ദൈവനാമം അറിയേണ്ടത് പ്രധാനമാണോ?
സാധാരണഗതിയിൽ ഒരു പ്രമുഖ വ്യക്തിയെ നാം എങ്ങനെയാണ് സംബോധന ചെയ്യുന്നത്? “മിസ്റ്റർ പ്രസിഡന്റ്,” “യുവർ ഓണർ,” “സർ” എന്നൊക്കെയായിരിക്കാം. അങ്ങനെയാണെന്നിരിക്കെ, ഉന്നതസ്ഥാനീയനായ ഒരാൾ നമ്മോട് “എന്റെ പേരു വിളിച്ചാൽ മതി” എന്നു പറയുന്നെങ്കിലോ? തീർച്ചയായും നമുക്കതിൽ വലിയ അഭിമാനം തോന്നും!
സത്യദൈവമായ യഹോവ തന്റെ വചനമായ ബൈബിളിലൂടെ നമ്മോട് ഇങ്ങനെ പറയുന്നു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം.” (യെശയ്യാവു 42:8) “സ്രഷ്ടാവ്,” “അത്യുന്നതൻ,” “പരമാധികാരിയാം കർത്താവ്” എന്നിങ്ങനെ ധാരാളം സ്ഥാനപ്പേരുകൾ അവന് ഉണ്ടെങ്കിലും പേരിനാൽ തന്നെ സംബോധന ചെയ്യാൻ തന്റെ വിശ്വസ്തദാസരെ അവൻ അനുവദിച്ചിട്ടുണ്ട്.
യെരുശലേമിലെ ആലയത്തിന്റെ സമർപ്പണവേളയിൽ ശലോമോൻ രാജാവ് “യിസ്രായേലിന്റെ ദൈവമായ യഹോവേ” എന്ന സംബോധനയോടെയാണ് തന്റെ പ്രാർഥന തുടങ്ങിയത്. (1 രാജാക്കന്മാർ 8:22, 23) ഒരിക്കൽ പ്രവാചകനായ ഏലിയാവ് “യഹോവേ, എനിക്കു ഉത്തരമരുളേണമേ” എന്ന് ദൈവത്തോടു യാചിച്ചു. (1 രാജാക്കന്മാർ 18:37) ഇസ്രായേല്യരെ പ്രതിനിധാനം ചെയ്തുകൊണ്ട് സംസാരിക്കവെ യെശയ്യാപ്രവാചകൻ, “നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു” എന്ന് പറഞ്ഞു. (യെശയ്യാവു 63:16) നമ്മുടെ സ്വർഗീയ പിതാവ് പേരിനാൽ തന്നെ സംബോധന ചെയ്യാൻ മനുഷ്യരെ അനുവദിച്ചിരിക്കുന്നു എന്ന് ഈ തിരുവെഴുത്തുകളിൽനിന്നു വ്യക്തമല്ലേ?
യഹോവയെ പേരിനാൽ സംബോധന ചെയ്യുന്നത് പ്രധാനമാണെങ്കിലും അവന്റെ പേര് അറിയുന്നതിൽ മറ്റു പലതും ഉൾപ്പെട്ടിട്ടുണ്ട്. തന്നെ സ്നേഹിക്കുകയും തന്നെ ആശ്രയിക്കുകയും ചെയ്യുന്നവർക്ക് യഹോവ വാക്കുകൊടുക്കുന്നു: “അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.” (സങ്കീർത്തനം 91:14) അതെ, ദൈവത്തിന്റെ പേര് അറിയുന്നവർക്ക് അവന്റെ സംരക്ഷണം ലഭിക്കും എന്ന് ഇവിടെ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് അവന്റെ പേര് അറിയുന്നതിൽ ധാരാളം കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്നു വ്യക്തം. അത് അറിയാൻ തുടർന്നു വായിക്കുക.