മാതാപിതാക്കൾക്ക്
8: മാതൃക
അതിന്റെ അർഥം
മാതൃകാപരമായി ജീവിക്കുന്ന മാതാപിതാക്കൾ അവർ പഠിപ്പിക്കുന്നതിനു ചേർച്ചയിൽ ജീവിക്കുന്നവരായിരിക്കും. ഉദാഹരണത്തിന്, നിങ്ങളെ കാണാൻ വന്ന ഒരാളെ ഒഴിവാക്കുന്നതിനുവേണ്ടി “ഞാൻ വീട്ടിലില്ലെന്ന് പറഞ്ഞേക്ക്” എന്ന് നിങ്ങൾ പറയുന്നത് കുട്ടി കേൾക്കുന്നെങ്കിൽ നിങ്ങളുടെ കുട്ടി സത്യസന്ധത കാണിക്കാനുള്ള സാധ്യത വളരെ കുറവാണ്.
“‘ഞാൻ ചെയ്യുന്നത് നോക്കേണ്ട, പറയുന്നത് ചെയ്താൽ മതി’ എന്നു ചിലർ പറയാറുണ്ട്. പക്ഷേ കുട്ടികളുടെ കാര്യത്തിൽ അത് വിലപ്പോകില്ല. അവർ സ്പോഞ്ചുപോലെയാണ്, നമ്മൾ പറയുന്നതും ചെയ്യുന്നതും എല്ലാം പിടിച്ചെടുക്കും. നമ്മൾ പഠിപ്പിക്കുന്നതൊന്നും ചെയ്യുന്നത് വേറൊന്നും ആയിപ്പോയാൽ കുട്ടികൾ അത് ചൂണ്ടിക്കാണിക്കും.”—ഡേവിഡ്.
ബൈബിൾതത്ത്വം: ‘“മോഷ്ടിക്കരുത്” എന്നു പ്രസംഗിച്ചിട്ട് നീതന്നെ മോഷ്ടിക്കുന്നോ?’—റോമർ 2:21.
അതിന്റെ പ്രാധാന്യം
കുട്ടികളെയും കൗമാരപ്രായത്തിലുള്ളവരെയും ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് മാതാപിതാക്കളാണ്, അല്ലാതെ സമപ്രായക്കാരല്ല. അതു കാണിക്കുന്നത്, മക്കളെ ശരിയായ വഴിയേ നടത്താൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നത് മാതാപിതാക്കളായ നിങ്ങളാണ് എന്നാണ്. അതുകൊണ്ട് നിങ്ങൾ പറയുന്നത് ചെയ്യുകതന്നെ വേണം.
“ഒരു കാര്യം കുട്ടിയോടു പല തവണ പറയുമ്പോൾ കുട്ടി അത് ശ്രദ്ധിക്കുന്നുണ്ടോ എന്ന് നമ്മൾ ചിന്തിച്ചേക്കാം. എന്നാൽ നമ്മൾ അക്കാര്യം ഒരു തവണയെങ്ങാനും ചെയ്യാതിരുന്നാൽ കുട്ടി അപ്പോൾ അത് ചൂണ്ടിക്കാണിക്കും. നമ്മൾ ചെയ്യുന്നതെല്ലാം കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്, അവർ ശ്രദ്ധിക്കുന്നില്ലെന്നു നമ്മൾ വിചാരിച്ചാൽപ്പോലും.”—നിക്കോൾ
ബൈബിൾതത്ത്വം: ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം കാപട്യം ഇല്ലാത്തതാണ്.’—യാക്കോബ് 3:17.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
നിങ്ങളുടെ നിലവാരങ്ങൾ പരിശോധിക്കുക. ഏതു തരത്തിലുള്ള വിനോദപരിപാടികളാണ് നിങ്ങൾ കാണുന്നത്? ഇണയോടും മക്കളോടും നിങ്ങൾ എങ്ങനെയാണ് പെരുമാറുന്നത്? നിങ്ങളുടെ കൂട്ടുകാർ ഏതു തരക്കാരാണ്? മറ്റുള്ളവരെക്കുറിച്ച് നിങ്ങൾക്ക് ചിന്തയുണ്ടോ? ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളുടെ മക്കൾ എങ്ങനെയായിത്തീരാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അങ്ങനെയുള്ള ഒരു വ്യക്തിയാണോ നിങ്ങൾ?
“ഞങ്ങൾ പിൻപറ്റാത്ത നിലവാരങ്ങൾ മക്കൾ പിൻപറ്റണമെന്നു ഞാനും ഭർത്താവും പ്രതീക്ഷിക്കാറില്ല.”—ക്രിസ്റ്റീൻ
തെറ്റുപറ്റിയാൽ ക്ഷമ ചോദിക്കുക. നിങ്ങൾക്കും തെറ്റുപറ്റാമെന്ന കാര്യം നിങ്ങളുടെ കുട്ടികൾക്ക് അറിയാം. നിങ്ങളുടെ ഇണയോടും കുട്ടികളോടും “സോറി” പറയുമ്പോൾ സത്യസന്ധതയുടെയും താഴ്മയുടെയും ഒരു പാഠം നിങ്ങൾ മക്കളെ പഠിപ്പിക്കുകയായിരിക്കും.
“നമുക്കു തെറ്റുപറ്റിയാൽ, അതു സമ്മതിക്കുന്നതും അതിനു ക്ഷമ ചോദിക്കുന്നതും നമ്മുടെ കുട്ടികൾ കേൾക്കണം. അങ്ങനെയല്ലെങ്കിൽ സ്വന്തം തെറ്റുകൾ മൂടിവെക്കാനേ അവർ പഠിക്കൂ.”—റോബിൻ.
“നമ്മുടെ കുട്ടികളിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് മാതാപിതാക്കളായ നമ്മളാണ്. നമ്മുടെ മാതൃകയാണ് അവരെ പരിശീലിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപകരണം. ഈ മാതൃക കണ്ടാണ് അവർ വളരുന്നത്. ഒരിക്കലും അടയ്ക്കാത്ത ഒരു പുസ്തകംപോലെയാണ് ഇത്. ഇത് എപ്പോഴും അവരെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.”—വെൻഡൽ.