നിങ്ങളുടെ സംസാരത്തിൽ ജ്ഞാനം പ്രതിഫലിക്കട്ടെ!
നിങ്ങളുടെ സംസാരത്തിൽ ജ്ഞാനം പ്രതിഫലിക്കട്ടെ!
‘ഹൊ, അങ്ങനെ പറയേണ്ടിയിരുന്നില്ല!’ എപ്പോഴെങ്കിലും നിങ്ങൾ അങ്ങനെ പരിതപിച്ചിട്ടുണ്ടോ? വാക്കിൽ പിഴയ്ക്കാത്തവരായി ആരുമില്ല. അതുകൊണ്ടാണ് ബൈബിൾ പറയുന്നത്, “നാവിനെയോ ഒരു മനുഷ്യനും മെരുക്കാനാവില്ല” എന്ന്. (യാക്കോബ് 3:7, 8) അതെ, ഒരു മൃഗത്തെ എളുപ്പം മെരുക്കിയെടുക്കാം, പക്ഷേ നാവിനെ മെരുക്കുക ബുദ്ധിമുട്ടാണ്. അപ്പോൾ, നാം പരാജയം സമ്മതിക്കണമെന്നാണോ? അല്ല. ചെറുതെങ്കിലും കരുത്തുറ്റ ഈ അവയവത്തെ വരുതിയിൽ നിറുത്താൻ സഹായിക്കുന്ന ചില ബൈബിൾ തത്ത്വങ്ങൾ ഇതാ:
● “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.” (സദൃശവാക്യങ്ങൾ 10:19) എത്ര കൂടുതൽ സംസാരിക്കുന്നോ, അരുതാത്തത് എന്തെങ്കിലും പറഞ്ഞുപോകാനുള്ള സാധ്യത അത്ര കൂടുതലാണ്. കടിഞ്ഞാണില്ലാത്ത നാവ് തീ പോലെയാണ്. ഏഷണിയും പരദൂഷണവും അതു കാട്ടുതീപോലെ പടർത്തും. (യാക്കോബ് 3:5, 6) നാം ‘അധരങ്ങളെ അടക്കുന്നെങ്കിൽ,’ അതായത് ചിന്തിച്ചു സംസാരിക്കുന്നെങ്കിൽ, വാക്കുകൾകൊണ്ട് മറ്റുള്ളവർക്ക് ഹാനിവരുത്തുന്നത് ഒഴിവാക്കാൻ നമുക്കാകും. ഈ വിധത്തിൽ വിവേകത്തോടെ നാവിനെ ഉപയോഗിക്കുമ്പോൾ മറ്റുള്ളവരുടെ ആദരവും വിശ്വാസവും നാം പിടിച്ചുപറ്റും.
● “ഏതു മനുഷ്യനും കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കട്ടെ. അവൻ കോപത്തിനു താമസമുള്ളവനും ആയിരിക്കട്ടെ.” (യാക്കോബ് 1:19) മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുന്നത് നമുക്ക് അവരോട് ആദരവുണ്ട് എന്നതിനു തെളിവാണ്. അത് അവർ തീർച്ചയായും വിലമതിക്കും. നമ്മെ വിഷമിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന വിധത്തിൽ ആരെങ്കിലും സംസാരിക്കുന്നെങ്കിലോ? നാം ‘കോപത്തിനു താമസമുള്ളവരാണ്’ എന്നു കാണിക്കേണ്ട സമയമാണത്. ഒരുപക്ഷേ മറ്റെന്തെങ്കിലും കാരണം കൊണ്ടായിരിക്കാം ആ വ്യക്തി അങ്ങനെ പെരുമാറിയത്. എന്തായാലും നാം കാണിക്കുന്ന സംയമനം ആ വ്യക്തിയെ ചിന്തിപ്പിച്ചേക്കാം. അയാൾ നമ്മോട് ക്ഷമ ചോദിച്ചെന്നുംവരാം. ‘കോപത്തിനു താമസമുള്ളവനായിരിക്കുന്നത്’ നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിലോ? എങ്കിൽ സംയമനം പാലിക്കാനുള്ള കരുത്തു നൽകാൻ ദൈവത്തോടു പ്രാർഥിക്കുക. ആത്മാർഥമായ അത്തരം അപേക്ഷകൾക്ക് ദൈവം ഉത്തരം നൽകും, തീർച്ച.—ലൂക്കോസ് 11:13.
● “മൃദുവായുള്ള നാവു (അതായത്, സൗമ്യമായ സംസാരം) അസ്ഥിയെ നുറുക്കുന്നു.” (സദൃശവാക്യങ്ങൾ 25:15) സൗമ്യത ബലഹീനതയുടെ ലക്ഷണമാണെന്നാണ് പൊതുവിലുള്ള ധാരണ. എന്നാൽ ആ ധാരണ തെറ്റാണ്. കോപത്തിൽനിന്നോ മുൻവിധിയിൽനിന്നോ ഉടലെടുക്കുന്ന, അസ്ഥിയെപ്പോലെ കടുപ്പമേറിയ എതിർപ്പുകളെപ്പോലും മറികടക്കാൻ സൗമ്യമായ വാക്കുകൾക്കാകും. ചൂടുപിടിച്ച ഒരു സാഹചര്യത്തിൽ സൗമ്യത കാണിക്കാൻ പ്രയാസമാണെന്നത് ശരിയാണ്. എന്നാൽ സൗമ്യമായി സംസാരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചും അതിൽ പരാജയപ്പെടുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ചിന്തിക്കുക.
‘ഉയരത്തിൽനിന്നുള്ള ജ്ഞാനമാണ്’ ബൈബിൾ തത്ത്വങ്ങളിൽ പ്രതിഫലിച്ചു കാണുന്നത്. (യാക്കോബ് 3:17) നമ്മുടെ സംസാരത്തിലും ആ ജ്ഞാനം പ്രതിഫലിക്കുമ്പോൾ സാഹചര്യത്തിന് അനുയോജ്യമായി സംസാരിക്കാൻ നമുക്കാകും. ‘വെള്ളിത്താലത്തിലെ പൊൻനാരങ്ങാപോലെ’ ആയിരിക്കും ആ വാക്കുകൾ. അവ കേൾവിക്കാരനെ പരിപുഷ്ടിപ്പെടുത്തും.—സദൃശവാക്യങ്ങൾ 25:11. (g10-E 11)