നിങ്ങൾക്ക് അറിയാമോ?
ബൈബിൾക്കാലങ്ങളിൽ ആളുകൾ എങ്ങനെയാണു വർഷങ്ങളുടെയും മാസങ്ങളുടെയും തുടക്കം തീരുമാനിച്ചിരുന്നത്?
വാഗ്ദത്തദേശത്ത് താമസിച്ചിരുന്ന ജൂതന്മാർ അവരുടെ കാർഷികവർഷത്തിന്റെ തുടക്കം കണക്കാക്കിയിരുന്നതു നിലം ഉഴുകയും വിത്തു വിതയ്ക്കുകയും ചെയ്യുന്ന കാലത്തെ അടിസ്ഥാനമാക്കിയായിരുന്നു. നമ്മുടെ ഇപ്പോഴത്തെ കലണ്ടറനുസരിച്ച് അതു സെപ്റ്റംബർ/ഒക്ടോബർ മാസത്തിൽവരും.
സൂര്യനെ, അഥവാ മാറിമാറി വരുന്ന കാലങ്ങളെ (seasons) അടിസ്ഥാനമാക്കിയാണ് അവർ ഒരു വർഷത്തിന്റെ ദൈർഘ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരു മാസത്തിന്റെ ദൈർഘ്യം നിശ്ചയിച്ചിരുന്നതു ചന്ദ്രനെ നോക്കിയാണ്. ഇത്തരം മാസങ്ങൾക്ക് 29-ഓ 30-ഓ ദിവസം വീതമേ കാണുകയുള്ളൂ. അതുകൊണ്ടുതന്നെ ഇതുപോലുള്ള 12 മാസങ്ങൾ ചേർന്നാലും ഒരു വർഷം തികയാനുള്ള ദിവസങ്ങൾ വരില്ലായിരുന്നു. ആ കുറവ് പരിഹരിക്കാൻവേണ്ടി അവർ ചില മാസങ്ങളുടെകൂടെ കൂടുതലായി കുറച്ച് ദിവസങ്ങൾ ചേർക്കും. അല്ലെങ്കിൽ ചിലപ്പോൾ ഒരു മാസംതന്നെ ചേർക്കും. പലപ്പോഴും പുതിയ വർഷം തുടങ്ങുന്നതിനു മുമ്പായിട്ടാണ് അങ്ങനെ ചെയ്തിരുന്നത്. അങ്ങനെ വിതയുടെയും കൊയ്ത്തിന്റെയും സമയവുമായി അവരുടെ കലണ്ടർ ഒത്തുവരുമായിരുന്നു.
എന്നാൽ മോശയുടെ കാലത്ത് ദൈവം ഇസ്രായേല്യരോട്, അവരുടെ വിശുദ്ധവർഷത്തിന്റെ ഒന്നാം മാസം ആബീബ് അല്ലെങ്കിൽ നീസാൻ ആയിരിക്കണമെന്നു പറഞ്ഞിരുന്നു. (പുറ. 12:2; 13:4) അതു നമ്മുടെ കലണ്ടറനുസരിച്ച് മാർച്ച്/ഏപ്രിൽ ആണ്. നീസാൻ മാസത്തിൽ ഇസ്രായേല്യർക്ക് ഒരു ഉത്സവമുണ്ടായിരുന്നു. ആ സമയത്ത് അവർ ബാർലിയുടെ ആദ്യവിളവിൽ കുറച്ച് യഹോവയ്ക്കു കൊടുക്കണമായിരുന്നു.—പുറ. 23:15, 16.
