ദിനവൃത്താന്തം ഒന്നാം ഭാഗം 17:1-27
17 സ്വന്തം കൊട്ടാരത്തിൽ താമസമാക്കിയ ഉടനെ ദാവീദ് നാഥാൻ+ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇവിടെ ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ+ താമസിക്കുന്നു. എന്നാൽ യഹോവയുടെ ഉടമ്പടിപ്പെട്ടകമുള്ളത് ഒരു കൂടാരത്തിലും.”+
2 അപ്പോൾ നാഥാൻ പറഞ്ഞു: “അങ്ങയുടെ ആഗ്രഹംപോലെ ചെയ്തുകൊള്ളൂ. ദൈവം അങ്ങയുടെകൂടെയുണ്ട്.”
3 ആ രാത്രിതന്നെ നാഥാനു ദൈവത്തിന്റെ സന്ദേശം ലഭിച്ചു. ദൈവം പറഞ്ഞു:
4 “ചെന്ന് എന്റെ ദാസനായ ദാവീദിനോട് ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “എനിക്കു താമസിക്കാനുള്ള ഭവനം പണിയുന്നതു നീയായിരിക്കില്ല.+
5 ഇസ്രായേലിനെ വിടുവിച്ച് കൊണ്ടുവന്ന ദിവസംമുതൽ ഇന്നുവരെ ഞാൻ ഒരു ഭവനത്തിൽ താമസിച്ചിട്ടില്ല. പകരം ഞാൻ കൂടാരത്തിൽനിന്ന് കൂടാരത്തിലേക്കും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കും+ സഞ്ചരിക്കുകയായിരുന്നില്ലേ?
6 ഞാൻ ഇസ്രായേലിന്റെകൂടെ സഞ്ചരിച്ച കാലത്ത് എപ്പോഴെങ്കിലും, എന്റെ ജനമായ ഇസ്രായേലിനെ മേയ്ക്കാൻ ഞാൻ നിയമിച്ച ഏതെങ്കിലും ഒരു ന്യായാധിപനോട്, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ടുള്ള ഒരു ഭവനം പണിയാത്തത് എന്താണ്’ എന്നു ചോദിച്ചിട്ടുണ്ടോ?”’
7 “അതുകൊണ്ട് എന്റെ ദാസനായ ദാവീദിനോടു പറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മേച്ചിൽപ്പുറങ്ങളിൽ ആടു മേയ്ച്ച് നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു നേതാവാകാൻ ഞാൻ തിരഞ്ഞെടുത്തു.+
8 നീ എവിടെ പോയാലും ഞാൻ കൂടെയുണ്ടായിരിക്കും.+ നിന്റെ ശത്രുക്കളെയെല്ലാം ഞാൻ നിന്റെ മുന്നിൽനിന്ന് തുടച്ചുനീക്കും.+ നിന്റെ പേര് ഭൂമിയിലെ മഹാന്മാരുടെ പേരുപോലെ കീർത്തിയുള്ളതാക്കും.+
9 എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം തിരഞ്ഞെടുത്ത് ഞാൻ അവരെ അവിടെ താമസിപ്പിക്കും. അവർ അവിടെ സ്വസ്ഥമായി കഴിയും. ആരും അവരെ ശല്യപ്പെടുത്തില്ല.+
10 എന്റെ ജനമായ ഇസ്രായേലിനു ഞാൻ ന്യായാധിപന്മാരെ നിയമിച്ച കാലംമുതൽ+ ദുഷ്ടന്മാർ അവരെ ദ്രോഹിച്ചതുപോലെ ഇനി ദ്രോഹിക്കില്ല. നിന്റെ എല്ലാ ശത്രുക്കളെയും ഞാൻ കീഴടക്കും.+ ‘യഹോവ നിനക്കുവേണ്ടി ഒരു ഭവനം* പണിയും’ എന്നും ഞാൻ നിന്നോടു പറയുന്നു.
11 “‘“നിന്റെ കാലം കഴിഞ്ഞ് നീ പൂർവികരോടു ചേരുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ ആൺമക്കളിൽ ഒരാളെ,+ എഴുന്നേൽപ്പിക്കും. അവന്റെ രാജാധികാരം ഞാൻ സുസ്ഥിരമാക്കും.+
12 അവനായിരിക്കും എനിക്കുവേണ്ടി ഒരു ഭവനം പണിയുന്നത്.+ അവന്റെ സിംഹാസനം ഒരിക്കലും ഇളകിപ്പോകാത്ത വിധം ഞാൻ സുസ്ഥിരമായി സ്ഥാപിക്കും.+
13 ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും.+ നിനക്കു മുമ്പുണ്ടായിരുന്നവനിൽനിന്ന് എന്റെ അചഞ്ചലസ്നേഹം ഞാൻ പിൻവലിച്ചതുപോലെ+ അവനിൽനിന്ന് ഞാൻ അത് ഒരിക്കലും പിൻവലിക്കില്ല.+
14 എന്റെ ഭവനത്തിലും എന്റെ രാജാധികാരത്തിലും ഞാൻ അവനെ സ്ഥിരപ്പെടുത്തും.+ അവന്റെ സിംഹാസനം എന്നും നിലനിൽക്കും.”’”+
15 ഈ വാക്കുകളും തനിക്കു ലഭിച്ച ദിവ്യദർശനവും നാഥാൻ ദാവീദിനോടു വിവരിച്ചു.
