വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവത്തെ അനുകരിപ്പിൻ”

“ദൈവത്തെ അനുകരിപ്പിൻ”

ദൈവത്തോട്‌ അടുത്തുചെല്ലുക

“ദൈവത്തെ അനുകരിപ്പിൻ”

എഫെസ്യർ 4:32–5:2

മനസ്സലിവ്‌. ദയ. ക്ഷമ. സ്‌നേഹം. ഇത്തരം ഉദാത്തഗുണങ്ങൾ പ്രകടമാക്കുന്നവർ ഇന്നു വിരളമാണ്‌. നിങ്ങൾ ഇക്കാര്യത്തിൽ എങ്ങനെയാണ്‌? എത്രതന്നെ ശ്രമിച്ചാലും ഈ സദ്‌ഗുണങ്ങൾ വളർത്തിയെടുക്കാൻ നിങ്ങൾക്കാവില്ലെന്ന്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? കഴിഞ്ഞകാലത്തെ വേദനാകരമായ അനുഭവങ്ങളോ ആഴത്തിൽവേരൂന്നിയ ദുസ്സ്വഭാവങ്ങളോ നിമിത്തം ഇത്തരം ഗുണങ്ങൾ സ്വായത്തമാക്കാൻ സാധിക്കില്ലെന്ന ശക്തമായ തോന്നൽ നിങ്ങൾക്ക്‌ ഉണ്ടായേക്കാം. എന്നാൽ ആശ്വാസപ്രദമായ ഒരു വസ്‌തുത ബൈബിൾ ചൂണ്ടിക്കാണിക്കുന്നു; നല്ല ഗുണങ്ങൾ വളർത്തിയെടുക്കാനുള്ള പ്രാപ്‌തി നമുക്കെല്ലാമുണ്ടെന്നും അക്കാര്യം നമ്മുടെ സ്രഷ്ടാവിന്‌ അറിയാമെന്നും അതു നമുക്ക്‌ ഉറപ്പുനൽകുന്നു.

ദൈവവചനം സത്യക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.” (എഫെസ്യർ 5:1) തന്റെ ദാസന്മാരിൽ ദൈവത്തിന്‌ വിശ്വാസമുണ്ടെന്നാണ്‌ ആ വാക്കുകൾ കാണിക്കുന്നത്‌. അതെങ്ങനെയാണ്‌? തന്റെ സ്വരൂപത്തിൽ, തന്റെ സാദൃശ്യപ്രകാരമാണ്‌ യഹോവയാം ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌. (ഉല്‌പത്തി 1:26, 27) അതെ, തന്റേതുപോലുള്ള ഗുണവിശേഷങ്ങൾ അവൻ അവർക്കു നൽകി. * അതുകൊണ്ട്‌ “ദൈവത്തെ അനുകരിപ്പിൻ” എന്ന്‌ ബൈബിൾ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുമ്പോൾ, ഫലത്തിൽ യഹോവ അവരോട്‌ ഇങ്ങനെ പറയുകയാണ്‌: ‘നിങ്ങൾക്കതിനു കഴിയും. അപൂർണതകൾ ഉണ്ടെങ്കിലും, ഒരളവുവരെ നിങ്ങൾക്ക്‌ എന്നെ അനുകരിക്കാൻ സാധിക്കുമെന്ന്‌ എനിക്കറിയാം.’

