പഠനലേഖനം 50
ഗീതം 135 യഹോവയുടെ സ്നേഹത്തോടെയുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനിയായിരിക്ക’
മാതാപിതാക്കളേ, മക്കളുടെ വിശ്വാസം ശക്തമാക്കാൻ സഹായിക്കുക
‘നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്തുക.’—റോമ. 12:2.
ഉദ്ദേശ്യം
മാതാപിതാക്കൾക്ക് എങ്ങനെ ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും മക്കളോടു സംസാരിക്കാമെന്നും അവരുടെ വിശ്വാസം ശക്തമാക്കാൻ എങ്ങനെ സഹായിക്കാമെന്നും കാണും.
1-2. ബൈബിളിലെ വിശ്വാസങ്ങളോടു ബന്ധപ്പെട്ട് മക്കൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കണം?
മക്കളെ വളർത്തിക്കൊണ്ടുവരുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതു പല മാതാപിതാക്കളും അംഗീകരിക്കും. മാതാപിതാക്കളേ, യഹോവയിലുള്ള വിശ്വാസം വളർത്താൻ മക്കളെ സഹായിക്കുന്നതിനു നിങ്ങൾ ചെയ്യുന്ന എല്ലാ ശ്രമങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. (ആവ. 6:6, 7) വളർന്നുവരുന്നതനുസരിച്ച് മക്കൾ ബൈബിളധിഷ്ഠിത വിശ്വാസങ്ങളോടു ബന്ധപ്പെട്ട് ചില ഗൗരവമേറിയ ചോദ്യങ്ങൾ ചോദിച്ചേക്കാം. ഉദാഹരണത്തിന്, എന്തുകൊണ്ടാണു ബൈബിളിൽ ചില പ്രവൃത്തികൾ ശരിയാണെന്നും ചിലതു തെറ്റാണെന്നും പറഞ്ഞിരിക്കുന്നത് എന്നതുപോലുള്ള ചോദ്യങ്ങൾ.
2 മക്കളുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ ആദ്യമൊക്കെ നിങ്ങൾക്കു പേടി തോന്നിയേക്കാം. അവർക്കു ദൈവത്തിലും ബൈബിളിലും ഒക്കെയുള്ള വിശ്വാസം കുറഞ്ഞുവരുകയാണോ എന്നു ചിന്തിച്ചേക്കാം. എന്നാൽ മക്കൾ വളർന്നുവരുന്നതനുസരിച്ച് ചോദ്യങ്ങൾ ചോദിക്കണം. എങ്കിലേ അവരുടെ വിശ്വാസം ശക്തമാകുകയുള്ളൂ. (1 കൊരി. 13:11) അതുകൊണ്ട് ചോദ്യങ്ങൾ കേട്ട് പേടിക്കേണ്ട കാര്യമില്ല. പകരം അവർ ചോദിക്കുന്ന ആത്മാർഥമായ ഓരോ ചോദ്യവും അവരുടെ വിശ്വാസം ശക്തമാക്കാനും ചിന്താപ്രാപ്തി മെച്ചപ്പെടുത്താനും ഉള്ള അവസരങ്ങളായി കാണാം.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചിന്തിക്കും?
3 ഈ ലേഖനത്തിൽ നമ്മൾ (1) ദൈവത്തിലും ബൈബിളിലും ഉള്ള വിശ്വാസം സ്വന്തമായി വളർത്താനും (2) ബൈബിളിന്റെ നിലവാരങ്ങളോടു വിലമതിപ്പു വളർത്തിയെടുക്കാനും (3) സ്വന്തം വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കാനും മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സഹായിക്കാമെന്നു കാണും. അതുപോലെ കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുന്നതു നല്ലതായിരിക്കുന്നത് എന്തുകൊണ്ടാണെന്നും വിശ്വാസത്തെക്കുറിച്ച് മക്കളോടു പറയാൻ മാതാപിതാക്കൾക്ക് എന്തെല്ലാം അവസരങ്ങൾ കിട്ടുമെന്നും കാണും.
ദൈവത്തിലും ബൈബിളിലും ഉള്ള വിശ്വാസം ശക്തമാക്കാൻ സഹായിക്കുക
4. മക്കൾ ഏതെല്ലാം ചോദ്യങ്ങൾ ചോദിച്ചേക്കാം, എന്തുകൊണ്ട്?
