ന്യായാധിപന്മാർ 14:1-20
14 പിന്നെ ശിംശോൻ തിമ്നയിലേക്കു പോയി; അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു.
2 ശിംശോൻ ചെന്ന് അപ്പനോടും അമ്മയോടും പറഞ്ഞു: “തിമ്നയിൽ ഞാൻ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു. ആ പെൺകുട്ടിയെ എനിക്കു ഭാര്യയായി വേണം.”
3 എന്നാൽ ശിംശോന്റെ അപ്പനും അമ്മയും ചോദിച്ചു: “നിനക്കു നമ്മുടെ ബന്ധുക്കളുടെയും ജനത്തിന്റെയും ഇടയിൽനിന്നൊന്നും ഒരു പെൺകുട്ടിയെ കിട്ടിയില്ലേ?+ അഗ്രചർമികളായ ഫെലിസ്ത്യരുടെ ഇടയിൽനിന്നുതന്നെ നിനക്കു കല്യാണം കഴിക്കണോ?” എന്നാൽ ശിംശോൻ അപ്പനോട്, “എനിക്ക് ആ പെൺകുട്ടിയെ മതി. അവളാണ് എനിക്കു യോജിച്ചവൾ” എന്നു പറഞ്ഞു.
4 എന്നാൽ ഇതിനു പിന്നിൽ യഹോവയാണെന്നു ശിംശോന്റെ മാതാപിതാക്കൾക്കു മനസ്സിലായില്ല. ദൈവം ഫെലിസ്ത്യർക്കെതിരെ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു. അക്കാലത്ത് ഫെലിസ്ത്യരാണ് ഇസ്രായേലിനെ ഭരിച്ചിരുന്നത്.+
5 അങ്ങനെ ശിംശോൻ മാതാപിതാക്കളോടൊപ്പം തിമ്നയിലേക്കു പോയി. ശിംശോൻ തിമ്നയിലെ മുന്തിരിത്തോട്ടങ്ങളുടെ അടുത്ത് എത്തിയപ്പോൾ അതാ, ഒരു സിംഹം* അലറിക്കൊണ്ട് ശിംശോന്റെ നേരെ വരുന്നു!
6 അപ്പോൾ യഹോവയുടെ ആത്മാവ് ശിംശോനു ശക്തി പകർന്നു.+ ഒരു ആട്ടിൻകുട്ടിയെ കീറുന്നതുപോലെ ശിംശോൻ കൈകൾകൊണ്ട് അതിനെ രണ്ടായി വലിച്ചുകീറി. എന്നാൽ ഇതൊന്നും ശിംശോൻ മാതാപിതാക്കളോടു പറഞ്ഞില്ല.
7 പിന്നെ ശിംശോൻ ചെന്ന് പെൺകുട്ടിയോടു സംസാരിച്ചു. പെൺകുട്ടി എന്തുകൊണ്ടും തനിക്കു യോജിച്ചവളാണെന്നു ശിംശോൻ ഉറപ്പിച്ചു.+
8 പിന്നീട്, പെൺകുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാൻ+ പോയ ശിംശോൻ, ആ സിംഹത്തിന്റെ ജഡം കിടന്നിരുന്ന സ്ഥലത്തേക്കു ചെന്നു. അവിടെ ആ ജഡത്തിന് അകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും ഉണ്ടായിരുന്നു.
9 ശിംശോൻ തേൻ അടർത്തിയെടുത്ത് അതു തിന്നുകൊണ്ട് യാത്ര തുടർന്നു; മാതാപിതാക്കളുടെ അടുത്ത് എത്തിയപ്പോൾ കുറച്ച് അവർക്കും കൊടുത്തു. എന്നാൽ സിംഹത്തിന്റെ ജഡത്തിൽനിന്നാണു തേൻ എടുത്തതെന്ന് അവരോടു പറഞ്ഞില്ല.
10 ശിംശോന്റെ അപ്പൻ പെൺകുട്ടിയെ കാണാൻ ചെന്നു. ശിംശോൻ അവിടെവെച്ച് ഒരു വിരുന്നു നടത്തി. യുവാക്കൾ അങ്ങനെ ചെയ്യുന്ന ഒരു രീതി അവിടെയുണ്ടായിരുന്നു.
11 ശിംശോനെ കണ്ടപ്പോൾ അവർ ശിംശോനു തോഴന്മാരായി 30 പുരുഷന്മാരെ കൊണ്ടുവന്നു.
12 ശിംശോൻ അവരോടു പറഞ്ഞു: “ഞാൻ ഒരു കടങ്കഥ പറയാം. വിരുന്നിന്റെ ഏഴു ദിവസത്തിനകം നിങ്ങൾ അതിന് ഉത്തരം പറയുകയാണെങ്കിൽ ഞാൻ നിങ്ങൾക്ക് 30 ലിനൻവസ്ത്രങ്ങളും 30 വിശേഷവസ്ത്രങ്ങളും തരാം.
