മുഖ്യലേഖനം | കുടുംബത്തിൽ സമാധാനം കളിയാടാൻ. . .
കുടുംബത്തിൽ സമാധാനത്തിനായി...
കുടുംബത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ബൈബിളിന് സഹായിക്കാൻ കഴിയുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? ദയവായി, ബൈബിൾ പറയുന്ന കാര്യങ്ങളും ഏതാനും ദമ്പതികൾ സഹായകരമെന്നു കണ്ടെത്തിയ പിൻവരുന്ന അഭിപ്രായങ്ങളും താരതമ്യം ചെയ്തുനോക്കുക. നിങ്ങളുടെ ജീവിതത്തിൽ വഴക്കുകൾ ഒഴിവാക്കാനും സമാധാനം നിലനിറുത്താനും ബന്ധങ്ങൾ ബലിഷ്ഠമാക്കാനും ഇവയിൽ ഏത് ആശയമാണ് സഹായിക്കുന്നതെന്ന് ശ്രദ്ധിക്കുക.
സമാധാനം ഉന്നമിപ്പിക്കുന്ന ബൈബിൾതത്ത്വങ്ങൾ
പരസ്പരം ആദരപൂർവം വീക്ഷിക്കാൻ പഠിക്കുക.
“ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതുവിൻ. നിങ്ങൾ ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:3, 4.
“നിങ്ങളുടെ ഇണയെ മറ്റ് ആരെക്കാളും എന്തിന്, നിങ്ങളെക്കാൾപ്പോലും പ്രാധാന്യമുള്ള വ്യക്തിയായി കാണുന്നത് വളരെയധികം ഗുണം ചെയ്യുമെന്ന് ഞങ്ങൾ കണ്ടെത്തി.”—സി. പി., വിവാഹിതരായിട്ട് 19 വർഷമായ ദമ്പതികൾ.
തുറന്ന മനസ്സോടെ ഇണ പറയുന്നത് ശ്രദ്ധിക്കുക.
‘ആരെക്കുറിച്ചും അപവാദം പറയാതെയും കലഹിക്കാതെയും ന്യായബോധമുള്ളവരായി സകല മനുഷ്യരോടും പൂർണസൗമ്യത കാണിക്കാനും അവരെ ഓർമപ്പെടുത്തുക.’—തീത്തൊസ് 3:1, 2.
“ഇണയോട് തർക്കിക്കുന്ന രീതിയിൽ സംസാരിക്കാതിരുന്നാൽത്തന്നെ ഒരുപരിധിവരെയുള്ള പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ കഴിയും. അതുപോലെ, മുൻവിധി കൂടാതെ ശ്രദ്ധിച്ചിരിക്കുന്നതും നമുക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെങ്കിൽക്കൂടി ഇണയുടെ കാഴ്ചപ്പാടിനെ ആദരിക്കുന്നതും പ്രധാനമാണ്.”—പി. പി., വിവാഹിതരായിട്ട് 20 വർഷമായ ദമ്പതികൾ.
ക്ഷമയും സൗമ്യതയും നട്ടുവളർത്തുക.
“ദീർഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.”—സദൃശവാക്യങ്ങൾ 25:15.
“പ്രശ്നങ്ങൾ ഉണ്ടാകുകതന്നെ ചെയ്യും. എന്നാൽ അതിനോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ പരിണതഫലങ്ങൾ. അതുകൊണ്ട്, നമ്മൾ ക്ഷമ പ്രകടമാക്കേണ്ട ആവശ്യമുണ്ട്. അങ്ങനെ ചെയ്യുന്നത് കാര്യങ്ങൾ നേരെയാകാൻ സഹായിക്കും.”—ജി. എ., വിവാഹിതരായിട്ട് 27 വർഷമായ ദമ്പതികൾ.
വാക്ശരങ്ങളോ കൈക്കരുത്തോ പ്രയോഗിക്കരുത്.
“ക്രോധം, കോപം, വഷളത്തം, ദൂഷണം എന്നിവയൊക്കെയും പാടേ ഉപേക്ഷിക്കുക. ഒരു അശ്ലീലഭാഷണവും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്.”—കൊലോസ്യർ 3:8.
