മത്തായി എഴുതിയത് 12:1-50
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ശബത്ത്: പദാവലി കാണുക.
വയലിലൂടെ: വയലിനു നടുവിലൂടെയുള്ള ഒരു നടപ്പാതയിലൂടെയായിരിക്കാം യേശു പോയത്.
ചെയ്യാൻ പാടില്ലാത്ത കാര്യം: ശബത്തിൽ ജോലിയൊന്നും ചെയ്യരുതെന്ന് യഹോവ ഇസ്രായേല്യരോടു കല്പിച്ചിരുന്നു. (പുറ 20:8-10) പക്ഷേ ജോലിയിൽ എന്തെല്ലാം ഉൾപ്പെടുമെന്നു നിർവചിക്കാനുള്ള അവകാശം തങ്ങൾക്കാണെന്നായിരുന്നു ജൂതമതനേതാക്കന്മാർ വാദിച്ചിരുന്നത്. യേശുവിന്റെ ശിഷ്യന്മാർ കൊയ്യുകയും (കതിർ പറിച്ചെടുത്തത്) മെതിക്കുകയും (കൈയിൽ ഇട്ട് തിരുമ്മിയത്) ചെയ്തു എന്നതായിരുന്നു അവർ ആരോപിച്ച കുറ്റം. (ലൂക്ക 6:1, 2) എന്നാൽ ഇത് യഹോവയുടെ കല്പനയെ കവച്ചുവെക്കുന്ന ഒരു നിർവചനമായിരുന്നു.
ദൈവഭവനം: മർ 2:26-ന്റെ പഠനക്കുറിപ്പു കാണുക.
കാഴ്ചയപ്പം: ഈ എബ്രായപദപ്രയോഗത്തിന്റെ അക്ഷരാർഥം “മുഖത്തിന്റെ അപ്പം” എന്നാണ്. “മുഖം” എന്ന പദം ചിലപ്പോഴൊക്കെ “സന്നിധിയെ” കുറിക്കുന്നു. ഈ കാഴ്ചയപ്പം ഒരു നിരന്തരയാഗമായി യഹോവയുടെ മുഖത്തിനു മുന്നിൽ, അതായത് സന്നിധിയിൽ ഉണ്ടായിരുന്നു.—പുറ 25:30; പദാവലിയും അനു. ബി5-ഉം കാണുക.
ശബത്തുദിവസം ജോലി ചെയ്യുക: അഥവാ “ശബത്ത് ലംഘിക്കുക.” അതായത്, ശബത്തുദിവസത്തെ മറ്റ് ഏതൊരു ദിവസത്തെയുംപോലെ കാണുക. പതിവുപോലെ ആ ദിവസവും അവർ ബലിയർപ്പണത്തിനുവേണ്ടി മൃഗങ്ങളെ അറുക്കുകയും അതുമായി ബന്ധപ്പെട്ട മറ്റു ജോലികൾ ചെയ്യുകയും ചെയ്തു.—സംഖ 28:9, 10.
ബലിയല്ല, കരുണയാണ്: മത്ത 9:13-ന്റെ പഠനക്കുറിപ്പു കാണുക.