4 ദൈവത്തിലുള്ള വിശ്വാസം പാരമ്പര്യമായി കിട്ടുന്ന ഒന്നല്ല എന്ന് ക്രിസ്തീയമാതാപിതാക്കൾക്ക് അറിയാം. നിങ്ങൾക്ക് അതു ജന്മനാ കിട്ടാത്തതുപോലെ നിങ്ങളുടെ മക്കൾക്കും അങ്ങനെ കിട്ടില്ല. അതുകൊണ്ടുതന്നെ ഇതുപോലുള്ള ചില ചോദ്യങ്ങൾ നിങ്ങളുടെ മക്കൾ ചോദിക്കാൻ സാധ്യതയുണ്ട്: ‘ഒരു ദൈവമുണ്ടെന്ന് എനിക്ക് എങ്ങനെ അറിയാം? ബൈബിൾ പറയുന്നതെല്ലാം എനിക്കു ശരിക്കും വിശ്വസിക്കാൻ പറ്റുമോ?’ വാസ്തവത്തിൽ, ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് ‘ചിന്താപ്രാപ്തി ഉപയോഗിക്കാനും’ ‘എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താനും’ ആണ്. (റോമ. 12:1; 1 തെസ്സ. 5:21) ശരി, വിശ്വാസം ശക്തമാക്കാൻ നിങ്ങൾക്ക് എങ്ങനെ മക്കളെ സഹായിക്കാം?
5. ബൈബിളിലുള്ള വിശ്വാസം വളർത്തിയെടുക്കാൻ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സഹായിക്കാം? (റോമർ 12:2)
5 ബൈബിൾ സത്യമാണെന്നു സ്വയം ബോധ്യപ്പെടാൻ മക്കളെ സഹായിക്കുക. (റോമർ 12:2 വായിക്കുക.) നിങ്ങളുടെ മക്കൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയും മറ്റും ഉപയോഗിച്ചുകൊണ്ട് എങ്ങനെ ഉത്തരം കണ്ടെത്താമെന്നു പഠിപ്പിക്കുക. ഗവേഷണസഹായിയിലെ “ബൈബിൾ” എന്ന വിഷയത്തിനു കീഴിൽ “ദൈവപ്രചോദിതം” എന്ന ഭാഗത്ത്, ബൈബിൾ മനുഷ്യൻ എഴുതിയ ഒരു നല്ല പുസ്തകം മാത്രമല്ല പകരം, അതു ‘ദൈവത്തിന്റെ വചനമാണ്’ എന്നതിനുള്ള തെളിവുകൾ കാണാം. (1 തെസ്സ. 2:13) ഉദാഹരണത്തിന്, പുരാതന അസീറിയൻ നഗരമായ നിനെവെയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി കുട്ടികൾക്കു ഗവേഷണം ചെയ്യാം. മുമ്പ് ചില പണ്ഡിതന്മാർ അവകാശപ്പെട്ടിരുന്നത്, നിനെവെ എന്നൊരു നഗരം ഇല്ലായിരുന്നു എന്നാണ്. എന്നാൽ 1850-കൾ ആയപ്പോഴേക്കും ആ നഗരത്തിന്റെ ചില അവശിഷ്ടങ്ങൾ ഭൂമിയുടെ അടിയിൽനിന്ന് കണ്ടെത്തി. അതിലൂടെ ബൈബിളിൽ പറയുന്നതു കൃത്യമാണെന്നു തെളിഞ്ഞു. (സെഫ. 2:13-15) നിനെവെയുടെ നാശത്തെക്കുറിച്ചുള്ള ബൈബിൾപ്രവചനം എങ്ങനെയാണു നിറവേറിയത് എന്ന് അറിയാൻ 2021 നവംബർ ലക്കം വീക്ഷാഗോപുരത്തിന്റെ “നിങ്ങൾക്ക് അറിയാമോ?” എന്ന ലേഖനം മക്കൾക്കു നോക്കാനാകും. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്നും അതുപോലെ എൻസൈക്ലോപീഡിയകളിൽനിന്നും വിശ്വസനീയമായ മറ്റു ഉറവിടങ്ങളിൽനിന്നും പഠിച്ചത് അവർക്കു താരതമ്യം ചെയ്തുനോക്കാം. അങ്ങനെ ചെയ്യുമ്പോൾ ബൈബിളിലുള്ള അവരുടെ വിശ്വാസം കൂടുതൽ ശക്തമാകും.
6. ചിന്താപ്രാപ്തി ഉപയോഗിക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ സഹായിക്കാം? ഒരു ഉദാഹരണം പറയുക. (ചിത്രവും കാണുക.)
