ഏലിയാസ് ഹൂട്ടർ—ഹീബ്രു ബൈബിളിന്റെ വിദഗ്‌ധശിൽപി
ബൈബിൾ എഴുതിയ ഹീബ്രു ഭാഷ നിങ്ങൾക്കു വായിക്കാനറിയാമോ? സാധ്യതയില്ല. എന്തിന്, ഒരു ഹീബ്രു ബൈബിൾപോലും നിങ്ങൾ ഒരുപക്ഷേ കണ്ടിട്ടുണ്ടാവില്ല. എന്നാൽ 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതൻ ഏലിയാസ് ഹൂട്ടറിനെക്കുറിച്ചും അദ്ദേഹം തയ്യാറാക്കിയ രണ്ടു ഹീബ്രു ബൈബിൾപരിഭാഷയെക്കുറിച്ചും പഠിക്കുന്നത് ഇപ്പോൾ നിങ്ങളുടെ കൈവശമുള്ള വിശുദ്ധ തിരുവെഴുത്തിനോടുള്ള വിലമതിപ്പ് വർധിപ്പിക്കും.
ഏലിയാസ് ഹൂട്ടർ ജനിച്ചത് 1553-ൽ ഗോർലിറ്റ്‌സ് എന്ന സ്ഥലത്താണ്. ഇന്ന് പോളണ്ടും ചെക് റിപ്പബ്ലിക്കും ജർമനിയുമായി അതിർത്തി പങ്കുവെക്കുന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ഇത്. ഏലിയാസ് ഹൂട്ടർ യേനയിലുള്ള ലൂഥറൻ സർവകലാശാലയിൽനിന്ന് പൗരസ്‌ത്യ ഭാഷകൾ പഠിച്ചെടുത്തു. വെറും 24 വയസ്സുള്ളപ്പോൾ ലൈപ്‌സിഗിൽ ഹീബ്രു പ്രൊഫസറായി നിയമിതനായി. വിദ്യാഭ്യാസമേഖലയിലെ ഒരു നവോത്ഥാനപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം പിന്നീട് ന്യൂറംബർഗിൽ ഒരു സ്‌കൂൾ സ്ഥാപിച്ചു. വിദ്യാർഥികൾക്ക് അവിടെ നാലു വർഷംകൊണ്ട് ഹീബ്രു, ഗ്രീക്ക്, ലത്തീൻ, ജർമൻ എന്നീ ഭാഷകൾ പഠിക്കാമായിരുന്നു. അന്ന് മറ്റ് ഒരു സ്‌കൂളിലും സർവകലാശാലയിലും ഇത് സാധിക്കില്ലായിരുന്നു.
“ഈ പതിപ്പിന്റെ പ്രതാപം”
പഴയനിയമം എന്നു പൊതുവേ അറിയപ്പെടുന്ന ബൈബിൾഭാഗത്തിന്റെ ഒരു ഹീബ്രുപരിഭാഷ 1587-ൽ ഹൂട്ടർ തയ്യാറാക്കി. യശയ്യ 35:8-ൽനിന്നാണ് ഈ പതിപ്പിന്റെ തലക്കെട്ട് (ഡെറക്ക് ഹാ-കോദേശ്) എടുത്തിരിക്കുന്നത്. “വിശുദ്ധവഴി” എന്നാണ് ഇതിന്റെ അർഥം. മനോഹരമായി വരച്ച തലക്കെട്ടിന്റെ അക്ഷരങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “എല്ലാം ഈ പതിപ്പിന്റെ പ്രതാപം വിളിച്ചോതുന്നു.” എന്നാൽ ഈ ബൈബിളിനെ വിശേഷാൽ മൂല്യവത്താക്കിയത് എന്താണെന്നോ? ഹീബ്രു പഠിക്കാൻ വിദ്യാർഥികൾക്കുള്ള ഒരു ഭാഷാപഠനസഹായിയായിരുന്നു ഇത്. അവർക്ക് എളുപ്പം ഈ ഭാഷ പഠിക്കാൻ പറ്റുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയത്.