എന്നതിന്റെ അർഥം: അക്ഷ. “എന്നത്.” എസ്റ്റിൻ എന്ന ഗ്രീക്കുപദത്തിന് ഇവിടെ, “സൂചിപ്പിക്കുക; അർഥമാക്കുക” എന്നൊക്കെ അർഥമുണ്ട്.—മത്ത 26:26-ന്റെ പഠനക്കുറിപ്പു കാണുക.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
ശബത്തിനു കർത്താവ്: തന്നെത്തന്നെ ഇങ്ങനെ വിശേഷിപ്പിച്ചതിലൂടെ, (മർ 2:28; ലൂക്ക 6:5) തന്റെ സ്വർഗീയപിതാവ് കല്പിച്ച കാര്യങ്ങൾ ശബത്തിൽ ചെയ്യാൻ തനിക്ക് അധികാരവും സ്വാതന്ത്ര്യവും ഉണ്ടെന്നു യേശു സൂചിപ്പിക്കുകയായിരുന്നു. (യോഹ 5:19; 10:37, 38 താരതമ്യം ചെയ്യുക.) രോഗികളെ സൗഖ്യമാക്കിയത് ഉൾപ്പെടെ, ശ്രദ്ധേയമായ അത്ഭുതങ്ങളിൽ ചിലതു യേശു ചെയ്തതു ശബത്തിലാണ്. (ലൂക്ക 13:10-13; യോഹ 5:5-9; 9:1-14) തെളിവനുസരിച്ച് ഈ അത്ഭുതങ്ങൾ ദൈവരാജ്യഭരണത്തിൻകീഴിൽ യേശു കൈവരുത്തുന്ന ആശ്വാസത്തിന്റെ ഒരു നിഴലായിരുന്നു. ശബത്തിലെ വിശ്രമത്തോട് അഥവാ സ്വസ്ഥതയോടു താരതമ്യം ചെയ്യാവുന്ന ഒരു സമയമായിരിക്കും ആ ഭരണകാലം.—എബ്ര 10:1.
കൈ: “കൈ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു വിശാലമായ അർഥമാണുള്ളത്. അതിന്, ഒരാളുടെ തോൾമുതൽ കൈക്കുഴവരെയുള്ള ഭാഗത്തെയും കൈപ്പത്തിയെയും വിരലുകളെയും അർഥമാക്കാനാകും.—മത്ത 12:13 കൂടെ കാണുക.
എത്രയോ: അക്ഷ. “എത്രയധികം.” മത്ത 7:11-ന്റെ പഠനക്കുറിപ്പു കാണുക.
യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറണമായിരുന്നു: മത്ത 1:22-ന്റെ പഠനക്കുറിപ്പു കാണുക.
ഇതാ: മത്ത 1:23-ന്റെ പഠനക്കുറിപ്പു കാണുക.
ഞാൻ പ്രസാദിച്ചിരിക്കുന്ന: അഥവാ “എന്റെ ദേഹി പ്രസാദിച്ചിരിക്കുന്ന.” ഇതു യശ 42:1-ൽനിന്നുള്ള ഉദ്ധരണിയാണ്. ആ വാക്യത്തിലെ നെഫെഷ് എന്ന എബ്രായപദം പരിഭാഷപ്പെടുത്താൻ ഇവിടെ സൈക്കി എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ രണ്ടും കാലങ്ങളായി “ദേഹി” എന്നാണു തർജമ ചെയ്തുപോരുന്നത്. (പദാവലിയിൽ “ദേഹി” കാണുക.) “ഞാൻ പ്രസാദിച്ചിരിക്കുന്ന” എന്ന പദപ്രയോഗത്തെ, “ഞാൻ അംഗീകരിച്ചിരിക്കുന്ന” എന്നും ഇവിടെ പരിഭാഷപ്പെടുത്താം.—മത്ത 3:17-ന്റെ പഠനക്കുറിപ്പു കാണുക.
നടപ്പാക്കുന്നതിൽ വിജയിക്കുക: അഥവാ “വിജയത്തിലെത്തിക്കുക.” നികൊസ് എന്ന ഗ്രീക്കുപദം, 1കൊ 15:55, 57-ലും “വിജയം” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
പുകയുന്ന തിരി: സാധാരണയായി വീടുകളിൽ വിളക്കായി ഉപയോഗിച്ചിരുന്നത് ഒലിവെണ്ണ നിറച്ച ചെറിയ മൺപാത്രങ്ങളായിരുന്നു. ചണനാരുകൊണ്ടുള്ള തിരി, തീനാളം കത്തിനിൽക്കാൻവേണ്ട എണ്ണ വലിച്ചെടുക്കും. “പുകയുന്ന തിരി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപ്രയോഗം, കെടാറായ അല്ലെങ്കിൽ അണഞ്ഞുപോയ ഒരു തിരി പുകഞ്ഞുകത്തുന്നതിനെയായിരിക്കാം കുറിക്കുന്നത്. യശ 42:3-ലെ പ്രവചനം യേശുവിന്റെ അനുകമ്പയെക്കുറിച്ച് മുൻകൂട്ടിപ്പറയുകയായിരുന്നു. എളിയവരും അടിച്ചമർത്തപ്പെട്ടവരും ആയ ആളുകളുടെ പ്രതീക്ഷയുടെ അവസാനത്തെ തിരിനാളം യേശു ഒരിക്കലും കെടുത്തിക്കളയില്ലായിരുന്നു.