13 എന്നാൽ നിങ്ങൾക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ലെങ്കിൽ 30 ലിനൻവസ്ത്രങ്ങളും 30 വിശേഷവസ്ത്രങ്ങളും നിങ്ങൾ എനിക്കു തരണം.” അപ്പോൾ അവർ പറഞ്ഞു: “കടങ്കഥ ഞങ്ങളോടു പറയൂ. ഞങ്ങൾ അതു കേൾക്കട്ടെ.”
14 ശിംശോൻ പറഞ്ഞു:
“ഭക്ഷിക്കുന്നവനിൽനിന്ന് ഭക്ഷണവുംശക്തനിൽനിന്ന് മധുരവും പുറപ്പെട്ടു.”+
മൂന്നു ദിവസമായിട്ടും ഇതിന് ഉത്തരം പറയാൻ അവർക്കു കഴിഞ്ഞില്ല.
15 നാലാം ദിവസം അവർ ശിംശോന്റെ ഭാര്യയോടു പറഞ്ഞു: “നീ സൂത്രത്തിൽ+ ആ കടങ്കഥയുടെ ഉത്തരം ഭർത്താവിനോടു ചോദിച്ചറിഞ്ഞ് ഞങ്ങളോടു പറയണം. അല്ലെങ്കിൽ നിന്നെയും നിന്റെ അപ്പന്റെ കുടുംബത്തെയും ഞങ്ങൾ ചുട്ടുകൊല്ലും. ഞങ്ങളുടെ വസ്തുക്കൾ പിടിച്ചെടുക്കാനാണോ നീ ഞങ്ങളെ ക്ഷണിച്ചുവരുത്തിയത്?”
16 അങ്ങനെ ശിംശോന്റെ ഭാര്യ ശിംശോന്റെ അടുത്ത് ചെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു: “അങ്ങയ്‌ക്ക് എന്നോടു സ്നേഹമില്ല, വെറുപ്പാണ്.+ എന്റെ ആളുകളോട് അങ്ങ് ഒരു കടങ്കഥ പറഞ്ഞു. പക്ഷേ അതിന്റെ ഉത്തരം എന്താണെന്ന് എന്നോടു പറഞ്ഞില്ല.” ശിംശോൻ ഭാര്യയോടു പറഞ്ഞു: “എന്റെ സ്വന്തം അപ്പനോടും അമ്മയോടും പോലും ഞാൻ അതു പറഞ്ഞിട്ടില്ല! പിന്നെ നിന്നോടു പറയാനോ?”
17 എന്നാൽ വിരുന്നിന്റെ ബാക്കി ദിവസങ്ങൾ മുഴുവൻ ഭാര്യ ശിംശോന്റെ അടുത്ത് ചെന്ന് കരഞ്ഞുകൊണ്ടിരുന്നു. ഭാര്യ വല്ലാതെ അസഹ്യപ്പെടുത്തിയതുകൊണ്ട് ഒടുവിൽ ഏഴാം ദിവസം ശിംശോൻ അതു ഭാര്യയോടു പറഞ്ഞു. ഭാര്യ ഉടനെ ആ കടങ്കഥയുടെ ഉത്തരം സ്വന്തം ആളുകളെ അറിയിച്ചു.+
18 അങ്ങനെ ഏഴാം ദിവസം സൂര്യൻ അസ്‌തമിക്കുന്നതിനു* മുമ്പ് നഗരത്തിലെ പുരുഷന്മാർ ശിംശോന്റെ അടുത്ത് വന്നു. അവർ പറഞ്ഞു:
“തേനിനെക്കാൾ മധുരമുള്ളത് എന്താണ്,സിംഹത്തെക്കാൾ ശക്തിയുള്ളത് എന്താണ്?”+
അപ്പോൾ ശിംശോൻ അവരോടു പറഞ്ഞു:
“നിങ്ങൾ എന്റെ പശുക്കുട്ടിയെ പൂട്ടി ഉഴുതില്ലായിരുന്നെങ്കിൽ,+എന്റെ കടങ്കഥയ്ക്കു നിങ്ങൾ ഉത്തരം പറയില്ലായിരുന്നു.”
19 അപ്പോൾ യഹോവയുടെ ആത്മാവ് ശിംശോനു ശക്തി പകർന്നു.+ ശിംശോൻ അസ്‌കലോനിൽ+ ചെന്ന് 30 പുരുഷന്മാരെ കൊന്നു. അവരുടെ വസ്‌ത്രം എടുത്ത് ആ വിശേഷവസ്ത്രങ്ങൾ കടങ്കഥയ്ക്ക് ഉത്തരം പറഞ്ഞവർക്കു കൊടുത്തു.+ അങ്ങേയറ്റം ദേഷ്യത്തോടെയാണു ശിംശോൻ അപ്പന്റെ വീട്ടിലേക്കു പോയത്.
20 പിന്നീട് ശിംശോന്റെ ഭാര്യയെ+ ശിംശോനു തോഴനായി വന്ന ഒരാൾക്കു കൊടുത്തു.+
അടിക്കുറിപ്പുകള്‍
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹം.”
^ മറ്റൊരു സാധ്യത “ശിംശോൻ ഉള്ളറയിൽ പ്രവേശിക്കുന്നതിന്.”