വിദ്യാർഥികൾക്കു ഹൂട്ടറിന്റെ ഹീബ്രു ബൈബിൾ വളരെ സഹായമായിരുന്നത് എന്തുകൊണ്ടാണെന്നോ? ഹീബ്രു ബൈബിൾ വായിക്കാൻ ശ്രമിക്കുന്നവർക്ക് ഉണ്ടാകുന്ന രണ്ടു ബുദ്ധിമുട്ടുകൾ നോക്കാം. ഒന്ന്, അവർക്ക് പരിചയമില്ലാത്ത അക്ഷരമാല. രണ്ട്, മൂലപദത്തോടു ചേർന്നുനിൽക്കുന്ന മുൻപ്രത്യയങ്ങളും പിൻപ്രത്യയങ്ങളും. ഈ പ്രത്യയങ്ങളും മൂലപദവും വേർതിരിച്ചറിയുക വലിയ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, ‘ദേഹി’ എന്ന് അർഥം വരുന്ന ഹീബ്രു വാക്കാണ് נפשׁ (ലിപ്യന്തരണം നെഫെഷ്). യഹസ്‌കേൽ 18:4-ൽ നെഫെഷിനു മുമ്പിലായി ה (ലിപ്യന്തരണം ഹാ) എന്ന മുൻപ്രത്യയമുള്ളതുകൊണ്ട് הנפשׁ (ലിപ്യന്തരണം ഹാ നെഫെഷ്) എന്ന സമാസപദമാണ് അവിടെ കാണുന്നത്. ഇതു കാണുമ്പോൾ, נפשׁ (നെഫെഷ്) എന്ന പദവും ആയി ഒരു ബന്ധവും ഇല്ലാത്ത വേറെ ഏതോ ഒരു പദമാണ് הנפשׁ (ഹാ നെഫെഷ്) എന്നു പരിചയമില്ലാത്ത വായനക്കാർക്ക് തോന്നിയേക്കാം.
വിദ്യാർഥികളെ സഹായിക്കുന്നതിനായി ഹൂട്ടർ ഒരു അത്യുഗ്രൻ അച്ചടിവിദ്യ വികസിപ്പിച്ചു: കടുപ്പിച്ച അക്ഷരങ്ങളുടെയും a മൂലവാക്കിന്റെ ലിപ്യന്തരണം കടുപ്പിച്ചും മുൻപ്രത്യയങ്ങളും പിൻപ്രത്യയങ്ങളും കടുപ്പിക്കാതെയും അവിടെ കൊടുത്തിരിക്കുന്നു. യഹസ്‌കേൽ 18:4-ൽ ഹൂട്ടറിന്റെ ഹീബ്രു ബൈബിളും റഫറൻസ് ബൈബിളും എങ്ങനെയാണ് ഈ രീതി പിൻപറ്റിയിരിക്കുന്നത് എന്ന് മുകളിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നു.
വെളുത്ത അക്ഷരങ്ങളുടെയും ഹീബ്രു അച്ചുകൾ ഉണ്ടാക്കി. മൂലപദങ്ങളെല്ലാം കടുപ്പിച്ച അക്ഷരത്തിൽ അച്ചടിച്ചു, മുൻപ്രത്യയങ്ങളും പിൻപ്രത്യയങ്ങളും നേർത്ത (ഉള്ളു പൊള്ളയായ) അക്ഷരത്തിലും. ഈ ലളിതമായ രീതിയിലൂടെ, വിദ്യാർഥികൾക്കു വളരെ എളുപ്പത്തിൽ ഹീബ്രു വാക്കുകളുടെ മൂലപദങ്ങൾ തിരിച്ചറിയാനും അങ്ങനെ ഭാഷ പഠിക്കാനും ആയി. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയതിന്റെ (ഇംഗ്ലീഷ്) അടിക്കുറിപ്പിൽ സമാനമായ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്.‘പുതിയ നിയമത്തിന്റെ’ ഹീബ്രു പതിപ്പ്
പുതിയ നിയമം എന്നു സാധാരണയായി അറിയപ്പെടുന്ന ഭാഗവും ഹൂട്ടർ അച്ചടിച്ചു—ഒറ്റ പതിപ്പിൽ 12 ഭാഷകൾ! 1599-ൽ ന്യൂറംബർഗിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇതിനെ ന്യൂറംബർഗ് പോളിഗ്ലൊട്ട് എന്നാണു വിളിക്കാറുള്ളത്. ഈ 12 ഭാഷകളിൽ ഒന്ന് ഹീബ്രു ആയിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ “കൈയിലുള്ളത് മുഴുവൻ കൊടുക്കാൻ തയ്യാറായാലും” ഗ്രീക്ക് തിരുവെഴുത്തുകളുടെ ഹീബ്രു പരിഭാഷ കിട്ടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. b അതുകൊണ്ട് ഗ്രീക്കിലുള്ള ‘പുതിയ നിയമം’ ഹീബ്രുവിലേക്ക് തർജമ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. ബാക്കി കാര്യങ്ങളെല്ലാം മാറ്റിവെച്ച് ഒറ്റ വർഷംകൊണ്ട് പരിഭാഷ പൂർത്തീകരിച്ചു!