ബയെത്സെബൂബ്: സാത്താനെ കുറിക്കാനാണ് ഈ പേര് പൊതുവേ ഉപയോഗിക്കുന്നത്.—മത്ത 10:25-ന്റെ പഠനക്കുറിപ്പു കാണുക.
വീട്: അതായത്, ഒരു കുടുംബം. “വീട്” എന്നതിന്റെ മൂലഭാഷാപദത്തിന് ഒരു കുടുംബത്തെയോ ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവരെയുമോ കുറിക്കാനാകും. ആ പദത്തിന്, ഒരു കൊട്ടാരത്തിൽ അഥവാ രാജാവിന്റെ വീട്ടിൽ താമസിക്കുന്ന എല്ലാ ആളുകളെയുംപോലും അർഥമാക്കാനാകും. (പ്രവൃ 7:10; ഫിലി 4:22) ആഭ്യന്തരകലഹങ്ങൾ സർവസാധാരണമായിരുന്ന രാജവംശങ്ങളെ (ഹെരോദുമാരുടെയും സീസറുമാരുടെയും രാജവംശങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.) കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. അത്തരം രാജവംശങ്ങളുടെ തകർച്ചയ്ക്കുപോലും വഴിവെക്കുന്നതരം കലഹങ്ങളായിരുന്നു അവ. ഇവിടെ മത്തായിയുടെ വിവരണത്തിൽ “വീട്” എന്നതു നഗരം എന്നതിനു സമാന്തരമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്.
പുത്രന്മാർ: ഇവിടെ “അനുഗാമികൾ; ശിഷ്യന്മാർ” എന്ന അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.
അവർതന്നെ: അതായത്, “നിങ്ങളുടെ പുത്രന്മാർ.”
ന്യായാധിപന്മാരായി നിങ്ങളെ വിധിക്കട്ടെ: അതായത്, പരീശന്മാരുടെ “പുത്രന്മാർ” ചെയ്ത കാര്യങ്ങൾതന്നെ പരീശന്മാരുടെ വാദത്തെ ഖണ്ഡിച്ചു.
വിശുദ്ധകാര്യങ്ങളോടുള്ള നിന്ദ . . . നിന്ദിക്കുന്നത്: ഇവിടെ “വിശുദ്ധകാര്യങ്ങളോടുള്ള നിന്ദ,” “നിന്ദിക്കുന്നത്” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദം, ദൈവത്തെയോ വിശുദ്ധകാര്യങ്ങളെയോ അപമാനിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ സംസാരത്തെയാണു കുറിക്കുന്നത്. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് പുറപ്പെടുന്നതായതുകൊണ്ട് അതിന്റെ പ്രവർത്തനത്തെ മനഃപൂർവം എതിർക്കുന്നതോ നിഷേധിക്കുന്നതോ ദൈവത്തെ നിന്ദിക്കുന്നതിനു തുല്യമായിരുന്നു. മത്ത 12:24, 28-ൽ കാണുന്നതുപോലെ, യേശു അത്ഭുതങ്ങൾ ചെയ്തപ്പോൾ ദൈവാത്മാവ് പ്രവർത്തിക്കുന്നതു ജൂതമതനേതാക്കന്മാർ കണ്ടതാണ്; എന്നിട്ടും പിശാചായ സാത്താന്റെ ശക്തിയാലാണ് യേശു അതു ചെയ്തതെന്ന് അവർ പറഞ്ഞു.
