ദമ്പതികൾക്ക്
2: ടീംവർക്ക്
അതിന്റെ അർഥം
വിവാഹജീവിതത്തിൽ ഒരു ടീമായി പ്രവർത്തിക്കുന്ന ഭാര്യാഭർത്താക്കന്മാർ ഒരു വിമാനത്തിലെ പൈലറ്റുമാരെപ്പോലെയാണ്. പ്രശ്നങ്ങൾ വരുമ്പോൾ അവർ ‘ഞാൻ എന്തു ചെയ്യും’ എന്നു ചിന്തിക്കുന്നതിനു പകരം ‘നമ്മൾ എന്തു ചെയ്യും’ എന്നായിരിക്കും ചിന്തിക്കുക.
ബൈബിൾതത്ത്വം: “അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്.”—മത്തായി 19:6.
“ഭാര്യയും ഭർത്താവും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ദാമ്പത്യം വിജയിക്കൂ.”—ക്രിസ്റ്റഫർ.
അതിന്റെ പ്രാധാന്യം
ഒറ്റക്കെട്ടായി പ്രവർത്തിക്കാത്ത, അതായത് ഒരു ടീമായി പ്രവർത്തിക്കാത്ത, ഭാര്യാഭർത്താക്കന്മാർ ഒരു പ്രശ്നമുണ്ടാകുമ്പോൾ ആ പ്രശ്നത്തെ ‘ആക്രമിക്കുന്നതിനു’ പകരം അന്യോന്യം ‘ആക്രമിക്കും.’ അങ്ങനെ ചെറിയ പ്രശ്നങ്ങൾവരെ വലിയ പ്രശ്നങ്ങളാകും.
“ഒരു ടീമായി പ്രവർത്തിക്കുന്നതാണ് ദാമ്പത്യത്തിന്റെ അന്തസത്ത. ഞാനും എന്റെ ഭർത്താവും ഒരു ടീമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഞങ്ങൾ ഒരു മുറിയിൽ കഴിയുന്ന വെറും രണ്ടു പേരായിരിക്കും, അല്ലാതെ ദമ്പതികളായിരിക്കില്ല. അതായത് ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ വരുമ്പോൾ ഒരേ തീരുമാനമായിരിക്കില്ല എടുക്കുക.”—അലക്സാൻഡ്ര.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
ചിന്തിച്ചുനോക്കൂ
-
‘ഞാൻ സമ്പാദിച്ച പണമെല്ലാം എന്റേതാണ്’ എന്നാണോ ഞാൻ ചിന്തിക്കുന്നത്?
-
എനിക്ക് ശരിക്കും സ്വസ്ഥത കിട്ടുന്നത് എന്റെ ഇണ അടുത്തില്ലാത്തപ്പോഴാണോ?
-
എന്റെ ഇണയുടെ ബന്ധുക്കളിൽനിന്ന് ഞാൻ അകലം പാലിക്കാറുണ്ടോ?
ജീവിതപങ്കാളിയുമായി ചർച്ച ചെയ്യുക
-
എന്തൊക്കെ കാര്യങ്ങളിലാണ് നമ്മൾ ഒരു ടീമായി പ്രവർത്തിക്കുന്നത്?
-
ഏതൊക്കെ കാര്യങ്ങളിൽ നമുക്ക് മെച്ചപ്പെടാൻ കഴിയും?
-
ഒരു ടീമായി പ്രവർത്തിക്കുന്ന കാര്യത്തിൽ മെച്ചപ്പെടാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?
നുറുങ്ങുകൾ
-
ഒരു ടെന്നീസ് കളിയെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ ഇരുവരും ഇരുവശത്താണെങ്കിൽ എന്തായിരിക്കും ഫലം? നേരെമറിച്ച് നിങ്ങൾക്ക് രണ്ടു പേർക്കും ഒരു വശത്തുനിന്ന് കളിക്കാനായി ഇണയുടെ ടീമിനോടൊപ്പം ചേരാനായാലോ?
-
‘എനിക്ക് എങ്ങനെ ജയിക്കാം’ എന്നു ചിന്തിക്കുന്നതിനു പകരം ‘നമുക്ക് എങ്ങനെ ജയിക്കാം’ എന്നു ചിന്തിക്കുക.
“ആരുടെ പക്ഷത്താണ് ശരി എന്നതിലല്ല കാര്യം. ദാമ്പത്യത്തിലെ സമാധാനത്തെക്കാളും ഐക്യത്തെക്കാളും പ്രധാനപ്പെട്ടതല്ല അതൊന്നും.”—ഈഥെൻ.
ബൈബിൾതത്ത്വം: “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:3, 4.