നിങ്ങൾക്ക് അറിയാമോ?
യരുശലേമിലെ ദേവാലയത്തിൽ മൃഗങ്ങളെ വിറ്റിരുന്ന വ്യാപാരികളെ ‘കവർച്ചക്കാർ’ എന്നു വിളിച്ചത് ഉചിതമായിരുന്നോ?
മത്തായിയുടെ സുവിശേഷത്തിൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “യേശു ദേവാലയത്തിൽ ചെന്ന് അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. യേശു അവരോടു പറഞ്ഞു: ‘“എന്റെ ഭവനം പ്രാർഥനാലയം എന്ന് അറിയപ്പെടും” എന്നാണ് എഴുതിയിരിക്കുന്നത്. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കുന്നു.’”—മത്താ. 21:12, 13.
ജൂതചരിത്രരേഖകൾ കാണിക്കുന്നതു ദേവാലയത്തിൽ വ്യാപാരം നടത്തിയിരുന്നവർ അവരുടെ ഉപഭോക്താക്കളിൽനിന്ന് ഭീമമായ തുക ഈടാക്കി അവരെ ചൂഷണം ചെയ്തിരുന്നെന്നാണ്. ഉദാഹരണത്തിന്, എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യാഗത്തിനുള്ള ഒരു ജോടി പ്രാവുകളുടെ വില ഒരവസരത്തിൽ ഒരു സ്വർണ ദിനാറെയോളം എത്തിയെന്നു മിഷ്നാ (കെരീത്തോത്ത് 1:7) പറയുന്നു. പ്രത്യേകവൈദഗ്ധ്യങ്ങളില്ലാത്ത ഒരു പണിക്കാരന്റെ 25 ദിവസത്തെ വേതനത്തിനു തുല്യമായിരുന്നു അത്. പാവപ്പെട്ടവർക്കു പ്രാവുകളെ യാഗമായി അർപ്പിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ അതിന്റെ വിലപോലും അവർക്കു താങ്ങാവുന്നതിലും അപ്പുറമായി. (ലേവ്യ 1:14; 5:7; 12:6-8) ഈ അനീതി കണ്ട് രോഷംപൂണ്ട ശിമെയോൻ ബെൻ ഗമാലിയേൽ എന്ന റബ്ബി, നിർബന്ധമായി അർപ്പിക്കേണ്ട യാഗങ്ങളുടെ എണ്ണം കുറച്ചു. പെട്ടെന്നുതന്നെ ഒരു ജോടി പ്രാവിന്റെ വില മുമ്പത്തേതിന്റെ നൂറിലൊന്നായി കുറഞ്ഞു.
ദേവാലയത്തിലെ വ്യാപാരികൾ അത്യാഗ്രഹത്തോടെ ആളുകളെ ചൂഷണം ചെയ്തതു കണക്കിലെടുക്കുമ്പോൾ യേശു അവരെ ‘കവർച്ചക്കാർ’ എന്നു വിളിച്ചതിൽ അത്ഭുതപ്പെടാനില്ല.