തിമൊഥെയൊസിന് എഴുതിയ രണ്ടാമത്തെ കത്ത് 4:1-22
4 ദൈവത്തിന്റെയും, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കേണ്ടവനായ+ ക്രിസ്തുയേശുവിന്റെയും+ മുന്നിൽ ക്രിസ്തുവിന്റെ വെളിപ്പെടലിനെയും+ രാജ്യത്തെയും+ സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു:
2 ദൈവവചനം പ്രസംഗിക്കുക.+ അനുകൂലകാലത്തും പ്രതികൂലകാലത്തും ചുറുചുറുക്കോടെ അതു ചെയ്യുക. വിദഗ്ധമായ പഠിപ്പിക്കൽരീതി+ ഉപയോഗിച്ച് അങ്ങേയറ്റം ക്ഷമയോടെ ശാസിക്കുകയും+ താക്കീതു ചെയ്യുകയും* പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
3 കാരണം അവർ പ്രയോജനകരമായ* പഠിപ്പിക്കലിനോട് അസഹിഷ്ണുത കാണിക്കുന്ന കാലം വരുന്നു.+ അന്ന് അവർ കാതുകൾക്കു രസിക്കുന്ന* കാര്യങ്ങൾ പറയുന്ന ഉപദേഷ്ടാക്കന്മാരെ+ ഇഷ്ടാനുസരണം അവർക്കു ചുറ്റും വിളിച്ചുകൂട്ടും.
4 അവർ സത്യത്തിനു നേരെ ചെവി അടച്ച് കെട്ടുകഥകളിലേക്കു തിരിയും.
5 പക്ഷേ നീ ഒരിക്കലും സുബോധം കൈവെടിയരുത്. കഷ്ടത സഹിക്കുക.+ സുവിശേഷകന്റെ ജോലി ചെയ്യുക.* നിന്റെ ശുശ്രൂഷ നന്നായി ചെയ്തുതീർക്കുക.+
6 എന്നെ ഇപ്പോൾത്തന്നെ ഒരു പാനീയയാഗമായി+ ചൊരിയുകയാണ്. എന്റെ മോചനത്തിന്റെ സമയം+ അടുത്തു.
7 ആ നല്ല പോരാട്ടം ഞാൻ പൊരുതിയിരിക്കുന്നു.+ ഞാൻ ഓട്ടം പൂർത്തിയാക്കി,+ വിശ്വാസത്തിൽ ഉറച്ചുനിന്നു.
8 ഇപ്പോൾമുതൽ നീതിയുടെ കിരീടം+ എനിക്കുവേണ്ടി കരുതിവെച്ചിട്ടുണ്ട്. നീതിയുള്ള ന്യായാധിപനായ കർത്താവ്+ ആ നാളിൽ എനിക്ക് അതു പ്രതിഫലമായി തരും.+ എനിക്കു മാത്രമല്ല, കർത്താവ് വെളിപ്പെടാൻവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും അതു കിട്ടും.
9 എത്രയും പെട്ടെന്ന് എന്റെ അടുത്ത് വരാൻ പരമാവധി ശ്രമിക്കണം.
10 കാരണം ഈ വ്യവസ്ഥിതിയോടുള്ള* ഇഷ്ടംകൊണ്ട് ദേമാസ്+ എന്നെ ഉപേക്ഷിച്ച് തെസ്സലോനിക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യയിലേക്കും തീത്തോസ് ദൽമാത്യയിലേക്കും പോയിരിക്കുന്നു.
11 ലൂക്കോസ് മാത്രമേ എന്റെകൂടെയുള്ളൂ. വരുമ്പോൾ മർക്കോസിനെയും കൊണ്ടുവരണം. കാരണം ശുശ്രൂഷയിൽ മർക്കോസ് എനിക്ക് ഒരു സഹായമാണ്.
12 തിഹിക്കൊസിനെ+ ഞാൻ എഫെസൊസിലേക്ക് അയച്ചിരിക്കുകയാണ്.
13 നീ വരുമ്പോൾ, ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ വീട്ടിൽ വെച്ചിട്ടുപോന്ന പുറങ്കുപ്പായവും ചുരുളുകളും, പ്രത്യേകിച്ച് ആ തുകൽച്ചുരുളുകൾ, കൊണ്ടുവരണം.
14 ചെമ്പുപണിക്കാരനായ അലക്സാണ്ടർ എനിക്ക് ഒരുപാടു ദ്രോഹം ചെയ്തു. അതിനെല്ലാം യഹോവ* അയാൾക്കു പകരം കൊടുക്കും.+
15 അലക്സാണ്ടറിനെ നീയും സൂക്ഷിക്കണം. കാരണം അയാൾ അത്രമാത്രം നമ്മുടെ സന്ദേശത്തെ എതിർത്തതാണ്.
16 ആദ്യത്തെ തവണ എന്റെ ഭാഗം വാദിക്കുന്ന സമയത്ത് എന്റെകൂടെ നിൽക്കാൻ ആരുമുണ്ടായിരുന്നില്ല. എല്ലാവരും എന്നെ കൈവിട്ടു. അത് അവർക്കെതിരെ കണക്കിടാതിരിക്കട്ടെ.
17 പക്ഷേ കർത്താവ് അടുത്ത് നിന്ന് എന്റെ ഉള്ളിൽ ശക്തി നിറച്ചു. എന്നെ ഉപയോഗിച്ച് പ്രസംഗപ്രവർത്തനം നന്നായി ചെയ്തുതീർക്കാനും എല്ലാ ജനതകളും അതു കേൾക്കാനും+ വേണ്ടിയാണു കർത്താവ് അതു ചെയ്തത്. സിംഹത്തിന്റെ വായിൽനിന്ന് കർത്താവ് എന്നെ രക്ഷപ്പെടുത്തി.+
18 കർത്താവ് എല്ലാ ദുഷ്ടതകളിൽനിന്നും എന്നെ വിടുവിച്ച് തന്റെ സ്വർഗീയരാജ്യത്തിനുവേണ്ടി+ എന്നെ കാത്തുരക്ഷിക്കും. കർത്താവിന് എന്നുമെന്നേക്കും മഹത്ത്വം! ആമേൻ.
19 പ്രിസ്കയെയും അക്വിലയെയും+ ഒനേസിഫൊരൊസിന്റെ+ കുടുംബത്തെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക.
20 എരസ്തൊസ്+ കൊരിന്തിൽ തങ്ങി. രോഗിയായ ത്രൊഫിമൊസിനെ+ എനിക്കു മിലേത്തൊസിൽ വിട്ടിട്ടുപോരേണ്ടിവന്നു.
21 എങ്ങനെയും മഞ്ഞുകാലത്തിനു മുമ്പേ ഇവിടെ എത്താൻ നീ ശ്രമിക്കണം.
യുബുലോസും പൂദെസും ലീനൊസും ക്ലൗദിയയും എല്ലാ സഹോദരന്മാരും നിന്നെ സ്നേഹം അറിയിക്കുന്നു.
22 നീ കാണിക്കുന്ന നല്ല മനസ്സിനെ കർത്താവ് അനുഗ്രഹിക്കട്ടെ. കർത്താവിന്റെ അനർഹദയ നിങ്ങളുടെ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.
അടിക്കുറിപ്പുകള്
^ അക്ഷ. “ശകാരിക്കുകയും.”
^ അഥവാ “ആരോഗ്യകരമായ.”
^ അഥവാ “കേൾക്കാൻ ഇഷ്ടപ്പെടുന്ന.”
^ അഥവാ “സന്തോഷവാർത്ത അറിയിച്ചുകൊണ്ടിരിക്കുക.”