പണ്ഡിതനായ ഏമിൽ ഷ്യൂറർ യേശുക്രിസ്തുവിന്റെ കാലത്തെ ജൂതന്മാരുടെ ചരിത്രം, (ബി.സി. 175-എ.ഡി. 135) (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: “എപ്പോഴാണ് ഒരു വർഷത്തോടു കൂടുതലായ ഒരു മാസം ചേർക്കേണ്ടതെന്നു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു. വസന്തത്തിൽ പകലിനും രാത്രിക്കും തുല്യദൈർഘ്യം വരുന്ന ദിവസത്തിനു (വസന്തവിഷുവം) ശേഷം പൂർണചന്ദ്രനെ കാണുന്ന, നീസാൻ മാസത്തിലെ ദിവസമാണ് (നീസാൻ 14-ന്) അവർ പെസഹ ആചരിക്കേണ്ടിയിരുന്നത്. . . . അതുകൊണ്ട് ഒരു വർഷത്തിന്റെ അവസാനമെത്തുമ്പോഴേക്കും, വസന്തവിഷുവത്തിനു മുമ്പ് പെസഹയുടെ തീയതി വരുമെന്നു കണ്ടാൽ നീസാനു മുമ്പായി 13-ാമത് ഒരു മാസം ചേർക്കുമായിരുന്നു.”
ഇന്ന് യഹോവയുടെ സാക്ഷികൾ കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നത് എബ്രായ കലണ്ടറിലെ നീസാൻ 14-നാണ്. അത് എപ്പോഴായിരിക്കും എന്നു കണ്ടുപിടിക്കാൻ മുമ്പ് ജൂതന്മാർ പിൻപറ്റിയിരുന്ന അതേ രീതിതന്നെയാണു നമ്മളും ഉപയോഗിക്കുന്നത്. നമ്മുടെ കലണ്ടറനുസരിച്ച് മാർച്ച്/ഏപ്രിൽ മാസത്തിലായിരിക്കും അത്. ആ തീയതി കണ്ടെത്തിക്കഴിഞ്ഞാൽ ലോകമെങ്ങുമുള്ള സഭകളെ നേരത്തേതന്നെ അത് അറിയിക്കും. a
ഒരു മാസം എപ്പോൾ അവസാനിക്കുന്നു, പുതിയത് എപ്പോൾ തുടങ്ങുന്നു എന്നൊക്കെ അറിയാൻ ബൈബിൾക്കാലങ്ങളിൽ അത്ര എളുപ്പമല്ലായിരുന്നു. കാരണം നമ്മുടേതുപോലുള്ള അച്ചടിച്ച കലണ്ടറോ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ആപ്ലിക്കേഷനോ അന്നുണ്ടായിരുന്നില്ല.
നോഹയുടെ കാലത്ത് ഒരു മാസത്തിനു 30 ദിവസം എന്ന രീതിയിലാണു കണക്കുകൂട്ടിയിരുന്നത്. (ഉൽപ. 7:11, 24; 8:3, 4) എന്നാൽ പിൽക്കാലത്തെ എബ്രായ കലണ്ടറിൽ ഒരു മാസത്തിന് എപ്പോഴും 30 ദിവസം കാണില്ലായിരുന്നു. കാരണം ആ കലണ്ടറനുസരിച്ച് ഒരു പുതിയ മാസം തുടങ്ങുന്നതു പുതുചന്ദ്രനെ നേരിയതായി കണ്ടുതുടങ്ങുമ്പോഴായിരുന്നു. അതു ചിലപ്പോൾ ഒരു മാസം തുടങ്ങി 29 ദിവസം കഴിയുമ്പോൾത്തന്നെ സംഭവിക്കുമായിരുന്നു.
ഒരിക്കൽ ദാവീദും യോനാഥാനും “നാളെ കറുത്ത വാവാണ്” എന്നു പറഞ്ഞുകൊണ്ട് പുതിയ ഒരു മാസത്തെക്കുറിച്ച് പരാമർശിക്കുന്നതായി ബൈബിളിൽ നമ്മൾ വായിക്കുന്നുണ്ട്. (1 ശമു. 20:5, 18) അതു കാണിക്കുന്നത് ബി.സി. 11-ാം നൂറ്റാണ്ട് ആയപ്പോഴേക്കും മാസം കൃത്യമായി നേരത്തേതന്നെ കണക്കാക്കുന്ന രീതിയുണ്ടായിരുന്നു എന്നാണ്. എന്നാൽ സാധാരണക്കാർ എങ്ങനെയാണു പുതിയ മാസം എപ്പോൾ തുടങ്ങുമെന്ന് അറിഞ്ഞിരുന്നത്? വാമൊഴിയായുള്ള ജൂതനിയമങ്ങളും പാരമ്പര്യങ്ങളും അടങ്ങുന്ന മിഷ്നായിൽ അതെക്കുറിച്ച് ചില കാര്യങ്ങൾ പറയുന്നുണ്ട്. അതിൽ പറയുന്നതനുസരിച്ച് ജൂതന്മാർ ബാബിലോണിൽനിന്ന് മടങ്ങി വന്നതിനു ശേഷം സൻഹെദ്രിനാണ് (ജൂതന്മാരുടെ പരമോന്നത കോടതി) ഇക്കാര്യത്തിൽ ഒരു തീരുമാനമെടുത്തിരുന്നത്. വർഷത്തിൽ ഏഴു മാസം, ആ ഓരോ മാസത്തിന്റെയും 30-ാം ദിവസത്തിന്റെ തുടക്കത്തിൽത്തന്നെ കോടതി കൂടിവരുമായിരുന്നു. എന്നിട്ട് അവരാണ് അടുത്ത മാസം എപ്പോൾ തുടങ്ങുമെന്നു തീരുമാനിച്ചിരുന്നത്. എങ്ങനെയാണ് അവർ അതു ചെയ്തിരുന്നത്?
യരുശലേമിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും ഏറ്റവും ഉയരമുള്ള മലയിലുംമറ്റും കാവൽ നിന്നിരുന്ന ആളുകൾ, രാത്രിയിൽ ആദ്യമായി ചന്ദ്രക്കല കാണുമ്പോൾ ഉടനെ അതു സൻഹെദ്രിനെ അറിയിക്കുമായിരുന്നു. പുതുചന്ദ്രനെ കണ്ടു എന്നതിനു മതിയായ തെളിവുകളുണ്ടെങ്കിൽ പുതിയ മാസം തുടങ്ങിയതായി ആ കോടതി അറിയിക്കും.
എന്നാൽ മേഘം കാരണമോ കോടമഞ്ഞു കാരണമോ ചന്ദ്രനെ കാണാൻ പറ്റുന്നില്ലെങ്കിലോ? അപ്പോഴത്തെ ആ മാസത്തിനു 30 ദിവസം ഉള്ളതായി കണക്കാക്കിയിട്ട് അടുത്ത ദിവസത്തെ 1-ാം തീയതിയായി പ്രഖ്യാപിക്കുമായിരുന്നു.യരുശലേമിന് അടുത്തുള്ള ഒലിവ് മലയിൽ തീകൊണ്ട് ഒരു അടയാളം കാണിച്ചുകൊണ്ടാണ് സൻഹെദ്രിന്റെ തീരുമാനം അറിയിച്ചിരുന്നതെന്നു മിഷ്നാ പറയുന്നു. ഈ വാർത്ത ഇസ്രായേലിലെ മറ്റു പ്രദേശങ്ങളിൽ എത്തിക്കുന്നതിന് അതതു പ്രദേശത്തെ ഉയർന്ന ഏതെങ്കിലും സ്ഥലത്ത് തീ കത്തിക്കുമായിരുന്നു. പിൽക്കാലത്ത് സന്ദേശവാഹകരെ ഉപയോഗിച്ചാണ് ഈ വിവരം എല്ലായിടത്തും എത്തിച്ചിരുന്നത്. അങ്ങനെ യരുശലേമിലും മറ്റു സ്ഥലങ്ങളിലും താമസിച്ചിരുന്ന ജൂതന്മാർക്കു പുതിയ മാസം തുടങ്ങുന്ന സമയം കൃത്യമായി അറിയാനാകുമായിരുന്നു. അതിലൂടെ എല്ലാവർക്കും ഒരേ സമയത്ത് അവരുടെ ഉത്സവങ്ങൾ ആഘോഷിക്കാനും കഴിഞ്ഞു.
ജൂതന്മാരുടെ മാസങ്ങളും ആഘോഷങ്ങളും കാലങ്ങളും എങ്ങനെയാണു പരസ്പരം ബന്ധപ്പെട്ടിരുന്നതെന്നു മനസ്സിലാക്കാൻ ഇതിന്റെകൂടെ കൊടുത്തിരിക്കുന്ന കലണ്ടർ കാണുക.
a 1991 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ 25-ാം പേജും 1977 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്നതും കാണുക.