മുഖ്യലേഖനം | ദൈവദൂതന്മാർ—വെറും സങ്കൽപ്പമോ?
ദൈവദൂതന്മാർക്ക് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനാകുമോ?
ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ്, കുറെസോവിൽ താമസിക്കുന്ന കെന്നറ്റും ഭാര്യ ഫീലോമെയ്നയും അവർ ബൈബിൾ പഠിപ്പിക്കുന്ന ഒരു ദമ്പതികളുടെ വീട്ടിൽ പോയി.
കെന്നറ്റ് പറയുന്നു: “ഞങ്ങൾ അവിടെ എത്തിയപ്പോൾ, വീട് അടച്ചിരിക്കുന്നത് കണ്ടു. പുറത്ത് കാർ ഉണ്ടായിരുന്നില്ല. എങ്കിലും, എനിക്കെന്തോ, അദ്ദേഹത്തിന്റെ ഭാര്യയുടെ ഫോണിലേക്കു വിളിക്കണമെന്നു തോന്നി.”
ആ സ്ത്രീ ഫോണെടുത്തു. ഭർത്താവ് ജോലിക്കു പോയിരിക്കുകയാണെന്നു പറയുകയും ചെയ്തു. എന്നാൽ കെന്നറ്റും ഫീലോമെയ്നയും അവരുടെ വീടിന്റെ മുറ്റത്തുനിന്നാണ് സംസാരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ആ സ്ത്രീ വാതിൽ തുറന്നു അവരെ അകത്തേക്കു വിളിച്ചു.
അവർ കരയുകയായിരുന്നെന്ന് കെന്നറ്റിനും ഫീലോമെയ്നയ്ക്കും മനസ്സിലായി. ബൈബിൾപഠനം തുടങ്ങുന്നതിനുമുമ്പ് കെന്നറ്റ് പ്രാർഥിച്ചപ്പോൾ ആ സ്ത്രീ വീണ്ടും കരയാൻതുടങ്ങി. എന്തു പറ്റിയെന്ന് അവർ ചോദിച്ചു.
താൻ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു എന്ന് ആ സ്ത്രീ പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് തന്റെ ഭർത്താവിന് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കെന്നറ്റിന്റെ ഫോൺ വന്നത്. വിഷാദം തന്നെ വല്ലാതെ അലട്ടിയിരുന്നതായി അവർ പറഞ്ഞു. ബൈബിളിൽനിന്ന് ആശ്വാസകരമായ ചില വചനങ്ങൾ അവർ ആ സ്ത്രീക്കു കാണിച്ചുകൊടുത്തു. അത് ആ സ്ത്രീയുടെ ജീവൻ രക്ഷിച്ചു.
കെന്നറ്റ് പറയുന്നു: “മനസ്സിടിഞ്ഞിരുന്ന ആ സ്ത്രീയെ സഹായിക്കാൻ യഹോവ ഞങ്ങളെ അനുവദിച്ചതിൽ ഞങ്ങൾ നന്ദി പറയുന്നു. ഒരു ദൈവദൂതനിലൂടെയോ പരിശുദ്ധാത്മാവിലൂടെയോ ആയിരിക്കാം അങ്ങനെയൊരു ഫോൺകോൾ ചെയ്യാൻ യഹോവ ഞങ്ങളെ തോന്നിപ്പിച്ചത്!” a
തന്റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവിലൂടെയോ ഒരു ദൂതനിലൂടെയോ ദൈവം ഇടപെട്ടതാണെന്നു കെന്നറ്റും ഫീലോമെയ്നയും വിശ്വസിച്ചതിൽ തെറ്റുണ്ടോ? അതോ കൃത്യസമയത്തുള്ള കെന്നറ്റിന്റെ ഫോൺവിളി തികച്ചും യാദൃച്ഛികമായിരുന്നോ?
ഉറപ്പിച്ചു പറയാൻ നമുക്കാവില്ല. നമുക്ക് അറിയാവുന്ന ഒരു കാര്യം ആളുകളെ ആത്മീയമായി സഹായിക്കാൻ ദൈവം ദൂതന്മാരെ അഥവാ മാലാഖമാരെ ഉപയോഗിക്കുന്നു എന്നാണ്. ഉദാഹരണത്തിന്, ദൈവികവിഷയങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു എത്യോപ്യൻ ഉദ്യോഗസ്ഥന്റെ അടുത്തേക്കു സുവിശേഷകനായിരുന്ന ഫിലിപ്പോസിനെ ദൈവം വഴിനയിച്ചത് ഒരു ദൂതനിലൂടെ ആയിരുന്നെന്ന് ബൈബിൾ പറയുന്നു.—പ്രവൃത്തികൾ 8:26-31.
മനുഷ്യനേത്രങ്ങൾക്കു കാണാൻ കഴിയാത്ത അമാനുഷികശക്തിയുള്ള സൃഷ്ടികളുണ്ടെന്നു പല മതങ്ങളും പഠിപ്പിക്കുന്നു. അവരെ ദൈവത്തിന്റെ ഇഷ്ടം നടത്തുന്ന പരോപകാരികളായിട്ടും ഓരോ വ്യക്തികളെ സഹായിക്കുന്ന കാവൽ മാലാഖമാരായിട്ടും ഒക്കെയാണു ചിത്രീകരിച്ചിരിക്കുന്നത്. പലരും ഈ ദൂതന്മാർ ജീവിച്ചിരിക്കുന്നുണ്ടെന്നു മാത്രമല്ല തങ്ങളെ പല വിധത്തിൽ സഹായിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നു. എന്നാൽ മറ്റനേകർ ഇവരുണ്ടെന്നേ വിശ്വസിക്കാത്തവരാണ്.
വാസ്തവത്തിൽ ദൂതന്മാരുണ്ടോ? ഉണ്ടെങ്കിൽ, അവർ എങ്ങനെ ഉണ്ടായി? ദൂതന്മാരെക്കുറിച്ചുള്ള സത്യം എന്താണ്? അവർക്കു നിങ്ങളുടെ ജീവിതത്തിൽ ഇടപെടാൻ കഴിയുമോ? തെളിവുകളിലേക്കു നമുക്കു പോകാം.
a ദൈവത്തിന്റെ പേര് യഹോവ എന്നാണെന്നു ബൈബിൾ പറയുന്നു.—സങ്കീർത്തനം 83:18.