6 ചിന്താപ്രാപ്തി ഉപയോഗിക്കാൻ മക്കളെ സഹായിക്കുക. ദൈവത്തിലുള്ള വിശ്വാസത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും മക്കളോടു സംസാരിക്കാനുള്ള പല അവസരങ്ങളും മാതാപിതാക്കൾക്കു കിട്ടും. ഒരു മ്യൂസിയത്തിൽ പോകുമ്പോഴോ പൂക്കളുള്ള ഒരു പാർക്കിൽ പോകുമ്പോഴോ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിലുള്ള ഒരു പ്രദർശനശാല സന്ദർശിക്കുമ്പോഴോ എല്ലാം അതിനുള്ള അവസരങ്ങൾ കിട്ടിയേക്കാം. ഉദാഹരണത്തിന് ഒരു മ്യൂസിയം, നേരിട്ടോ ഓൺലൈനിലൂടെയോ കാണുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ബൈബിളിലുള്ള വിശ്വാസം ശക്തമാക്കാൻ സഹായിക്കുന്ന, ചരിത്രപ്രാധാന്യമുള്ള ഏതെങ്കിലും സംഭവങ്ങളിലേക്കോ പുരാവസ്തുക്കളിലേക്കോ മക്കളുടെ ശ്രദ്ധ തിരിക്കാം. നിങ്ങളുടെ മക്കൾക്കു മോവാബ്യശിലയെക്കുറിച്ച് അറിയാമോ? 3,000 വർഷത്തോളം പഴക്കമുള്ള ആ ശിലയിൽ യഹോവ എന്ന ദൈവനാമമുണ്ട്. ഫ്രാൻസിലെ പാരീസിലുള്ള ലൂവ്ർ മ്യൂസിയത്തിൽ ഈ മോവാബ്യശില പ്രദർശനത്തിനു വെച്ചിട്ടുണ്ട്. ന്യൂയോർക്കിലെ വാർവിക്കിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തെ “ബൈബിളും ദിവ്യനാമവും” എന്ന പ്രദർശനശാലയിൽ ഈ മോവാബ്യശിലയുടെ ഒരു മാതൃക കാണാം. മോവാബ്യരാജാവായ മേഷ ഇസ്രായേലിന് എതിരെ മത്സരിച്ചു എന്നു മോവാബ്യശിലയിൽ പറയുന്നുണ്ട്. ഇതേ കാര്യംതന്നെയാണു ബൈബിൾവിവരണങ്ങളിലും പറയുന്നത്. (2 രാജാ. 3:4, 5) ബൈബിൾ സത്യവും കൃത്യവും ആണെന്നു കാണിക്കുന്ന ഇത്തരം തെളിവുകൾ മക്കൾ സ്വന്തം കണ്ണാലെ കാണുമ്പോൾ അവരുടെ വിശ്വാസം കൂടുതൽ ശക്തമാകും.—2 ദിനവൃത്താന്തം 9:6 താരതമ്യം ചെയ്യുക.
7-8. (എ) പ്രകൃതിയിൽ കാണുന്ന മനോഹരമായ ഡിസൈനുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ചിത്രവും കാണുക.) (ബി) സ്രഷ്ടാവിലുള്ള വിശ്വാസം ശക്തമാക്കാൻ കുട്ടികളെ ഏതു ചോദ്യങ്ങൾ സഹായിക്കും?
7 സൃഷ്ടികളെക്കുറിച്ച് ചിന്തിക്കാൻ മക്കളെ പ്രോത്സാഹിപ്പിക്കുക. ഒരു പാർക്കിലൂടെ നടക്കുമ്പോഴോ പൂന്തോട്ടം പരിപാലിക്കുമ്പോഴോ പ്രകൃതിയിൽ കാണുന്ന അതിശയിപ്പിക്കുന്ന സൃഷ്ടികൾ മക്കളെ കാണിച്ചുകൊടുക്കാം. അങ്ങനെ ചെയ്യുമ്പോൾ ഇതിന്റെയൊക്കെ പിന്നിൽ ജ്ഞാനവും ബുദ്ധിയും ഉള്ള ആരോ ഉണ്ടെന്നു അവർക്കു മനസ്സിലാകും. ഉദാഹരണത്തിന്, പ്രകൃതിയിലെ പല സൃഷ്ടികളിലും സർപ്പിളാകൃതി (Spiral pattern) കാണാം. ഗാലക്സികളിലും ഒച്ചിന്റെ പുറംതോടിലും ചെടികളിലെ ഇലകളുടെ ക്രമത്തിലും സൂര്യകാന്തിപ്പൂക്കളുടെ മധ്യഭാഗത്തും ഒക്കെ. a സർപ്പിളാകൃതിയിലുള്ള ഘടനകളെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ വർഷങ്ങളോളം പഠനം നടത്തിയിട്ടുണ്ട്. ഒരു ശാസ്ത്രജ്ഞനായ നിക്കോളാ ഫമൈലി പറയുന്നതനുസരിച്ച്, പ്രകൃതിയിലുള്ള ചില വസ്തുക്കളിലെ സർപ്പിള ഡിസൈനുകൾക്ക് ഒരു പ്രത്യേകതയുണ്ട്. അതിലെ സർപ്പിളങ്ങളുടെ എണ്ണമെടുത്താൽ കിട്ടുന്നത് കേവലം ചില സംഖ്യകളല്ല, മറിച്ച് ഫിബോനാച്ചി ശ്രേണി b (Fibonacci sequence) എന്നു വിളിക്കുന്ന പ്രത്യേകശ്രേണിയിൽപ്പെട്ട സംഖ്യകളായിരിക്കും.