“എന്റെ ഭർത്താവിന്റെ ആത്മനിയന്ത്രണത്തെ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു. സൗമ്യനായ അദ്ദേഹം ഒരിക്കൽപ്പോലും എന്റെ നേരെ ആക്രോശിക്കുകയോ എന്നെ പരിഹസിക്കുകയോ ചെയ്തിട്ടില്ല.”—ബി. ഡി., വിവാഹിതരായിട്ട് 20 വർഷമായ ദമ്പതികൾ.
ക്ഷമിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കാലതാമസം വരുത്താതിരിക്കുക.
“ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ.”—കൊലോസ്യർ 3:13.
“സമ്മർദങ്ങൾ ഉണ്ടാകുമ്പോൾ എല്ലായ്പോഴും ശാന്തരായിരിക്കാൻ അത്ര എളുപ്പമല്ല. ആ സമയത്ത്, ഇണയെ വേദനിപ്പിക്കുന്ന വിധത്തിൽ സംസാരിക്കാനോ പ്രവർത്തിക്കാനോ ഒക്കെയായിരിക്കും പെട്ടെന്നു തോന്നുക. എന്നാൽ, അപ്പോൾ ക്ഷമിക്കുന്നതാണ് ഏറ്റവും നല്ലത്. നല്ല ഒരു വിവാഹജീവിതത്തിന് ക്ഷമ എന്ന ഗുണം അനിവാര്യമാണ്.”—എ. ബി., വിവാഹിതരായിട്ട് 34 വർഷമായ ദമ്പതികൾ.
നിസ്വാർഥമായി കൊടുക്കുന്നതും പങ്കുവെക്കുന്നതും ഒരു ശീലമാക്കുക.
“കൊടുത്തുശീലിക്കുവിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും. . . നിങ്ങൾ അളന്നുകൊടുക്കുന്ന അളവിനാൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും.”—ലൂക്കോസ് 6:38.
“എന്നെ സന്തോഷിപ്പിക്കുന്നത് എന്താണെന്ന് എന്റെ ഭർത്താവിന് അറിയാം. എന്നെ വിസ്മയിപ്പിക്കുന്ന കാര്യങ്ങൾ അദ്ദേഹം മിക്കപ്പോഴും ചെയ്യാറുണ്ട്. തിരിച്ച് ‘അദ്ദേഹത്തെ എങ്ങനെ സന്തോഷിപ്പിക്കാൻ കഴിയും’ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കും. അതു പറഞ്ഞ് ഞങ്ങൾ പലവട്ടം ചിരിച്ചിട്ടുണ്ട്. ഇന്നും ഞങ്ങൾ അങ്ങനെതന്നെയാണ്.”—എച്ച്. കെ., വിവാഹിതരായിട്ട് 44 വർഷമായ ദമ്പതികൾ.
കുടുംബത്തിൽ സമാധാനം ഉണ്ടാക്കാനുള്ള ശ്രമം ഒരിക്കലും ഉപേക്ഷിക്കരുത്
ബൈബിൾതത്ത്വങ്ങളുടെ സഹായത്താൽ നല്ല കുടുംബജീവിതം ആസ്വദിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ ചിലർ മാത്രമാണ് ഉണരുക!-യുമായി ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്. a അവരുടെ കുടുംബാംഗങ്ങളിൽ ചിലർ സഹകരിക്കാൻ മനസ്സില്ലാത്തവരാണെങ്കിൽപ്പോലും സമാധാനമുണ്ടാക്കാനുള്ള അവരുടെ ശ്രമം പ്രവർത്തിക്കുതക്ക മൂല്യമുള്ളതാണെന്ന് കണ്ടെത്തിയിരിക്കുന്നു. കാരണം, “സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ട്” എന്ന് ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 12:20.
a കുടുംബജീവിതം കൂടുതൽ സന്തുഷ്ടമാക്കാൻ എങ്ങനെ കഴിയും എന്ന വിവരങ്ങൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലെ 14-ാം അധ്യായം കാണുക. ഇത് www.pr2711.com-ലും ലഭ്യമാണ്. BIBLE TEACHINGS > HELP FOR THE FAMILY എന്നതിനു കീഴിലും നോക്കുക.