വ്യവസ്ഥിതി: ഇതിന്റെ ഗ്രീക്കുപദമായ ഏയോൻ എന്നതിന്റെ അടിസ്ഥാനാർഥം “യുഗം” എന്നാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതിരിച്ചുകാണിക്കുന്ന പ്രത്യേകതകളെയോ സാഹചര്യങ്ങളെയോ സ്ഥിതിവിശേഷത്തെയോ ഇതിനു കുറിക്കാനാകും. പരിശുദ്ധാത്മാവിന് എതിരെയുള്ള നിന്ദ, സാത്താന്റെ ഭരണത്തിൻകീഴിലെ ദൈവഭക്തിയില്ലാത്ത ഈ വ്യവസ്ഥിതിയിൽ മാത്രമല്ല (2കൊ 4:4; എഫ 2:2; തീത്ത 2:12) “നിത്യജീവൻ” വാഗ്ദാനം ചെയ്തിരിക്കുന്ന, ദൈവഭരണത്തിൻകീഴിലെ (ലൂക്ക 18:29, 30) വരാനുള്ള വ്യവസ്ഥിതിയിലും ക്ഷമിക്കില്ല എന്നാണു യേശു പറഞ്ഞത്.—പദാവലി കാണുക.
അണലിസന്തതികളേ: മത്ത 23:33-ന്റെ പഠനക്കുറിപ്പു കാണുക.
വ്യഭിചാരികൾ: ആത്മീയവ്യഭിചാരത്തെ, അതായത് ദൈവത്തോടുള്ള അവിശ്വസ്തതയെ കുറിക്കുന്നു.—മർ 8:38-ന്റെ പഠനക്കുറിപ്പു കാണുക.
യോനയുടെ അടയാളം: മൂന്നു ദിവസത്തോളം താൻ മത്സ്യത്തിന്റെ വയറ്റിൽ കിടന്നിട്ടു പുറത്ത് വന്നതിനെ ശവക്കുഴിയിൽനിന്ന് പുറത്ത് വരുന്നതിനോടാണു യോന ഉപമിച്ചത്. (യോന 1:17–2:2) മത്സ്യത്തിന്റെ വയറ്റിൽനിന്ന് യോന പുറത്ത് വന്നത് എത്ര യഥാർഥമായിരുന്നോ അത്ര യഥാർഥമായിരിക്കുമായിരുന്നു അക്ഷരാർഥ ശവക്കുഴിയിൽനിന്നുള്ള യേശുവിന്റെ ഉയിർപ്പും. എന്നാൽ മൂന്നു ദിവസത്തിന്റെ ഭാഗങ്ങൾ യേശു മരിച്ച അവസ്ഥയിൽ കിടക്കുകയും പിന്നീട് ഉയിർപ്പിക്കപ്പെടുകയും ചെയ്തിട്ടും കഠിനഹൃദയരായ വിമർശകർ യേശുവിൽ വിശ്വസിച്ചില്ല.
മൂന്നു പകലും മൂന്നു രാത്രിയും: ഈ പദപ്രയോഗത്തിനു മൂന്നു സമ്പൂർണദിവസങ്ങളെ മാത്രമല്ല മൂന്നു ദിവസത്തിന്റെ ഭാഗങ്ങളെയും അർഥമാക്കാനാകും എന്നു മറ്റു ബൈബിൾവിവരണങ്ങൾ കാണിക്കുന്നു. ഒരു ദിവസത്തിന്റെ ഭാഗത്തെപ്പോലും ഒരു സമ്പൂർണദിവസമെന്നു വിളിക്കാമെന്ന സൂചനയാണ് അവ നൽകുന്നത്.—ഉൽ 42:17, 18; 1രാജ 12:5, 12; മത്ത 27:62-66; 28:1-6.