8 ഇനി നിങ്ങളുടെ കുട്ടി സ്കൂളിൽവെച്ച്, പ്രകൃതിയിൽ കാണുന്ന പലപല ഡിസൈനുകളെയും ആകൃതികളെയും കുറിച്ച് കൂടുതലായി പഠിക്കും. ഉദാഹരണത്തിന്, മിക്ക മരങ്ങളിലും ഒരേ ഡിസൈൻ ആവർത്തിച്ചുവരുന്നതു കാണാം. വൃക്ഷത്തിന്റെ തടിയിൽനിന്ന് ശാഖകൾ ഉണ്ടാകുന്നു. അതിൽനിന്ന് ഉപശാഖകൾ ഉണ്ടാകുന്നു. അതു ചെറു ചില്ലകളായി പിരിയുന്നു. ഇങ്ങനെ ആവർത്തിച്ചുകാണുന്ന ഡിസൈനുകളെ ഫ്രാക്ടലുകൾ എന്നാണു വിളിക്കുന്നത്. ഇതുപോലുള്ള ഫ്രാക്ടലുകൾ പ്രകൃതിയിലുള്ള മറ്റു കാര്യങ്ങളിലും കാണാം. ആവർത്തിച്ചുകാണുന്ന ഈ ഡിസൈനുകൾക്കു പിന്നിൽ ആരാണ്? ഇത്ര ക്രമത്തിൽ ഇവയെല്ലാം സൂക്ഷ്മതയോടെ സൃഷ്ടിച്ചത് ആരായിരിക്കും? ഇത്തരം ചോദ്യങ്ങളെക്കുറിച്ച് കുട്ടി എത്രത്തോളം ചിന്തിക്കുന്നോ അത്രത്തോളം ദൈവത്തിലുള്ള അവന്റെ വിശ്വാസം ശക്തമാകാനുള്ള സാധ്യത കൂടുതലാണ്. (എബ്രാ. 3:4) ഇടയ്ക്കു കുട്ടികളോട് ഇങ്ങനെ ചോദിക്കാനായേക്കും: “നമ്മളെ സൃഷ്ടിച്ചതു ദൈവമാണെങ്കിൽ, നമ്മൾ സന്തോഷത്തോടെയിരിക്കാൻ എന്തു ചെയ്യണമെന്നു പറഞ്ഞുതരാൻ ന്യായമായും ദൈവത്തിനല്ലേ കഴിയുന്നത്?” എന്നിട്ട് അതിനുവേണ്ടിയാണു ദൈവം ബൈബിൾ തന്നിരിക്കുന്നതെന്നു നിങ്ങൾക്കു പറഞ്ഞുകൊടുക്കാം.
ശരിതെറ്റുകളെക്കുറിച്ചുള്ള ബൈബിളിന്റെ നിലവാരങ്ങളോട് ആദരവ് വളർത്താൻ സഹായിക്കുക
9. മക്കൾ ബൈബിളിന്റെ ധാർമികനിലവാരങ്ങളെ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടായിരിക്കാം?
9 നിങ്ങളുടെ മക്കൾ ബൈബിളിന്റെ ധാർമികനിലവാരങ്ങളെ ചോദ്യം ചെയ്യുന്നെങ്കിൽ, അതിനു പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. ബൈബിളിന്റെ നിലവാരങ്ങളോട് യോജിക്കാൻ കഴിയാത്തതുകൊണ്ടാണോ അതോ ക്രിസ്തീയമൂല്യങ്ങളെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണോ അവൻ ചോദ്യങ്ങൾ ചോദിക്കുന്നത്? കാര്യം എന്തുതന്നെയാണെങ്കിലും ബൈബിളിന്റെ നിലവാരങ്ങളെ ആദരിക്കാൻ മക്കളെ സഹായിക്കുന്നതിനു നിങ്ങൾക്കു ജീവിതം ആസ്വദിക്കാം പുസ്തകം അവരോടൊപ്പം പഠിക്കാം. c
10. യഹോവയുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾക്ക് എങ്ങനെ കുട്ടിയെ സഹായിക്കാം?
