂടി.
14 യഹോവ മോശയിലൂടെ ഇസ്രായേലിനു കൊടുത്ത നിയമത്തിൽ ഏഴാം മാസത്തെ ഉത്സവത്തിന്റെ സമയത്ത് ഇസ്രായേല്യർ കൂടാരങ്ങളിൽ* താമസിക്കണമെന്ന് എഴുതിയിരിക്കുന്നതു കണ്ടു.+
15 കൂടാതെ, “എഴുതിയിരിക്കുന്നതനുസരിച്ച് കൂടാരങ്ങൾ ഉണ്ടാക്കാൻ മലനാട്ടിലേക്കു പോയി ഒലിവ് മരത്തിന്റെയും പൈൻ മരത്തിന്റെയും മിർട്ടൽ മരത്തിന്റെയും മറ്റു മരങ്ങളുടെയും ധാരാളം ഇലകളുള്ള ശിഖരങ്ങളും ഈന്തപ്പനയോലകളും കൊണ്ടുവരണം” എന്ന കാര്യം അവരുടെ എല്ലാ നഗരങ്ങളിലും യരുശലേമിൽ എല്ലായിടത്തും പ്രഖ്യാപിച്ച് പ്രസിദ്ധമാക്കണമെന്ന്+ അതിൽ രേഖപ്പെടുത്തിയിരുന്നതും അവർ ശ്രദ്ധിച്ചു.
16 അങ്ങനെ, ജനം പോയി അവയെല്ലാം കൊണ്ടുവന്ന് തങ്ങളുടെ പുരമുകളിലും മുറ്റത്തും സത്യദൈവത്തിന്റെ ഭവനത്തിന്റെ മുറ്റങ്ങളിലും+ ജലകവാടത്തിന്+ അടുത്തുള്ള പൊതുസ്ഥലത്തും എഫ്രയീംകവാടത്തിന്+ അടുത്തുള്ള പൊതുസ്ഥലത്തും കൂടാരങ്ങൾ പണിതു.
17 അടിമത്തത്തിൽനിന്ന് മടങ്ങിവന്ന സഭ മുഴുവൻ കൂടാരങ്ങൾ പണിത് അതിൽ താമസിച്ചു. നൂന്റെ മകനായ യോശുവയുടെ+ കാലംമുതൽ അന്നുവരെ ഇസ്രായേല്യർ ഈ വിധത്തിൽ ഇത് ആഘോഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവരെല്ലാം ആഹ്ലാദിച്ചുല്ലസിച്ചു.+
18 ആദ്യദിവസംമുതൽ അവസാനദിവസംവരെ എന്നും സത്യദൈവത്തിന്റെ നിയമപുസ്തകം വായിച്ചു.+ അവർ ഏഴു ദിവസം ഉത്സവം ആഘോഷിച്ചു. വ്യവസ്ഥയനുസരിച്ച്, എട്ടാം ദിവസം പവിത്രമായ ഒരു സമ്മേളനവും നടത്തി.+
അടിക്കുറിപ്പുകള്‍
^ അഥവാ “ശാസ്ത്രിയായ.”
^ അഥവാ “പൊതുചത്വരത്തിൽ.”
^ അഥവാ “അങ്ങനെതന്നെയാകട്ടെ!”
^ അഥവാ “തിർശാഥയായിരുന്ന.” ഒരു സംസ്ഥാനത്തിന്റെ ഗവർണർക്കുള്ള പേർഷ്യൻ സ്ഥാനപ്പേര്.
^ അഥവാ “ശക്തി.”
^ അഥവാ “താത്കാലിക വാസസ്ഥലങ്ങളിൽ.”