പ്രവാചകന്മാരിലൂടെ ദൈവത്തെക്കുറിച്ച് അറിയാം
മുൻകാലങ്ങളിൽ, ദൈവം പ്രവാചകന്മാരിലൂടെ മനുഷ്യർക്കു പ്രധാനപ്പെട്ട സന്ദേശങ്ങൾ കൊടുത്തിരുന്നു. ദൈവത്തിന്റെ അനുഗ്രഹം എങ്ങനെ നേടാം എന്ന് ആ സന്ദേശങ്ങളിലൂടെ മനസ്സിലാക്കാം. ആദ്യം വിശ്വസ്തരായ മൂന്നു പ്രവാചകന്മാരിൽനിന്ന് ചില കാര്യങ്ങൾ പഠിക്കാം.
അബ്രാഹാം
പക്ഷപാതമില്ലാതെ എല്ലാ മനുഷ്യരെയും അനുഗ്രഹിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
ദൈവം പ്രവാചകനായ അബ്രാഹാമിനോട് പറഞ്ഞത് ഇങ്ങനെയാണ്: “നിന്നിലൂടെ ഭൂമിയിലെ കുടുംബങ്ങളെല്ലാം ഉറപ്പായും അനുഗ്രഹം നേടും.”—ഉൽപത്തി 12:3.
നമുക്ക് എന്തു പഠിക്കാം? ദൈവം നമ്മളെ വളരെയധികം സ്നേഹിക്കുന്നു. തന്നെ അനുസരിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കാൻ ദൈവം ആഗ്രഹിക്കുന്നുണ്ട്. അതിൽ, സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടും.
മോശ
ദൈവം കരുണാമയനും തന്നെ അറിയാൻ ശ്രമിക്കുന്നവരെ അനുഗ്രഹിക്കുന്നവനുമാണ്.
വലിയ അത്ഭുതങ്ങൾ ചെയ്യാനുള്ള ശക്തി സർവ്വശക്തനായ ദൈവം പ്രവാചകനായ മോശയ്ക്കു കൊടുത്തു. എന്നിട്ടും മോശ ഇങ്ങനെ പ്രാർഥിച്ചു: “അങ്ങയുടെ വഴികൾ എന്നെ അറിയിക്കേണമേ. എങ്കിൽ എനിക്ക് അങ്ങയെ അറിഞ്ഞ് തുടർന്നും അങ്ങയുടെ പ്രീതിപാത്രമായി കഴിയാൻ പറ്റുമല്ലോ.” (പുറപ്പാട് 33:13) മോശയുടെ ഈ അപേക്ഷ ദൈവത്തിന് ഇഷ്ടമായി. തന്റെ വഴികളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും കൂടുതൽ അറിവു നേടാനും കാര്യങ്ങൾ ഗ്രഹിക്കാനും ഉള്ള അനുഗ്രഹം ദൈവം മോശയ്ക്കു കൊടുത്തു. അങ്ങനെ ദൈവം “കരുണയും അനുകമ്പയും ഉള്ള” സ്രഷ്ടാവാണെന്നു മോശ മനസ്സിലാക്കി.—പുറപ്പാട് 34:6, 7.
നമുക്ക് എന്തു പഠിക്കാം? തന്നെ അടുത്തറിയാൻ ശ്രമിക്കുന്ന എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അനുഗ്രഹിക്കാനും അവരിൽ പ്രസാദിക്കാനും ദൈവം അതിയായി ആഗ്രഹിക്കുന്നു. തന്നെ എങ്ങനെ ആരാധിക്കണമെന്ന കാര്യം ദൈവം വിശുദ്ധതിരുവെഴുത്തുകളിൽ പറഞ്ഞിട്ടുണ്ട്.
യേശു
യേശുവിനെക്കുറിച്ചും യേശു ചെയ്തതും പഠിപ്പിച്ചതും ആയ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതു നിത്യാനുഗ്രഹങ്ങൾ നേടിത്തരും.