10 യഹോവയുമായുള്ള വ്യക്തിപരമായ ബന്ധം വിലമതിക്കാൻ മക്കളെ പ്രോത്സാഹിപ്പിക്കുക. കുട്ടിയോടൊപ്പം ബൈബിൾ പഠിക്കുമ്പോൾ ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ വീക്ഷണചോദ്യങ്ങളും ദൃഷ്ടാന്തങ്ങളും ഒക്കെ ഉപയോഗിച്ച് അവന്റെ ചിന്തകൾ മനസ്സിലാക്കാൻ ശ്രമിക്കുക. (സുഭാ. 20:5) ഉദാഹരണത്തിന് 8-ാം പാഠത്തിൽ, നമ്മളെ സംരക്ഷിക്കുകയും നമുക്കു പ്രയോജനം ചെയ്യുന്ന നിർദേശങ്ങൾ തരുകയും ചെയ്യുന്ന നല്ലൊരു സുഹൃത്താണ് യഹോവ എന്നു പറഞ്ഞിരിക്കുന്നു. അതിലെ 1 യോഹന്നാൻ 5:3 ചർച്ച ചെയ്തശേഷം നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാനായേക്കും: “യഹോവ നല്ലൊരു സുഹൃത്താണെങ്കിൽ യഹോവ നമ്മളോടു ചെയ്യാൻ പറയുന്ന കാര്യങ്ങളെ നമ്മൾ എങ്ങനെ കാണണം?” അത് ഒരു ചെറിയ ചോദ്യമാണെന്നു തോന്നിയേക്കാം. എന്നാൽ അങ്ങനെ ചോദിക്കുന്നത്, ദൈവം വെക്കുന്ന നിയമങ്ങളെ സ്നേഹത്തിന്റെ തെളിവായി കാണാൻ കുട്ടിയെ സഹായിച്ചേക്കും.—യശ. 48:17, 18.
11. ബൈബിൾതത്ത്വങ്ങൾ വിലമതിക്കാൻ നിങ്ങൾക്ക് എങ്ങനെ മക്കളെ സഹായിക്കാം? (സുഭാഷിതങ്ങൾ 2:10, 11)
11 ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നത് എങ്ങനെ പ്രയോജനം ചെയ്യുമെന്നു ചർച്ച ചെയ്യുക. നിങ്ങൾ ഒരുമിച്ച് ബൈബിളോ ദിനവാക്യമോ വായിക്കുമ്പോൾ ബൈബിൾതത്ത്വങ്ങൾ അനുസരിച്ചതു നിങ്ങളുടെ കുടുംബത്തെ എങ്ങനെയാണു സഹായിച്ചതെന്നു ചർച്ച ചെയ്യുക. ഉദാഹരണത്തിന്, കഠിനാധ്വാനം ചെയ്യുന്നതിന്റെയും എപ്പോഴും സത്യം സംസാരിക്കുന്നതിന്റെയും പ്രയോജനം കുട്ടിക്ക് അറിയാമോ? (എബ്രാ. 13:18) അതുപോലെ ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതു നല്ല ആരോഗ്യത്തോടിരിക്കാനും സന്തോഷം കിട്ടാനും സഹായിക്കുന്നത് എങ്ങനെയാണെന്നും പറഞ്ഞുകൊടുക്കാം. (സുഭാ. 14:29, 30) ഇതുപോലുള്ള തത്ത്വങ്ങളെക്കുറിച്ച് സംസാരിക്കുന്നതു ബൈബിളിൽ അടങ്ങിയിരിക്കുന്ന ഉപദേശങ്ങളെ കൂടുതൽ വിലമതിക്കാൻ മക്കളെ സഹായിക്കും.—സുഭാഷിതങ്ങൾ 2:10, 11 വായിക്കുക.
12. ബൈബിൾതത്ത്വങ്ങളുടെ മൂല്യം വിലമതിക്കാൻ സ്റ്റീവും ഭാര്യയും എങ്ങനെയാണു തന്റെ മകനെ സഹായിക്കുന്നത്?
12 ഫ്രാൻസിലുള്ള സ്റ്റീവും ഭാര്യയും കൗമാരത്തിലുള്ള തന്റെ മകനായ ഏഥനെ യഹോവയുടെ നിയമങ്ങൾക്കു പിന്നിലെ സ്നേഹം മനസ്സിലാക്കാൻ എപ്പോഴും സഹായിക്കും. അതെക്കുറിച്ച് സ്റ്റീവ് പറയുന്നു: “ഞങ്ങൾ അവനോട് ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ചോദിക്കും: ‘ഈ തത്ത്വം അനുസരിക്കാൻ യഹോവ എന്തുകൊണ്ടായിരിക്കും പ്രതീക്ഷിക്കുന്നത്? യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് ഇതു കാണിക്കുന്നത് എങ്ങനെയാണ്? നമ്മൾ ആ തത്ത്വം അനുസരിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?’” ഇത്തരം സംഭാഷണങ്ങൾ, യഹോവയുടെ നിലവാരങ്ങൾ ശരിയാണെന്ന് ഉറച്ചുവിശ്വസിക്കാൻ ഏഥനെ സഹായിച്ചു. “മനുഷ്യരുടെ ജ്ഞാനത്തെക്കാൾ എത്രയോ ഉയർന്നതാണു ബൈബിളിന്റെ ജ്ഞാനം എന്നു മനസ്സിലാക്കാൻ ഏഥനെ സഹായിക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം.”
13. ബൈബിൾതത്ത്വങ്ങൾ അനുസരിക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ പരിശീലിപ്പിക്കാം എന്നതിന് ഒരു ഉദാഹരണം പറയുക.