ഹൂട്ടറിന്റെ ‘പുതിയ നിയമ’ പരിഭാഷ എങ്ങനെയുണ്ടായിരുന്നു? 19-ാം നൂറ്റാണ്ടിലെ പ്രശസ്‌തനായ ഹീബ്രു പണ്ഡിതൻ ഫ്രാൻസ് ഡെലിഷ് ഇങ്ങനെ എഴുതി: “ക്രിസ്‌ത്യാനികളുടെ ഇടയിൽ സാധാരണ കാണാറില്ലാത്തത്ര ഭാഷാപാണ്ഡിത്യം ഹൂട്ടറിന്റെ ഹീബ്രു പരിഭാഷയിൽ പ്രകടമാണ്. ഇത് ഇപ്പോഴും പരിശോധിക്കാൻ തക്ക മൂല്യമുള്ളതാണ്. ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിലും ഏറ്റവും കൃത്യമായ വാക്കുകൾ ഉപയോഗിക്കാൻ കഴിഞ്ഞ ഒരു ഭാഗ്യവാനാണ് അദ്ദേഹം.”
അവിസ്‌മരണീയമായ പരിഭാഷ
പരിഭാഷകൊണ്ട് ഹൂട്ടർ സമ്പന്നനായില്ല. കാരണം അദ്ദേഹത്തിന്റെ ബൈബിളിന് അധികം ആവശ്യക്കാരില്ലായിരുന്നു. എങ്കിലും ഇത് സുപ്രധാനവും അവിസ്‌മരണീയവും ആയ ഒരു പരിഭാഷയാണ്. ഉദാഹരണത്തിന് 1661-ൽ വില്യം റോബർട്ട്‌സണും പിന്നീട് 1798-ൽ റിച്ചാർഡ് കാഡിക്കും ഇത് പരിഷ്‌കരിച്ച് വീണ്ടും അച്ചടിച്ചു. മൂലഗ്രീക്കിൽനിന്ന് പരിഭാഷ ചെയ്‌ത അദ്ദേഹം എബ്രായ തിരുവെഴുത്തുകളിൽ നിന്നുള്ള ഉദ്ധരണികളിലെല്ലാം കിരിയോസ് (കർത്താവ്), തിയോസ് (ദൈവം) എന്നീ സ്ഥാനപ്പേരുകൾക്കു പകരം യഹോവ (יהוה, JHVH) എന്ന പേര് ഉപയോഗിച്ചു. കൂടാതെ, ഈ സ്ഥാനപ്പേരുകൾ യഹോവയെ കുറിക്കുന്നെന്ന് തോന്നിയ ഇടങ്ങളിലെല്ലാം യഹോവ എന്നുതന്നെ ഉപയോഗിച്ചു. ഇത് രസകരമായ ഒരു കാര്യമാണ്. കാരണം, ‘പുതിയ നിയമത്തിന്റെ’ പല പരിഭാഷകരും ദൈവത്തിന്റെ വ്യക്തിപരമായ പേര് ഉപയോഗിക്കാറില്ലായിരുന്നു. ഗ്രീക്ക് തിരുവെഴുത്തുകളിൽ ദൈവത്തിന്റെ പേര് ഉചിതമായ സ്ഥാനങ്ങളിൽ പുനഃസ്ഥാപിക്കുന്നത് ശരിയാണ് എന്നതിന് ഹൂട്ടറിന്റെ പരിഭാഷ പിൻബലമേകുന്നു.
അടുത്ത പ്രാവശ്യം നിങ്ങൾ ‘പുതിയ നിയമത്തിലോ’ റഫറൻസ് ബൈബിളിന്റെ അടിക്കുറിപ്പിലോ യഹോവ എന്ന പേര് കാണുമ്പോൾ ഏലിയാസ് ഹൂട്ടറിന്റെ പരിഭാഷയെക്കുറിച്ചും അദ്ദേഹത്തിന്റെ അവിസ്‌മരണീയമായ ഹീബ്രു ബൈബിളുകളെക്കുറിച്ചും ഓർമിക്കുക.
a റഫറൻസ് ബൈബിളിൽ (ഇംഗ്ലീഷ്) യഹസ്‌കേൽ 18:4-ന്റെ രണ്ടാമത്തെ അടിക്കുറിപ്പും അനുബന്ധം 3ബിയും കാണുക.
b ചില പണ്ഡിതന്മാർ ‘പുതിയ നിയമം’ ഹീബ്രു ഭാഷയിലേക്കു മുമ്പ് പരിഭാഷ ചെയ്‌തിരുന്നു. അത്തരത്തിൽ ഒന്ന്, ബൈസാന്റിയൻ സന്ന്യാസിയായ സൈമൺ ഒട്ടൊമെനോസ് ഏതാണ്ട് 1360-ലും മറ്റൊന്ന് ജർമൻ പണ്ഡിതനായ ഓസ്‌വോൾഡ് ഷ്രക്കെൻഫുക്ക്‌സ് ഏതാണ്ട് 1565-ലും ആണ് ചെയ്‌തത്. ഈ പരിഭാഷകൾ ഒരിക്കലും പ്രസിദ്ധീകരിച്ചില്ല. അവയെല്ലാം നഷ്ടപ്പെട്ടുപോകുകയും ചെയ്‌തു.