നിങ്ങളുടെ ഭാവി നിർണയിക്കുന്നത് എന്താണ്?
കാണാനാകാത്ത ചില ശക്തികളാണ് തങ്ങളുടെ ഭാവി നിയന്ത്രിക്കുന്നതെന്ന് അനേകരും വിശ്വസിക്കുന്നു. അതുകൊണ്ട് ജീവിതത്തിൽ ഭാഗ്യം വരാൻ അവർ പല കാര്യങ്ങൾ ചെയ്തുനോക്കുന്നു.
പലരും വിശ്വസിക്കുന്നത്
ജ്യോതിഷം: ചില ആളുകൾ വിശ്വസിക്കുന്നത്, തങ്ങളുടെ ജനനസമയത്തെ നക്ഷത്രങ്ങളുടെ സ്ഥാനമാണ് അവരുടെ ഭാവി നിർണയിക്കുന്നത് എന്നാണ്. ഇനിയുള്ള ജീവിതത്തിൽ എന്തു സംഭവിക്കുമെന്ന് അറിയാൻ അവർ ജ്യോതിഷവും ജാതകവും ഒക്കെ നോക്കുന്നു. അതുവഴി പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും ജീവിതവിജയം നേടാമെന്നും അവർ കരുതുന്നു.
വാസ്തുശാസ്ത്രം: വീടോ കെട്ടിടമോ ഒക്കെ ഒരു പ്രത്യേക രീതിയിൽ പണിയുന്നതു തങ്ങൾക്കു വിജയവും സന്തോഷവും നൽകുമെന്നാണ് മറ്റു ചിലരുടെ വിശ്വാസം. a
പൂർവികാരാധന: സംരക്ഷണവും അനുഗ്രഹവും കിട്ടാൻ തങ്ങളുടെ മരിച്ചുപോയ പൂർവികരെയും പല പുണ്യാളന്മാരെയും പ്രീതിപ്പെടുത്തണമെന്ന് ചിലർ വിചാരിക്കുന്നു. വിയറ്റ്നാമിൽ താമസിക്കുന്ന വാൻ b പറയുന്നു: “പൂർവികരെ ആരാധിച്ചാൽ എനിക്കും മക്കൾക്കും ഇപ്പോൾത്തന്നെ നല്ലൊരു ജീവിതവും സുരക്ഷിതമായ ഭാവിയും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു.”
പുനർജന്മം: പലരും വിശ്വസിക്കുന്നത്, ഒരാൾ മരിച്ചാലും അയാൾ പുനർജനിക്കുമെന്നും ആ ജീവിതചക്രം വീണ്ടുംവീണ്ടും തുടരുമെന്നും ആണ്. കഴിഞ്ഞുപോയ ഒരു ജന്മത്തിലെ പ്രവൃത്തികളുടെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്ന നല്ലതും ചീത്തയും ആയ കാര്യങ്ങൾ എന്ന് അവർ വിചാരിക്കുന്നു.
ഇതൊക്കെ വെറുമൊരു അന്ധവിശ്വാസമാണെന്ന് പറയുന്നവർപോലും കൈനോട്ടം, ഓജോബോർഡ്, ജാതകം, തത്തയെക്കൊണ്ട് ചീട്ട് എടുപ്പിക്കുന്ന രീതി അങ്ങനെ പലതും ചെയ്തുനോക്കാറുണ്ട്. അങ്ങനെയെങ്കിലും ഭാവി അറിയാൻ കഴിഞ്ഞാലോ എന്നാണ് അവർ ചിന്തിക്കുന്നത്.
ഗുണം ചെയ്തോ?
ഈ വിശ്വാസങ്ങൾ പിന്തുടർന്നവർക്കു നല്ലൊരു ജീവിതവും സുരക്ഷിതമായ ഭാവിയും കിട്ടിയോ?
