വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണശേഷം മനുഷ്യന്റെ ആത്മാവ്‌ ജീവിക്കുന്നെന്ന്‌ എല്ലാ പ്രമുഖ മതസ്ഥരും വിശ്വസിക്കുന്നു

മുഖ്യ ലേഖനം | ജീവിതവും മരണവും—ബൈബിളിനു പറയാനുള്ളത്‌

കുഴപ്പിക്കുന്ന ചോദ്യം

കുഴപ്പിക്കുന്ന ചോദ്യം

ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പലർക്കും പല കാഴ്‌ചപ്പാടുകളാണുള്ളത്‌. മരിച്ചു കഴിഞ്ഞാൽ മറ്റൊരു സ്ഥലത്ത്‌ മറ്റൊരു രൂപത്തിൽ തുടർന്നും ഒരു ജീവിതം ഉണ്ടെന്നു ചിലർ കരുതുന്നു. ഇനി മറ്റു ചിലർ പുനർജന്മത്തിൽ വിശ്വസിക്കുന്നു. മരണത്തോടെ എല്ലാം തീർന്നെന്നു വിശ്വസിക്കുന്ന ചിലരും ഉണ്ട്‌.

ഈ വിഷയത്തെക്കുറിച്ച്‌ നിങ്ങൾക്കു ചില വിശ്വാസങ്ങളുണ്ടാകും. വളർന്നു വന്ന സാഹചര്യവും സംസ്‌കാരവും ആണ്‌ ആ വിശ്വാസങ്ങളുടെ അടിസ്ഥാനം. മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്ന കുഴപ്പിക്കുന്ന ചോദ്യത്തിനു പലർക്കും പല അഭിപ്രായങ്ങളുള്ള സ്ഥിതിക്ക്‌ കൃത്യവും സത്യവുമായ ഉത്തരത്തിനായി നമുക്ക്‌ എങ്ങോട്ടു തിരിയാം? ആരോടു ചോദിക്കാം?

മനുഷ്യന്റെ ആത്മാവ്‌ മരിക്കുന്നില്ലെന്ന്‌ നൂറ്റാണ്ടുകളായി മതനേതാക്കന്മാർ പഠിപ്പിച്ചിട്ടുണ്ട്‌. ക്രിസ്‌ത്യാനികളും ഹിന്ദുക്കളും ജൂതന്മാരും മുസ്ലീമുകളും അങ്ങനെ നാനാ മതസ്ഥർ, മരണശേഷം ആത്മാവ്‌ ജീവിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കുന്നവരാണ്‌. ആത്മാവ്‌ ശരീരത്തിൽനിന്ന്‌ പോയി നമുക്കാർക്കും കാണാൻ പറ്റാത്ത സ്വർഗത്തിലോ മറ്റ്‌ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന്‌ പറയപ്പെടുന്നു. എന്നാൽ ബുദ്ധമതക്കാർ വിശ്വസിക്കുന്നത്‌ ഒരു വ്യക്തി എണ്ണമറ്റ പുനർജന്മങ്ങളിലൂടെ ദുരിതങ്ങളിൽനിന്ന്‌ മോചിതനായിത്തീരുന്നു എന്നാണ്‌. ഈ അനുഗൃഹീത നിലയെയാണ്‌ നിർവാണ എന്നു വിളിക്കുന്നത്‌.

ഇതുപോലുള്ള പഠിപ്പിക്കലുകൾ ലോകത്തിലുള്ള ഭൂരിഭാഗം ആളുകളെ വിശ്വസിപ്പിക്കുന്ന ഒരു കാര്യമുണ്ട്‌. മരണം മറ്റ്‌ ഒരു ലോകത്തിൽ ജീവിക്കാനുള്ള വാതിൽ തുറക്കുന്നു. അതുകൊണ്ടുതന്നെ അത്‌ ജീവിതചക്രത്തിന്റെ ഒരു പ്രധാനപടിയായിട്ടാണ്‌ അനേകർ വീക്ഷിക്കുന്നത്‌. മരണം ദൈവത്തിന്റെ ഇഷ്ടമാണെന്ന്‌ അവർ കരുതുന്നു. എന്നാൽ ഈ വിഷയത്തെക്കുറിച്ച്‌ ബൈബിളിന്‌ എന്താണു പറയാനുള്ളത്‌? പിൻവരുന്ന ലേഖനം അതിനുള്ള ഉത്തരം തരും. അത്‌ നിങ്ങളെ ആശ്ചര്യപ്പെടുത്തും.