തെക്കേ ദേശത്തെ രാജ്ഞി: അതായത്, ശേബയിലെ രാജ്ഞി. തെക്കുപടിഞ്ഞാറൻ അറേബ്യയിലായിരുന്നു അവരുടെ രാജ്യം എന്നു കരുതപ്പെടുന്നു.—1രാജ 10:1.
സഹോദരന്മാർ: അതായത്, യേശുവിന്റെ അർധസഹോദരന്മാർ. അവരുടെ പേരുകൾ മത്ത 13:55-ലും മർ 6:3-ലും കാണാം.—“സഹോദരൻ” എന്ന പദത്തിന്റെ അർഥത്തെക്കുറിച്ച് അറിയാൻ മത്ത 13:55-ന്റെ പഠനക്കുറിപ്പു കാണുക.
ഒരാൾ യേശുവിനോട് . . . എന്നു പറഞ്ഞു: ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഈ വാക്യം വിട്ടുകളഞ്ഞിരിക്കുന്നു.
ഇതാ, എന്റെ അമ്മയും സഹോദരന്മാരും!: തന്റെ ജഡികസഹോദരന്മാരും (സാധ്യതയനുസരിച്ച് ഇവരിൽ ചിലർക്കു യേശുവിൽ വിശ്വാസമില്ലായിരുന്നു.) (യോഹ 7:5) ആത്മീയസഹോദരന്മാരും (അതായത് ശിഷ്യന്മാരും.) തമ്മിലുള്ള വ്യത്യാസമാണു യേശു ചൂണ്ടിക്കാണിച്ചത്. കുടുംബാംഗങ്ങളുമായി തനിക്കുള്ള ബന്ധം എത്ര വിലയേറിയതാണെങ്കിലും “(തന്റെ) പിതാവിന്റെ ഇഷ്ടം” ചെയ്യുന്നവരുമായുള്ള ബന്ധം അതിനെക്കാൾ വിലയേറിയതാണെന്നു സൂചിപ്പിക്കുകയായിരുന്നു യേശു.—മത്ത 12:50.
ദൃശ്യാവിഷ്കാരം
ചിത്രത്തിൽ കാണുന്നതുപോലുള്ള ഗോതമ്പുമണികളായിരിക്കാം യേശുവിന്റെ ശിഷ്യന്മാർ പറിച്ച് തിന്നത്.
ഗലീലക്കടലിന് ഏതാണ്ട് 10 കി.മീ. വടക്കുകിഴക്കുള്ള ഗാംലായിൽ കണ്ടെത്തിയ സിനഗോഗിന്റെ (ഒന്നാം നൂറ്റാണ്ടിലേത്) ചില സവിശേഷതകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാതൃക. പണ്ടത്തെ ഒരു സിനഗോഗിന്റെ ഏകദേശരൂപം മനസ്സിലാക്കാൻ ഇതു നമ്മളെ സഹായിക്കുന്നു.
സ്നാപകയോഹന്നാനും യേശുവും ശാസ്ത്രിമാരെയും പരീശന്മാരെയും “അണലിസന്തതികളേ” എന്നു വിളിച്ചു. കാരണം അവരെ കണ്ണുമടച്ച് വിശ്വസിച്ചവർക്ക് അവർ വരുത്തിയ ഗുരുതരമായ ആത്മീയഹാനി മാരകമായ വിഷബാധപോലെയായിരുന്നു. (മത്ത 3:7; 12:34) ഇവിടെ കാണിച്ചിരിക്കുന്ന കൊമ്പൻ അണലിയുടെ പ്രത്യേകത അവയുടെ ഓരോ കണ്ണിന്റെയും മുകളിലായുള്ള കൂർത്ത, ചെറിയ കൊമ്പുകളാണ്. ഇസ്രായേലിൽ കാണപ്പെടുന്ന അപകടകാരികളായ മറ്റു ചില അണലികളാണ്, യോർദാൻ താഴ്വരയിൽ കാണുന്ന മണൽ അണലിയും (വൈപ്പെറ അമ്മോഡൈറ്റ്സ്) പലസ്തീൻ അണലിയും (വൈപ്പെറ പലസ്തീന).