16 അപ്പോൾ ദാവീദ് രാജാവ് യഹോവയുടെ സന്നിധിയിൽ വന്ന് അവിടെ ഇരുന്ന് ഇങ്ങനെ പ്രാർഥിച്ചു: “ദൈവമായ യഹോവേ, എന്നെ ഇത്രത്തോളം ഉയർത്താൻ ഞാൻ ആരാണ്? എന്റെ കുടുംബവും എത്ര നിസ്സാരം!+
17 എന്നാൽ എന്റെ ദൈവമേ, ഇതൊന്നും പോരാ എന്നപോലെ, അടിയന്റെ ഭവനത്തിനു വിദൂരഭാവിയിൽ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ചുപോലും+ അങ്ങ് പറഞ്ഞിരിക്കുന്നു. ദൈവമായ യഹോവേ, ഞാൻ ഇനിയും ശ്രേഷ്ഠനാകേണ്ടവനാണ് എന്നപോലെ* അങ്ങ് എന്നെ കടാക്ഷിക്കുകയും ചെയ്തിരിക്കുന്നു.
18 അങ്ങയ്ക്ക് എന്നെ ഇത്ര നന്നായി അറിയാവുന്ന സ്ഥിതിക്ക്+ അങ്ങ് എന്നെ ആദരിച്ചതിനെക്കുറിച്ച് അങ്ങയുടെ ദാസനായ ഈ ദാവീദ് അങ്ങയോട് ഇതിൽക്കൂടുതൽ എന്തു പറയാനാണ്?
19 യഹോവേ, അങ്ങയുടെ ഈ ദാസനെ ഓർത്തും അങ്ങയുടെ ഹൃദയത്തിനു ബോധിച്ചതുപോലെയും അങ്ങയുടെ മഹത്ത്വം വെളിപ്പെടുത്തി അങ്ങ് ഈ മഹാകാര്യങ്ങളെല്ലാം ചെയ്തിരിക്കുന്നു.+
20 യഹോവേ, അങ്ങയെപ്പോലെ മറ്റാരുമില്ല.+ അങ്ങല്ലാതെ മറ്റൊരു ദൈവവുമില്ല.+ ഞങ്ങൾ കേട്ട കാര്യങ്ങളെല്ലാം ഇതു സത്യമാണെന്നതിനു തെളിവ് തരുന്നു.
21 അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ വേറെ ഏതു ജനതയാണ് ഈ ഭൂമിയിലുള്ളത്?+ സത്യദൈവമായ അങ്ങ് അവരെ വീണ്ടെടുത്ത് അങ്ങയുടെ ജനമാക്കിയിരിക്കുന്നു.+ അങ്ങ് ഈജിപ്തിൽനിന്ന് വീണ്ടെടുത്ത് കൊണ്ടുവന്ന അങ്ങയുടെ ജനത്തിന്റെ മുന്നിൽനിന്ന് അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു.+ അങ്ങനെ, ഭയാദരവ് ഉണർത്തുന്ന മഹാകാര്യങ്ങൾ ചെയ്ത്+ അങ്ങ് അങ്ങയുടെ പേര് ഉന്നതമാക്കിയിരിക്കുന്നു.
22 എന്നും അങ്ങയുടെ സ്വന്തം ജനമായിരിക്കാൻ ഇസ്രായേലിനെ അങ്ങ് തിരഞ്ഞെടുത്തിരിക്കുന്നു.+ യഹോവേ, അങ്ങ് അവരുടെ ദൈവവുമായിരിക്കുന്നു.+
23 യഹോവേ, അടിയനെയും അടിയന്റെ ഭവനത്തെയും കുറിച്ചുള്ള അങ്ങയുടെ വാഗ്ദാനം എല്ലാ കാലത്തും സത്യമായിത്തീരട്ടെ. വാഗ്ദാനം ചെയ്തതുപോലെതന്നെ അങ്ങ് പ്രവർത്തിക്കേണമേ.+
24 അങ്ങയുടെ പേര് എന്നും നിലനിൽക്കുകയും ഉന്നതമായിരിക്കുകയും ചെയ്യട്ടെ.+ അങ്ങനെ, ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, അതാണ് ഇസ്രായേലിന്റെ ദൈവം’ എന്നു ജനങ്ങൾ പറയാൻ ഇടവരട്ടെ. അങ്ങയുടെ ദാസനായ ഈ ദാവീദിന്റെ ഭവനം അങ്ങയുടെ മുന്നിൽ സുസ്ഥിരമായിരിക്കട്ടെ.+
25 അടിയനുവേണ്ടി ഒരു ഭവനം* പണിയാൻപോകുന്ന കാര്യം എന്റെ ദൈവമായ അങ്ങ് ഈ ദാസനു വെളിപ്പെടുത്തിയല്ലോ. അതുകൊണ്ടാണ് അടിയൻ അങ്ങയോട് ഇങ്ങനെ പ്രാർഥിക്കുന്നത്.
26 യഹോവേ, അങ്ങാണു സത്യദൈവം. അങ്ങ് അടിയന് ഈ നന്മകൾ വാഗ്ദാനം ചെയ്തിരിക്കുന്നു.
27 അതുകൊണ്ട് അങ്ങയ്ക്കു പ്രീതി തോന്നി ഈ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കേണമേ. ഈ ഭവനം എന്നും തിരുമുമ്പിൽ ഇരിക്കട്ടെ. കാരണം യഹോവേ, അങ്ങാണല്ലോ അതിനെ അനുഗ്രഹിച്ചിരിക്കുന്നത്. അത് എന്നും അനുഗൃഹീതമായിരിക്കട്ടെ.”
അടിക്കുറിപ്പുകള്
^ അഥവാ “രാജവംശം.”
^ അക്ഷ. “വിത്തിനെ.”
^ അഥവാ “ഉന്നതപദവിയിലുള്ള ഒരുവനെ എന്നപോലെ.”
^ അഥവാ “രംജവംശം.”