13 ബൈബിൾതത്ത്വങ്ങൾ അനുസരിക്കാൻ മക്കളെ പരിശീലിപ്പിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ മക്കൾക്കു സ്കൂളിലെ ഒരു പ്രോജക്ടിന്റെ ഭാഗമായി ഏതെങ്കിലും ഒരു കഥയോ നോവലോ വായിക്കേണ്ടിവന്നേക്കാം. ചിലപ്പോൾ ആ പുസ്തകത്തിലെ കഥാപാത്രങ്ങൾ, യഹോവ തെറ്റെന്നു പറയുന്ന കാര്യങ്ങൾ ചെയ്യുന്നവരായിരിക്കും. അതായത്, ലൈംഗിക അധാർമികതയോ അക്രമമോ പോലുള്ള കാര്യങ്ങൾ. എന്നാൽ അത്തരം കാര്യങ്ങൾ വലിയ തെറ്റൊന്നുമല്ല എന്നു തോന്നിപ്പിക്കുന്ന രീതിയിലായിരിക്കും ആ പുസ്തകം എഴുതിയിരിക്കുന്നത്. ആ പ്രവൃത്തികളെ ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ നിങ്ങൾക്കു മക്കളെ പ്രോത്സാഹിപ്പിക്കാം. (സുഭാ. 22:24, 25; 1 കൊരി. 15:33; ഫിലി. 4:8) അപ്പോൾ, പ്രോജക്ടിന്റെ ഭാഗം ക്ലാസ്സിൽ ചർച്ച ചെയ്യുന്ന സമയത്ത്, ടീച്ചർക്കും കുട്ടികൾക്കും നല്ലൊരു സാക്ഷ്യം കൊടുക്കാൻ അത് അവനെ സഹായിച്ചേക്കും.
തന്റെ വിശ്വാസങ്ങളെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കാൻ മക്കളെ പരിശീലിപ്പിക്കുക
14. ചെറുപ്പക്കാരായ ക്രിസ്ത്യാനികൾക്ക് ഏതു വിഷയത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം, എന്തുകൊണ്ട്?
14 ചിലപ്പോഴൊക്കെ വിശ്വാസങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ ചെറുപ്പക്കാരായ ക്രിസ്ത്യാനികൾക്ക് ഒരു പേടിയുണ്ടായിരിക്കും. ഉദാഹരണത്തിന്, പരിണാമത്തിൽ വിശ്വസിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കാൻ അവർക്കു ധൈര്യക്കുറവ് തോന്നിയേക്കാം. കാരണം, തെളിയിക്കപ്പെട്ട ഒരു വസ്തുതയായിട്ടായിരിക്കും അധ്യാപകർ പരിണാമത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. അതുകൊണ്ട് ധൈര്യത്തോടെ തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ മാതാപിതാക്കൾക്ക് മക്കളെ എങ്ങനെ സഹായിക്കാം?
15. താൻ വിശ്വസിക്കുന്ന കാര്യത്തിൽ ശക്തമായ ബോധ്യമുണ്ടായിരിക്കാൻ ചെറുപ്പക്കാരായ ക്രിസ്ത്യാനികളെ എന്തു സഹായിക്കും?
15 താൻ വിശ്വസിക്കുന്ന കാര്യത്തിൽ ശക്തമായ ബോധ്യമുണ്ടായിരിക്കാൻ മക്കളെ സഹായിക്കുക. സൃഷ്ടിയെക്കുറിച്ചുള്ള സത്യം അറിയാം എന്നതുകൊണ്ട് നിങ്ങളുടെ മക്കൾക്കു നാണക്കേടു തോന്നേണ്ടതില്ല. (2 തിമൊ. 1:8) എന്തുകൊണ്ട്? ജീവൻ യാദൃശ്ചികമായോ പെട്ടെന്നോ ഉണ്ടായതാണെന്നു പല ശാസ്ത്രജ്ഞന്മാരും വിശ്വസിക്കുന്നില്ല എന്നതാണു വസ്തുത. ബുദ്ധിശക്തിയുള്ള ആരോ സൃഷ്ടിച്ച സങ്കീർണതയുള്ള ഒന്നാണു ജീവൻ എന്ന് ഈ ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ലോകമെങ്ങുമുള്ള സ്കൂളുകളിൽ പഠിപ്പിക്കുന്ന ഈ പരിണാമസിദ്ധാന്തത്തോട് അവർ യോജിക്കുന്നില്ല. ജീവൻ സൃഷ്ടിക്കപ്പെട്ടതാണ് എന്നു വിശ്വസിക്കാൻ മറ്റു സഹോദരങ്ങളെ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു മക്കളുടെ ബോധ്യം കൂടുതൽ ശക്തമാക്കും. d
16. സ്രഷ്ടാവിലുള്ള വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ സഹായിക്കാം? (1 പത്രോസ് 3:15) (ചിത്രവും കാണുക.)