വിയറ്റ്നാമിൽ താമസിക്കുന്ന ഹാവോയുടെ അനുഭവം നോക്കുക. ജീവിതത്തിൽ നല്ലതു വരാൻ അദ്ദേഹം ജ്യോതിഷവും ഫെങ്ങ്ഷുയിയും പൂർവികാരാധനയും എല്ലാം നടത്തി. എന്നിട്ട് വിജയിച്ചോ? ഹാവോ പറയുന്നു: “എന്റെ ബിസിനെസ്സ് ആകെ പൊളിഞ്ഞു. കടങ്ങളും കുന്നുകൂടി. കുടുംബത്തിലും പ്രശ്നങ്ങളായി. അതോടെ ഞാനാകെ തകർന്നുപോയി.”
ജ്യോതിഷത്തിലും പുനർജന്മത്തിലും വിധിയിലും ഫെങ്ങ്ഷുയിയിലും പൂർവികാരാധനയിലും എല്ലാം വിശ്വസിച്ച ഒരാളായിരുന്നു തായ്വാനിൽനിന്നുള്ള ക്യുമിങ്. ഇതെക്കുറിച്ചെല്ലാം നന്നായി പഠിച്ച അദ്ദേഹം പറയുന്നു: “ഈ പഠിപ്പിക്കലുകളും ആചാരങ്ങളും ഒന്നും പരസ്പരം യോജിക്കുന്നില്ല. ശരിക്കും പറഞ്ഞാൽ ഇതു നമ്മളെ കുഴപ്പിക്കുന്നതാണ്. പല ജ്യോതിഷപ്രവചനങ്ങളും തെറ്റുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. പുനർജന്മവും ഏതാണ്ട് അതുപോലെയാണ്. കഴിഞ്ഞ ജന്മത്തിൽ എന്താണ് സംഭവിച്ചതെന്ന് ഒരാൾക്ക് ഓർമയില്ലെങ്കിൽ, പിന്നെ എങ്ങനെയാണ് അയാൾ അടുത്ത ജന്മത്തിൽ മാറ്റങ്ങൾ വരുത്തി നന്നായി ജീവിക്കുക?”
“ഈ പഠിപ്പിക്കലുകളും ആചാരങ്ങളും ഒന്നും പരസ്പരം യോജിക്കുന്നില്ല. ശരിക്കും പറഞ്ഞാൽ ഇതു നമ്മളെ കുഴപ്പിക്കുന്നതാണ്.”—ക്യുമിങ്, തായ്വാൻ
ഹാവോയെയും ക്യുമിങിനെയും പോലെ ഇന്നു പലരും, നമ്മുടെ ഭാവി നിർണയിക്കുന്നതു വിധിയോ നക്ഷത്രങ്ങളോ മരിച്ചുപോയ പൂർവികരോ പുനർജന്മമോ ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനർഥം നല്ലൊരു ഭാവിക്കുവേണ്ടി നമുക്കൊന്നും ചെയ്യാനില്ലെന്നാണോ?
നല്ല വിദ്യാഭ്യാസവും പണവും ഒക്കെ ഉണ്ടെങ്കിൽ നല്ലൊരു ഭാവി ഉറപ്പാണ് എന്ന് പലരും വിചാരിക്കുന്നു. ഈ വഴി തിരഞ്ഞെടുത്തവർക്ക് അതു ഗുണം ചെയ്തോ?
a ഇതിനോടു സമാനമായ ഫെങ്ങ്ഷുയി എന്നൊരു രീതി ചൈനയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഉണ്ട്.
b ഈ ലേഖനത്തിലും പിൻവരുന്നവയിലും ചില പേരുകൾ യഥാർഥമല്ല.
c വിശുദ്ധഗ്രന്ഥമായ ബൈബിളിലെ ഗലാത്യർ 6:7-ൽനിന്നുള്ളതാണ് ഈ വാക്കുകൾ. ഇതേ ആശയം പറയുന്ന ഒരു പഴഞ്ചൊല്ല് കിഴക്കേ ഏഷ്യയിൽ ഉണ്ട്: തണ്ണിമത്തൻ നട്ടാൽ തണ്ണിമത്തനേ കിട്ടൂ; ബീൻസ് നട്ടാൽ ബീൻസേ കിട്ടൂ.