യേശുവിന്റെ ജീവിതത്തെക്കുറിച്ചും പഠിപ്പിക്കലിനെക്കുറിച്ചും ഉള്ള വിശദാംശങ്ങൾ ദൈവവചനത്തിൽ ഉണ്ട്. വലിയ വലിയ അത്ഭുതങ്ങൾ ചെയ്യാനുള്ള ശക്തി ദൈവം യേശുവിനു കൊടുത്തു. അന്ധരെയും ബധിരരെയും മുടന്തരെയും യേശു സുഖപ്പെടുത്തി. മരിച്ചവരെപ്പോലും യേശു ജീവനിലേക്കു കൊണ്ടുവന്നു. അതുവഴി ദൈവം ഭാവിയിൽ മുഴുമനുഷ്യകുടുംബത്തിനും കൊടുക്കാൻപോകുന്ന അനുഗ്രഹങ്ങൾ എന്തൊക്കെ ആയിരിക്കുമെന്നു യേശു കാണിച്ചുതന്നു. ആ അനുഗ്രഹങ്ങളൊക്കെ നമുക്കു എങ്ങനെ ആസ്വദിക്കാൻ കഴിയുമെന്നു യേശു വിശദീകരിച്ചു. ബൈബിൾ പറയുന്നത് ഇതാണ്: ‘ഏകസത്യദൈവത്തെയും യേശുക്രിസ്തുവിനെയും അറിയുന്നതാണു നിത്യജീവൻ.’—യോഹന്നാൻ 17:3.
യേശു അനുകമ്പയും ആർദ്രതയും ദയയും ഉള്ള വ്യക്തിയായിരുന്നു. പുരുഷന്മാരും സ്ത്രീകളും, ചെറുപ്പക്കാരും പ്രായമായവരും യേശുവിന്റെ ക്ഷണത്തോട് അനുകൂലമായി പ്രതികരിച്ചു. ക്ഷണം ഇതായിരുന്നു, “എന്നിൽനിന്ന് പഠിക്കൂ. ഞാൻ സൗമ്യനും താഴ്മയുള്ളവനും ആയതുകൊണ്ട് നിങ്ങൾക്ക് ഉന്മേഷം കിട്ടും.” (മത്തായി 11:29) യേശു ജീവിച്ചിരുന്ന കാലത്ത് പലരും സ്ത്രീകളോട് അപമര്യാദയോടെയാണ് പെരുമാറിയത്. എന്നാൽ യേശു ദയയോടും അന്തസ്സോടും മര്യാദയോടും കൂടെ സ്ത്രീകളോട് ഇടപെട്ടു.
നമുക്ക് എന്തു പഠിക്കാം? യേശു ആളുകളോട് ആഴമായ സ്നേഹം കാണിച്ചു. അങ്ങനെ മറ്റുള്ളവരോട് എങ്ങനെ ഇടപെടണമെന്നതിനുള്ള നല്ല മാതൃക കാണിച്ചുതന്നു.
യേശു സർവശക്തനായ ദൈവമല്ല
വിശുദ്ധതിരുവെഴുത്തുകൾ പഠിപ്പിക്കുന്നത് “ഏകദൈവമേ നമുക്കുള്ളൂ” എന്നും യേശുക്രിസ്തു ദൈവത്തിന്റെ ഒരു സന്ദേശവാഹകനാണ് എന്നും ആണ്. (1 കൊരിന്ത്യർ 8:6) ദൈവം തന്നെക്കാൾ ഉയർന്നവനാണെന്നും ആ ദൈവമാണ് തന്നെ ഭൂമിയിലേക്ക് അയച്ചതെന്നും യേശു വ്യക്തമാക്കി.—യോഹന്നാൻ 11:41, 42; 14:28. a
a യേശുക്രിസ്തുവിനെക്കുറിച്ചു കൂടുതൽ അറിയാൻ, യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ എന്ന ലഘുപത്രികയുടെ എട്ടും ഒൻപതും ഭാഗങ്ങൾ കാണുക. അത് www.pr2711.com-ൽ ഓൺലൈനായി വായിക്കാം.