16 സ്രഷ്ടാവിലുള്ള വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കാൻ മക്കളെ പരിശീലിപ്പിക്കുക. (1 പത്രോസ് 3:15 വായിക്കുക.) ഇതെക്കുറിച്ച് പറയുന്ന ലേഖനങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യുന്നതു നിങ്ങൾക്ക് ഒരു സഹായമായിരിക്കും. ഉദാഹരണത്തിന്, jw.org-ൽ “യുവജനങ്ങൾ ചോദിക്കുന്നു—സൃഷ്ടിയോ പരിണാമമോ?” എന്നു സെർച്ച് ചെയ്യാം. ആ ലേഖനപരമ്പരയിൽനിന്ന് ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കാൻ മറ്റുള്ളവരെ സഹായിക്കുമെന്നു തോന്നുന്ന ഒരു വിശദീകരണം മക്കൾക്കു തിരഞ്ഞെടുക്കാം. എന്നിട്ട് അത് അവരോടൊപ്പം പരിശീലിക്കുക. ഇക്കാര്യത്തിൽ കൂട്ടുകാരുമായി തർക്കിക്കരുതെന്ന് അവനെ ഓർമിപ്പിക്കാം. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടമുള്ളവരോടു ലളിതമായി, യുക്തിക്കു നിരക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ അവനെ പ്രോത്സാഹിപ്പിക്കാനാകും. ഉദാഹരണത്തിന്, സ്കൂളിലുള്ള ഒരു കുട്ടി ഇങ്ങനെ പറഞ്ഞേക്കാം: “ഞാൻ കാണുന്ന കാര്യങ്ങൾ മാത്രമേ വിശ്വസിക്കുകയുള്ളൂ. ദൈവത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.” അപ്പോൾ നിങ്ങളുടെ മക്കൾക്ക് ഇങ്ങനെ മറുപടി പറയാനാകുമോ: “മനുഷ്യരൊന്നും അടുത്തില്ലാത്ത ദൂരെയുള്ള ഒരു കാട്ടിലൂടെ നിങ്ങൾ നടക്കുകയാണെന്നു വിചാരിക്കുക. അപ്പോഴാണു കല്ലുകൊണ്ട് നല്ല ഭംഗിയായി കെട്ടിയ ഒരു കിണർ കാണുന്നത്. നിങ്ങൾ എന്തു നിഗമനത്തിലെത്തും? ആ കിണർ ആരോ നിർമിച്ചതാണെന്നു നിങ്ങൾ മനസ്സിലാക്കും. അങ്ങനെയെങ്കിൽ ഈ പ്രപഞ്ചത്തിന്റെയും അതിൽ കാണുന്ന ജീവനുള്ള എല്ലാത്തിന്റെയും കാര്യത്തിൽ അതു സത്യമല്ലേ?”
17. ബൈബിൾസത്യങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയാനുള്ള വഴികൾ കണ്ടെത്താൻ മക്കളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം? സ്കൂളിലെ കുട്ടിയോട് അത്തരത്തിൽ ഒരു സത്യം വിശദീകരിക്കുന്നതിന്റെ ഉദാഹരണം പറയുക.
17 ബൈബിൾസത്യങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയാനുള്ള വഴികൾ കണ്ടെത്താൻ മക്കളെ പ്രോത്സാഹിപ്പിക്കുക. (റോമ. 10:10) തന്റെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ കുട്ടി ചെയ്യുന്ന ശ്രമങ്ങൾ ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുന്നതുപോലെയാണെന്ന് അവനോടു പറയാം. ആദ്യം ലളിതമായ പാട്ടുകളായിരിക്കും ഒരാൾ പരിശീലിക്കുന്നത്. കാലങ്ങൾകൊണ്ട് സംഗീതോപകരണം വായിക്കുന്നത് എളുപ്പമാകും. അതുപോലെ തന്റെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ മക്കൾക്ക് ആദ്യം ലളിതമായ രീതി പരീക്ഷിക്കാം. ഉദാഹരണത്തിന്, സ്കൂളിലുള്ള ഒരു കുട്ടിയോട് അവന് ഇങ്ങനെ ചോദിക്കാം: “പ്രകൃതിയിൽ കാണുന്നതു പകർത്തിക്കൊണ്ടാണ് എഞ്ചിനീയർമാർ പലതും ഉണ്ടാക്കുന്നതെന്നു നിങ്ങൾക്ക് അറിയാമോ? ഞാൻ നല്ലൊരു വീഡിയോ കാണിക്കട്ടേ?” ആരുടെ കരവിരുത്? എന്ന പരമ്പരയിലെ ഒരു വീഡിയോ കാണിച്ചിട്ട് അവന് ഇങ്ങനെ പറയാം: “പ്രകൃതിയിൽനിന്ന് പകർത്തിയ കാര്യങ്ങൾക്കുള്ള ബഹുമതി ശാസ്ത്രജ്ഞന്മാർക്കു കിട്ടുന്നുണ്ടെങ്കിൽ ഒറിജിനലിന്റെ ബഹുമതി കിട്ടേണ്ടത് ആർക്കാണ്?” ഇതുപോലുള്ള ലളിതമായ രീതി പരീക്ഷിച്ചാൽത്തന്നെ സഹപാഠിയുടെ താത്പര്യം ഉണർത്താൻ കഴിഞ്ഞേക്കും. അങ്ങനെ ആ സഹപാഠിക്കു കൂടുതൽ പഠിക്കാൻ ആഗ്രഹം തോന്നിയേക്കാം.