നമുക്ക്‌ അനുകരിക്കാൻ കഴിയുന്ന ചില ദൈവികഗുണങ്ങൾ എന്തൊക്കെയാണ്‌? അടുത്തുള്ള വാക്യങ്ങളിൽ അതിനുള്ള ഉത്തരമുണ്ട്‌. “ആകയാൽ” എന്നു പറഞ്ഞുകൊണ്ടാണ്‌, ദൈവത്തെ അനുകരിക്കാനുള്ള ഉദ്‌ബോധനം പൗലൊസ്‌ നൽകുന്നത്‌ എന്നു ശ്രദ്ധിക്കുക. ദയ, മനസ്സലിവ്‌, ക്ഷമ എന്നിവയെ പരാമർശിക്കുന്ന തൊട്ടുമുമ്പത്തെ വാക്യവുമായി ബന്ധപ്പെടുത്തിയാണ്‌ പൗലൊസ്‌ അതു പറഞ്ഞത്‌. (എഫെസ്യർ 4:32; 5:1) ഇനി, ആ ഉദ്‌ബോധനത്തെ തുടർന്നുള്ള വാക്യത്തിൽ, സ്‌നേഹം മുഖമുദ്രയായ ഒരു ജീവിതം നയിക്കാൻ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ആഹ്വാനം ചെയ്യുന്നു. (എഫെസ്യർ 5:2) ദയ, മനസ്സലിവ്‌, സ്‌നേഹം തുടങ്ങിയ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിലും ഉദാരമായി ക്ഷമിക്കുന്നതിലും നമുക്ക്‌ അനുകരിക്കാനാകുന്ന അതിശ്രേഷ്‌ഠ മാതൃകയാണ്‌ യഹോവയാം ദൈവം.

നാം ദൈവത്തെ അനുകരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ” എന്ന പൗലൊസിന്റെ വാക്കുകളിൽ അതിനുള്ള പ്രചോദനം നാം കാണുന്നു. താൻ അതിയായി സ്‌നേഹിക്കുന്ന പ്രിയമക്കളായിട്ടാണ്‌ യഹോവ തന്റെ ദാസന്മാരെ കാണുന്നത്‌. അതെത്ര ഹൃദയോഷ്‌മളമാണ്‌! അച്ഛനെപ്പോലെയായിരിക്കാൻ ശ്രമിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ തങ്ങളുടെ സ്വർഗീയപിതാവിനെ അനുകരിക്കാൻ സത്യക്രിസ്‌ത്യാനികൾ ആവുന്നത്ര ശ്രമിക്കുന്നു.

തന്നെ അനുകരിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല. പിന്നെയോ, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി അവൻ നമ്മെ മാനിച്ചിരിക്കുന്നു. അതുകൊണ്ട്‌ ദൈവത്തെ അനുകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌ നിങ്ങളാണ്‌. (ആവർത്തനപുസ്‌തകം 30:19, 20) പക്ഷേ, ദൈവികഗുണങ്ങൾ പ്രതിഫലിപ്പിക്കാനുള്ള കഴിവ്‌ നിങ്ങൾക്കുണ്ടെന്ന കാര്യം മറക്കാതിരിക്കുക. ദൈവത്തെ അനുകരിക്കുന്നതിന്‌ ആദ്യംതന്നെ, അവൻ എങ്ങനെയുള്ള വ്യക്തിയാണെന്ന്‌ മനസ്സിലാക്കേണ്ടതുണ്ട്‌. ദൈവത്തിന്റെ അനുപമമായ വ്യക്തിത്വം ലക്ഷക്കണക്കിനാളുകളെ അവനിലേക്ക്‌ ആകർഷിച്ചിരിക്കുന്നു. തീർച്ചയായും, ദൈവത്തിന്റെ ഗുണങ്ങളെയും അവന്റെ വഴികളെയും കുറിച്ച്‌ നന്നായി മനസ്സിലാക്കാൻ ബൈബിളിന്‌ നിങ്ങളെ സഹായിക്കാനാകും.

[അടിക്കുറിപ്പ്‌]

^ ഖ. 5 ദൈവത്തിന്റെ പ്രതിരൂപത്തിൽ സൃഷ്ടിക്കപ്പെട്ടു എന്നത്‌ വ്യക്തിത്വഗുണങ്ങളെയാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ കൊലൊസ്സ്യർ 3:9, 10 സൂചിപ്പിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ “സൃഷ്ടിച്ചവന്റെ [ദൈവത്തിന്റെ] പ്രതിമപ്രകാരം . . . പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW]” ധരിക്കേണ്ടതുണ്ട്‌.