വിശ്വാസം ശക്തമാക്കാൻ മക്കളെ സഹായിക്കുന്നതിൽ തുടരുക
18. ദൈവത്തിലുള്ള വിശ്വാസം ശക്തമാക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ തുടർന്നും സഹായിക്കാം?
18 യഹോവയിൽ വിശ്വാസമില്ലാത്ത ആളുകളുടെ ചുറ്റുമാണു നമ്മൾ ഇന്നു ജീവിക്കുന്നത്. (2 പത്രോ. 3:3) അതുകൊണ്ട് മാതാപിതാക്കളേ, മക്കളോടൊപ്പം ബൈബിൾ പഠിക്കുമ്പോൾ ബൈബിളിനെയും ബൈബിളിന്റെ നിലവാരങ്ങളെയും ആദരിക്കാൻ സഹായിക്കുന്ന വിഷയങ്ങൾ ഗവേഷണം ചെയ്യാൻ മക്കളെ പ്രോത്സാഹിപ്പിക്കുക. യഹോവയുടെ സൃഷ്ടികളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ചിന്താപ്രാപ്തി വർധിപ്പിക്കാനും യഹോവയിലുള്ള വിശ്വാസം ശക്തമാക്കാനും മക്കളെ സഹായിക്കുക. ഇതിനോടകം നിറവേറിയ ബൈബിൾപ്രവചനങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. ഏറ്റവും പ്രധാനമായി, മക്കളോടൊപ്പവും മക്കൾക്കുവേണ്ടിയും പ്രാർഥിക്കുക. അങ്ങനെ ചെയ്യുമ്പോൾ അവരുടെ വിശ്വാസം ശക്തമാക്കാൻ നിങ്ങൾ ചെയ്യുന്ന എല്ലാ ശ്രമങ്ങളെയും യഹോവ അനുഗ്രഹിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാം.—2 ദിന. 15:7.
ഗീതം 133 യൗവനകാലത്ത് യഹോവയെ ആരാധിക്കുക
a കൂടുതൽ വിവരങ്ങൾക്ക്, jw.org-ലുള്ള സൃഷ്ടിയിലെ അത്ഭുതങ്ങൾ ദൈവത്തിന്റെ മഹത്ത്വം വിളിച്ചോതുന്നു—പാറ്റേണുകൾ (ഇംഗ്ലീഷ്) എന്ന വീഡിയോ കാണുക.
b ഈ ശ്രേണിയിൽ 1-നു ശേഷം വരുന്ന ഓരോ സംഖ്യയും അതിനു തൊട്ടുമുമ്പിൽ വന്ന രണ്ടു സംഖ്യകളുടെ തുക ആയിരിക്കും, അതായത് 1, 1, 2, 3, 5, 8, 13, 21, 34, 55 എന്നിങ്ങനെ.
c നിങ്ങളുടെ മക്കൾ ജീവിതം ആസ്വദിക്കാം പുസ്തകം പഠിച്ച് കഴിഞ്ഞതാണെങ്കിൽ ബൈബിൾനിലവാരങ്ങളെക്കുറിച്ച് പറയുന്ന 3, 4 ഭാഗങ്ങളിലുള്ള ചില പാഠങ്ങൾ അവരുമായി ചർച്ച ചെയ്യാം.
d 2006 സെപ്റ്റംബർ ഉണരുക!-യിലെ “ഞങ്ങൾ സ്രഷ്ടാവിൽ വിശ്വസിക്കുന്നതിന്റെ കാരണം” എന്ന ലേഖനവും ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രികയും കാണുക. കൂടുതൽ ഉദാഹരണങ്ങൾക്കായി jw.org-ലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങൾ എന്ന വീഡിയോ പരമ്പര കാണുക.
e ചിത്രത്തിന്റെ വിവരണം: ഡ്രോണിനോടു താത്പര്യമുള്ള ഒരു സഹപാഠിക്ക് ഒരു യുവസഹോദരൻ ആരുടെ കരവിരുത്? എന്ന പരമ്പരയിലെ ഒരു വീഡിയോ കാണിച്ചുകൊടുക്കുന്നു.